ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണമാസ്സ്’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ആദ്യം മുതല്‍ അവസാനം വരെ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്നാണ് വിവരം.
ഏറെ രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ചിത്രത്തിൽ ബേസിൽ. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
കുറച്ചു ദിവസങ്ങളായി എത്തുന്ന പരിപാടികളിലെല്ലാം തൊപ്പി ധരിച്ചാണ് ബേസില്‍ എത്തിയിരുന്നത്. തൊപ്പി ഊരാന്‍ ആവശ്യപ്പെട്ടെങ്കിലും ബേസില്‍ ഊരാന്‍ തയാറായിരുന്നില്ല. കാണിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മുടിയെന്നാണ് താരം മറുപടി നല്‍കിയിരുന്നത്. ‘മരണമാസ്സി’ന്റെ പോസ്റ്റര്‍ വന്നതോടെ ബേസിലിന്റെ തലയുടെ സസ്പെന്‍സും പുറത്തു വന്നു.