ADVERTISEMENT

പുതുതലമുറ അവതാരകരിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നന്ദിനി. ‘എങ്കിലേ എന്നോട് പറ’ എന്ന ചാറ്റ് ഷോയിലൂടെ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയ സുന്ദരി. ഡി.ജെ, ആങ്കർ, നടി, റേഡിയോ ജോക്കി എന്നീ നിലകളിൽ ശ്രദ്ധേയയായ നന്ദിനി അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ യോഗ ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധേയമായിരുന്നു. ‘Start loving your body, listening to it, respecting it, appreciating it’ എന്നതാണ് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സംബന്ധിച്ച് നന്ദിനിയുടെ നിലപാട്. ഇപ്പോഴിതാ, ആങ്കറിങ്ങില്‍ നിന്നും അഭിനയത്തിൽ നിന്നും താൽക്കാലികമായി അവധിയെടുത്ത്, ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകാനൊരുങ്ങുന്നതിന് മുമ്പായി, തന്റെ യോഗ പ്രണയത്തെക്കുറിച്ച് ‘വനിത ഓൺലൈനോട്’ മനസ്സ് തുറക്കുകയാണ് നന്ദിനി.

‘‘2012–2013 കാലത്ത്, റേഡിയോയിൽ ജോലി ചെയ്യുമ്പോഴാണ് ഞാൻ ആദ്യമായി ഒരു യോഗ ക്ലാസിൽ പങ്കെടുക്കുന്നത്. ഓഫീസില്‍ നിന്നു വന്ന ഒരു ഓഫറായിരുന്നു. അതു തുടരാനായില്ല. അതിനിടെ എന്റെ വ്യക്തി ജീവിതത്തിലും കുറേ പ്രശ്നങ്ങളുണ്ടായി. 2017 ൽ ആണ് വീണ്ടും ഗൗരവത്തോടെ യോഗയിലേക്ക് എത്തുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അഭിമുഖം തയാറാക്കാൻ പോയപ്പോള്‍ അദ്ദേഹത്തിന്റെ യോഗ ട്രെയിനിങ് സെന്റർ കണ്ട് താൽപര്യം തോന്നി, ജോണി സെൻസെ എന്ന ട്രെയിനർക്കൊപ്പം ചേരുകയായിരുന്നു. ഒപ്പം കരാട്ടെയും പഠിച്ചു. 3 വർഷത്തോളം തുടർന്നു’’. – നന്ദിനി പറഞ്ഞു തുടങ്ങിയതിങ്ങനെ.

nandhini-4
ADVERTISEMENT

സ്വയം ചെയ്യുമ്പോൾ

കൊച്ചി വിട്ട്, എന്റെ നാടായ തിരുവല്ലയിലെ പെരുവന്താനത്ത് എത്തിയ ശേഷം, ലോക്ക് ഡൗൺ ആയപ്പോഴാണ് ഒറ്റയ്ക്ക് പരിശീലിക്കാൻ തുടങ്ങിയത്. അതോടെ യോഗയുടെ കരുത്ത് ശരിക്കും മനസ്സിലായി. മാനസികമായും ശാരീരികമായും സ്ഥിരമായ, ഒരു നല്ല മാറ്റം വന്നു തുടങ്ങി. യോഗയിൽ, ഗുരുക്കൻമാരിൽ നിന്നു കിട്ടിയ അടിത്തറ കരുത്തുള്ളതായിരുന്നതാണ് ഒറ്റയ്ക്ക് ചെയ്യാൻ സഹായകമായത്. ഏതു വർക്കൗട്ടും തനിച്ച് ചെയ്യുമ്പോൾ, കൃത്യമായ രീതിയിലല്ലെങ്കിൽ അത് ശരീരത്തെ മോശമായി ബാധിക്കും. അതിനാൽ, അറിയാവുന്നവരിൽ നിന്നു കാര്യങ്ങൾ മനസ്സിലാക്കിയിട്ടേ, സ്വയം ചെയ്തു തുടങ്ങാവൂ.

ADVERTISEMENT

പരിഹാസം മാത്രം

സത്യത്തില്‍ എന്റെ യോഗ ഫോട്ടോസ് കണ്ട് പേഴ്സണൽ പ്രൊഫൈലിൽ വന്ന് ആരും നെഗറ്റീവ് കമന്റുകൾ ഇട്ടിട്ടില്ല. ചില ഓൺലൈൻ മീഡിയാസിൽ ചിത്രങ്ങളെക്കുറിച്ചുള്ള വാർത്തകൾ വന്നപ്പോഴാണ് അതിനു താഴെ ചിലർ വളരെ മോശം കമന്റുകളുമായി എത്തിയത്. ആത്മാർത്ഥമായി പരിശീലിച്ചാണ് ഞാൻ യോഗ ചെയ്യുന്നത്. അതിന്റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നതും. അതൊന്നും പരിഗണിക്കാതെയാണ് ‘ഇത്രയും ഫേക്ക് ആയിട്ടുള്ള ഒരു യോഗ ഞാൻ കണ്ടിട്ടില്ല’ എന്നൊക്കെ ചിലരുടെ പരിഹാസം. എങ്ങനെയാണ് ഫേക്ക് ആയി യോഗ ചെയ്യുക എന്ന് എനിക്കു മനസ്സിലാകുന്നില്ല. ഇപ്പോഴും മലയാളികളുടെ ലൈഫ് സ്റ്റൈലിൽ പ്രധാനമല്ലാത്ത ഒന്നാണ് ശരീരത്തെ ആരോഗ്യത്തോടെ പരിപാലിക്കുക, വ്യായാമം ചെയ്യുക എന്നിവയൊക്കെ. അതുകൊണ്ടാണ് ആളുകളെ ഇൻസ്പയർ ചെയ്യാൻ ഞാൻ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതും കുറിപ്പുകൾ പങ്കുവയ്ക്കുന്നതുമൊക്കെ. അതാണ് ഇവർ മനസ്സിലാക്കാത്തത്. അതിൽ ഏറെ വേദനിപ്പിച്ചത്, ‘കാശ് ഉണ്ടാക്കാൻ പുതിയ ഓരോന്ന് കാണിക്കുകയാണ്, ഫോട്ടോഗ്രാഫറുടെ ഭാഗ്യം’ എന്ന തരം കമന്റുകളാണ്. ഞാൻ ഒരു വിദേശിയായിരുന്നെങ്കില്‍ ഇവരൊക്കെ ‘വൗ’ എന്നു പറഞ്ഞേനെ. മലയാളിയായതു കൊണ്ട് സ്വന്തം നാട്ടില്‍ പരിഹാസം മാത്രമാണ് കിട്ടുക. പോസിറ്റീവ് ആയി പ്രതികരിക്കുന്നവരും ഉണ്ട്. അവരുടെ പ്രോത്സാഹനം വലിയ ഊർജം സമ്മാനിക്കുന്നു.

nandhini-5
ADVERTISEMENT

ലവ് യുവർ ബോഡി

ലോക്ക് ഡൗൺ ആയപ്പോൾ മധുരം പൂർണമായും ഉപേക്ഷിച്ചു. 95 ശതമാനം വെജിറ്റേറിയനായി. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ച്, ധാരാളം വെള്ളം കുടിച്ച്, ജീവിത ശൈലി ഒന്നു പുന:ക്രമീകരിച്ചു.

nandini-2

യോഗ ചെയ്യുമ്പോൾ നമുക്ക് സ്വന്തം ശരീരത്തെ കൂടുതൽ മനസ്സിലാകും. അതിന്റെ എല്ലാ ഫീലിങ്സും ശ്രദ്ധിക്കാൻ തുടങ്ങും. അങ്ങനെയാകുമ്പോൾ എന്തൊക്കെ ഫുഡ് ആണ് ശരീരത്തിന് നല്ലത്, മോശം എന്നു തിരിച്ചറിയാം.

മാനസികമായും യോഗ വലിയ കരുത്ത് നൽകുന്നു. യോഗയെക്കുറിച്ച് കൂടുതൽ വായിക്കുമ്പോഴും പഠിക്കുമ്പോഴും മനസ്സിലാകുന്ന പ്രധാന കാര്യം നമ്മുടെ ബോഡി എത്രയും ഫ്ളക്സിബിൾ ആകുന്നോ നമ്മുടെ മനസ്സും അത്രയും ഫ്ളക്സിബിൾ ആകും എന്നാണ്. വ്യക്തി ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളിൽ നിന്നു ഞാൻ അതിജീവിച്ചത് യോഗയിലൂടെയാണ്. ഞാനാകെ തകർന്നു പോയി. ഡിപ്രഷൻ ബാധിച്ചു. എന്റെ അവസ്ഥ കണ്ട് അമ്മയാണ് യോഗ ചെയ്യാൻ പറഞ്ഞത്. അമ്മ പണ്ടേ യോഗ ചെയ്യുന്നുണ്ടായിരുന്നു. എന്റെ നാട് ‘യോഗ വില്ലേജ്’ എന്നാണ് അറിയപ്പെടുന്നതും. നാട്ടിലെ എല്ലാ വീട്ടിലും ഒരാളെങ്കിലും യോഗ ചെയ്യുന്നവരാണ്. യോഗ ചെയ്തു തുടങ്ങിയതോടെ ഞാൻ എന്റെ എല്ലാ മാനസിക പ്രതിസന്ധികളെയും അതിജീവിച്ചു. ശരീരം കൂടുതൽ ഹെൽത്തിയായി. ഇപ്പോൾ ഞാന്‍ ഒരു യോഗ അഡിക്ടാണ്.

nandhini-3

തൽക്കാലം ബ്രേക്ക്

തൽക്കാലം ഞാൻ അഭിനയത്തിൽ നിന്നും ആങ്കറിങ്ങിൽ നിന്നുമൊക്കെ ഒരു ബ്രേക്ക് എടുക്കുകയാണ്. എം.ബി.എ പഠിക്കാന്‍ ലണ്ടനിലേക്ക് പോകുന്നു. ദുബായിൽ ബി.എസ്.സി ഐ.ടി കഴിഞ്ഞ്, ഡൽഹിയിൽ എം.എസ്.സി മൾട്ടി മീഡിയ ചെയ്തു. അതിനു ശേഷമാണ് ആങ്കറിങ്ങിലും അഭിനയത്തിലും സജീവമായത്. അടുത്ത മാസം ലണ്ടനിലേക്ക് പോകും. അച്ഛൻ – ശ്രീകുമാർ, അമ്മ – ഉഷ, ചേച്ചി ദേവിക കുടുംബത്തോടൊപ്പം വിദേശത്താണ്.

ADVERTISEMENT