‘‘നിന്റെ ചെകിട് നോക്കിയൊന്ന് പൊട്ടിച്ചാല്ണ്ടല്ലാ.. ചീള് ചെക്കാ..’’ എന്ന കിടിലൻ ഡയലോഗുമായാണ് നൈലയുടെ പുതിയ വരവ്. ‘പൊറിഞ്ചുമറിയംജോസ്’ എന്ന ജോഷി ചിത്രത്തിൽ പൊറിഞ്ചുവായി വരുന്നത് ജോജു ജോർജ്, ജോസായി ചെമ്പൻ വിനോദും. അപ്പോഴേ പലരും പറഞ്ഞു, ‘അപ്പോ മറിയം പൊളിക്കൂട്ടാ...’ പ്രതിഭ തെളിയിച്ച രണ്ട് നടന്മാരോടൊപ്പം ശക്തമായ കഥാപാത്രമാകുകയാണ് നൈല.
‘‘റൗഡി ലുക് ആണെങ്കിലും സിനിമയിൽ ഞാനൊരു ചട്ടമ്പി കല്യാണിയല്ല കേട്ടോ. പക്ഷേ, തല്ലണമെങ്കിൽ തല്ലാൻ റെഡി. എന്തുകൊണ്ട് ഈ റോളിൽ ഞാൻ എന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. ‘മറിയം ഈസ് ക്രേസി’ എന്ന് ട്രെയിലറിൽ പറയുന്നതു പോലെ ഈ റോളിനെക്കുറിച്ച് ഓർക്കുമ്പോൾ ഞാനൽപം ക്രേസി ആണ്.’ നൈല ചിരിക്കുന്നു.
‘‘എൺപതുകളിൽ തൃശൂരിൽ നടക്കുന്ന കഥയാണ്. തൃശൂർ സ്ലാങ്ങിൽ സംസാരിക്കണം. ഇതൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നി, ഇത് ഞാൻ കുളമാക്കാനാണ് സാധ്യത. കാരണം, തിരുവനന്തപുരംകാരിയായ ഞാൻ എങ്ങനെ ശ്രമിച്ചാലും തൃശൂർ ഭാഷ പറഞ്ഞൊപ്പിക്കാൻ പറ്റില്ല. ജോഷി സാർ ആളൊരു ചൂടൻ ആണെന്നാണ് കേട്ടിരിക്കുന്നത്. വഴക്ക് കേട്ട് നാണം കെടേണ്ടി വരുമല്ലോ എന്നോർത്ത് ഞാൻ ഇത് വേണ്ടെന്ന് വച്ചാലോ എന്ന് ആലോചിച്ചു. പക്ഷേ, ഒരു ജോഷി സിനിമയിൽ അഭിനയിക്കാനുള്ള ചാൻസ് എങ്ങനെ വിട്ടുകളയും?’’
വനിത കവർഷൂട്ട് വിഡിയോ കാണാം;