Monday 27 July 2020 12:32 PM IST

മണ്ടത്തരങ്ങൾ ചെയ്തിട്ടുണ്ട്, ആ മേഘ്ന ഇപ്പോഴില്ല; ജീവിതം പഠിപ്പിച്ചു, എങ്ങനെ സന്തോഷകരമായി ജീവിക്കാം എന്ന്!

V.G. Nakul

Sub- Editor

m1

മലയാളികളുടെ അമ‍ൃതയാണ് മേഘ്ന വിൻസന്റ ്. സൂപ്പർഹിറ്റ് പരമ്പരയായിരുന്ന ‘ചന്ദനമഴ’യും അതിലെ അമൃത എന്ന കഥാപാത്രവും അത്രത്തോളം പ്രശസ്തിയും താരപദവിയും മേഘ്നയ്ക്ക് നേടിക്കൊടുത്തു. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി മേഘ്ന മലയാളത്തിൽ സജീവമല്ല. തമിഴിൽ ‘പൊൻമകൾ വന്താൽ’ എന്ന ഹിറ്റ് പരമ്പരയിൽ പ്രധാന കഥാപാത്രമായി, തമിഴ് പ്രേക്ഷകർക്കിടയിലും ‘പക്കത്ത് വീട്ട് പൊണ്ണ്’ ഇമേജ് നേടിയെടുത്തു താരം.

തമിഴിലെ തിരക്കുകൾക്കിടയിലും മലയാളികളുമായി ബന്ധം നിലനിർത്താൻ മേഘ്ന ഒരു വഴി കണ്ടെത്തി, ഒരു യൂട്യൂബ് ചാനൽ. ‘മേഘ്നാസ് സ്റ്റുഡിയോ ബോക്സ്’ എന്ന യൂട്യൂബ് ചാനൽ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. കഥകളും ജീവിതാനുഭവങ്ങളുമൊക്കെയായി തന്റെ ചാനലിൽ മേഘ്ന പങ്കുവയ്ക്കുന്ന ഓരോ വിഡിയോകളും പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. യുട്യൂബ് ചാനലിനെക്കുറിച്ചും തന്റെ പുത്തൻ വിശേഷങ്ങളെക്കുറിച്ചും മേഘ്ന ‘വനിത ഓൺലൈനോട് ’പറയുന്നത് ഇങ്ങനെ.

‘‘മുൻകൂർ പ്ലാന്‍ ചെയ്ത് തുടങ്ങിയതല്ല യുട്യൂബ് ചാനൽ. ഞാൻ അഭിനയിച്ചു കൊണ്ടിരുന്ന ‘പൊൻമകൾ വന്താൽ’ എന്ന സീരിയലിന്റെ ഷൂട്ട് കഴിഞ്ഞത് ലോക്ക് ഡൗണിന് ഏകദേശം ഒന്നോ രണ്ടോ ആഴ്ച മുമ്പാണ്. പുതിയ വർക്ക് തുടങ്ങും മുമ്പ് ലോക്ക് ഡൗണും പ്രഖ്യാപിച്ചു. എങ്കിൽ കുറച്ചു കാലം ഒരു ഹോളി ഡേ മൂഡിൽ മുന്നോട്ടു പോകാം എന്നു കരുതി. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും മടുത്തു. അങ്ങനെയാണ് യുട്യൂബ് ചാനൽ തുടങ്ങാം എന്നു തീരുമാനിച്ചത്’’. – മേഘ്ന പറഞ്ഞു.

m3

തുടക്കം ടൈം പാസ്

ഒരു ടൈം പാസ് ആയിട്ട് തുടങ്ങിയതാണ്. പക്ഷേ ആദ്യത്തെ വിഡിയോ ഇട്ടപ്പോൾ കിട്ടിയ സപ്പോർട്ട് മുന്നോട്ട് പോകാനും ഇതിനെ സീരിയസായി കാണാനുമുള്ള പ്രചോദനമായി.

ആദ്യത്തെ കുറച്ച് വിഡിയോസ് മൊബൈൽ ക്യാമറിലൊക്കെയാണ് ഷൂട്ട് ചെയ്തത്. ഇപ്പോൾ ടെക്നിക്കലി ഒരുപാട് നന്നായിട്ടാണ് ഓരോ വിഡിയോയും തയാറാക്കുന്നത്. ക്യാമറ, എഡിറ്റിങ് തുടങ്ങി ഒരു ടീം എന്നോടൊപ്പമുണ്ട്. ഞാനും ക്യാമറയും എഡിറ്റിങ്ങുമൊക്കെ ചെയ്യാറുണ്ട്. എല്ലാം ചാനൽ തുടങ്ങിയ ശേഷം പഠിച്ചെടുത്തതാണ്. ചാനൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ ഫോക്കസ് ചെയ്യില്ല. എനിക്ക് മനസ്സിൽ തോന്നുന്ന ആശയങ്ങളാണ് ഓരോ വിഡിയോയിലും അവതരിപ്പിക്കുക.

തിരിച്ചറിഞ്ഞ സ്നേഹം

വിഡിയോസ് നന്നായിരിക്കുന്നു എന്നാണ് കൂടുതൽ കമന്റുകൾ. എല്ലാവരും പൊസിറ്റീവ് ആയാണ് പ്രതികരിക്കുന്നത്. അതു വലിയ സന്തോഷം നൽകുന്നു. വിഡിയോസ് വന്നു തുടങ്ങിയപ്പോഴാണ് ഇത്രയും പേർ എന്നെ സ്നേഹിക്കുന്നു എന്നു മനസ്സിലാക്കിയത്. അതാണ് ഏറ്റവും വലിയ നേട്ടം.

വിഡിയോയിൽ ഞാൻ പറയുന്ന കഥകൾ നേരത്തേ വായിച്ചിട്ടുള്ളവയും കേട്ടിട്ടുള്ളവയുമൊക്കെയാണ്. അമ്മാമ്മയും അപ്പാപ്പനുമൊക്കെ പറ‍ഞ്ഞു തന്ന ധാരാളം കഥകളുണ്ട്. അത് ഓരോ സാഹചര്യത്തിനനുസരിച്ച് അവതരിപ്പിക്കുന്നു എന്നു മാത്രം. ആ കഥകളിൽ ഉള്ള സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. ഇതിനോടകം 40ൽ കൂടുതൽ വിഡിയോസ് ചെയ്തു.

m2

മലയാളം വിട്ടിട്ടില്ല

നിലവിൽ തമിഴിൽ നിന്നും മലയാളത്തിൽ നിന്നും ധാരാളം ഓഫറുകളുണ്ട്. ഒന്നും കമിറ്റ് ചെയ്തിട്ടില്ല. എല്ലാം ഇനി കോവിഡിന്റെ പ്രശ്നങ്ങൾ തീർന്ന ശേഷമേ സജീവമാകൂ. തമിഴിലേക്ക് ഞാൻ പൂർണമായി മാറിയിട്ടില്ല. മലയാളത്തിലാണെങ്കിലും തമിഴിലാണെങ്കിലും നല്ല വേഷങ്ങൾ വന്നാൽ ഉറപ്പായും ചെയ്യും. മലയാളത്തിൽ ഇതിനോടകം എട്ടോളം സീരിയലുകൾ ചെയ്തു. തമിഴിൽ രണ്ടു സീരിയലും ഒരു റിയാലിറ്റി ഷോയും ഒരു സിനിമയും ചെയ്തു. ഇപ്പോഴും പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നത് ‘ചന്ദനമഴ’യിലൂടെയാണ്. എനിക്കു വലിയ ബ്രേക്ക് നൽകിയ സീരിയലാണ് ‘ചന്ദനമഴ’.

ഇപ്പോൾ ഞാനും അമ്മയും അമ്മാമ്മയും ചെന്നൈയിലാണ്. ഇവിടെ സീരിയൽ ഷൂട്ടിനായി വന്നതാണ്. ഒപ്പം റിയാലിറ്റി ഷോയുടെ വർക്കും ഉണ്ടായിരുന്നു. അപ്പോഴാണ് ലോക്ക് ഡൗൺ വന്നത്. ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്.

m4

പുതിയ ഞാൻ

ഞാൻ കുറേ മാറി എന്നത് സത്യമാണ്. അരുവിക്കര പ്രസംഗത്തെക്കുറിച്ച് ഞാന്‍ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. പണ്ട് ഒന്നുമറിയാത്ത ഒരു പൊട്ടിപ്പെണ്ണായിരുന്നു. നമ്മൾ നിന്നു കൊടുത്താൽ ആളുകൾ നമ്മളെ പൊട്ടിയാക്കും. അത് നമ്മൾ തന്നെ ഒഴിവാക്കണം. അതു വൈകിയാണ് ഞാൻ പഠിച്ചത്. ഇപ്പോൾ കുറച്ച് ബോൾഡാണ്. ജീവിതത്തെ മൊത്തം പോസിറ്റീവ് ആയാണ് കാണുന്നത്.

ജീവിതത്തില്‍ ഏതു സമയത്തും എന്തു വേണമെങ്കിലും നടക്കാം. അതൊന്നും മാറ്റാൻ പറ്റില്ല. പക്ഷേ ഏതു സാഹചര്യത്തിലും ഹാപ്പി ആയും പോസിറ്റീവ് ആയും ഇരിക്കാം എന്നൊരു ഓപ്ഷൻ ഉണ്ടല്ലോ. സന്തോഷിക്കണോ ദുഃഖിക്കണോ എന്നു നമ്മളാണ് തീരുമാനിക്കേണ്ടത്. ഒരുകാര്യം ഉറപ്പാണ്, ഇപ്പോൾ ഞാൻ പുതിയ മേഘ്നയാണ്.