സിനിമയിലേക്കില്ലെന്ന തീരുമാനം മാറ്റിവച്ച് നായികയാകാനൊരുങ്ങി മേതിൽ ദേവിക. നാൽപത്തിയാറാം വയസ്സിലാണ് മേതിൽ ദേവിക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘മേപ്പടിയാൻ’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകൻ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ‘കഥ ഇന്നു വരെ’യില്‍ ബിജു മേനോന്റെ നായികയായാണ് മേതിൽ ദേവിക എത്തുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായിക വേഷം, ‘കാബൂളിവാല’ ഉൾപ്പെടെ ഒട്ടേറെ സിനിമകളിലേക്കു മേതില്‍ ദേവികയ്ക്ക് ക്ഷണം വന്നിരുന്നു. എല്ലാം നിരസിച്ച താരം ഒടുവില്‍ സമ്മതം മൂളിയിരിക്കുകയാണ്. വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ ഇമാജിൻ സിനിമാസ്, പ്ലാൻ ജെ സ്റ്റുഡിയോസ് എന്നീ കമ്പനികളുടെ സഹകരണത്തോടെ വിഷ്ണുവും ചിത്രത്തിന്റെ ക്യമാറാമാനായ ജോമോൻ ടി. ജോൺ, എഡിറ്ററായ ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, പി.ബി. അനീഷ് എന്നിവർ ചേർന്നാണു ‘കഥ ഇന്നു വരെ’ നിർമിക്കുന്നത്.
‘വിഷ്ണു വളരെ ഗിഫ്റ്റഡ് ആയ ചെറുപ്പക്കാരനാണ്. എന്നെ ഈ ചിത്രത്തിലേക്കെത്തിക്കാൻ വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. തന്റെ മനസ്സിലുള്ള നായിക ഞാൻ മാത്രമാണെന്നു ബോധ്യപ്പെടുത്താനും വിഷ്ണുവിനായി. പൂർണമായും എന്റെ സൗകര്യം മാനിച്ചും മറ്റു കാര്യങ്ങൾക്കു തടസ്സമുണ്ടാകാത്ത വിധവുമാണ് ഷൂട്ട് പ്ലാൻ ചെയ്തതും നടത്തുന്നതും. ഇതൊക്കെയാണ് ഈ സിനിമയ്ക്കു സമ്മതം മൂളാൻ കാരണം.’- മേതില്‍ ദേവിക പറയുന്നു.