Friday 15 July 2022 11:58 AM IST

‘എന്റെ സാന്റാക്ലോസ്... എന്തും പറയാവുന്ന സുഹൃത്തായിരുന്നു എനിക്ക് പ്രതാപ്...’: നദിയ മൊയ്തു പറയുന്നു

V.G. Nakul

Sub- Editor

prathap-pothan-6

പ്രണയത്തിന്റെയും വിഷാദത്തിന്റെയും ഉൻമാദത്തിന്റെയും ആഘോഷങ്ങളുടെയും അടയാളമായിരുന്നു ഒരുകാലത്ത് പ്രതാപ് പോത്തന്റെ കഥാപാത്രങ്ങൾ...എഴുപതുകളുടെ ഒടുവിൽ തുടങ്ങി എൺപതുകളുടെ അവസാനം വരെ മലയാളി യുവത്വത്തിന്റെ തീവ്രഭാവങ്ങളെ തിരശീലയിൽ പകർത്തിയ നായകമുഖം...ഒടുവിൽ സിനിമയുടെ ‘ആരവ’ങ്ങളൊഴിഞ്ഞു, ആ പ്രതിഭ പോയി...‘ഒരു യാത്രാമൊഴി’ ബാക്കിയാക്കി...

‘പ്രതാപ് പോയി എന്ന ഏറ്റവും സങ്കടകരമായ വാർത്ത കേട്ടാണ് ഇന്നത്തെ എന്റെ ദിവസം തുടങ്ങിയത്. വളരെയേറെ വിഷമം തോന്നുന്നു. ഒരു നല്ല സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്...’.– പറയുന്നത് തെന്നിന്ത്യയുടെ പ്രിയനടി നദിയ മോയ്തു. ഇരുവരും ഒന്നിച്ചഭിനയിച്ചത് ഒരേയൊരു സിനിമയിൽ മാത്രം. എങ്കിലും ആ ചുരുങ്ങിയ കാലം അവർക്കിടയിൽ ഒരു നല്ല സൗഹൃദത്തിന്റെ വേരുകൾ പാകുന്നതായിരുന്നു...

‘‘എപ്പോഴും കാണുന്ന, സംസാരിക്കുന്ന സുഹൃത്തുക്കളായിരുന്നില്ല ഞങ്ങൾ. എങ്കിലും പ്രതാപിന്റെ സിനിമകൾ ടി.വിയിൽ കാണുമ്പോഴോ, പ്രതാപിനെക്കുറിച്ച് കേൾക്കുമ്പോഴോ ഒക്കെ ഞാൻ മെസേജുകൾ അയക്കുമായിരുന്നു. ഉടൻ മറുപടി വരും. ചിലപ്പോൾ ഫോണിൽ സംസാരിക്കും.

ഞാൻ ആദ്യമായി പ്രതാപിനെ പരിചയപ്പെടുന്നത് ഞങ്ങൾ ഒന്നിച്ചഭിനയിച്ച ‘ആറ് സുന്ദരികളുടെ കഥ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്. ആ സിനിയിൽ ഞങ്ങൾ ദമ്പതികളായാണ് അഭിനയിച്ചത്.

ഞാൻ ഏറെ ആസ്വദിച്ച സൗഹൃദമാണ് പ്രതാപുമായുള്ളത്. വളരെ രസികനാണ് അദ്ദേഹം. ഞാൻ സാന്റാ ക്ലോസ് എന്നാണ് വിളിച്ചിരുന്നത്. ശബ്ദമുയർത്തി സാന്റാ ക്ലോസിനെപ്പോലെയാണല്ലോ പ്രതാപിന്റെ ചിരി. പ്രതാപിനെക്കുറിച്ച് ഓർക്കുമ്പോൾ മനോഹരമായ, ചിരിക്കാനേറെയുള്ള ധാരാളം സന്ദർഭങ്ങളുണ്ട്. സുഖമില്ലാതെ ഇരിക്കുകയായിരുന്നു എന്നറിഞ്ഞു. പക്ഷേ, പ്രതീക്ഷിക്കാത്ത സമയത്ത് ഒത്തിരി നേരത്തേ പ്രതാപ് പോയി’’.– നദിയ ‘വനിത ഓൺലൈനോട്’ പറയുന്നു.

prathap-pothan-5

‘‘നല്ല നടൻ, മനുഷ്യൻ ഒക്കെയായിരുന്നു പ്രതാപ്. ഞാൻ പഠിക്കുന്ന കാലത്താണ് പ്രതാപ് നായകനായി തിളങ്ങി നിന്നത്. അന്നൊന്നും അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടില്ല. ഞങ്ങള്‍ താമസിക്കുന്ന ബോംബെയിൽ മലയാളം സിനിമകൾ എത്താനുള്ള ബുദ്ധിമുട്ടായിരുന്നു കാരണം. സിനിമയിൽ വന്ന ശേഷമാണ് ഞാൻ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയുന്നത്. പിന്നീട് ഒന്നിച്ചഭിനയിച്ചു. എൺപതുകളിലെ താരങ്ങളുടെ ഒത്തുചേരലിലും പ്രതാപ് ഉണ്ടായിരുന്നു. അങ്ങനെയാണ് അടുത്ത് പരിചയപ്പെട്ടത്. എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ എന്തു വേണമെങ്കിലും പ്രതാപിനോട് പറയാമായിരുന്നു. അത്തരമൊരു നല്ല ഫ്രണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ തമ്മില്‍ കളിയാക്കുന്നതൊക്കെ പതിവായിരുന്നു. എ വെരി സ്വീറ്റ് ആൻഡ് ക്യൂട്ട് മാൻ’’. – നദിയയുടെ വാക്കുകളിൽ വിഷമം തിങ്ങി.

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ മായാത്ത അടയാളങ്ങൾ കോറിയിട്ടതാണ് പതിറ്റാണ്ടുകളോളം നീണ്ട പ്രതാപ് പോത്തന്റെ ചലച്ചിത്ര ജീവിതം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. തമിഴിലും മലയാളത്തിലുമുൾപ്പടെ മികച്ച സിനിമകൾ സംവിധാനം ചെയ്തു.

ശരീരഭാഷയിലും സംസാരരീതിയിലുമൊക്കെ അത്രകാലം തെന്നിന്ത്യ കണ്ട അഭിനേതാക്കളുടെ കള്ളിയിലൊതുങ്ങുന്നയാളായിരുന്നില്ല പ്രതാപ് പോത്തൻ. തനതായ ഒരു ശൈലി തന്റെ കഥാപാത്രങ്ങൾക്ക് പകരാന്‍ ആ ശാരീരവും ശരീരഭാഷയും എക്കാലത്തും അദ്ദേഹത്തെ സഹായിച്ചു. ചിരിയിലും നോട്ടത്തിലും ചലനങ്ങളിലുമൊക്കെ അഴകുള്ളൊരു തനിമ ആ കഥാപാത്രങ്ങൾക്കെല്ലാമുണ്ടായിരുന്നു. ആരവത്തിലെ കൊക്കരക്കോയും തകരയിലെ തകരയും ലോറിയിലെ ദാസപ്പനും തനി നാടൻ മനുഷ്യരുടെ പ്രതിനിധികളായപ്പോൾ ചാമരത്തിലെ വിനോദ് നാഗരിക യുവത്വത്തിന്റെ പ്രതിനിധിയായിരുന്നു. ഈ ദൂരത്തിലുണ്ട് പ്രതാപ് പോത്തന്റെ പ്രതിഭ.

എഴുപതുകളുടെ ഒടുവിൽ തുടങ്ങി എൺപതുകളുടെ അവസാനം വരെ സമാന്തര മാനമുള്ള വാണിജ്യസിനിമയിലെ വിലയേറിയ പേരുകളിലൊന്നായിരുന്ന പ്രതാപ് പോത്തൻ, അക്കാലത്ത് തമിഴിലും ശ്രദ്ധേയമായ ഒരുപിടി സിനിമകളിൽ നായകവേഷത്തിലെത്തി.