നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള തന്റെ സെൽഫി പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. Taking off like our advance bookings! എന്ന കുറിപ്പോടെയാണ് എമ്പുരാൻ പ്രമോഷന്റെ ഭാഗമായുള്ള യാത്രയ്ക്കിടെ പകർത്തിയ സെൽഫി മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മുംബൈയിലെ പ്രമോഷൻ പരിപാടികൾക്ക് ശേഷം മടങ്ങിയെത്തുന്ന മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും ഈ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എമ്പുരാന്റെ പ്രമോഷൻ തിരക്കുകളിലാണ് മോഹൻലാലും പൃഥ്വിയും അടക്കമുള്ളവർ.
അതേ സമയം ഇന്നലെ രാവിലെ 9 മണിയോടെയാണ് ഇന്ത്യയിലെ എമ്പുരാന്റെ ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോ വരെ ഹാങ്ങാവുകയും സെർവർ ഡൗൺ ആവുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രമുഖ തിയേറ്ററുകളിലെല്ലാം റിലീസ് ദിവസത്തെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റു തീർന്നതായാണ് വിവരം. മാർച്ച് 27ന് ആറു മണിയ്ക്കാണ് എമ്പുരാന്റെ ആദ്യ ഷോ.