Thursday 21 July 2022 11:32 AM IST

‘ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ ജീവനൊടുക്കി, മരണശേഷമാണ് ആ സത്യം അറിഞ്ഞത്’: മനസ്സ് തുറന്ന് മഞ്ജു

V.G. Nakul

Sub- Editor

manju-1

അമരവിള ബാബു മേശിരിയുടെ നായിക കൈയാൾ ശാന്തയായി ‘ബാഹുബലി സ്പൂഫ്’ സ്കിറ്റിൽ തിളങ്ങിയാണ് മഞ്ജു വിജീഷ് താരമായത്. കോമഡി സ്റ്റാർസിലെ എക്കാലത്തെയും ജനപ്രിയമായ ആ സ്കിറ്റ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ മഞ്ജുവിന് വലിയ സ്വീകാര്യത നൽകി. എന്നാൽ അതിനൊക്കെയെത്രയോ കാലം മുമ്പേ, രണ്ടു പതിറ്റാണ്ടിലേറെയായി, അഭിനയ രംഗത്തു സജീവമാണ് ഈ പുനലൂർ സ്വദേശിനി. നർത്തകി, നടി എന്നീ നിലകളില്‍ വേദികളിലും മിനി–ബിഗ് സ്ക്രീനുകളിലും തന്റെതായ ഇടം നേടിയ മഞ്ജു ഇപ്പോൾ ‘കുടുംബവിളക്ക്’ എന്ന ജനപ്രിയ പരമ്പരയിലെ മല്ലിക എന്ന കഥാപാത്രമായാണ് കുടുംബപ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുന്നത്. നായികയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയായ ഈ ജോലിക്കാരിയുടെ വേഷം മഞ്ജുവിൽ ഭദ്രം. അതേ സമയം, ‘കൈയെത്തും ദൂരത്ത്’എന്ന പരമ്പരയിൽ പ്രതിനായിക സ്വഭാവമുള്ള സുലു എന്ന കഥാപാത്രത്തെയും മഞ്ജു അവതരിപ്പിക്കുന്നുണ്ട്.

‘‘ഞാൻ കലാമേഖലയിലേക്ക് എത്തിയിട്ട് 20 വർഷത്തിൽ ഏറെയായി. വീട്ടിൽ വലിയ പിന്തുണയായിരുന്നതിനാൽ, കുട്ടിക്കാലം മുതൽ അഭിനയ രംഗത്തെത്തി. സിനിമാറ്റിക്ക്, ഫോക്ക് ഡാൻസുകൾക്കൊപ്പം ഭരതനാട്യവും പഠിച്ചു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിംസിലുമൊക്കെയാണ് തുടക്കത്തിൽ അഭിനയിച്ചിരുന്നത്. ‘സൻമനസ്സുള്ളവർക്ക് സമാധാനം’ എന്ന പരമ്പരയിലാണ് ആദ്യം ഒരു മികച്ച അവസരം ലഭിച്ചത്’’. – തന്റെ കലാജീവിതത്തെക്കുറിച്ച് മഞ്ജു ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങിയതിങ്ങനെ.

manju-6

‘‘ഗായകൻ കൊല്ലം ഷാനിന്റെ ഒരു ആൽ‌ബത്തിൽ അഭിനയിച്ചതാണ് വഴിത്തിരിവായത്. അതേത്തുടർന്നാണ് മനോജ് ഗിന്നസിന്റെ മെഗാ മേക്കേഴ്സ് എന്ന ട്രൂപ്പിൽ ഡാൻസറായി അവസരം കിട്ടിയത്. അവിടെയുണ്ടായിരുന്ന കുട്ടി പോയപ്പോൾ, ട്രൂപ്പിൽ പാടിക്കൊണ്ടിരുന്ന ഷാനിക്കയാണ് എന്നെ നിർദേശിച്ചത്. തുടക്കത്തിൽ ഡാൻസ് മാത്രമായിരുന്നു. ഏറെക്കഴിയും മുമ്പേ മനോജേട്ടൻ എന്നെ സ്കിറ്റിലും ഉൾപ്പെടുത്തിത്തുടങ്ങി. അങ്ങനെയാണ് കോമഡിയിലേക്ക് വരുന്നത്.

രസികരാജയാണ് ആദ്യത്തെ പ്രോഗ്രാം. അതിൽ ഞാൻ മാത്രമായിരുന്നു ഒരു ഫീമെയിൽ ആർട്ടിസ്റ്റ്. തുടർന്ന് കുറേ ടി.വി പരിപാടികൾ കിട്ടി. മഴവിൽ മനോരമയുടെ തുടക്കകാലത്ത് കോമഡി ഫെസ്റ്റിവലിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചു. മികച്ച സപ്പോർട്ടിങ് ആർട്ടിസ്റ്റിനുള്ള അവാർഡും കിട്ടി. തുടർന്ന് ‘മറിമായം’, ‘ഇന്ദിര’ എന്നീ പരമ്പരകൾ. അതിനു മുമ്പ് സീരിയലുകളില്‍ അഭിനയിച്ചിരുന്നെങ്കിലും എല്ലാം ചെറിയ റോളുകളായിരുന്നു.

കോമഡി സ്റ്റാർസിൽ സീസൺ ടു മുതലാണ് ഞാൻ പങ്കാളിയായത്. അതാണ് ബ്രേക്ക്. ബാബുബലി സ്പൂഫ് വലിയ ശ്രദ്ധ നേടിത്തന്നു. ഇപ്പോഴും എവിടെച്ചെന്നാലും ആളുകൾ അതിനെക്കുറിച്ചാണ് പറയുക.

സലിം അഹമ്മദിക്ക സംവിധാനം ചെയ്ത ‘കുഞ്ഞനന്തന്റെ കട’യാണ് എന്റെ ആദ്യ സിനിമ. പിന്നീട് പത്തിരുപത് സിനിമയോളം ചെയ്തു.

manju-3

‘കുടുംബവിളക്കി’ലെ വേഷം വലിയ നേട്ടമായി. പ്രൊഡ്യൂസർ ശശികുമാറേട്ടനാണ് എന്നെ അതിലേക്ക് നിർദേശിച്ചത്’’. – മഞ്ജു പറയുന്നു.

അച്ഛൻ എന്ന കരുത്ത്

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ മരണമാണ്. ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന കാലത്താണത്.

അച്ഛൻ സ്വയം ജീവനൊടുക്കുകയായിരുന്നു. ബ്രെയിൻ ട്യൂമറായിരുന്നു. വീട്ടിൽ പറഞ്ഞിരുന്നില്ല. അച്ഛന് എപ്പോഴും തലവേദനയായിരുന്നു. ഇടയ്ക്കിടെ തലയില്‍ മസാജ് ചെയ്യിക്കുമായിരുന്നു. അപ്പോഴൊന്നും ഞങ്ങൾക്ക് വിഷമമാകും എന്നു കരുതി സത്യം പറഞ്ഞില്ല.

manju-2

മരിച്ച്, പോസ്റ്റ്മോർട്ടമൊക്കെ കഴിഞ്ഞ ശേഷമാണ് സുഹൃത്തുക്കൾ പറഞ്ഞ് കാര്യങ്ങൾ അറിഞ്ഞത്. തീരെ താങ്ങാനാകാതെ വന്നപ്പോഴാകും അദ്ദേഹം...

അന്നൊന്നും ആ വേർപാടിന്റെ നഷ്ടം മനസ്സിലായില്ല. കുഞ്ഞല്ലേ...കാലം പോകെ അച്ഛനില്ലാത്തതിന്റെ വേദന പലപ്പോഴും ഏറെ അനുഭവിച്ചിട്ടുണ്ട്. പല വേദികളിലും അച്ഛനെ ഓർത്ത് കരഞ്ഞിട്ടുണ്ട്.

എന്നെ കലാരംഗത്ത് ഏറെ പ്രോത്സാഹിപ്പിച്ചിരുന്നതും പരിപാടികൾക്കും പഠിക്കാനുമൊക്കെയായി എല്ലായിടത്തും കൊണ്ടു പോയിരുന്നതും അച്ഛനാണ്. കലാരംഗത്ത് ഞാന്‍ അറിയപ്പെടുന്ന ഒരാളാകണം എന്നതായിരുന്നു അച്ഛന്റെ വലിയ ആഗ്രഹം.

manju-5

സുബ്രഹ്മണ്യദാസ് എന്നാണ് അച്ഛന്റെ പേര്. നാട്ടിലെ സഹകരണ ബാങ്കിൽ അറ്റൻഡറായിരുന്നു. അച്ഛൻ മരിച്ചപ്പോൾ അമ്മയ്ക്ക് ആ ജോലി കിട്ടി. കൃഷ്ണകുമാരി എന്നാണ് അമ്മയുടെ പേര്. അമ്മയും നൃത്തം ചെയ്തിരുന്നു. ഞാൻ ഈ മേഖലയിൽ സജീവമാകണമെന്ന് അമ്മയും വളരെയധികം കോതിച്ചിരുന്നു. എന്നാൽ കുടുംബത്തിന്റെ ഉത്തരവാദിത്വം ചുമലിലേറ്റിയതോടെ എന്നെ കലാപരിപാടികൾക്ക് കൊണ്ടു പോകാനൊന്നും സമയമില്ലാതായി. ആങ്ങളമാരും തീരെ ചെറിയ പ്രായമായിരുന്നു. എങ്കിലും കലാരംഗത്തു നിന്നു ഞാൻ വിട്ടു നിന്നില്ല.

manju-4

രണ്ടായിരത്തി എട്ടിലായിരുന്നു വിവാഹം. വിജീഷേട്ടൻ ഞങ്ങളുടെ അകന്ന ബന്ധത്തിലുള്ളയാളാണ്. പരിചയം പ്രണയത്തിലേക്കും പ്രണയം വിവാഹത്തിലേക്കുമെത്തുകയായിരുന്നു. എന്റെ പ്രോഗ്രാംസൊക്കെ കണ്ട് കക്ഷി ഫോണ്‍ വിളിച്ചു സംസാരിച്ചു തുടങ്ങിയതാണ്. ഇൻഫോ പാർക്കിലാണ് അദ്ദേഹത്തിന് ജോലി. ഇപ്പോൾ എന്നെ ഏറെ പിന്തുണയ്ക്കുന്നത് വിജീഷേട്ടനാണ്. കല്യാണത്തോടെ കലാരംഗം വിട്ട എന്നെ തിരികെവരാൻ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. ഒരു മോളാണ് ഞങ്ങൾക്ക് – വിസ്മയ. ഏഴാം ക്ലാസിൽ പഠിക്കുന്നു.