Friday 14 May 2021 03:58 PM IST

ഒരു ദിവസം അവൾ ചോദിച്ചു, ‘മനൂ എനിക്കൊപ്പം വന്നു നിൽക്കാമോ...’! എല്ലാം ദൈവാനുഗ്രഹം: മനോജ് പറയുന്നു

V.G. Nakul

Sub- Editor

beena-antony-1

കോവിഡ് അതിരൂക്ഷമായി പടർന്നു പിടിക്കുന്ന ഈ രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനത്തിൽ നിന്നൊഴിഞ്ഞു നിൽക്കാൻ നമ്മള്‍ ഓരോരുത്തരും എത്രത്തോളം ശ്രദ്ധാലുക്കളായിരിക്കണം എന്നു ബോധ്യപ്പെടുത്തുവാനാണ് സ്വന്തം അനുഭവം പങ്കുവച്ച് നടനും നടി ബീനാ ആന്റണിയുടെ ഭർത്താവുമായ മനോജ് ഒരു വിഡിയോ തയാറാക്കിയത്. ബീന ആന്റണി കോവിഡ് ബാധിതയായി ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു വിഡിയോ. മനോജും മകനും ചേർന്നു സംസാരിക്കുന്ന ആ വി‍ഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങൾ അതിനെ വാർത്തയാക്കിയപ്പോള്‍ ‘ബീന ആന്റണി ഗുരുതരാവസ്ഥയിൽ. ശ്വാസം കിട്ടാതെ പിടയുന്നു’ എന്ന തരത്തിലാണ് തലക്കെട്ടുകൾ വന്നത്. വിഡിയോയിൽ പ്രിയപ്പെട്ടവളെക്കുറിച്ച് പറഞ്ഞപ്പോൾ വികാരാധീനനായി മനോജ് കണ്ണുകൾ നിറഞ്ഞു സംസാരിക്കുന്നതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ കൂടി ഉപയോഗിച്ച് പലരും അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ച് വിഡിയോകള്‍ സൃഷ്ടിച്ചു. ഇത്തരം വ്യാജ വാർത്തകൾ കണ്ട്, പ്രിയപ്പെട്ടവരൊക്കെ ഭയന്നു തുടങ്ങിയതോടെയാണ്, ഇവയ്ക്കെതിരെ മറ്റൊരു വിഡിയോയുമായി മനോജ് വീണ്ടും എത്തിയത്. ഒപ്പം ബീന രോഗമുക്തയായി ആശുപത്രി വിടുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.

‘‘ആദ്യം ബീന റൂം ക്വാറന്റീനിലായിരുന്നു. പത്ത് ദിവസം കഴിയുമ്പോൾ മാറും എന്നൊരു ധാരണയായിരുന്നല്ലോ. പക്ഷേ, നാല് ദിവസം കഴിഞ്ഞിട്ടും വലിയ മാറ്റമൊന്നുമുണ്ടായില്ല. എന്റെ ഇളയച്ഛനും അദ്ദേഹത്തിന്റെ മകളും ഡോക്ടർമാരാണ്. അവർ ഒരു പൾസ് ഓക്സീമീറ്റർ കൊടുത്തയച്ചു. അതു വച്ചു ചെക്ക് ചെയ്തു കൊണ്ടിരുന്നു. ആദ്യം കുഴപ്പമില്ലായിരുന്നു.
ആശുപത്രിയില്‍ പോകുന്നതാണ് നല്ലതെന്ന് അവർ പറഞ്ഞിരുന്നു. ഷുഗറുള്ളതും പ്രശ്നമാണ്. പക്ഷേ, ബീനയ്ക്ക് ആശുപത്രിയിൽ പോകുന്നത് പേടിയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നോക്കിയപ്പോൾ ഓക്സിജൻ ലെവൽ 93 ആയി. ഇനി നോക്കിക്കൊണ്ടിരിക്കാനാകില്ലെന്നു പറഞ്ഞ് ഞാൻ ഡോക്ടറെ വിളിച്ചു. വൈകിട്ട് ആശുപത്രിയിലെത്തിച്ചു. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയിരുന്നു. ഇപ്പോഴേക്കും ന്യുമോണിയയും ബാധിച്ചിരുന്നു. വെള്ളിയും ശനിയും അതേപോലെ നിൽക്കുകയായിരുന്നു. അപ്പോള്‍ ചെറിയ ടെൻഷനായി. അപ്പോഴാണ് ഐ.സി.യു നോക്കിവച്ചോളൂ എന്നു പറഞ്ഞത്. അതോടെ ഞാൻ തകർന്നു പോയി. പക്ഷേ, ഞായറാഴ്ച പുരോഗതിയുണ്ടായി. തിങ്കളാഴ്ച വളരെ ബെറ്ററായി. അത്ര പെട്ടെന്ന് കുറയുന്നതല്ല. ദൈവാനുഗ്രഹം. ഞാനത്രയും ദൈവത്തെ വിളിച്ചിരുന്നു. ആ രണ്ട് ദിവസം ഞാൻ അനുഭവിച്ച ടെൻഷന്‍ പറഞ്ഞറിയിക്കാനാകില്ല. ആരോടും ഒന്നും പറയാതെ ഞാൻ പ്രാർഥനയുടെ ബലത്തിൽ പിടിച്ചു നിൽക്കുകയായിരുന്നു’’. – മനോജ് ആ ദിവസങ്ങളെക്കുറിച്ച് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

ഓക്സീമീറ്ററിന്റെ പ്രാധാന്യം

അന്നുച്ചയ്ക്കാണ് ആ വിഡിയോ ചെയ്യാൻ തീരുമാനിച്ചത്. ഓക്സീ മീറ്റർ എന്ന സാധ്യതയെക്കുറിച്ച് അറിയാത്ത എത്രയോ പേരുണ്ട്. അതിന്റെ പ്രധാന്യം കോവിഡ് കാലത്ത് എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കിയ ആളാണ് ഞാൻ. അതു മറ്റുള്ളവരെക്കൂടി അറിയിക്കണം എന്നു തോന്നി. കാരണം, ഓക്സിജന്റെ അളവ് 77 എത്തിയാൽ പോലും ശരീരം അതു പ്രകടിപ്പിക്കില്ല. പെട്ടെന്നാണ് ശ്വാസം കിട്ടാതെ പിടയുക. അപ്പോഴേക്കും ആരോഗ്യം ഗുരുതരമായിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കാൻ, ആളുകൾക്ക് ഒരു ബോധവൽക്കരണത്തിനാണ് ഞാൻ ആ വിഡിയോ ഇട്ടത്. വെറുതെ പറയുന്നതിലും നല്ലതാണല്ലോ സ്വന്തം അനുഭവം കൂടി പങ്കുവച്ച് പറയുന്നത്. എന്നാൽ അതിനെ മറ്റെന്തൊക്കെയോ ആക്കി ചിത്രീകരിക്കുകയായിരുന്നു പലരും. ഇതൊക്കെ കണ്ട് ഞങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പേടിച്ചു. ഒരുപാട് മാനസിക പ്രശ്നങ്ങളുണ്ടായി.

ദൈവാനുഗ്രഹം

നാളെ ബീന ഡിസ്ചാർജ് ആകും. ഒമ്പതാം ദിവസത്തിൽ തന്നെ. സാധാരണ പതിനഞ്ച് ദിവസമൊക്കെ കഴിയും. ഭാഗ്യവും ദൈവാദീനവുമുള്ളതുകൊണ്ട് നമുക്ക് അത്ര വേണ്ടി വന്നില്ല. ഞങ്ങള്‍ എല്ലാ ദിവസവും കുറഞ്ഞത് പത്ത് തവണയെങ്കിലും ഫോണിൽ സംസാരിക്കും. വിഡിയോ കോൾ ചെയ്യും. ഇപ്പോൾ മെന്റലിയും ഫിസിക്കലിയും അവൾ ഓക്കെയായി. വീട്ടിലേക്ക് തിരികെ വരുന്നതിന്റെ ആവേശത്തിലാണ്.

manoj

അതിൽ വലിയ സന്തോഷം

കോവിഡ് രോഗിക്ക് ബൈസ്റ്റാർഡറായി ഒപ്പം നിൽക്കുക സാധ്യമല്ലല്ലോ. വേണമെങ്കിൽ സ്വന്തം ഉത്തരവാദിത്വത്തിൽ എഴുതിക്കൊടുത്തിട്ടു വേണം നിൽക്കാൻ. ഒരു ദിവസം അവൾ ചോദിച്ചു – ‘മനൂ വരാന്‍‌ പറ്റുമോ’ എന്ന്. ‘എനിക്ക് വരാൻ സന്തോഷമേയുള്ളൂ. നീ ഓക്കെയാകുമ്പോള്‍ എനിക്ക് എന്തെങ്കിലും വന്നു ഞാൻ കിടപ്പിലായാൽ നിനക്കതു കൂടുതൽ ടെൻഷനാകും’ എന്നു പറഞ്ഞു. കാരണം അവൾ വീട്ടിലേക്കു വരുമ്പോള്‍ ഞാനിവിടെ ഉണ്ടാകണം. അവളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് ഒപ്പം നിൽക്കേണ്ടതല്ലേ. രണ്ടു പേരും കൂടി പെട്ടു പോയാല്‍ എന്തു ചെയ്യും.

എന്തൊക്കെപ്പറഞ്ഞാലും എന്റെ ആ വിഡിയോ കുറേയേറെപ്പേർക്ക് ഉപകാരമായതിൽ സന്തോഷം. പലരും ഓക്സീ മീറ്ററിന്റെ ഗുണം മനസ്സിലാക്കി അതു വാങ്ങി. അതായിരുന്നു എന്റെ ലക്ഷ്യവും.