കണ്ടാലും കണ്ടാലും കൊതിതീരാത്ത അതിശയമാണു മലയാളികൾക്കു മോഹൻലാൽ...ലാലേട്ടൻ എന്ന വിളിയിൽ മലയാളികള്‍ കരുതിയിട്ടുള്ള ആരാധനയുടെ ആഴം അദ്ദേഹവുമായി ബന്ധപ്പെട്ട ഓരോന്നിനോടുമുണ്ടെന്നതാണു സത്യം. ലാലേട്ടന്റെ ഡയലോഗുകൾ, കോസ്റ്റ്യൂം, വാഹനങ്ങളെന്നിങ്ങനെ ഓരോരോ ചെറിയ ചെറിയ കാര്യങ്ങൾ വരെ ആരാധകർ ആഘോഷിക്കാറാണു പതിവും...ഇപ്പോഴിതാ ലാലേട്ടന്റെ പുത്തൻ കാരവാനാണു സിനിമാ കോളങ്ങളിലെയും ‘വണ്ടിപ്രാന്തൻ’മാരുടെ സോഷ്യൽ മീഡിയ ചർച്ചകളിലെയും താരം.
നിരവധി കൗതുകങ്ങളുടെ സമാഹാരമാണ് ലാലേട്ടന്റെ പുത്തൻ കാരവാൻ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് കോതമംഗലത്തെ ‘ഓജസ് ടീം’ കാരവാൻ ഒരുക്കിയിരിക്കുന്നത്.

കാരവാന് രണ്ട് ഡോറുകളുണ്ട്. മുൻവശത്തും പിൻവശത്തും. പിന്നിലെ ഡോറിലൂടെ അദ്ദേഹത്തിന്റെ സഹായികൾക്ക് കയറാം. മേക്കപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇതാണ് ഉപയോഗിക്കുക. മുന്നിലെ ഡോറിലൂടെ താരത്തിന്റെ പഴ്സണൽ കാബിനിലേക്കാണ് കയറുക. ഈ കാബിനിലെ പ്രധാന പ്രത്യേകത ഒരു പുഷ് പാക്ക് ചെയറാണ്. ആവശ്യമെങ്കിൽ ബെഡ് ആയും അതിഥികൾക്ക് ഇരിക്കാനുള്ള സെറ്റിയായും ഉപയോഗിക്കാവുന്ന തരത്തിലാണ് അതിന്റെ സെറ്റിങ്സ്. ഫുഡ് കഴിക്കാനുപയോഗിക്കുന്ന ടേബിൽ പോലും ഫോൾഡിങ് ടൈപ്പാണ്. പരമാവധി ഇടം കിട്ടുന്ന തരത്തിലാണ് ഇന്റീരിയൽ സെറ്റിങ്സ്.
ഒരു ടി.വിയും ഫ്രിഡ്ജും മൈക്രോ ഓവനുമൊക്കെ ഈ കാബിനിലുണ്ട്. അതിനോടു ചേർന്നു ബാത്ത് റൂം സൗകര്യവുമുണ്ട്. വണ്ടിയുടെ ബോഡി ഡിസൈനിലെ കൗതുകം ‘L’ എന്ന അക്ഷരത്തിന്റെ സാന്നിധ്യമാണ്. ശ്രദ്ധിച്ചു നോക്കിയാൽ അതു മനസ്സിലാകും.
കഴിഞ്ഞ മാസം 25 നു വണ്ടി പണി പൂർത്തിയായി കിട്ടിയെങ്കിലും യു.കെയിൽ ആയിരുന്ന മോഹൻലാൽ തിരികെയെത്തിയ ശേഷമാണ് കണ്ടത്. അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായി. മോഹൻലാൽ വരച്ചു നൽകിയ ലേ ഔട്ടിനനുസരിച്ചു കോതമംഗലത്തെ ‘ഓജസ്’ എന്ന ഗ്രൂപ്പാണ് കാരവാന്‍ ഒരുക്കിയത്. 5 മാസം സമയമെടുത്തു. നേരത്തെയുണ്ടായിരുന്ന കാരവാനിൽ സൗകര്യങ്ങൾ കുറവായതിനാലാണ് പുതിയ കാരവാൻ തയാറാക്കാൻ താരം തീരുമാനിച്ചത്. പഴയ വണ്ടി വിൽക്കാതെ സൂക്ഷിച്ചിട്ടുണ്ട്.
2255 ആണ് പുത്തൻ വണ്ടിയുടെ നമ്പർ. നമ്പർ കിട്ടിയ ശേഷമാണ് ലാലേട്ടൻ ഈ വിശേഷമറിഞ്ഞതെന്നും അദ്ദേഹത്തിനു വലിയ സന്തോഷമായെന്നും കാരവാന്റെ ഡ്രൈവർ അനീഷ് പറയുന്നു. കാരവാൻ ഒരുങ്ങുമ്പോൾ ലാൽ സാറിന്റെ കംഫർട്ടിനോ സൗകര്യത്തിനോ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നതായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ നിർദേശമെന്നും അനീഷ്. 17 വർഷമായി ലാലേട്ടനും ആന്റണി പെരുമ്പാവൂരിനുമൊപ്പമുള്ളയാളാണ് അനീഷ്. പണിഞ്ഞു കിട്ടി ഒരു മാസത്തിനു ശേഷം ലാൽ സാർ വന്നു കണ്ട ശേഷമേ കാരവാന്റെ ചിത്രങ്ങൾ പുറത്തു വന്നുള്ളൂവെന്നും അനീഷ് പറയുന്നു.

ഇതുവരെ പുതിയ കാരവൻ ലൊക്കേഷനുകളിലെത്തിയിട്ടില്ല. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി സിനിമയുടെ ലൊക്കേഷനിലാകും പുത്തന്‍ കാരവന്റെ ‘മാസ് എൻട്രി’. ലോങ് ട്രിപ്പുകൾക്ക് അനുയോജ്യമാണ് പുത്തൻ വണ്ടി.