Wednesday 16 June 2021 11:48 AM IST

സാരി ഒരുക്കാൻ 6 നെയ്ത്തുകാരും 3 ആഴ്ചയും, വധൂവരൻമാരുടെ പേരും ചിത്രവും തുന്നിയ ബ്ലൗസ്...ചെലവ് വെറും 35000! സമ്പാദ്യം വിവാഹത്തിൽ പൊടിച്ചുകളയാന്‍ താൽപര്യമില്ലെന്ന് മൃദുല

V.G. Nakul

Sub- Editor

mridhula-vijay

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ സന്തോഷത്തോടെ കാത്തിരിക്കുന്ന താരവിവാഹമാണ് മൃദുല വിജയ്‌യുടെയും യുവ കൃഷ്ണയുടെയും. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് മൃദുല വിജയ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് യുവകൃഷ്ണ.

അടുത്തമാസമാണ് ഇവരുടെ വിവാഹം. ഇപ്പോഴിതാ, വിവാഹ സാരിയുടെ വിശേഷങ്ങൾ പങ്കുവച്ച് മൃദുല ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വിഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

‘‘കല്യാണത്തിന് നാല് സാരി ചെയ്ഞ്ചാണ് വരുക. അതില്‍ രണ്ട് പുടവകൾ ഉണ്ണിയേട്ടന്റെ (യുവ) വീട്ടിൽ നിന്ന് കൊണ്ടുവരും. മറ്റു രണ്ടു സാരികളിൽ, താലി കെട്ടുമ്പോൾ ഉടുക്കുന്നതാണ് ഇപ്പോൾ ബാലരാമപുരത്തെ മംഗല്യക്കസവ് ടീം തയാറാക്കുന്നത്. ഈ മാസം അവസാനത്തോടെയേ അതിന്റെ വർക്ക് പൂർത്തിയാകൂ. ഗോൾഡ് കസവിന്റെ പട്ടുസാരിയാണ് ഒരുക്കുന്നത്’’. – മൃദുല ‘വനിത ഓൺലൈനോട്’ പറഞ്ഞു.

ബ്ലൗസിൽ പേരും ചിത്രവും

വ്യത്യസ്തമായ ഒരു ഡിസൈൻ തയാറാക്കി, നെയ്തെടുക്കുന്നതാണ് ആ സാരി. ബ്ലൗസില്‍ എന്റെയും ചേട്ടന്റെയും പേര് ചേർത്ത് ‘മൃദ്വാ’ എന്നും പിന്നിൽ ഞങ്ങൾ പരസ്പരം ഹാരമണിയിക്കുന്നതിന്റെ ചിത്രവും തുന്നിച്ചേർക്കുന്നുണ്ട്.

തുടർച്ചയായി മൂന്ന് ആഴ്ച കൊണ്ട്, ആറ് നെയ്ത്തുകാർ ചേർന്നാണ് സാരി പൂർത്തിയാക്കുന്നത്. അവർ മാറി മാറി നെയ്യുകയാണ്. കോളം കോളം പോലെയാണ് ഡിസൈൻ പോകുന്നത്. ഓരോ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ തുന്നിയാൽ പരമാവധി ഏഴ് കോളമേ ഫിനിഷ് ചെയ്യാൻ പറ്റൂ. അതുകൊണ്ടാണ് മൂന്ന് ആഴ്ച വേണ്ടി വരുന്നത്.

കമന്റുകൾക്ക് മറുപടി

ഞാൻ അതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ സമ്മിശ്ര പ്രതികരണമാണ് കിട്ടിയത്. കുറച്ചു പേർ നെഗറ്റീവ് കമന്റുകളുമായി എത്തി. ഇത്ര ആഡംബരം അനാവശ്യമാണ് എന്ന തരത്തിലാണ് അവർ സംസാരിക്കുന്നത്. പക്ഷേ, ഈ സാരിക്ക് എന്റെ ആകെ ചെലവ് 35000 രൂപയാണ്. താലി കെട്ടുമ്പോൾ ഉള്ള സാരിയിൽ വ്യത്യസ്തമായി എന്തെങ്കിലും വേണം എന്നുണ്ടായിരുന്നു. അപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് ചേട്ടനാണ് ഈ ആശയം പറഞ്ഞത്.

അനാവശ്യ ആഡംബരം ഇല്ല

വിവാഹം വളരെ ലളിതമായി, ചെലവ് ചുരുക്കി നടത്തണം എന്നാണ് പ്ലാൻ. ഈ ഒരു സിറ്റുവേഷനിൽ ആർക്കും വർക്കും കാര്യങ്ങളുമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇത്ര കാലം കൊണ്ട് നീക്കിവച്ച സമ്പാദ്യമെല്ലാം കൂടി കല്യാണത്തിനു വേണ്ടി എടുത്തു ചെലവാക്കുന്നതിനോട് താൽപര്യമില്ല. ഒരു ദിവസത്തിന്റെ ആഡംബരത്തിനു വേണ്ടി സമ്പാദിച്ചു വച്ചിരിക്കുന്ന പണം അനാവശ്യമായി ചെലവഴിച്ച് നശിപ്പിക്കുന്നതെന്തിന്. അതിനു ഞാൻ തയാറല്ല.

തങ്ങളുടെ വിവാഹം ഉറപ്പിച്ച കാലത്ത്, ‘വനിത ഓൺലൈനിൽ’ മൃദുല വിവാഹ വിശേഷങ്ങൾ പങ്കുവച്ചിരുന്നു.

‘‘ഞങ്ങളുടേത് പക്കാ അറേഞ്ച്ഡ് മാര്യേജാണ്. നടി രേഖ രതീഷ് വഴിയാണ് ഈ ആലോചന വന്നത്. രേഖ ചേച്ചി എന്റെയും യുവച്ചേട്ടന്റെയും പൊതു സുഹൃത്താണ്. എന്റെ വീട്ടിലും ചേട്ടന്റെ വീട്ടിലും കല്യാണ ആലോചന സജീവമായപ്പോൾ രേഖച്ചേച്ചിയാണ് എന്റെ കാര്യം യുവൻ ചേട്ടനോട് പറഞ്ഞത്. ‘നിങ്ങൾക്ക് ഒന്നിച്ചൂടേ...?’ എന്നൊരു സംസാരം വന്നപ്പോൾ, നോക്കാം എന്നു ചിന്തിക്കുകയായിരുന്നു. പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിച്ച്, ജാതകം നോക്കി ഉറപ്പിക്കുകയായിരുന്നു. ഒരു വർഷമായി ഞങ്ങൾക്ക് അറിയാം. കഴിഞ്ഞ വർഷം രേഖച്ചേച്ചിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് ഞങ്ങൾ നേരിട്ട് ആദ്യം കണ്ടത്. ഈ വർഷം രേഖച്ചേച്ചിയുടെ പിറന്നാളിന്റെ അന്ന് അദ്ദേഹം വീട്ടിൽ പറഞ്ഞു. നേരിൽ കണ്ട് ഒരു വർഷം തികഞ്ഞ ദിവസമായിരുന്നു അന്ന്. പിന്നീട് അദ്ദേഹത്തിന്റെ ബന്ധുക്കൾ എന്റെ വീട്ടുകാരുമായി സംസാരിച്ചു. ജാതകം ചേരും വരെ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. ജാതകം ചേർന്നതോടെ, ഇരു വീട്ടുകാരുടെയും പൂർണമായ സമ്മതത്തോടെ വിവാഹം ഉടൻ തീരുമാനിക്കുകയായിരുന്നു’’.– മൃദുല പറഞ്ഞു.

2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ.