മലയാളസിനിമയിലെ ‘ക്യൂട്ട് ബ്യൂട്ടി’യാണ് നസ്രിയ നസീം. ചാനൽ അവതാരകയായും ബാലനടിയായും എത്തി നായിക നിരയിലേക്കുയർന്ന താരം. മലയാളത്തിലും തമിഴിലുമായി മികച്ച വേഷങ്ങളിൽ, വൻ ഹിറ്റുകളുടെ ഭാഗമായ കരിയറിന്റെ ആദ്യഘട്ടം. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം കുറച്ചുകാലം അഭിനയരംഗത്തു നിന്നു മാറി നിന്നു. പിന്നീട് ‘കൂടെ’ എന്ന ചിത്രത്തിലൂടെ മടങ്ങിവരവ്. ശേഷം ഫഹദിന്റെ നായികയായി ‘ട്രാൻസ്’. പിന്നീടൊരു തെലുങ്ക് ചിത്രം. ഇപ്പോഴിതാ, നാല് വർഷത്തെ ഇടവേളയ്ക്കൊടുവിൽ നസ്രിയ വീണ്ടും ഒരു മലയാള സിനിമയിലഭിനയിച്ചിരിക്കുന്നു – നവംബർ 22നു തിയറ്ററുകളിലെത്തുന്ന ‘സൂക്ഷ്മദർശിനി’യിൽ. ബേസിൽ ജോസഫ് നായകനാകുന്ന ഈ മിസ്റ്ററി ത്രില്ലറിന്റെ രചനയും സംവിധാനവും എം.സി.ജിതിൻ.
‘സൂക്ഷ്മദർശിനി’യുടെ ട്രെയിലർ കണ്ട പ്രേക്ഷകർ ഒന്നുറപ്പിക്കുന്നുണ്ട്, വളരെ സെലക്ടീവായി സിനിമകൾ തിരഞ്ഞെടുക്കുന്ന നസ്രിയ ഈ ചിത്രത്തിലഭിനയിച്ചത് വെറുതേയാകില്ല. വേറിട്ട, ഒരു എന്റർടെയ്നറാണ് വരുന്നതെന്നാണ് നിലവിലുള്ള സൂചനകൾ. സംവിധായകൻ എം.സി.ജിതിനും അതു തന്നെയാണ് പറയുന്നത്.
‘‘തീർച്ചയായും. ഒരു ലേഡി ഡിറ്റക്ടീവ് മൈൻഡിനെ അവതരിപ്പിക്കുകയെന്ന ആലോചനയിൽ നിന്നു രൂപപ്പെട്ട കഥയാണ് ‘സൂക്ഷ്മദർശിനി’യുടേത്. പുരുഷൻമാരെക്കാൾ, ചില ദുരൂഹതകളുടെ ചുരുളഴിക്കാൻ സ്ത്രീകൾക്കാകും എന്നാണ് മനസ്സിലാകുന്നത്. ഈ സിനിമയും അത്തരമൊരു സൈക്കോളജിക്കൽ സമീപനത്തോടെയാണ് കഥ പറയുന്നത്. നസ്രിയ അവതരിപ്പിക്കുന്ന പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ സൃഷ്ടിക്കാനുള്ള റോൾ മോഡൽ എന്റെ സ്വന്തം അമ്മയാണ്. അതിന്റെ കൂടുതൽ വിശേഷങ്ങൾ തൽക്കാലം പറയാനാകില്ല. മറ്റൊരു മുൻവിധിയുമില്ലാതെ പ്രേക്ഷകർ ഈ സിനിമ കാണണം എന്നാണ് എന്റെ ആഗ്രഹം’’.– ജിതിൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു.
അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ‘നിങ്ങളുടെ അയൽക്കാരെ നിങ്ങൾക്ക് എത്ര നന്നായി അറിയാം’ എന്ന ചോദ്യമുയർത്തി അവസാനിക്കുന്ന ട്രെയിലർ ഒരു മിസ്റ്ററി ത്രില്ലറിന്റെ എല്ലാ സാധ്യതകളേയും പ്രേക്ഷകരിലേക്ക് പകരുന്നു.
‘‘തികച്ചും യാദൃശ്ചികമായാണ് നസ്രിയയും ബേസിലും ഈ സിനിമയിലേക്കെത്തുന്നത്. മുൻപ് പ്രിയദര്‍ശിനി എന്ന കഥാപാത്രത്തിലേക്ക് പലരേയും പരിഗണിച്ചിരുന്നു. മലയാളത്തിലെ ഒരു സീനിയർ താരവും അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ, കാര്യങ്ങൾ ഒത്തുവന്നില്ല. പിന്നീട് സിനിമയുടെ നിർമാതാവു കൂടിയായ സമീർ താഹിറിക്കയാണ് നസ്രിയയുടെ കാര്യം പറഞ്ഞതും നസ്രിയയോട് സംസാരിച്ചതും. പിന്നീടു ഞാൻ പോയി കഥ പറഞ്ഞു. ഇഷ്ടപ്പെട്ടു. അതു പോലെ ബേസിലും. ബേസിലിന് ഈ കഥ നേരത്തെ അറിയാം. നസ്രിയ വന്നപ്പോൾ അവരുടെ പ്രായത്തിനനുസരിച്ച് കഥാപാത്രത്തെ മാറ്റി. നായകനായി ബേസിൽ വന്നപ്പോൾ അതു കൃത്യമായി. യാദൃശ്ചികമാണെങ്കിലും ഈ രണ്ടാളുകളുടെയും വരവ് സിനിമയ്ക്ക് ഗുണമായി എന്നാണ് പിന്നീടുള്ള അനുഭവം’’.– ജിതിൻ പറയുന്നു.

റാപ്പർ റിനോഷ് ജോർജ്, വിനയ് ഫോര്‍ട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2018 ൽ ‘നോണ്‍സെന്‍സ്’ എന്ന ചിത്രമൊരുക്കിയാണ് എം.സി. ജിതിന് സംവിധാന രംഗത്തേക്കെത്തുന്നത്. ആറ് വർഷത്തിനു ശേഷമാണ് രണ്ടാമത്തെ സിനിമ.
‘‘ശരിക്കും ‘നോൺസെൻസ്’ന്റെ ജോലികൾ നടക്കുമ്പോഴേ ഈ കഥ മനസ്സിലുണ്ട്. ‘നോൺസെൻസ്’ ഹിന്ദിയിൽ എടുക്കാനുള്ള ചില നീക്കങ്ങൾ നടന്നപ്പോൾ ഈ കഥ ചെയ്താലോ എന്ന ആലോചനകൾ വന്നിരുന്നു. പിന്നീടാണ് മലയാളത്തിൽ ആകാം എന്നു തീരുമാനിച്ചത്. ഇക്കാലമത്രയും സ്ക്രിപ്റ്റിൽ പണിയെടുത്തും പ്രൊജക്ടിന്റെ കാര്യങ്ങൾ നീക്കിയും ഈ സിനിമയോടൊപ്പമായിരുന്നു സഞ്ചാരം’’.
പ്രധാന ഘടകങ്ങളിൽ പലതും അനുകൂലമായപ്പോഴും സിനിമയെ പ്രതിസന്ധിയിലാക്കിയ ഒരു പ്രധാന പ്രശ്നത്തെക്കുറിച്ചു കൂടി ജിതിൻ പറയുന്നു –
‘‘നസ്രിയയുടെയും ബേസിലിന്റെയും ഡേറ്റ് കിട്ടി, പ്രൊജക്ട് ഓൺ ആയപ്പോഴും ഒരു പ്രധാന പ്രശ്നം ബാക്കിയായിരുന്നു. കഥയ്ക്ക് യോജിക്കുന്ന തരത്തിൽ, ഇരുപത് മീറ്റർ അകലത്തിൽ അടുത്തടുത്തുള്ള ആറ് വീടുകൾ വേണം. അതിൽ രണ്ട് വീടുകൾ ആൾതാമസമില്ലാത്തതാകണം. അവ കൃത്യമായി ഒത്തുവരുന്നില്ലെങ്കിൽ സിനിമ നടക്കില്ല. സമീറിക്കയും അതു തന്നെ പറഞ്ഞു, ‘ഡാ...ഇതൊക്കെയുണ്ടെങ്കിലും കൃത്യം ലൊക്കേഷൻ കിട്ടിയില്ലെങ്കിൽ സിനിമ മുടങ്ങും കേട്ടോ’ എന്ന്. ഒടുവില്‍ ലൊക്കേഷൻ തേടി പരസ്യം കൊടുത്തു. ഭാഗ്യത്തിനു മനസ്സിൽ കണ്ടതു പോലെ ഒരു ലൊക്കേഷന്‍ കോലഞ്ചേരിയിൽ ലഭിച്ചു’’.

ചിത്രത്തിൽ സിദ്ധാർഥ് ഭരതനും ഒരു പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടേതായി അടുത്തിടെ പുറത്തിറങ്ങിയ പ്രൊമോ സോങ് ‘ദുരൂഹ മന്ദഹാസമേ...’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിരുന്നു. ഹാപ്പി അവേഴ്സിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിർമിക്കുന്നത്. എവിഎ പ്രൊഡക്ഷൻസും നിർമാണത്തിൽ പങ്കാളിയാണ്. എം സി ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥയ്ക്ക് എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.