Friday 10 September 2021 11:32 AM IST

കുട്ടിക്കാലം മുതൽ ആഘോഷങ്ങൾ ‘ലളിതം സുന്ദരം’, പിറന്നാൾ ദിനത്തിൽ മഞ്‍ജു ഭോപ്പാലിൽ: വിശേഷങ്ങൾ പങ്കുവച്ച് മധു വാരിയർ

V.G. Nakul

Sub- Editor

manju-warrier-1

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാരിയർ. അഭിനയത്തികവിനാലും പ്രേക്ഷക പ്രീതിയിലും ആ പദവിക്ക് മഞ്ജുവിനോളം അർഹരായ മറ്റാരും ഇപ്പോൾ മലയാള സിനിമയുടെ നായിക നിരയിലില്ല.

ഇന്ന് മഞ്ജുവിന്റെ നാൽപ്പത്തിമൂന്നാം ജൻമദിനമാണ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് മഞ്ജുവിന് പിറന്നാൾ ആശംസകൾ നേരുന്നത്. എന്നാല്‍ ‌പിറന്നാൾ സന്തോഷത്തിനിടയിലും, കേരളത്തിനു വെളിയിൽ തന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ‍മഞ്ജു. ഭോപ്പാലിലാണ് ലൊക്കേഷൻ. മാധവന്റെ നായികയായാണ് ചിത്രത്തിൽ മഞ്ജു എത്തുക. ഇതിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് അടുത്ത മാസമാകും താരം ഇനി കേരളത്തിലേക്കു മടങ്ങിയെത്തുക.

manju-warrier-2

മഞ്ജു വാരിയരെയും ബിജു മേനോനെയും നായികാനായകൻമാരാക്കി മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാരിയർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ ത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ബിജു മേനോനുള്ള ജൻമദിന സമ്മാനമായാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവച്ചത്. ഇന്ന് മഞ്ജുവിന്റെ പിറന്നാളിന് എന്താണ് ‘ലളിതം സുന്ദരം’ അപ്‍ഡേറ്റ് എന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

‘‘മഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെതായ പുതിയ അപ്‍ഡേഷൻസ് ഒന്നും ഉണ്ടാകില്ല. മഞ്ജുവിന്റെയും ബിജു ചേട്ടന്റെയും പിറന്നാൾ അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാൽ ബിജു ചേട്ടന്റെ ജൻമദിനത്തിൽ മതി പോസ്റ്റർ റിലീസ് എന്ന് തീരുമാനിക്കുകയായിരുന്നു. അതു തന്നെയായിരുന്നു മഞ്ജുവിന്റെയും ആഗ്രഹം’’.– മധു വാരിയർ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

manju-warrier-3

മഞ്ജു ഭോപ്പാലിൽ

മഞ്ജു ഇപ്പോൾ ഭോപ്പാലിൽ ഷൂട്ടിലാണ്. അതുകൊണ്ട് പിറന്നാള്‍ ആഘോഷങ്ങള്‍ ഉണ്ടാകില്ല. പണ്ടും ഞങ്ങൾ പൊതുവേ ആരുടെയും പിറന്നാളുകള്‍ ആഘോഷിക്കാറില്ല. സിനിമയിലേക്ക് വന്ന ശേഷം പിറന്നാൾ ദിനങ്ങളിൽ മഞ്ജു പൊതുവേ തിരക്കിലായിരിക്കും. കുട്ടിക്കാലത്ത്, വീട്ടിലെല്ലാവരും ചേർന്ന് ഒരു കേക്ക് മുറിച്ച് ചെറിയ തോതിൽ ആഘോഷിക്കാറാണ് പതിവ്. ഇപ്പോഴും അതാണ് രീതി.

ലളിതം സുന്ദരം

‘ലളിതം സുന്ദരം’ ഒരു ഫീൽ ഗുഡ് ഫാമിലി ചിത്രമാകും. സിറ്റുവേഷൻ ആവശ്യപ്പെടുന്ന തമാശകളും നല്ല കുടുംബ മുഹൂർത്തങ്ങളുമുണ്ടാകും.

കഥ ആദ്യം പറഞ്ഞത് ബിജുവേട്ടനോടാണ്. ‘ലക്ഷ്യം’ ത്തിന്റെ ലൊക്കേഷനിലെത്തി സംസാരിച്ചു. കഥ കേട്ടപ്പോൾ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞു. കഥ കേട്ടപ്പോൾ, ‘ഞാൻ ഇത് നിർമിച്ചാലോ’ എന്ന് മഞ്ജു ചോദിക്കുകയായിരുന്നു. പിന്നീട് സെഞ്ച്വറി കൊച്ചുമോൻ സാർ കൂടി വന്നതോടെ പ്രൊജക്ട് ഓൺ ആയി.

manju-warrier-5

ബിജുവേട്ടനും കുടുംബവുമായും മഞ്ജുവും ഞാനുമൊക്കെ വലിയ അടുപ്പത്തിലാണ്. ആ യൂണിറ്റ് മുഴുവൻ പണ്ടു മുതലേ സുഹൃത്തുക്കളാണ്. അതിന്റെതായ രസം മൊത്തത്തിൽ ഉണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് വർക്ക് നടന്നത്. രാവിലെ ഒരു പിക്നിക്കിന് പോകുന്ന മൂഡിലാണ് എല്ലാവരും ലൊക്കേഷനിലെത്തിയിരുന്നത്. വണ്ടിപ്പെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.