Monday 10 May 2021 03:46 PM IST

ചേച്ചി അവർക്ക് മമ്മി, ഞങ്ങളുടെ അമ്മ മമ്മ! രസാനയുടെ കുഞ്ഞുവാവകളുടെ പുത്തൻ വിശേഷങ്ങളുമായി മെർഷീന

V.G. Nakul

Sub- Editor

mersheena-neenu-1

മെർഷീന നീനു എന്നു പറഞ്ഞാൽ മലയാളികൾക്ക് പെട്ടെന്നു മനസിലായേക്കില്ല. എന്നാൽ ‘സത്യ എന്ന പെൺകുട്ടി’ എന്നാണ് പറയുന്നതെങ്കിൽ പെട്ടെന്നു തിരിച്ചറിയും. ‘ആൺലുക്ക്’ ഉള്ള ‘സത്യ എന്ന പെണ്‍കുട്ടി’യായി, കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന മെർഷീനയെ കണ്ട്, ‘ആരുടെയോ നല്ല മുഖസാമ്യം’ എന്നു ‘ഛായ കാച്ചാ’ത്തവർ കുറവ്. ആ തോന്നൽ വെറുതെയല്ല, മിനിസ്ക്രീനിൽ മലയാളികളുടെ പ്രിയനായികയായിരുന്നു രസാനയുടെ കുഞ്ഞനിയത്തിയാണ് മെർഷീന.

ഇപ്പോഴിതാ, തന്റെ പൊന്നോമന സച്ചുവിന് രണ്ടാം പിറന്നാൾ ആശംസിച്ച് മെർഷീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയയില്‍ വൈറൽ. ‘My little man turned 2 today. Yeah it's a big thing to get permission to post a pic of my little hearts’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. രസാനയുടെ ഇളയ മകനാണ് സച്ചു എന്ന വിഘ്നേശ്. സച്ചുവിന്റെ ചേച്ചി നന്ദ.

‘‘ഞാനുമായിട്ട് രണ്ടാളും ഭയങ്കര കമ്പനിയിലാണ്. വീട്ടിൽ ചെന്നാൽ അവിടെ നിന്ന് ഒളിച്ചാണ് തിരിച്ചു പോരുക. കണ്ടാൽ വിടില്ല. ഞാൻ തിരിച്ചു പോരുന്നത് ഭയങ്കര സങ്കടമാണ്.അതു കാണുമ്പോൾ എനിക്കും വിഷമമാകും. അതുകൊണ്ട് രണ്ടു പേരും കാണാതെ മുങ്ങാറാണ് പതിവ്. ഇത്തയും ഫാമിലിയും കഴക്കൂട്ടത്താണ് താമസം. ഞാനും ഉമ്മയും കരിമത്തും. ഇടയ്ക്ക് ഞങ്ങള്‍ അങ്ങോട്ടു പോകും. അവർ ഇങ്ങോട്ടും വരും. കുഞ്ഞുങ്ങളുമായി ചേർന്നാൽ അവരേക്കാൾ കുഞ്ഞ് ഞാനാണെന്നു തോന്നും. കളിയും ചിരിയും കുസൃതികളുമൊക്കെയായി ആകെ രസമാണ്. ഇപ്പോൾ കോവിഡിന്റെ പ്രശ്നങ്ങളുള്ളതു കൊണ്ട് പോക്കുവരവുകൾ കുറവാണ്. കുഞ്ഞുങ്ങളെ മിസ് ചെയ്യും. രണ്ടാളും വിളിച്ച് ഭയങ്കര ബഹളമാണ്. വാ..വാ...ന്ന് പറഞ്ഞോണ്ടിരിക്കും. ഓടിച്ചെല്ലണമെന്ന് എനിക്കും തോന്നും. പക്ഷേ, ഇപ്പോഴത്തെ സ്ഥിതിയിൽ അത് ഒട്ടും സുരക്ഷിതമല്ല. കോവിഡിന്റെ വ്യാപനം രൂക്ഷമല്ലോ’’. – മെർഷീനയുടെ ശബ്ദത്തിൽ വാൽസല്യത്തിന്റെ നിറവ്.

mersheena-neenu-2

‘‘എന്നെ മേമ എന്നാണ് വിളിക്കുന്നത്. കുടുംബത്തിൽ പൊതുവേ അമ്മയുടെ അനിയത്തിയെ മേമ എന്നാണ് വിളിക്കുന്നത്. അതു കേട്ടാണ് അവരും വിളിച്ചു തുടങ്ങിയത്. ചേച്ചിയെ മമ്മിയെന്നും ഞങ്ങളുടെ അമ്മയെ മമ്മായെന്നുമാണ് വിളിക്കുന്നത്. എന്റെ ജീവിതത്തിലെ വലിയ സന്തോഷം കുഞ്ഞുങ്ങളാണ്. മുൻപ് അവസരം കിട്ടുമ്പോഴൊക്കെ കുറച്ചേറെ ദിവസം അവർക്കൊപ്പം പോയി നിൽക്കുമായിരുന്നു. ഷൂട്ടിന്റെയൊക്കെ തിരക്കിലായ ശേഷം അതു കുറഞ്ഞു. ഇപ്പോൾ ആ ഫോട്ടോ കണ്ട് എല്ലാവരും കുഞ്ഞുങ്ങളുടെ വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്. ഇത്ത പക്ഷേ, സ്വകാര്യതയ്ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ആളാണ്. ചിത്രങ്ങളൊന്നും ഷെയര്‍ ചെയ്യാൻ സമ്മതിക്കില്ല. എങ്കിൽ പിന്നെ എന്തിനാ ഇതൊക്കെ എടുക്കുന്നേന്ന് ഞാൻ ചോദിക്കും. വളരെ പാടുപെട്ടാണ് ആ ചിത്രം പോസ്റ്റ് ചെയ്യാൻ സമ്മതിച്ചത്’’. – നീനു ചിരിയോടെ പറയുന്നു.

‘സത്യ എന്ന പെൺകുട്ടി’ക്കു ശേഷം മികച്ച വേഷങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ മെർഷീന. സത്യയ്ക്ക് നൽകിയ സ്നേഹത്തിന് പ്രേക്ഷകർക്ക് നന്ദി പറയാനും താരം മറന്നില്ല.