Wednesday 06 July 2022 02:05 PM IST

‘മക്കളെ വളർത്തണം, പഠിപ്പിക്കണം...സിനിമയെ മാത്രം ആശ്രയിച്ചാൽ എല്ലാം കൈവിട്ടു പോകും എന്ന ഘട്ടം വന്നു’: മനസ്സ് തുറന്ന് മിറ്റ

V.G. Nakul

Sub- Editor

mitta-antony-1

മലയാള സിനിമയുടെ ചരിത്രത്തിൽ മിറ്റ ആന്റണി എന്ന പേര് തിളക്കത്തോടെ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു...

ആദ്യമായി ഒരു വനിത മേക്കപ്പ് ആര്‍ട്ടിസ്റ്റിന് സിനി മേക്കപ്പ് യൂണിയനില്‍ അംഗത്വം എന്ന സുപ്രധാന വഴിത്തിരിവാണ് മിറ്റയിലൂടെ യാഥാർഥ്യമായിരിക്കുന്നത്. ഫെഫ്ക്കയുടെ കീഴിലുള്ള മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്നാണ് മിറ്റയ്ക്ക് സ്വതന്ത്ര മേക്കപ്പ് വുമൺ കാർഡ് ലഭിച്ചിരിക്കുന്നത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ അംഗത്വമില്ലാത്തതിനാൽ സിനിമയിൽ ജോലി ചെയ്യാനാകാതെ വന്നതോടെ, രണ്ടു കുട്ടികളുള്ള കുടുംബത്തെ നോക്കാൻ മറ്റൊരു ജോലി കണ്ടെത്താനൊരുങ്ങുകയായിരുന്ന മിറ്റയ്ക്ക് ഈ നേട്ടം ഒരു അതിജീവനം കൂടിയാണ്.

തൊഴിലിടത്തിലെ മിറ്റയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്റെ ഇടപെടലാണ് തുണയായത്. തിങ്കളാഴ്ച രാവിലെ ഫെഫ്ക ഓഫിസില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം മിറ്റയ്ക്ക് അംഗത്വ കാർഡ് കൈമാറി. മൂന്ന് സിനിമയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചതാണ് മിറ്റയെ അംഗത്വത്തിന് അര്‍ഹയാക്കിയതെന്ന് യൂണിയന്‍ വ്യക്തമാക്കുന്നു.

mitta-antony-2

2011ല്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ മിറ്റ അംഗത്വത്തിന് അപേക്ഷിച്ചിരുന്നെങ്കിലും സ്ത്രീകൾക്ക് കാർഡ് കൊടുക്കുന്നില്ല എന്ന പേരിൽ നിരസിക്കുകയായിരുന്നു. 12 വർഷത്തോളമായി സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന മിറ്റ, വിവിധ ഭാഷകളിലെ 37 ചിത്രങ്ങളില്‍ ഇതിനോടകം സഹകരിച്ചു. 2012 ൽ ഒരു അറബിക് സിനിമയിൽ പ്രവർത്തിച്ചാണ് തുടക്കം. 2018ല്‍ ‘കൂടെ’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി അരങ്ങേറ്റം. തുടർന്ന് ‘ഉടലാഴം’, ശ്യാമപ്രസാദിന്റെ ‘കാസിമിന്റെ കടൽ’, ഡോൺ പാലത്തറയുടെ ‘1956’ എന്നീ ചിത്രങ്ങൾ...

‘‘സിനിമാ രംഗത്തേക്കു വരുമ്പോഴുള്ള എന്റെ ആത്മവിശ്വാസം മേക്കപ്പ് പഠിച്ചിട്ടുണ്ടെന്നതും ചെറിയ ചെറിയ സംരംഭങ്ങളുടെ ഭാഗമായിട്ടുണ്ടെന്നതുമായിരുന്നു. ഫോട്ടോഷൂട്ടുകളിലും ചാനൽ പരിപാടികളിലുമൊക്കെ പ്രവർത്തിച്ചതിന്റെ പശ്ചാത്തലത്തിൽ സിനിമയിൽ പണിയെടുക്കാൻ സാധിക്കും എന്ന ധൈര്യം ഉണ്ടായിരുന്നു. അതിനപ്പുറത്തേക്ക് സംഘടനാപരമായ ഇതിന്റെ രീതികളോ മറ്റോ ഒന്നും അറിയുമായിരുന്നില്ല. മേക്കപ്പ് പഠിച്ചിട്ടുണ്ട്, ജോലി ചെയ്യുന്നുണ്ട്, അപ്പോൾ സംഘടനയിലെ അംഗത്വത്തിന് അപേക്ഷിക്കാം എന്നതായിരുന്നു ധാരണ. എന്നാൽ, സ്ത്രീയായതിനാൽ കിട്ടില്ല എന്ന മറുപടിയാണ് അപേക്ഷ കൊടുത്തപ്പോൾ ലഭിച്ചത്’’. – മിറ്റ ‘വനിത ഓൺലൈനോട്’ പറയുന്നു.

‘‘ഞാൻ ഒരു സ്ത്രീയായതുകൊണ്ട് ഈ മേഖലയിൽ അയോഗ്യയാണെന്നു പറയുന്നത് എല്ലാ സ്ത്രീകൾക്ക് നേരെയും ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യമാണല്ലോ. അങ്ങനെയാണ് കഴിഞ്ഞ ദിവസം വരെ ഞാൻ ഒരു ചോദ്യചിഹ്നമായി നിന്നത്. എന്തുകൊണ്ട് സ്ത്രീകൾക്ക് പറ്റില്ല...? സ്ത്രീകൾ എല്ലാ മേഖലയിലും ഉണ്ട്. അവിടെയെല്ലാം അവർ തങ്ങളുടെ പ്രാധാന്യം തെളിയിച്ചിട്ടുള്ളതുമാണ്. അപ്പോൾ മേക്കപ്പിൽ മാത്രം എന്തിനാണ് ഈ മാറ്റിനിർത്തൽ’’. – മിറ്റ ചോദിക്കുന്നു.

അംഗത്വമില്ലാത്തതിനാൽ തൊഴിൽനിഷേധം ഉണ്ടായിട്ടുണ്ടോ ?

അങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ടില്ല. എങ്കിലും സംഘടനയിൽ അംഗത്വം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ വളരെയേറെയായിരുന്നു. തൊഴിലിടത്തിൽ ഒരു ആവശ്യം വന്നാൽ ഞാൻ എങ്ങോട്ട് പോകും എന്നത് വളരെ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. മറ്റൊന്ന്, സഹായികളെ കിട്ടാനുള്ള പ്രയാസമായിരുന്നു. എന്നെ ഉപദ്രവിച്ചാൽ ഞാൻ എവിടെച്ചെന്ന് പരാതി പറയാൻ എന്നൊരു തോന്നൽ പലർക്കുമുണ്ടായി.

mitta-antony-4

മിറ്റ ഏറെ ആഗ്രഹിച്ചു പഠിച്ച് എത്തപ്പെട്ടതാണ് ചമയകലയിൽ. എന്നാൽ ഒരു ഘട്ടത്തിൽ എല്ലാം ഉപേക്ഷിച്ച് മറ്റെന്തെങ്കിലും തൊഴിൽ തേടേണ്ടി വരുമെന്നതിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു...ഈ മേഖലയിൽ ഇത്രയും വർഷം പ്രവർത്തിച്ചിട്ടും എങ്ങുമെത്താതെ മാനസികമായും സാമ്പത്തികമായും തളർന്നതോടെയാണ് രംഗം വിടാൻ തീരുമാനിച്ചത്. എന്നാൽ ഒടുവിൽ മിറ്റയ്ക്ക് മുന്നിൽ പ്രതീക്ഷയുടെ വാതിലുകൾ തുറക്കപ്പെടുക തന്നെ ചെയ്തു...

‘‘വളരെയധികം മാനസിക സമ്മർദ്ദങ്ങൾ നേരിട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് ‘ഇനി സിനിമ വേണ്ട’ എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. സാമ്പത്തികമായി അവിടം സുരക്ഷിതമല്ല, എനിക്കും കുട്ടികൾക്കും ജീവിക്കാൻ മറ്റൊരു വഴിയില്ല. ആകെ അറിയാവുന്ന തൊഴിൽ ഇതാണ്. സിനിമയിൽ ചാൻസ് കിട്ടുന്നില്ല. വർഷത്തിൽ ഒന്നോ രണ്ടോ പടം കൊണ്ട് എങ്ങനെ ജീവിക്കാൻ. പിന്തുണയ്ക്കാൻ ആളില്ല. അങ്ങനെയൊരു തോന്നലിലാണ് സിനിമയില്ലെങ്കിലും ജീവിക്കാനുള്ള വരുമാനം തേടി മറ്റെന്തെങ്കിലുമൊരു വഴി കണ്ടെത്താമെന്ന് കരുതിയത്. ‘ഞാൻ ഇനി സിനിമയിലേക്ക് ഇല്ല’ എന്ന ആ ഘട്ടമെത്തിയപ്പോഴാണ് ഈ അംഗത്വം ലഭിക്കുന്നത്. അതുകൊണ്ടൊക്കെത്തന്നെ ഇതെന്റെ അതിജീവനം കൂടിയാണ്’’.– മിറ്റ പറയുന്നു.

ഞാൻ ഹാപ്പിയാണ്

രണ്ട് മക്കളാണ് എനിക്ക്. മോൾ ക്രിസ്റ്റീന ബി.എ മൾട്ടി മീഡിയ ആൻഡ് ഗ്രാഫിക്സ് പഠിക്കുന്നു. സിനിമയാണ് അവളുടെ പാഷൻ. മോൻ ക്രിക്സൺ പ്ലസ് വണ്ണിന് പഠിക്കുന്നു. ഞാൻ ഒരു സിംഗിൾ പേരന്റാണ്. കുട്ടികൾ ജനിച്ച കാലം മുതൽ അവരുടെ എല്ലാ ആശ്രയവും ഞാനാണ്. അതിന്റെതായ ഉത്തരവാദിത്വങ്ങളും പ്രതിസന്ധികളുമുണ്ട്. മക്കളെ വളർത്തണം, പഠിപ്പിക്കണം... അതിനൊക്കെ ഒരു സ്ഥിര വരുമാനം ആവശ്യമായിരുന്നു. സിനിമയെ മാത്രം ആശ്രയിച്ചാൽ എല്ലാം അവതാളത്തിലാകും എന്ന ഘട്ടം വന്നിരുന്നു. രണ്ടു മക്കളെ പഠിപ്പിച്ച് വളർത്തിയെടുക്കുക ഒരു സിംഗിൾ മദറിനെ സംബന്ധിച്ച് നിസ്സാര പരിപാടിയല്ല. പക്ഷേ, ഞാൻ വളരെ ഹാപ്പിയാണ്. എന്റെ മക്കളാണ് എന്റെ കരുത്ത്.

കഴിഞ്ഞ കുറെ വർഷങ്ങളായി മേക്കപ്പ് ആർട്ടിസ്റ്റുകളായ സ്ത്രീകളും അവർക്കൊപ്പം വിമൺ ഇൻ സിനിമാ കലക്ടീവും നടത്തിയ ഇടപെടലിന്റെ കൂടി വിജയമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇത് ഒരാളിൽ ഒതുങ്ങാതെ ഇനിയും കൂടുതൽ സ്ത്രീകൾക്ക് മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയന്റെ പ്രസ്തുത കാർഡ് ലഭിക്കാനും അതുവഴി തുല്യമായ തൊഴിൽ അവസരങ്ങൾ മലയാള സിനിമയിൽ ലഭിക്കാനും ഈ വിജയം കാരണമാകട്ടെ എന്ന പ്രത്യാശ വിമൺ ഇൻ സിനിമാ കലക്ടീവ് അവരുടെ സോഷ്യൽ മീഡിയ കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്.