ചിരിയോടെ ഓർക്കാവുന്ന ഒരുപിടി കഥാപാത്രങ്ങളും നൻമയുള്ള ആ സാമീപ്യവും ബാക്കിയാക്കി കോട്ടയം പ്രദീപ് പോയി... നിനച്ചിരിക്കാത്ത നേരത്തെ മടക്കം... അപ്രതീക്ഷിതമായ വിയോഗം....
നാടകങ്ങളിലൂടെ അഭിനയ രംഗത്തു സജീവമായ പ്രദീപ്, ജൂനിയര്‍ ആർട്ടിസ്റ്റായാണ് സിനിമയിലെത്തിയത്. വർഷങ്ങളോളം ചെറുവേഷങ്ങളില്‍ കുടുങ്ങിക്കിടന്ന അദ്ദേഹം മുഖ്യധാരാ സിനിമയുടെ അഭിവാജ്യഘടകമായത് ‘വിണ്ണൈ താണ്ടി വരുവായ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ്.
ചാൻസ് ചോദിച്ചും ഡയലോഗുകൾ കിട്ടാൻ കാത്തിരുന്നും സിനിമയുടെ പിന്നാലെ ഓടിയ കാലത്തു നിന്നു ഒറ്റ ഡയലോഗില്‍ തിയറ്ററുകളിൽ ചിരി പടർത്താൻ ശേഷിയുള്ള കഥാപാത്രങ്ങളിലേക്കു ആ അഭിനയജീവിതം വളർന്നു. സിനിമയിൽ പ്രദീപിനെക്കണ്ടാൽ ചിരിക്കാനുള്ള വകയുണ്ടാകുമെന്ന മിനിമം ഗ്യാരണ്ടി പ്രേക്ഷകർക്കുണ്ടായി.
പ്രദീപിന്റെ കരിയറിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ നൽകിയ സംവിധായകരിലൊരാൾ നാദിർഷയാണ്. നാദിർഷയുടെ ‘അമർ അക്ബർ അന്തോണി’യിൽ ഇന്ദ്രജിത്ത് സുകുമാരൻ അവതരിപ്പിച്ച അന്തോണിയുടെ അച്ഛനായും ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ൽ ധർമജൻ ബോൾഗാട്ടി അവതരിപ്പിച്ച ദാസപ്പന്റെ അച്ഛനായും മികച്ച റോളുകളായിരുന്നു പ്രദീപിന്. രണ്ടും തന്റെ തനതായ ശൈലിയിലൂടെ മറ്റൊരാളെ ചിന്തിക്കാനാകാത്തത്ര മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചത്.
‘‘വിണ്ണൈ താണ്ടി വരുവായ’ യിൽ പ്രദീപേട്ടനുണ്ടാക്കിയ തരംഗമാണ് അദ്ദേഹത്തെ ‘അമർ അക്ബർ അന്തോണി’യിൽ കാസ്റ്റ് ചെയ്യാനുള്ള കാരണം. റൈറ്റേഴ്സും ഞാനും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. ഇന്ദ്രജിത്തിന്റെ അച്ഛനായി അദ്ദേഹത്തിന്റെ പേര് പറഞ്ഞപ്പോഴേ ‘അത് കറക്ട്’ എന്നായിരുന്നു എല്ലാവരുടെയും പ്രതികരണം. എങ്കിലും എങ്ങനെയാകും അദ്ദേഹം അത് അവതരിപ്പിക്കുക എന്ന് തുടക്കത്തിൽ ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ ആദ്യ ദിനം തന്നെ പ്രദീപേട്ടൻ ആ വേഷം അതിഗംഭീരമാക്കി. ആ കാസ്റ്റിങ് കൃത്യമായിരുന്നു, തീരുമാനം തെറ്റിയില്ല എന്നു തെളിയിക്കുന്ന പ്രകടനം. ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലേക്ക് വന്നപ്പോൾ അദ്ദേഹമല്ലാതെ മറ്റൊരു ചോയ്സുണ്ടായില്ല’’. – നാദിർഷ ‘വനിത ഓൺലൈനോട്’ പറഞ്ഞു.
‘ഊട്ടിയുണ്ട്...കൊടൈക്കനാലുണ്ട്...’
‘അമർ അക്ബർ അന്തോണി’യിൽ അഭിനയിക്കുമ്പോൾ ഇന്ദ്രജിത്തിന്റെ അച്ഛൻ വേഷമാണ് എന്നല്ലാതെ കൂടുതലൊന്നും അദ്ദേഹത്തിനറിയില്ലായിരുന്നു. ഷൂട്ട് കഴിഞ്ഞ് പോകാൻ നേരം എന്നെ കെട്ടിപ്പിടിച്ച് ഭയങ്കരമായി ഇമോഷനലായി. ‘എനിക്കിത്ര വലിയ ഒരു വേഷം തന്നതിൽ ഒരുപാട് സന്തോഷം ഇക്കാ...’ എന്നു പറഞ്ഞു. എന്നെക്കാൾ പ്രായത്തിൽ മുതിർന്നയാളെങ്കിലും ഇക്കാ എന്നാണ് വിളിച്ചിരുന്നത്.
അദ്ദേഹത്തെപ്പോലെ ഒരു കലാകാരനെ ആ വേഷത്തിനായി ഉപയോഗിച്ചപ്പോൾ ഞങ്ങൾക്കും കിട്ടി അതിന്റെ ഗുണം. ഉദ്ദേശിച്ച മീറ്ററിനെക്കാൾ ആ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ‘ഊട്ടിയുണ്ട്...കൊടൈക്കനാലുണ്ട്...’എന്ന ഡയലോഗൊക്കെ വലിയ ഹിറ്റായി. അതേപോലെ ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലെ ‘കലക്കി തിമിർത്തു...’ എന്ന ഡയലോഗും പ്രേക്ഷകർ ഏറ്റെടുത്തു.

പോസിറ്റീവ് എനർജി
വളരെ നല്ല മനുഷ്യനായിരുന്നു. ലൊക്കേഷനിൽ വന്ന് ഉടന്‍ കോസ്റ്റ്യൂം മാറണമെങ്കിലും അദ്ദേഹം റൂമിൽ നിന്നെത്തുക ഇൻഷർട്ട് ചെയ്ത്, ബെൽറ്റൊക്കെ കെട്ടി, ഷൂവൊക്കെയിട്ട് കുട്ടപ്പനായാണ്. വന്ന ഉടൻ എല്ലാവരുടെയും കൈ പിടിച്ച് ചിരിയോടെ ഗുഡ് മോണിങ് പറയും. അതൊരു പോസിറ്റീവ് എനർജിയാണ്. ഒരിക്കലും വാടിയ മുഖത്തോടെ അദ്ദേഹത്തെ കണ്ടിട്ടേയില്ല.
അദ്ദേഹം വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. ‘അമർ അക്ബർ അന്തോണി’യിൽ അഭിനയിക്കാനെത്തിയപ്പോഴാണ് അതു പറഞ്ഞത്.
അപ്രതീക്ഷിതം
അപ്രതീക്ഷിതമായ വിയോഗം... ഓർക്കാപ്പുറത്തു സംഭവിക്കുന്ന ഒരു ഷോക്ക് പോലെ...അത്രയും എനർജിയോടെ നിന്ന ഒരു മനുഷ്യൻ പെട്ടെന്നൊരു ദിവസം ഇല്ലാതെയാകുക എന്നത് വളരെ വേദനയാണ്. മലയാള സിനിമയ്ക്ക് നഷ്ടം തന്നെയാണ്. ‘അമർ അക്ബർ അന്തോണി’ രണ്ടാം ഭാഗം ആലോചിക്കുന്ന ഘട്ടത്തിൽ ഞങ്ങളെ ബാധിക്കുന്നത് ഇത്തരം വിയോഗങ്ങളാണ്...ശശി കലിംഗ, കോട്ടയം പ്രദീപ്...പകരം മറ്റൊരാളില്ലാത്തവരൊക്കെ പോയിക്കഴിഞ്ഞല്ലോ...ഒരു സീനിൽ വന്നു പോയപ്പോഴും പ്രദീപേട്ടനെ പല പടങ്ങളിലും നമ്മൾ ഓർത്തില്ലേ....നഷ്ടമാണ്...വലിയ നഷ്ടം...