Tuesday 17 August 2021 02:24 PM IST

അങ്ങനെ ‘പുട്ടുകച്ചവടം’ വിട്ട് ‘മാവേലിയ കൊമ്പത്ത്’ കയറ്റി: ഓണച്ചിരിയുടെ കഥ പറഞ്ഞ് നാദിർഷ

V.G. Nakul

Sub- Editor

nadhirshah-1

മലയാളികളുടെ ഓണക്കാല ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു ‘ചിരിസദ്യ’യുണ്ട്. അതിനെ ‘ദേ മാവേലി കൊമ്പത്ത്’ ഏന്നും വിശേഷിപ്പിക്കാം.

തൊണ്ണൂറുകളുടെ പകുതിയിൽ തുടങ്ങി, 18 വർഷം ഓരോ ഓണക്കാലത്തും മലയാളിയെ തേടിയെത്തിയ ഹാസ്യ വിരുന്നായിരുന്നു ഈ പാരഡി കാസറ്റും അതിലെ രസികൻ പാട്ടുകളും.

പിന്നീട് സൂപ്പർതാരമായ ദിലീപും വിജയസംവിധായകനായ നാദിർഷയും മിമിക്രിയിലെ സുൽത്താൻ അബിയുമൊക്കെച്ചേർന്ന് തുടങ്ങി, പ്രതിഭാധനൻമാർ ഒന്നിച്ച്, മുടങ്ങാത ഓരോ വർഷവും ഓണക്കാലത്ത് ‘ദേ മാവേലി കൊമ്പത്ത്’ മലയാളികളെ തേടിയെത്തിയിരുന്നു.

പ്രിയനടൻ ഇന്നസെന്റിന്റെ ശബ്ദമുള്ള രസികൻ മാവേലിത്തമ്പുരാനും മഹാന‍ടൻ ജഗതി ശ്രീകുമാറിന്റെ ശബ്ദമുള്ള ഡ്യൂപ്പും ചേർന്ന് ഓരോ ഓണക്കാലത്തും കേരളത്തില്‍ കാണുന്ന കാഴ്ചകളെ ചിരിയുടെ മധുരം പുരട്ടിയവതരിപ്പിക്കുന്നതായിരുന്നു ‘ദേ മാവേലി കൊമ്പത്ത്’ ന്റെ ശൈലി. ആ ഒരു വർഷത്തെ രാഷ്ട്രീയ–സാമൂഹിക സംഭവവികാസങ്ങളുടെ പാരഡി ഓഡിറ്റ് എന്നും പറയാം. കോമഡി സ്കിറ്റുകൾക്കൊപ്പം ആ വർഷത്തെ സൂപ്പർഹിറ്റ് ഗാനങ്ങളുടെ ഈണത്തിൽ ഓരോ സംഭവങ്ങളെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന പാരഡിപ്പാട്ടുകളുമുണ്ടാകും.

അക്കാലത്ത്, മലയാളിയുടെ ഓണവിഭവങ്ങളിലെ ഒരു പ്രധാന ഇനമായി ‘ദേ മാവേലി കൊമ്പത്തും’ സമാന സ്വഭാവമുള്ള ‘ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടവു’മൊക്കെ ഇടം പിടിച്ചത് വെറുതെയല്ലെന്ന് അവ കേട്ടിട്ടുള്ളവർക്കറിയാം.

nadhirshah-2

‘ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടത്തിന്റെയും’ ‘ദേ മാവേലി കൊമ്പത്തിന്റെയും’ തുടക്കക്കാരൻ ഒരാളാണ് – മലയാളത്തിന്റെ പ്രിയഗായകനും സംവിധായകനുമായ നാദിർഷ.

18 വർഷത്തെ ആ ഓണച്ചിരിക്കാലത്തിലേക്ക് തിരികെപ്പോകുമ്പോള്‍ രസകരമായ കുറേയേറെക്കകഥകൾ പറയാനുണ്ട് അദ്ദേഹത്തിന്.

‘‘18 വർഷം ദേ മാവേലി കൊമ്പത്ത് മുടങ്ങാതെ പുറത്തിറക്കി. ആദ്യം ഓഡിയോ കാസറ്റിലായിരുന്നു. പിന്നീട് ഡി.ഡിയും വി.സി.ഡിയും ചെയ്തു. അവസാനത്തെ മൂന്നാലു വർഷം വിഷ്വൽ ആയിരുന്നു. ആദ്യ കാലത്ത് ദേ മാവേലി കൊമ്പത്ത് ഇറങ്ങുമ്പോൾ കോപ്പി എടുത്തു പ്രചരിപ്പിക്കുന്നവരെ മാത്രം പേടിച്ചാൽ മതിയായിരുന്നു. പിന്നീട് വ്യാജ സി.ഡിക്കാരായി ശല്യം. കാലം മാറിയപ്പോൾ സോഷ്യൽ മീഡിയയുടെ വരവ് ഈ വ്യവസായത്തെ സാമ്പത്തിക നഷ്ടത്തിലാക്കി. വിഡിയോ ഇറക്കിയാൽ അടുത്ത മണിക്കൂറിൽ സംഗതി യൂട്യൂബിൽ വരും. ഒപ്പം ചാനലുകളിൽ കോമഡി പരിപാടികളും കൂടി. അതോടെയാണ് അവസാനിപ്പിക്കാം എന്നു തീരുമാനിച്ചത്. അവസാനമവസാനം ചെലവും കൂടിയിരുന്നു. വിഡിയോയൊക്കെ ചെയ്തു തുടങ്ങിയപ്പോൾ അത് ഇരട്ടിയായി. തുടർന്നു പോകാവുന്ന അവസ്ഥയായിരുന്നില്ല’’. – നാദിർഷ പറയുന്നു.

1991ൽ ആണ് ‘ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം’ തുടങ്ങുന്നത്. അതിന്റെ കാരണക്കാരനും നാദിർഷയാണ്. നാദിർഷ–ദിലീപ്–അബി ‘ത്രീമെന്‍ ആർമി’ യായിരുന്നു ആദ്യ കാലത്ത് ഓണത്തിനിടയ്ക്ക് പുട്ടുകച്ചവത്തിന്റെയും അണിയറയിൽ. നാദിർഷ പാട്ടുകൾ എഴുതിപ്പാടിയപ്പോൾ സ്കിറ്റുകൾ അവതരിപ്പിച്ചത് ദിലീപും അബിയും ചേർന്ന്.

nadhirshah-3

‘‘കുറച്ച് പാട്ടുകളുടെ ട്രാക്കുകളുമായി സൈമൺ.ജെ.നവോദയ എന്നെ സമീപിച്ചു. ആ ട്യൂണുകൾക്കൊപ്പിച്ച് ഓണപ്പാട്ടുകള്‍ എഴുതണം എന്നതാണ് ആവശ്യം. ഞാന്‍ എത്ര ശ്രമിച്ചിട്ടും കോമഡി സ്വഭാവമുള്ള വരികളേ വരുന്നുള്ളൂ. എങ്കിൽ നമുക്കിത് കോമഡിയായിട്ട് ഇറക്കിയാലോന്ന് ഞാൻ ചോദിച്ചു. പുള്ളിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഒടുവിൽ എന്റെ റിസ്കിൽ ആരുടെയും പേര് വയ്ക്കാതെ ഇറക്കാം എന്നു തീരുമാനിച്ചു. എന്നാൽ സ്റ്റുഡിയോയിൽ റെക്കോഡിങ് നടക്കുമ്പോൾ പാട്ടുകൾ കേട്ട് എല്ലാവരും ഭയങ്കര ചിരി. ഇത് കൊളുത്തും എന്ന് അവരൊക്കെ പറഞ്ഞതോടെ, ഞങ്ങളുടെയൊക്കെ പേര് വയ്ക്കാൻ തീരുമാനിച്ചു. പാരഡി രചന – നാദിർഷ, സംഭാഷണം – അബി ആൻഡ് ദിലീപ്, സംവിധാനം – സൈമൺ.ജെ.നവോദയ എന്നായിരുന്നു ക്രെഡിറ്റിൽ. കാസെറ്റ് സൂപ്പർഹിറ്റായി’’.– നാദിർഷയുടെ വാക്കുകളില്‍ ഗൃഹാതുരതയുടെ നിറവ്.

കാസറ്റിന് പല പേരുകളും ആലോചിച്ചെങ്കിലും ഒന്നും തൃപ്തികരമായില്ല. ഓണത്തിനിടയ്ക്ക് ഇതൊരു പുട്ടു കച്ചവടമാണല്ലോ. അപ്പോൾ ഇതു തന്നെയാണ് ശരിയായ പേരെന്ന് ഒടുവിൽ തീരുമാനിക്കുകയായിരുന്നു.

പുട്ടുകച്ചവടം’ വിട്ട് ‘കൊമ്പത്തേക്ക്’

മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും ‘ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം’ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി. ഞങ്ങൾക്കതിന്റെ ഗുണം കിട്ടിയതുമില്ല. എങ്കില്‍ പിന്നെ നമുക്ക് സ്വയം ചെയ്താലെന്താ എന്ന ആലോചനയിൽ നിന്നാണ് ‘ദേ മാവേലി കൊമ്പത്തിന്റെ’ തുടക്കം. അങ്ങനെ 1994 ൽ ‘ദേ മാവേലി കൊമ്പത്ത്’ ആദ്യം ഭാഗം എത്തി. ആ വർഷത്തെ സൂപ്പർഹിറ്റ് സിനിമ ‘തേൻമാവിൻ കൊമ്പത്ത്’ ൽ നിന്നാണ് ‘ദേ മാവേലി കൊമ്പത്ത്’ എന്ന പേരുണ്ടായത്.

ഓരോ വർഷവും അതാത് വർഷത്തെ ഒരു വിജയ സിനിമയുടെ പാരഡി പേര് നൽകി കാസറ്റ് ഇറക്കാം എന്നായിരുന്നു ഉദ്ദേശം. ഞാനും അബിയും ദിലീപുമായിരുന്നു പിന്നണിയിൽ. കാസറ്റ് ഹിറ്റായതോടെ അടുത്ത വർഷവും ഈ പേര് തന്നെ മതിയെന്നായി എല്ലാവരും. കാസറ്റ് കടക്കാരും അതു തന്നെ പറഞ്ഞു.

nadhirshah-4

ഞങ്ങളുണ്ടാക്കിയ ബ്രാൻഡുകൾ തമ്മില്‍

ഞങ്ങൾ ദേ മാവേലി കൊമ്പത്ത് ചെയ്തതോടെ സൈമൺ മറ്റൊരു ടീമിനെ വച്ച് ‘ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം’ ഇറക്കി. അങ്ങനെ ഞങ്ങളുണ്ടാക്കിയ രണ്ടു ബ്രാൻഡുകൾ തമ്മിലായി മത്സരം. ഓണക്കാലത്ത് മലയാളികൾ ഈ കാസറ്റുകൾക്കു വേണ്ടി കാത്തിരിക്കാൻ തുടങ്ങി.

ദിലീപ്, നാദിര്‍ഷ, അബി എന്നിവരെകൂടാതെ കലാഭവന്‍ മണി, എന്‍. എഫ് വര്‍ഗീസ്, ഹരിശ്രീ അശോകന്‍, സലീംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, സാഗര്‍ ഷിയാസ്, കോട്ടയം നസീര്‍, കോട്ടയം വില്യംസ്, സാജു കൊടിയന്‍, നന്ദുപൊതുവാള്‍, ജോര്‍ജ് എന്നിങ്ങനെ പ്രതിഭകളുടെ സംഗമമായിരുന്നു ‘ദേ മാവേലി കൊമ്പത്ത്’. മണിയുടെ ആദ്യത്തെ നാടൻപാട്ട് ദേ മാവേലി കൊമ്പത്തിന്റെ മൂന്നാംഭാഗത്തിലാണ്.

ജയസൂര്യ ദേ മാവേലി കൊമ്പത്തിൽ പങ്കെടുക്കാൻ കൊതിച്ചിരുന്നുവെന്ന് പിന്നീട് അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. സൂപ്പർ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ താരങ്ങൾ കൊതിക്കും പോലെയാണ് അക്കാലത്ത് മിമിക്രിക്കാർ ദേ മാവേലി കൊമ്പത്തിൽ പങ്കെടുക്കാൻ കൊതിച്ചിരുന്നത്.

മാവേലിയ്ക്ക് ഇന്നസെന്റിന്റെ ശബ്ദം നല്‍കിയതിനു പിന്നിലും ഒരു കൗതുകമുണ്ട്. മധു, ജനാര്‍ദ്ദനന്‍, മാമുക്കോയ തുടങ്ങി നിരവധി താരങ്ങളുടെ ശബ്ദം മാവേലിക്ക് നല്‍കി നോക്കിയെങ്കിലും ശരിയായില്ല. അങ്ങനെയിരിക്കെയാണ് ദീലീപ് ഇന്നസെന്റിനെ മാവേലിയായി പരീക്ഷിക്കുന്നത്. അതു കേട്ടപ്പോള്‍ എല്ലാവര്‍ക്കും രസം തോന്നി. ഇന്നസെന്റിന്റെ ശബ്ദത്തില്‍ ആരെ കളിയാക്കിയാലും അത് കളിയാക്കുകയാണെന്ന് തോന്നുകയുമില്ല, എന്നാല്‍ വളരെ രസകരവുമായിരിക്കും എന്നതായിരുന്നു ആ തീരുമാനത്തിന്റെ മറ്റൊരു കാരണം.