Saturday 07 November 2020 11:30 AM IST

നായികയാകാന്‍ ഒരുങ്ങുമ്പോള്‍ ഷാജുവും ചാന്ദ്‌നിയും മകള്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍! പരീക്ഷ കഴിഞ്ഞാല്‍ നന്ദന നേരെ ലൊക്കേഷനിലേക്ക്

V.G. Nakul

Sub- Editor

nandhana-shaju-1

മലയാളികളുടെ പ്രിയതാരദമ്പതികളാണ് നടന്‍ ഷാജു ശ്രീധനും നടിയും നര്‍ത്തകിയുമായ ചാന്ദ്‌നിയും. ഇരുവരുടെയും മക്കളായ നന്ദനയും നീലാഞ്ജനയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. നന്ദന ടിക്ക് ടോക്ക് വിഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായപ്പോള്‍, നീലാഞ്ജന അയ്യപ്പനും കോശിയിലും പൃഥ്വിരാജിന്റെ മകളായി അഭിനയിച്ച് ശ്രദ്ധേയയായി. ഇപ്പോഴിതാ, നന്ദനയും സിനിമയിലേക്കെത്തുന്നു.  STD X-E 99 BATCH ല്‍ നായികയായാണ് നന്ദനയുടെ തുടക്കം. നന്ദന കൂടി വെള്ളിത്തിരയുടെ ഭാഗമാകുമ്പോള്‍ ഷാജു ശ്രീധറിന്റെത് ഒരു സമ്പൂര്‍ണ സിനിമ കുടുംബമാകും. 

തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് നന്ദന 'വനിത ഓണ്‍ലൈനി'ല്‍ മനസ്സ് തുറക്കുന്നു.

'ഇതൊരു സ്‌കൂള്‍ തീം ആണ്്. കിളിത്തട്ട് കളിയെ ഫോക്കസ് ചെയ്താണ് കഥ മുന്നോട്ട് പോകുന്നത്. ഞാന്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായാണ് അഭിനയിക്കുന്നത്. കാവ്യ എന്നാണ് കഥാപാത്രത്തിന്റെ പേര്. സൗഹൃദവും പ്രണയവുമൊക്കെയുള്ള കഥ. നന്നായി വരും എന്നു പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണം' - നന്ദന പറഞ്ഞു തുടങ്ങി. 

അവസരം വന്ന വഴി

ചിത്രത്തിന്റെ സംവിധായകന്‍ ജോഷിയങ്കിള്‍ എന്റെ ടിക്ക് ടോക്ക് വിഡിയോസ് കണ്ടിട്ട്, അച്ഛനോട് ഒരു പ്രോജക്ടുണ്ട് എന്നെ അതില്‍ അഭിനയിപ്പിക്കണം എന്നു പറഞ്ഞിരുന്നു. അച്ഛന്‍ എന്നോട് ചോദിച്ചു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞാന്‍ STD X-E 99 BATCH ന്റെ ഭാഗമായത്. നോയല്‍ ഗീവര്‍ഗീസ് ജോസഫ് ആണ് നായകന്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ ബാലതാരമായി അഭിനയിച്ച ആളാണ്. ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ കൂടുതലും പുതിയ ആളുകളാണ്. 

വിശ്വസിക്കുന്നവരെ നിരാശരാക്കരുത്

സിനിമയില്‍ നേരത്തേയും അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ, ഒരു നല്ല പ്രൊജക്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നെ വിശ്വസിക്കുന്നവരെ നിരാശപ്പെടുത്തരുതെന്നുണ്ട്. അതുകൊണ്ടു തന്നെ പരമാവധി നന്നായി ചെയ്യാന്‍ ശ്രമിക്കും. ബാക്കിയൊക്കെ പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. ലൊക്കേഷനില്‍ എല്ലാവരോടും നന്നായി പെരുമാറുക, പരമാവധി ആത്മാര്‍ത്ഥമായി ജോയി ചെയ്യുക, ഉഴപ്പരുത് എന്നൊക്കെയാണ് അച്ഛനും അമ്മയും തന്നിരിക്കുന്ന പ്രധാന ഉപദേശങ്ങള്‍. അതൊക്കെ പാലിക്കാന്‍ തന്നെയാണ് തീരുമാനം. 

nandhana-shaju-3

പണ്ടേ ഇഷ്ടം

അഭിനയത്തോടുള്ള ഇഷ്ടം പണ്ടേയുണ്ട്. അച്ഛനും അമ്മയും അഭിനേതാക്കളാണല്ലോ. നമ്മള്‍ കണ്ടു വളരുന്നതും അതാണ്. ചെറുപ്പം മുതലേ നൃത്തം പഠിച്ചു തുടങ്ങി. ഞാന്‍ അച്ഛനോടൊപ്പം അപൂര്‍വമായേ ലൊക്കേഷനില്‍ പോയിട്ടുള്ളൂ. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്പാടിക്കണ്ണനുണ്ണി എന്ന ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. അത് ഹിറ്റായിരുന്നു. പിന്നീട് ടിക്ക് ടോക്കിലൂടെയാണ് ആക്ടീവായത്. അടുത്തിടെ ഒരു ഷോര്‍ട് ഫിലിമിലും അഭിനയിച്ചു. 

nandhana-shaju-2

പരീക്ഷ കഴിഞ്ഞ്

ഇപ്പോള്‍ ബി.എസ്.സി ബയോടെക്‌നോളജി ഫൈനല്‍ ഇയറിനാണ് പഠിക്കുന്നത്. പാലക്കാട് മേഴ്‌സി കോളജില്‍. ഈ മാസം 11 ന് പരീക്ഷ തുടങ്ങും. അതു കഴിഞ്ഞ്, 26 ന് ഷൂട്ടും. പരീക്ഷ കഴിഞ്ഞാല്‍ നേരെ ലൊക്കേഷനിലേക്ക് പോകും. അതാണ് പ്ലാന്‍.