Monday 13 February 2023 12:05 PM IST

‘കാണെക്കാണെ’ ഭാരം 99 ൽ എത്തി, ഇനി കാണുമ്പോൾ 25 കിലോ കുറയണമെന്ന് ടൊവീനോ പറഞ്ഞു’: മാറ്റത്തിന്റെ കഥ പറഞ്ഞ് മനു അശോകന്‍

V.G. Nakul

Sub- Editor

manu-ashokan-1

താന്‍ സംവിധായകനായ രണ്ടു സിനിമകളുടെയും പണികള്‍ തീർത്തപ്പോൾ മനു അശോകന്‍ ശ്രദ്ധിച്ചു, ശരീരം പിടിവിട്ട് തടിച്ചിട്ടുണ്ടല്ലോ... നന്നായി ഫുട്ബോളും വോളിബോളും കളിച്ചിരുന്ന, എൺപതു കിലോയിൽ കൂടുതൽ ശരീരഭാരം കൂടിയിട്ടേയില്ലാത്ത മനു ‘കാണെക്കാണെ’ എന്ന സിനിമയുടെ തിരക്കുകൾ തീർന്നപ്പോൾ 99 കിലോയിലേക്കെത്തി. മനസ്സ് പറഞ്ഞു – ‘ഇനിയും ഇവനെ വളരാൻ അനുവദിക്കരുത്’! ഒപ്പം നായകനായ ടൊവീനോ തോമസും പറഞ്ഞു, ‘തടി കുറയ്ക്കണം...അടുത്ത പടത്തിൽ കാണുമ്പോൾ 25 കിലോ താഴണം...’

അങ്ങനെ, എന്തു ചെയ്യാം...എന്തും ചെയ്യാം...എന്ന ചിന്തയ്ക്കൊടുവിൽ മനു ഒരു ഹെൽത്ത് പ്ലാൻ ഉണ്ടാക്കി. ‘വർക്കൗട്ട് വിത്ത് ഫാസ്റ്റിങ്’ എന്ന ആ തന്ത്രം ഒടുവിൽ വിജയമാകുന്നു. പടിപടിയായുള്ള മാറ്റം ശരീരഭാരത്തെ താഴേക്കെത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മലയാളത്തിന്റെ ഈ യുവസംവിധായകൻ ഇപ്പോൾ.

‘‘നേരത്തേ 99 കിലോയായിരുന്നു ശരീര ഭാരം. ഇപ്പോൾ 11 കിലോയോളം കുറച്ചു, 88 ആയി. ദിവസേനയുള്ള വർക്കൗട്ടും ഫാസ്റ്റിങ്ങും ആഴ്ചയിൽ 3 ദിവസം 1 മണിക്കൂർ നീളുന്ന ഫുട്ബോൾ കളിയുമൊക്കെ ചേർന്നപ്പോഴാണ് ഈ മാറ്റം.

ഫാസ്റ്റിങ്ങിന്റെ ഭാഗമായി രാവിലെ 9 മണിയോടെ ഭക്ഷണം കഴിക്കും. 14 മുതല്‍ 15 മണിക്കൂര്‍ കഴിഞ്ഞാണ് വീണ്ടും കഴിക്കുക. ഒരു ദിവസം 2 പ്രാവശ്യം എന്ന കണക്കിൽ. നേരത്തത്തെ, ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാൽ ഒരു ചായ, അതിനു ശേഷം ഒരു ലെമൺടീ എന്നൊക്കെയായിരുന്നു ചിട്ട. അതൊക്കെ മാറ്റി. ചോറും മധുരവും ഒഴിവാക്കി. നോൺ വെജ് എല്ലാം കഴിക്കും. രാവിലെ ഒന്നര മണിക്കൂറോളം ജിമ്മിൽ’’.– തന്റെ മേക്കോവർ പ്ലാൻ മനു ചുരുക്കം വാക്കുകളിൽ വിശദീകരിച്ചു.

‘‘നേരത്തെ, ഫുട്ബോളിലും വോളിബോളിലും ഞാൻ സജീവം ആയിരുന്നു. സിനിമയിൽ തിരക്കായ ശേഷം വീണ്ടും കളിയിലേക്കു വന്നപ്പോൾ ആദ്യം ഫുട്ബോൾ ആണ് പരിഗണിച്ചത്. ഇപ്പോൾ നാലാമത്തെ വർഷം. ഒപ്പം വർക്കൗട്ടും കൂടി ആരംഭിച്ചെങ്കിലും തടി കുറയുന്നില്ല. അപ്പോഴാണ് ട്രെയിനറായ അനീഷേട്ടന്റെ നിർദേശ പ്രകാരം ഫാസ്റ്റിങ് കൂടി തുടങ്ങിയത്. അതോടെ ഫലം കാണാന്‍ തുടങ്ങി’’.

‘കാണെക്കാണെ’ ഭാരം 99 ൽ

‘കാണെക്കാണെ’യുടെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ 99 ആയിരുന്നു ശരീര ഭാരം. പിന്നീട് 6 മാസം ഉഴപ്പി നടന്നു. ശേഷം വർക്കൗട്ടും ഫാസ്റ്റിങ്ങും സജീവമാക്കി. വർക്കൗട്ട് മുടങ്ങിയിട്ടുണ്ടെങ്കിലും ഫാസ്റ്റിങ്ങിൽ പരമാവധി വീഴ്ചകൾ വരുത്തിയില്ല. അതോടെ പിന്നീടുള്ള ആറു മാസത്തിൽ 11 കിലോ കുറഞ്ഞു.

99 കിലോയിലേക്ക് എത്തും മുമ്പുള്ള കാലത്ത് എന്റെ ഭാരം 80 ൽ താഴെയായിരുന്നു. സിനിമയുടെ ടെൻഷനും ആഹാരത്തിലെ കൃത്യതയില്ലായ്മയുമൊക്കേ ചേർന്നപ്പോൾ കൈവിട്ടു പോയതാണ്. മാത്രമല്ല, എന്റെ ഭാര്യ നന്നായി ഭക്ഷണം തയാറാക്കും. എല്ലാം കൂടിയായപ്പോൾ 20 കിലോ പെട്ടെന്നു കൂടി.

ക്രിയേറ്റീവ് ടെൻഷൻ എന്ന വില്ലൻ

സംവിധായകനായ ശേഷമുള്ള രണ്ടു സിനിമ കഴിഞ്ഞപ്പോഴും ഞാൻ തടിച്ചു. അത് ഭക്ഷണം അമിതമായി കഴിച്ചതിന്റെയല്ല. ടെൻഷന്‍ കൂടുമ്പോൾ ചിലർക്ക് ശരീരഭാരം വർദ്ധിക്കും. അതാണ് എന്റെ കാര്യത്തിലും സംഭവിച്ചത്. ഷൂട്ട് നടക്കുന്നതിന്റെ ടെൻഷനുണ്ടാകുമ്പോൾ, തീരെ ഭക്ഷണം കുറവാണ്. കഴിച്ചാലും വളരെ സമയം തെറ്റിയാകും. ഞാൻ രാത്രി ലൊക്കേഷനിൽ വച്ച് ഭക്ഷണം കഴിക്കില്ല. റൂമിൽ എത്തിയ ശേഷം കുളിച്ച് ഫ്രഷ് ആയേ കഴിക്കൂ. ചിലപ്പോൾ രാത്രി രണ്ട് മണിയൊക്കെ ആകും. അപ്പോൾ വിശപ്പ് കാരണം കഴിക്കുന്നത് അൽപ്പം കൂടിപ്പോകാം. അതും പ്രശ്നമാണ്. ‘കാണെക്കാണെ’ കഴിഞ്ഞപ്പോൾ വെയിറ്റ് കൂടിയത് ക്രിയേറ്റീവ് ടെൻഷന്റെ ഭാഗമായിട്ടാണെന്നു ഞാൻ മനസ്സിലാക്കി. അല്ലാതെ ഭക്ഷണം കൂടിയതിന്റെയല്ല.

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം

എല്ലാവരും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം എന്നാണ് എന്റെ പക്ഷം. ചെറിയ പ്രായത്തിൽ പലർക്കും കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നു. വർക്കൗട്ട് അതിനെ തോൽപ്പിക്കും എന്നല്ല. എങ്കിലും ഒരു പരിധി വരെ അതിജീവിക്കാനാകും.

സിനിമയിൽ എന്റെ ഗുരു ആയ രാജേഷ് പിള്ള ഭക്ഷണ കാര്യത്തില്‍ തീരെ ശ്രദ്ധാലുവായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെ അതു ബാധിച്ചു. രാജേഷേട്ടൻ ശരീരത്തെപ്പറ്റി ചിന്തിക്കാറേയില്ല. സിനിമ...സിനിമ...സിനിമ...എന്നതു മാത്രമായിരുന്നു മനസ്സിൽ. വൈകിയുള്ള ഭക്ഷണത്തിന്റെ പേരിൽ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. ഷൂട്ടിനിടയിലും അദ്ദേഹം എന്തെങ്കിലും സ്നാക്സുകൾ എപ്പോഴും കഴിച്ചു കൊണ്ടിരിക്കും. അല്ലാതെ മറ്റു ദുശീലങ്ങളൊന്നും ഉണ്ടായിരുന്നില്ല. അമിതമായ അളവിൽ ഭക്ഷണം കഴിക്കുന്ന ആളുമായിരുന്നില്ല. തോന്നുമ്പോൾ കഴിക്കുക, കഴിക്കാതിരിക്കുക എന്നതൊക്കെയായിരുന്നു രീതി. രാജേഷേട്ടന് ലിവര്‍ സിറോസിസ് വന്നത് ദിവസവും 30 ലിറ്റർ കോള കുടിച്ചിട്ടാണ് എന്നൊരു മണ്ടത്തരം അന്നു പ്രചരിച്ചിരുന്നു. അതു തെറ്റാണ്. അദ്ദേഹത്തിന്റെ അമ്മയും അമ്മാവനുമൊക്കെ ലിവര്‍ സിറോസിസ് ബാധിച്ചു മരിച്ചവരാണ്.

ഇനി കുറഞ്ഞാൽ ഷുഗർ ആണെന്നു പറയും

‘കാണെക്കാണെ’യുടെ സെറ്റിൽ വച്ച് ടൊവീനോ എപ്പോഴും പറയുമായിരുന്നു, ‘തടി കുറയ്ക്കണം... തടി കുറയ്ക്കണം’ എന്ന്. ടൊവി അത്തരം കാര്യങ്ങളിലൊക്കെ വളരെ ശ്രദ്ധയുള്ള ആളാണല്ലോ. അടുത്ത പടത്തിൽ കാണും മുമ്പ് 25 കിലോ കുറയ്ക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. പത്ത് കുറച്ചു. ബാക്കി പതിനഞ്ച് കൂടി കുറച്ചാൽ മറ്റുള്ളവർ ചോദിക്കും ഷുഗർ ആണോ എന്ന്...പതിനെട്ട് വരെ കുറച്ച് നിർത്താം. വർക്കൗട്ട് തുടരും....

ഉയരെ’,‘കാണെക്കാണെ’ എന്നീ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംവിധായകനാണ് മനു അശോകൻ. കോസ്റ്റ്യൂമർ ശ്രേയ അരവിന്ദ് ആണ് ഭാര്യ. രണ്ട് മക്കളാണ് ഇവർക്ക്.