Thursday 21 May 2020 02:33 PM IST

ലാൽസാർ അച്ഛനെ വിളിച്ചു ചോദിച്ചു ‘എനിക്ക് താങ്കളുടെ മകനെ അഭിനന്ദിക്കാൻ അൽപം സമയം തരാമോ’ ; ബറോസിന്റെ സംഗീതസംവിധായകനായ കഥ ലിഡിയൻ നാദസ്വരം പറയുന്നു !

Vijeesh Gopinath

Senior Sub Editor

lydian-1

വിരലുകൾ നൃത്തം ചെയ്യുന്നത് കാണണമെങ്കിൽ ലിഡിയൻ നാദസ്വരം എന്ന് യുട്യൂബില്‍ സെര്‍ച്ച് ചെയ്തു നോക്കിയാൽ മതി. പിയാനോയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കട്ടകൾക്കു മുകളിൽ ലിഡിയന്റെ വിരലുകൾ ആനന്ദനടനം ആടുന്നത് ‘കേൾക്കാം.’

ലി‍ഡിയൻ നാദസ്വരത്തെ കുറിച്ച് അറിയാത്തവർക്കായി വയസ്സ് പതിനാല്. അമേരിക്കയിലെ ‘ദ് വേൾഡ്സ് ബെസ്റ്റ് ’ എന്ന റിയാലിറ്റി ഷോയിലെ വിജയി. പത്തു ലക്ഷം ഡോളറായിരുന്നു സമ്മാന തുക. ഏതാണ്ട് ഏഴു കോടി നാൽപ്പത്തിയൊന്നു ലക്ഷം രൂപ. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം െചയ്യാെനാരുങ്ങുന്ന ‘ബറോസ് ’എന്ന സിനിമയുെട സംഗീതസംവിധായകനായതോെടയാണ് ലിഡിയന്‍ മലയാളത്തിലും പോപ്പുലറായത്.

രണ്ടു വയസ്സുള്ളപ്പോൾ കളിപ്പാട്ട ഡ്രംസിൽ കൊട്ടിത്തുടങ്ങിയതാണ്. ഇപ്പോൾ പിയാനോ ആണ് കളിക്കളം. കണ്ണുകെട്ടി പിയാനോ വായിക്കും. ഇടം കൈ കൊണ്ടും വലം കൈ കൊണ്ടും രണ്ടു പിയാനോയിൽ നാദം തീർക്കും. അതും വലതു കൈയില്‍ ഒരു പാട്ട്, ഇടതിൽ മറ്റൊന്ന്...ഇപ്പോൾ ക്യാമറയ്ക്കു മുന്നിലാണ് ലി‍ഡിയൻ. സംഗീതജ്ഞനായ ബിഥോവനെക്കുറിച്ചു ജര്‍മന്‍ സംഘം തയാറാക്കുന്ന ഡോക്യുമെന്ററിയാണ്. ലോകത്തിലെ ആറു പിയാനിസ്റ്റുകളെ ഉൾപ്പെടുത്തിയതില്‍ ഇന്ത്യയിൽ നിന്നു ലിഡിയൻ മാത്രം. വിരലുകൾ ശലഭച്ചിറകു പോലെ ഇളക്കി ലിഡിയന്‍ സംസാരിച്ചു തുടങ്ങി.

ലാലേട്ടന്റെ ബറോസിനെക്കുറിച്ച് പറയൂ...

അങ്ങനെ ‘പറയാനുള്ള’ കാര്യങ്ങളിലേക്ക് എത്തിയിട്ടില്ല. എ ല്ലാം തുടങ്ങി വരുന്നേയുള്ളൂ. സംവിധായകരായ ജിജോ സാറിന്റെയും ടി.കെ. രാജീവ് കുമാര്‍സാറിന്റെയും അടുത്തു പോകു ന്നുണ്ട്. അവർക്കു മുന്നിൽ ചില നോട്സ് വായിക്കും. അത്ര ആയിട്ടേയുള്ളൂ.

ഞാൻ പിയാനോ വായിക്കുന്ന വിഡിയോസ് കണ്ടാണ് ലാൽസാർ അച്ഛനെ വിളിച്ചത്. ‘എനിക്ക് താങ്കളുടെ മകനെ അഭിനന്ദിക്കാൻ അൽപം സമയം തരാമോ’ എന്നായിരുന്നു ആദ്യ ചോദ്യം. പിന്നെ, ബറോസിനെ കുറിച്ചു പറഞ്ഞു. കുട്ടികളുടെ സിനിമയാണ്. അതുകൊണ്ടു തന്നെ കുട്ടിയായ ഒരാൾ സംഗീതസംവിധാനം ചെയ്താൽ നന്നാകില്ലേ എന്നു ചോദിച്ചു. എന്റെ ആദ്യ സിനിമ. ലാൽസാർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ... അതിന്റെ സന്തോഷത്തിലാണ്.

lydian-5

‘ലിഡിയൻ നാദസ്വരം’ സുന്ദരമായ പേരെന്ന് എല്ലാവരും പറയാറില്ലേ?

എന്റെ വഴി സംഗീതമാകുമെന്ന് അച്ഛൻ അന്നേ കരുതിയിട്ടുണ്ടാകും. വെസ്റ്റേൺ മ്യൂസിക്കിൽ ‘സെവൻ ടോൺ മ്യൂസിക്കൽ സ്കെയിലി’ലെ ഒരു മോഡാണ് ലിഡിയൻ. അമൃതവർഷിണി രാഗത്തിന്റെ മാതൃരാഗമാണത്. അങ്ങനെയാണ് ലിഡിയൻ എന്നു പേരിട്ടതെന്ന് അച്ഛന്റെ പറഞ്ഞു തന്നു. എവിടെ ചെന്നാലും ഈ പേരിനെകുറിച്ച് ആരെങ്കിലും ചോദിക്കും.

പിന്നെ, പേരിലുള്ളത് നാദസ്വരം. നാദവും സ്വരവും ചേർന്ന സംഗീത ഉപകരണം. പഠിക്കാൻ ഏറ്റവും പ്രയാസമുള്ള ഒന്ന്. കുറച്ചു കൂടി വളർന്നിട്ടു വേണം നാദസ്വരം പഠിക്കാൻ. ഇപ്പോഴെനിക്ക് വിരലുകൾ എത്തില്ല. ചേച്ചിയുടെ പേരിലും സംഗീതമുണ്ട്, അമൃതവർഷിണി. ചേച്ചി പാടും, ഫ്ലൂട്ട് വായിക്കും.

ഡ്രംസിൽ നിന്ന് പിയാനോയിലേക്ക് ലിഡിയൻ എത്തുന്നത് എങ്ങനെയാണ്?

ചേച്ചിയാണ് എനിക്ക് ഡ്രംസ് ഇഷ്ടമാകുമെന്നു തിരിച്ചറിഞ്ഞത്. രണ്ടു വയസ്സുള്ളപ്പോൾ ഞാൻ വടി കൊണ്ട് തറയിലും കല്ലിലും ഒക്കെ കൊട്ടിത്തുടങ്ങി പോലും. മിക്കവാറും ചേച്ചിയുടെ ഫ്ലൂട്ട് ആണ് ഞാൻ സ്റ്റിക് ആയി എടുത്തിരുന്നത്. ഫ്ലൂട്ട് പൊട്ടും എന്നു പേടിച്ചിട്ടാണോ എന്നറിയില്ല ചേച്ചി അച്ഛനോട് എനിക്കു കൊട്ടാനുള്ള താൽപര്യത്തെക്കുറിച്ചു പറഞ്ഞു.

അങ്ങനെ അച്ഛൻ ബേബി ഡ്രംകിറ്റ് വാങ്ങി തന്നു. ഒാർമയുള്ളപ്പോൾ മുതൽ ഞാനതിൽ കൊട്ടുന്നുണ്ട്. ചേച്ചി നന്നായി പാടും ഞാൻ ഡ്രംസ് വായിക്കും. അങ്ങനെയായിരുന്നു കുട്ടിക്കാലം. എട്ടു വയസ്സുള്ളപ്പോൾ ഒരു ചൈനീസ് കുട്ടി പിയാനോ വായിക്കുന്നത് യുട്യൂബിൽ അച്ഛൻ കാണിച്ചു തന്നു. നല്ല സ്പീഡിൽ സുന്ദരമായി ചെയ്യുന്നു, അതു കണ്ടപ്പോൾ മുതലാണ് പിയാനോയോട് ഇഷ്ടം തുടങ്ങുന്നത്.

അമേരിക്ക ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ കൺസർട്ടുകൾ ചെയ്തു. ആദ്യ രാജ്യാന്തര ഷോ ഏതായിരുന്നു?

ആ സ്റ്റേജ് മറക്കാനാകില്ല. ഒൻപത് വയസ്സുള്ളപ്പോഴായിരുന്നു ആദ്യ ഇന്റർനാഷനൽ ഷോ. ഒാസ്ട്രേലിയയില്‍. അതു വരെ ചെന്നൈയിൽ ചില ചെറിയ പരിപാടികളിൽ ഡ്രംസ് അവതിരിപ്പിച്ചിട്ടുണ്ട്. ഇതു പക്ഷേ, അങ്ങനെയായിരുന്നില്ല. വലിയ സ്റ്റേജ്. എല്ലാവരും ഗൗരവത്തോടെ ഇരിക്കുന്നു.

പിയാനോ അറിയാമങ്കിലും ഞാൻ ഡ്രംസ് കൊട്ടി. അപ്പോൾ സദസ്സിൽ എന്താണു സംഭവിക്കുന്നതെന്നു നോക്കിയില്ല. ഒടുവിൽ ഡ്രംസ് വായിച്ചു കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നു കയ്യടിക്കുന്നു. സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ ഒരുപാടുപേർ അഭിനന്ദിച്ചു, കെട്ടിപ്പിടിച്ചു. അവിടെയുണ്ടായിരുന്ന തമിഴ്നാടു സ്വദേശി അൻപുമണി സാർ എനിക്ക് ഇലക്ട്രിക് ഡ്രംകിറ്റ് സമ്മാനിച്ചു. ഇതൊക്കെ ഒരുപാട് ആത്മവിശ്വാസം തന്നു.

lydian-3

ലിഡിയൻ ഉണരുന്നതു ഉറങ്ങുന്നതും സംഗീതത്തിലാണ്. പാഠപുസ്തകങ്ങൾക്കു പകരം മ്യൂസിക് നോട്ട്സ്. ലിഡിയ നും ചേച്ചിയും സ്കൂളിൽ പോകുന്നില്ല. കേൾക്കുന്നതും അ റിയുന്നതും പഠിക്കുന്നതും എല്ലാം സംഗീതം.

ലിഡിയന്റെ ഒരു ദിവസം എങ്ങനെയാണ് ?

അതിരാവിലെ എഴുന്നേൽക്കാൻ എനിക്കു മടിയാണ്. രാത്രി എത്ര നേരം വേണമെങ്കിലും പിയാനോ വായിക്കാം. ഒൻപത് മണിക്ക് സ്കൂളുകളിൽ കുട്ടികൾ പാഠപുസ്തകങ്ങൾ തുറക്കുമ്പോൾ ഞാൻ പിയാനോയ്ക്കു മുന്നിലെത്തും.

മ്യൂസിക് തിയറിയും ഡൈനാമിക്സ് ഒാഫ് പിയാനോയും പറഞ്ഞു തന്നത് ചേച്ചിയാണ്. ചേച്ചിയാണ് ഏറ്റവും അടുത്ത ചങ്ങാതി. കുറച്ചുനാൾ തബലയും റഷ്യൻ രീതികളും പരിശീലിക്കാൻ ചെന്നൈയിൽ ഏ.ആർ റഹ്മാൻ ഫൗണ്ടേഷന്റെ കെ എം മ്യൂസിക് കൺസർവേറ്ററിയിൽ പോയിരുന്നു. വീട്ടിലിരുന്നു പഠിക്കുന്നതിലാണ് ഞാനേറ്റവും കംഫർട്ടബിൾ.

ലിഡിയനെ മില്ല്യനയർ ആക്കിയ ‘വേൾഡ്സ് ബെസ്റ്റ് ’ എ ന്ന റിയാലിറ്റി ഷോയെക്കുറിച്ചു പറയൂ...

‘‘അത് എന്നെക്കാൾ കൂടുതൽ അച്ഛനാണ് അറിയാവുന്നത്. അച്ഛന്റെ വലിയ പ്രയത്നമാണ് എന്നെ ആ ഷോയിലേക്ക് എത്തിച്ചത് അത് അച്ഛൻ പറയുന്നതാണ് നല്ലത്...’’ സ തീഷ് വർഷനെ നോക്കി ലിഡിയൻ ചിരിച്ചു..

സതീഷ്: ഇന്ത്യൻ ചാനൽ ഷോയിലാണ് ആദ്യം പങ്കെടുത്തത്. ക്വാർട്ടർ ഫൈനൽ വരെ എത്തി. എന്തോ സാങ്കേതിക തടസ്സം മൂലം അത് ടെലികാസ്റ്റ് ചെയ്തില്ല. ഞങ്ങൾക്ക് വലിയ സങ്കടമായി. അന്ന് ഞാൻ തീരുമാനിച്ചു, ഇന്ത്യയിലല്ല ലോകത്തിനു മുന്നിലാണ് ലിഡിയനെ അവതരിപ്പിക്കേണ്ടത് എന്ന്. മത്സരം കലാകാരന്മാർക്കുള്ളതല്ല എന്നാണെന്റെ വിശ്വാസം. സംഗീതം ഒരു മത്സരമല്ലല്ലോ. പെർഫോം ചെയ്യാനുള്ള വേദിയാണു വേണ്ടത്. അങ്ങനെ അമേരിക്കൻ ടോക്ക് ഷോ ആയ ‘ദ് എല്ലെൻ ഡി ജെനറസ്സിലേക്ക്’ ലിഡിയന്റെ പ്രൊഫൈൽ അയച്ചു. അതുകണ്ട് ‘ഇൻക്രഡിബിൾ’ എന്നാണവർ മറുപടി തന്നത്. പക്ഷേ, അപ്പോഴേക്കും ആ ഷോയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ അവസാനിച്ചിരുന്നു. അവർ നിർദേശിച്ചനുസരിച്ചാണ് ‘വേൾഡ്സ് ബെസ്റ്റ്’ റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്.

അമേരിക്കൻ ഷോ, ലോകത്തിലെ പല രാജ്യങ്ങളിൽ നി ന്നുള്ളവർ. ലിഡിയനു ടെൻഷനായോ?

എനിക്കൊന്നും തോന്നിയില്ല. വിജയിക്കണമെന്ന വാശിയും ഇല്ല. നന്നായി പെർഫോം ചെയ്യണമെന്നു തീരുമാനിച്ചിരുന്നു. ‘ഷൂട്ട് കഴിഞ്ഞ് ഇന്ത്യൻ റെസ്റ്ററന്റിൽ പോയി ഭക്ഷണം കഴിക്കണം’ ആ ആഗ്രഹമാണ് അച്ഛനോടു പറഞ്ഞത്.

ആറ് റൗണ്ട് ‘മൾട്ടി കോംപറ്റീഷൻ’ ഷോ ആയിരുന്നു അത്. വിവിധ മേഖലയിലുള്ളവർ പരസ്പരം മത്സരിക്കും. ഫൈനൽ റൗണ്ടിൽ എന്നോടു മത്സരിച്ചത് ആയോധന കല അവതരിപ്പിക്കുന്ന ഒരു കുട്ടിയായിരുന്നു. മിനിറ്റിൽ 325 ബീറ്റ്സ് വേഗത്തി ൽ പിയാനോ വായിച്ചു. പിന്നെ, കണ്ണു കെട്ടി വായിച്ചു. എല്ലാവരെയും അദ്ഭുതപ്പെടുത്തി എന്നു തോന്നിയത് രണ്ടു കൈകൊണ്ട് ഒരേ സമയം രണ്ടു പിയാനോ വായിച്ചപ്പോഴാണ്. ഇടതു കൈ കൊണ്ട് മിഷൻ ഇംപോസിബിളിലെയും വലതു കൈയിൽ ഹാരിപോർട്ടറിലെയും മ്യൂസിക് പ്ലേ ചെയ്തു. അതു കഴിഞ്ഞതോടെ എല്ലാവരും എഴുന്നേറ്റു നിന്നു കയ്യടിച്ചു.

‘ലിഡിയനൊപ്പം ഏ.ആർ റഹ്മാൻ സെൽഫി എടുക്കുന്ന’ ചിത്രം കണ്ടിരുന്നു. എവിടെ വച്ചായിരുന്നു അത് ?

lydian2-

ഗുരുവും േചട്ടനും സുഹൃത്തും എല്ലാം ആണ് റഹ്മാനങ്കിൾ അങ്ങനെ പറയാനാണ് എനിക്കിഷ്ടം. ആദ്യം ഞങ്ങൾ കണ്ട കാര്യം പറയാം. ഏഴു വർഷം മുൻപ്. ഞാൻ ഡ്രംസ് പ്ലേ ചെയ്ത ഒരു ഷോ. ‘ നെടുംചോലൈ’ സിനിമയുടെ മ്യൂസിക് ലോഞ്ച് ആയിരുന്നു അത്. റഹ്മാൻ സാർ ആയിരുന്നു മുഖ്യാതിഥി

പ്രസംഗിക്കാന്‍ സ്റ്റേജില്‍ എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഇവിടെ ഡ്രംസ് വായിച്ച കുട്ടിയെ എനിക്കൊന്നു കാ ണണം.’ ഞാന്‍ അരികിലെത്തിയപ്പോള്‍ ചേര്‍ത്തു നിര്‍ത്തി ഒരുപാട് അഭിനന്ദിച്ചു. ഞാൻ കേട്ട റഹ്മാൻസാർ ആയിരുന്നില്ല പിന്നീട് ഞാൻ ക ണ്ടത്. വളരെ സൗമ്യമായി സംസാരിക്കുന്ന, ഒരുപാടു സ്നേ ഹത്തോടെ കാര്യങ്ങൾ പറയുന്ന ആൾ. അപ്പോള്‍ അങ്കിൾ എന്നല്ലേ വിളിക്കേണ്ടത്.

പിന്നെ, അദ്ദേഹത്തെ കാണുന്നത് വേൾഡ്സ് ബെസ്റ്റ് ആ യിക്കഴിഞ്ഞാണ്. അദ്ദേഹം എനിക്കൊരു സ്വീകരണം ഒരുക്കിയിരുന്നു. അവിടേക്ക് എന്നെ കൊണ്ടുപോകാൻ അദ്ദേഹം വീട്ടിലേക്കു വന്നു. എനിക്ക് റോളി സിന്തസൈസർ എന്ന മ്യൂസിക് ഉപകരണം ഗിഫ്റ്റായി തന്നു...

റഹ്മാന്‍ അങ്കിളിനോടൊപ്പമുള്ള സെൽഫി ലോസാഞ്ചല്‍സിൽ എടുത്തതാണ്. ലോകത്തെ ഏറ്റവും നല്ല ഹാൻഡ് ക്രാഫ്റ്റഡ് പിയാനോകളുടെ ഒരു ഷോപ് ഉണ്ട് അവിടെ, ‘സ്റ്റീൻവേ ആൻഡ് സൺസ്.’ അങ്ങോട്ട് അദ്ദേഹം എന്നെയും കൊണ്ടു പോയി. ഞാനവിടെ വച്ച് പിയാനോ വായിച്ചു. അതു കഴിഞ്ഞ് പിയാനോയുടെ മുന്നിലിരിക്കുന്ന സെൽഫി എടുത്തു.

സമ്മാനം കിട്ടിയത് പത്തു ലക്ഷം ഡോളർ. അതുകൊണ്ട് എന്തു വാങ്ങും?

lydian-4

പ്രൈസ് മണിയെക്കുറിച്ചൊന്നും എനിക്കറിയില്ല. ഒന്നും പ്രത്യേകിച്ച് വാങ്ങാനുമില്ല. ഞാനത് അച്ഛനു കൊടുത്തു.

ലിഡിയനും സതീഷും പൊട്ടിച്ചിരിച്ചു. സമ്മാനത്തുകയെ കുറിച്ച് സതീഷ് പറഞ്ഞത് ഇങ്ങനെ ‘‘ഏതാണ്ട് പകുതി നികുതിയായി നൽകി. പണത്തേക്കാൾ ഒരുപാട് മൂല്യമുള്ളതാണല്ലോ ആ ഷോ സമ്മാനിച്ച അംഗീകാരം.’’

ഏതാണ് ലിഡിയന്റെ സ്വപ്ന സ്റ്റേജ്?

മൂൺ ആണ് എന്റെ സ്വപ്നവേദി. ചന്ദ്രനിൽ പോയി അവിടെയിരുന്ന് എനിക്ക് പിയാനോ വായിക്കണം. ഭൂമിയിലെ കാര്യം പറയുകയാണെങ്കില്‍ ന്യൂയോർക്കിലെ കാർഗിനി ഹാള്‍. അവിെടയൊരു കൺസർട് അവതരിപ്പിക്കണം.

Tags:
  • Movies