ADVERTISEMENT

മലയാളത്തിന്റെ പ്രിയപാചക വിദഗ്ധനും നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ നിർമാതാവുമായ നൗഷാദ് മരണപ്പെട്ടു എന്ന വാർത്ത വ്യാജമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. കണ്ണൂരിലെ മറ്റൊരു ഷെഫ് നൗഷാദാണ് മരിച്ചതെന്നും അതാണ് ഷെഫ് നൗഷാദ് മരിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതെന്നും നൗഷാദിന്റെ ഭാര്യയുടെ സഹോദരീ ഭർത്താവായ നാസിം ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘നൗഷാദിക്ക തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ് ഉള്ളത്. പക്ഷേ, മരിച്ചു എന്നത് വ്യാജ വാർത്തയാണ്. മറ്റൊരു നൗഷാദാണ് മരിച്ചത്. അതാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ’’.– പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ ‘വനിത ഓൺലൈനിൽ’ വ്യക്തമാക്കുന്നു.

ADVERTISEMENT

ഇപ്പോൾ നിർമാതാക്കളായ അന്റോ ജോസഫ്, സന്ദീപ് സേനൻ, ബാദുഷ, സംവിധായകൻ ബ്ലസി തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ തിരുവല്ലയിലെ ആശുപത്രിയിലെത്തിയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ കാർഡിയാക് അറസ്റ്റിനെത്തുടർന്ന് മരണമടഞ്ഞത്. ഭാര്യ മരിക്കുമ്പോഴും നൗഷാദ് ഐ.സി.യുവിലായിരുന്നു. നാലാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയാണ് അദ്ദേഹം.

ADVERTISEMENT

‘‘വൈഫിന്റെ ബോഡി ഐ.സി.യുവില്‍ എത്തിച്ചാണ് നൗഷാദിക്കയെ കാണിച്ചത്. വെന്റിലേറ്ററിൽ നിന്നു മാറ്റിയാൽ ഇക്കയ്ക്കും എന്തും സംഭവിക്കാം. പ്രാർഥനയോടെ എല്ലാവരും ഒപ്പമുണ്ട്. പന്ത്രണ്ട് വയസ്സുകാരി ഒരു മകളാണ് ഇക്കയ്ക്ക്’’.– ബാദുഷ പറയുന്നു.

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്.

ADVERTISEMENT
ADVERTISEMENT