മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരങ്ങൾ ഇനി ജീവിതത്തിൽ ഒന്നിച്ച്. കുടുംബ പ്രേക്ഷകരുടെ പ്രിയ നായിക മൃദുല വിജയും മഞ്ഞിൽ വിരിഞ്ഞ നായകനായെത്തി ആരാധകരുടെ പ്രിയങ്കരനായ യുവകൃഷ്ണയും വിവാഹിതരാകുന്നു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഡിസംബർ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വച്ചു വിവാഹനിശ്ചയം ലളിതമായി നടത്താനാണ് തീരുമാനം.
‘‘ഞങ്ങളുടേത് പക്കാ അറേഞ്ച്ഡ് മാര്യേജാണ്. നടി രേഖ രതീഷ് വഴിയാണ് ഈ ആലോചന വന്നത്. രേഖ ചേച്ചി എന്റെയും യുവച്ചേട്ടന്റെയും പൊതു സുഹൃത്താണ്. എന്റെ വീട്ടിലും ചേട്ടന്റെ വീട്ടിലും കല്യാണ ആലോചന സജീവമായപ്പോൾ രേഖച്ചേച്ചിയാണ് എന്റെ കാര്യം യുവൻ ചേട്ടനോട് പറഞ്ഞത്. ‘നിങ്ങൾക്ക് ഒന്നിച്ചൂടേ...?’ എന്നൊരു സംസാരം വന്നപ്പോൾ, നോക്കാം എന്നു ചിന്തിക്കുകയായിരുന്നു. പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിച്ച്, ജാതകം നോക്കി ഉറപ്പിക്കുകയായിരുന്നു’’.– വിവാഹ വിശേഷങ്ങളെക്കുറിച്ച് മൃദുല ‘വനിത ഓൺലൈനിൽ’ സംസാരിച്ചു തുടങ്ങിയതിങ്ങനെ.

‘‘ഒരു വർഷമായി ഞങ്ങൾക്ക് അറിയാം. കഴിഞ്ഞ വർഷം രേഖച്ചേച്ചിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് ഞങ്ങൾ നേരിട്ട് ആദ്യം കണ്ടത്. ഈ വർഷം രേഖച്ചേച്ചിയുടെ പിറന്നാളിന്റെ അന്ന് അദ്ദേഹം വീട്ടിൽ പറഞ്ഞു. നേരിൽ കണ്ട് ഒരു വർഷം തികഞ്ഞ ദിവസമായിരുന്നു അന്ന്. പിന്നീട് അദ്ദേഹത്തിന്റെ ബന്ധുക്കൾ എന്റെ വീട്ടുകാരുമായി സംസാരിച്ചു. ജാതകം ചേരും വരെ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. ജാതകം ചേർന്നതോടെ, ഇരു വീട്ടുകാരുടെയും പൂർണമായ സമ്മതത്തോടെ വിവാഹം ഉടൻ തീരുമാനിക്കുകയായിരുന്നു. ഞങ്ങൾ ഒന്നിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ല. ‘സ്റ്റാർ മാജിക്കി’ലും ഇതുവരെ ഒരു എപ്പിസോഡിലും ഒന്നിച്ച് വന്നിട്ടില്ല’’.– മൃദുല പറയുന്നു.
‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് യുവകൃഷ്ണ. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ.

അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ. മൃദുലയ്ക്ക് നൃത്തവും. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് മൃദുല ശ്രദ്ധേയയാകുന്നത്. വിവാഹം അടുത്ത വർഷം നടത്താനാണ് ഇരുവീട്ടുകാരും തീരുമാനിച്ചിരിക്കുന്നത്.