ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനവർഷങ്ങളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി, മോഡൽ, വിഡിയോ ജോക്കി എന്നീ നിലകളിൽ ശ്രദ്ധേയസാന്നിധ്യമറിയിച്ച്, ബി ടൗണിലേക്ക് ഒരു സൂപ്പർ എൻട്രി ലഭിക്കും എന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു നഫീസ ജോസഫിന്. എന്നാൽ ആ സ്വപ്നങ്ങളിലേക്കൊന്നും പറന്നുയരാൻ കാത്തു നിൽക്കാതെ, 2004 ജൂലൈ 29 ന്, 26 വയസ്സില്‍, അവർ ജീവനൊടുക്കി.
എന്തിന് ?
ആ ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഒരു ഉത്തരമില്ല. എങ്കിലും പ്രചരിക്കപ്പെട്ട കഥകളിൽ അവരുടെ പ്രതിശ്രുതവരനായിരുന്ന, വ്യവസായി ഗൗതം ഖണ്ടുജയാണ് വില്ലൻ. ഇവരുടെ വിവാഹത്തിന് ഏതാനും ആഴ്ചകൾ ബാക്കിയുള്ളപ്പോഴാണ് മുംബൈ വെർസോവയിലെ അപ്പാർട്ട്മെന്റിൽ നഫീസയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗൗതം വിവാഹത്തിൽ നിന്നു പിൻവാങ്ങിയതാണ് നഫീസയെ തളർത്തിയതെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു, അവരുടെ മരണ ശേഷം ഉയർന്നു വന്ന പ്രധാന ചർച്ചയും ആരോപണവും.
നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്ന ഗൗതം രണ്ടുവർഷം മുൻപ് വിവാഹമോചനം നേടിയിരുന്നു എന്നാണ് പറഞ്ഞിരുന്നതെങ്കിലും അത് ശരിയല്ലെന്ന് നഫീസ അറിഞ്ഞു. ചോദിച്ചപ്പോൾ ഗൗതം മറുപടി നൽകുകയോ വിവാഹമോചനത്തിന്റെ തെളിവുകൾ കാണിക്കുകയോ ചെയ്തില്ലത്രേ. ഇക്കാര്യങ്ങൾ മുൻ ഭാര്യയോട് ചോദിക്കുമെന്ന് പറഞ്ഞപ്പോൾ ഗൗതം നഫീസയെ ഭീഷണിപ്പെടുത്തിയെന്നാണ് അക്കാലത്തെ റിപ്പോർട്ടുകൾ. ഇതെത്തുടർന്നാണത്രേ വിവാഹം മുടങ്ങിയത്.
മകളുടെ മരണത്തിന്റെ കാരണം തേടി നഫീസയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഗൗതം വിവാഹത്തിൽ നിന്നു പിൻമാറാൻ ഏറെക്കാലമായി ശ്രമിച്ചിരുന്നുവെന്നതിനാൽ ഗൗതമിനെ ചോദ്യം ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ, 2005 നവംബറിൽ, ഗൗതമിന്റെ വിചാരണ 2006 വരെ തടഞ്ഞ് ബോംബെ ഹൈക്കോടതിയുടെ വിധി വന്നു. കേസ് ഉടനേ അന്വേഷിക്കണമെന്ന് സുപ്രീം കോടതി വിധിച്ചെങ്കിലും കാര്യമായ പുരോഗതികളൊന്നും പിന്നീടുണ്ടായില്ല.
എന്നാൽ തനിക്കെതിരെയുണ്ടായ സകല ആരോപണങ്ങളും ഗൗതം നിഷേധിച്ചു. താൻ വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് നഫീസയുടെ മരണത്തിനു കാരണം എന്നതിനു തെളിവൊന്നും ഇല്ലെന്നായിരുന്നു അയാളുടെ വാദം. ഇതിനുമുൻപ് സമീർ മൽഹോത്രയുമായും സമീർ സോണിയുമായും നഫീസയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നും രണ്ടും മുടങ്ങിപ്പോയെന്നും ഗൗതം ആരോപിച്ചു.
എം.ടി.വി വിഡിയോ ജോക്കി എന്ന നിലയിലാണ് നഫീസ ജോസഫ് ശ്രദ്ധേയയായത്. 2007ൽ ‘മിസ് ഇന്ത്യ യൂണിവേർസ്’ ആയ നഫീസ അതേ വർഷം ‘മിസ് സൂണിവേഴ്സ്’ മത്സരത്തിന്റെ സെമിഫെനലിലും എത്തിയിരുന്നു. 1997ല്‍ ‘ഫെമിന മിസ് ഇന്ത്യ’ മത്സരത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയും വിജയിയുമായിരുന്നു.
1999ൽ, വിഡിയോ ജോക്കികളെ കണ്ടെത്താന്‍ എം.ടി.വി നടത്തിയ ‘വി.ജെ. ഹണ്ട്’ എന്ന മത്സരത്തിലെ ജഡ്ജ് ആയിരുന്നു നഫീസ. ഒരാഴ്ചയ്ക്ക് ശേഷം എം.ടി.വി ഒരു പ്രോഗ്രാം അവതരിപ്പിക്കാൻ നഫീസയെ ക്ഷണിച്ചു. ‘എം.ടി.വി ഹൗസ് ഫുൾ’ എന്ന ആ പരിപാടി നഫീസ അഞ്ച് വർഷത്തോളം അവതരിപ്പിച്ചു. സോണി ടെലിവിഷനിലെ ക്യാറ്റ്സ്’, സ്റ്റാർ വേൾഡിലെ ‘സ്റ്റൈൽ’ എന്നിവയും നഫീസയുടെ ശ്രദ്ധേയ പരിപാടികളാണ്. ഗൗതം ഖണ്ടുജയ്ക്കൊപ്പം ‘2സ് കമ്പനി’ എന്ന ടെലിവിഷൻ പ്രോഗ്രാമിങ്ങ് യൂണിറ്റും നഫീസയ്ക്കുണ്ടായിരുന്നു. ‘ഗേൾസ്’ എന്ന മാഗസിന്റെ എഡിറ്ററായും കുറച്ചുകാലം പ്രവർത്തിച്ചു. സുഭാഷ് ഘായിയുടെ ‘താൽ’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷവും അവതരിപ്പിച്ചിട്ടുണ്ട്. മൃഗസ്നേഹിയായിരുന്ന നഫീസ, വെൽഫെയർ ഓഫ് സ്റ്റ്റേ ഡോഗ്സ്, പീപ്പിൾ ഫോർ ദ എതിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്, പീപ്പിൾ ഫോർ ആനിമൽസ് എന്നീ സംഘടനകളിലും സജീവമായിരുന്നു. ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ ബംഗളൂരു എഡിഷനിൽ ‘നഫീസ ഫോർ ആനിമൽസ്’ എന്നൊരു വീക്കിലി കോളവും എഴുതിയിരുന്നു.
മലയാളിയായ നിർമ്മൽ ജോസഫിന്റെയും ബംഗാളിയായ ഉഷ ജോസഫിന്റെയും മൂന്ന് മക്കളിൽ ഇളയവളാണ് നഫീസ. ഉഷ ടാഗോർ കുടുംബത്തിലെ അംഗമായിരുന്നു. ഷർമിള ഗാഗോർ അർദ്ധ സഹോദരിയാണ്.
ബംഗളൂരുവിലാണ് നഫീസ ജനിച്ചു വളർന്നത്. ബിഷപ്പ് കോട്ടൻ സ്കൂള്‍, സെ.ജോസഫ്സ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ക്രിസ്ത്യൻ കുടുംബം ആയിരുന്നിട്ടും പിതാവിന്റെ മുത്തശ്ശി മുസ്ലിം ആയതിനാലാണ് നഫീസയ്ക്ക് ആ പേര് ലഭിച്ചത്. പന്ത്രണ്ട് വയസ്സിൽ ആണ് നഫീസ മോഡലിങ്ങ് തുടങ്ങിയത്. തന്റെ അയൽക്കാരന്റെ സഹായത്താൽ വിയർഹൗസ് എന്ന ഒരു പരസ്യത്തിലായിരുന്നു ആദ്യ അവസരം. മോഡലിങ്ങിൽ പ്രസാദ് ബിദാപയാണ് നഫീസയുടെ ഗുരു.
എന്തിനാണ് നഫീസ ആത്മഹത്യ ചെയ്തത് ?
എല്ലാം കൂട്ടിവായിക്കുമ്പോൾ മനസ്സിലാകുന്നത് പ്രണയത്തിലും വിശ്വാസത്തിലും സംഭവിച്ച ചതികളാണ് അവരെ കടുത്ത തീരുമാനങ്ങളിലേക്കെത്തിച്ചതെന്നതാണ്.
വിവാഹമോചനം നേടിയെന്ന് അവകാശപ്പെടുന്ന ഒരു വിവാഹിതന്റെ പ്രണയച്ചതിയിലാണല്ലോ അവൾ വീണത്. ഒന്നര വർഷം ഡേറ്റിങ്. അവൾ അയാളെ ജീവനുതുല്യം സ്നേഹിച്ചു. എന്നാൽ താൻ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയപ്പോൾ അവൾക്ക് സഹിക്കാനായില്ല. എതിർത്തു. വഴക്കിട്ടു. എല്ലാം ശരിയാകുമെന്നു മോഹിച്ചു. എന്നാൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിവാഹം മുടങ്ങുമെന്നായപ്പോൾ അവൾക്ക് താങ്ങാനായില്ല. ആത്മഹത്യയില്‍ അഭയം തേടുന്നതിലേക്ക് ആ വേദനകൾ അവളെ എത്തിച്ചുവെന്നതാണ് ശരി...