Thursday 24 March 2022 12:22 PM IST

‘അമ്മ പഠിപ്പിച്ചാലേ മനസിലാകൂ എന്നവൻ പറയും, അന്നേരം ഞാൻ കൂടെയിരിക്കും’: തിരിച്ചു വരവിൽ നവ്യ പറയുന്നു

Rakhy Raz

Sub Editor

navya-nair-fam നവ്യ നായർ, ഫോട്ടോ: സരുൺ മാത്യു

നാലുവര്‍ഷം മുന്‍പ് ‘വനിത’യിൽ സൗമ്യ എന്ന ധീരയായ പെൺകുട്ടിയുെട അനുഭവങ്ങള്‍ ഉൾപ്പെടുത്തിയിരുന്നു. മാല െപാട്ടിച്ചോടിയ കള്ളന്മാരെ പിന്തുടര്‍ന്നു പിടിച്ചു പൊലീസില്‍ ഏല്‍പ്പിച്ച സൗമ്യ അതോെട മിന്നുന്ന താരമായി. െചറുപ്പത്തില്‍ െപാലീസ് ആകണമെന്ന് ആഗ്രഹിച്ചു നടന്ന ആ കരുനാഗപ്പള്ളിക്കാരി പൊലീസുകാര്‍ക്കു പോലും പ്രിയപ്പെട്ടവളായി. സൗമ്യയുടെ അനുഭവങ്ങളുെടയുള്ളില്‍ ഒരു സിനിമയ്ക്കുള്ള കഥാതന്തു ഉറങ്ങിക്കിടക്കുന്നുെണ്ടന്ന് ആദ്യം തിരച്ചറിഞ്ഞത് തിരക്കഥാകൃത്ത് സുരേഷ് ബാബു ആണ്. കഥ പൂര്‍ത്തിയായി മറ്റു തയാറെടുപ്പുകള്‍ തുടങ്ങിയപ്പോള്‍ സൗമ്യയുടെ കഥാപാത്രം ആരു ചെയ്യും എന്നതായി ചോദ്യം. നവ്യ നായരുെട മുഖവും രൂപവും ആണ് ഏവരുെടയും മുന്നിലെത്തിയത്. നവ്യ സിനിമയില്‍ നിന്നൊക്കെ അകന്നു മുംെെബയിലാണ്. ഇനിയും സിനിമയിലേക്കു വരുമോ, അഭിനയിക്കുമോ എന്നൊന്നും ഒരുറപ്പും ഇല്ല. ഇതാണ് കഥ ഇതുവരെ. ബാക്കി നവ്യ തന്നെ പറയട്ടെ...

navya-nair-soumya-real-shero-oruthi-sheroine

സൗമ്യയെക്കുറിച്ചു വനിതയിലൂടെ വായിച്ചറിഞ്ഞിരുന്നെങ്കിലും നേരിട്ട് കാണുന്നത് സിനിമയുടെ ഷൂട്ട് കഴിഞ്ഞാണ്. ആ കുട്ടിക്ക് എന്നോടു സംസാരിക്കാൻ വലിയ പേടിയായിരുന്നു. കുറച്ചു നേരം സംസാരിച്ചപ്പോൾ ആൾ കൂളായി. കുറേ അനുഭവങ്ങൾ പറഞ്ഞു. പ്രതിസന്ധികളുടെ സമയത്താണ് െപണ്ണിെന്‍റ എല്ലാ കരുത്തും അവളില്‍ നിറയുക. പ്രതിസന്ധികളിൽ സ്വയം ഉയരാനുള്ള സ്ത്രീകളുടെ കഴിവ് തന്നെയായിരിക്കും അവരുടെ ഏ റ്റവും വലിയ ശക്തി.

navya-nair-soumya-real-shero-oruthi സൗമ്യയും നവ്യയും

എന്റെ ‘ചിന്നംചിരു കിളിയേ’ എന്ന ഡാൻസ് വിഡിയോ റിലീസ് ചെയ്യാന്‍ തിരുവനന്തപുരത്തു വന്നപ്പോഴാണ് കഥ പറയാന്‍ വേണ്ടി സുരേഷ് ബാബുവിന്റെ കോൾ വരുന്നത്. നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് ഇടയ്ക്കു നാട്ടിൽ വരുമ്പോൾ കഥകൾ കേൾക്കാറുണ്ടായിരുന്നു. സിനിമയിലേക്കൊരു തിരിച്ചുവരവ് ഞാനാഗ്രഹിച്ചിരുന്നു. വ്യത്യസ്തമായ കഥ, കഥാപാത്രം ഒക്കെയാണ് മനസ്സിലുള്ളത്. സുരേഷ് ബാബു പറഞ്ഞ കഥ വളരെ ഇഷ്ടമായി. ശക്തമായ സ്ത്രീകഥാപാത്രം. നല്ലൊരു തിരിച്ചുവരവ് സാധ്യമാകുമെന്നു തോന്നി. അതിനിടയിൽ കോവിഡും ലോക്ഡൗണും വന്നു. പല സിനിമകളുെടയും കഥകള്‍ കേട്ടു. പക്ഷേ, തൃപ്തി വരാതെ േവണ്ടെന്നു വച്ചു. അങ്ങനെ വീണ്ടും സൗമ്യയിലേക്കു വന്നു. ‘ഒരുത്തീ’ എന്ന ജ്വലിക്കുന്ന േപര് തന്നെ ഇഷ്ടമായി. വി. കെ. പ്രകാശാണ് സംവിധായകന്‍ എന്നതറിഞ്ഞതോെട ഏറെ സന്തോഷമായി. അക്ബർ ട്രാവൽസിന്റെ നാസറിക്ക കഥ പോലും കേൾക്കാതെ നിര്‍മാണവും ഏറ്റെടുത്തു.

ഭർത്താവിനൊപ്പം മുംബൈയിലേക്കു പോയെങ്കിലും കേരളവുമായുള്ള ബന്ധം നവ്യ ഉപേക്ഷിച്ചിരുന്നില്ല?

മുംബൈയിലാണെങ്കിലും നൃത്തപരിപാടികളുമായി ബന്ധപ്പെട്ടും മറ്റും എല്ലാ മാസവും കേരളത്തിലെത്തുമായിരുന്നു. ഭർത്താവ് സന്തോഷ് സ്പൈസസ് എക്സ്പോർട്ടർ ആണ്. വിവാഹം കഴിഞ്ഞ് വൈകാതെ വാവയുണ്ടായി. സായി എന്നാണ് പേര്. മോൻ ചെറുതായിരിക്കുമ്പോൾ തൊട്ട് നൃത്തപരിപാടികൾ ചെയ്യാൻ തുടങ്ങി. നൃത്തപരിപാടികൾക്ക് പോകുമ്പോൾ മോനെയും കൊണ്ട് അമ്മ പിൻസ്റ്റേജിൽ ഉണ്ടാകും. കഴിഞ്ഞ രണ്ടു വർഷമായി വളരെ ശ്രദ്ധയോടെ തന്നെ നൃത്തപരിശീലനം തുടരുന്നുണ്ട്. എന്റെ അച്ഛൻ രാജുവും അമ്മ വീണയും സിനിമയിലേക്കുള്ള എന്റെ തിരിച്ചുവരവ് ഏറെ ആഗ്രഹിച്ചിരുന്നു. അവരുടെ പ്രോത്സാഹനം കിട്ടിയപ്പോൾ ഇനി വൈകേണ്ട എന്നു കരുതി. തുടർന്നും നല്ല സിനിമകള്‍ ചെയ്യണം. നൃത്ത പരിപാടികളും വേണം.

ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് വരുമ്പോൾ?

വിവാഹ ശേഷം ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന സിനിമയിലഭിനയിച്ചു. ‘ദൃശ്യം’ കന്നഡ റീമേക്ക് ചെയ്തു. പത്തു വര്‍ഷം മുന്‍പാണത്. പിന്നീട് ഇപ്പോഴാണ് എന്റെയൊരു സിനിമ കേരളത്തില്‍ തിയറ്ററുകളില്‍ വരുന്നത്. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചുവരവ് തന്നെയാണ്. കാരണം, ഞാൻ സിനിമ ചെയ്തിരുന്ന കാലത്തു നിന്നു സിനിമ ഏറെ മാറി. തിയറ്ററിനൊപ്പം ഒടിടി റിലീസുമായി. പൂർണമായും മാറിയ പുതിയ സിനിമാ കാലഘട്ടത്തിലേക്കാണ് ഞാൻ തിരിച്ചുവന്നിരിക്കുന്നത്. എനിക്കിതെല്ലാം പുതിയ അനുഭവമാണ്.

കന്നഡയിൽ ‘ദൃശ്യം’ ചെയ്തപ്പോൾ മലയാളത്തിൽ മീനയ്ക്ക് കിട്ടിയതുപോലെ സ്വീകാര്യത കിട്ടിയോ ?

പി. വാസു സാർ വലിയ ഡയറക്ടറാണ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ എന്തുകൊണ്ടോ ജോഷി സാറിനെ ഓർമവരും. അദ്ദേഹത്തിെന്‍റ സംവിധാനം, പിന്നെ ‘ദൃശ്യം’ പോലെ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഒരു ചിത്രം ചെയ്യാനാകുക. ഇതു രണ്ടും പ്രധാനമായിരുന്നു. പ്രേക്ഷകരില്‍ നിന്നു വളരെ നല്ല പ്രതികരണമാണു കിട്ടിയത്.

നവ്യ രസങ്ങൾ എന്ന ഓർമയെഴുത്ത് ഏറെ സ്വീകരിക്കപ്പെട്ടു. എഴുത്തുവഴിയിലെ നവ്യ എവിടെ നിൽക്കുന്നു?

എഴുതാൻ ഒരുപാടുണ്ട്. എഴുതാൻ തോന്നലുമുണ്ട്. നേരം കിട്ടുന്നില്ല. ഓർമയെഴുതണമെങ്കിൽ നമ്മൾ ഇടയ്ക്ക് ഒാർമ വരുന്ന കാര്യങ്ങൾ എഴുതി സൂക്ഷിക്കണം. ഇല്ലെങ്കിൽ ഓർമകൾ ചിലപ്പോൾ മാഞ്ഞുപോകും. കുട്ടിക്കാലത്തുള്ള അനുഭവങ്ങളൊക്കെ നല്ല ഓർമയുണ്ടാകും. ഇടയ്ക്കുള്ള കാര്യങ്ങളാണ് മറന്നു പോകുന്നത്. പുസ്തകപ്രകാശനവും നല്ലൊരു ഓർമയാണ്. സുഗതകുമാരി ടീച്ചറിനെ വളരെ ഇഷ്ടമായതുകൊണ്ട് ടീച്ചർ അതു െചയ്യണമെന്നായിരുന്നു മോഹം. ഞാനും സന്തോഷേട്ടനും മോനും കൂടി ടീച്ചറെ കാണാന്‍ പോയി. അന്നവിടെ ടീച്ചർ ഏറ്റെടുത്ത ഒരു കുട്ടിയുണ്ടായിരുന്നു. ഞങ്ങൾ കുറച്ചു ലഡ്ഡു കൊണ്ടുപോയിരുന്നു. അതു വിതരണം ചെയ്തു വന്നപ്പോൾ എന്റെ മോന് കിട്ടിയില്ല. ‘വേണ്ട’ എന്നവന്‍ ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ, എല്ലാവരും കഴിക്കുന്നതു കണ്ടപ്പോൾ അവനും വേണമെന്നായി. അവിടെ ഉണ്ടായിരുന്ന കുട്ടി, കഴിച്ച തിന്റെ പാതി മോന് കൊടുക്കുകയും എന്നോടു സമ്മതം ചോദിച്ചശേഷം അവനതു കഴിക്കുകയും ചെയ്തു. പുസ്തകപ്രകാശനത്തിനു വന്നു സംസാരിച്ചപ്പോള്‍ ടീച്ചര്‍ ഈ സംഭവം പ്രസംഗത്തില്‍ സൂചിപ്പിച്ചു. മകനെ തടയാതിരുന്നപ്പോള്‍ എന്റെ മനസ്സിന്റെ നന്മ കണ്ടു എന്നു ടീച്ചർ പറഞ്ഞു. ഞാൻ കരഞ്ഞുപോയി.

navya-nair സുഗതകുമാരി ടീച്ചർക്കൊപ്പം നവ്യ (ഫയൽ ചിത്രം)

എളുപ്പം കരച്ചില്‍ വരുന്നയാളാണ് ഞാന്‍. പണ്ട് കലാതിലകം കിട്ടാതെ പോയപ്പോള്‍ മാധ്യമങ്ങളുെട മുന്നില്‍ കരഞ്ഞുപോയതും അതുകൊണ്ടാണ്. കലയുടെ ലോകത്ത് ഇപ്പോള്‍ നല്ലൊരു ഇടം എനിക്കു കിട്ടിയിട്ടുണ്ട്. അതുകൊണ്ടു പഴയതോര്‍ത്തു സങ്കടവും പിണക്കവും ഒന്നും ഇല്ല. കണ്ണു നനഞ്ഞ പല ഓർമകളും പിന്നീട് നമ്മെ ചിരിപ്പിക്കും. അതുപോലൊന്നാണ് കലാതിലകം നഷ്ടപ്പെട്ട ഓർമയും. എനിക്ക് പെട്ടെന്ന് സങ്കടം വരും. സിനിമയിൽ അതു വളരെ ഗുണമാണ്. കഥാപാത്രത്തിന്റെ സങ്കടത്തിലേക്ക് പെട്ടെന്നിറങ്ങിച്ചെല്ലാനും ഉള്ളു കൊണ്ട് അനുഭവിക്കാനും പറ്റും. ‘ഒരുത്തീ’ എന്ന സിനിമയില്‍ ഒന്നരലക്ഷം രൂപ വിലയുള്ള ഒരു ബില്ല് നഷ്ടപ്പെട്ട് തേടുന്ന രംഗമുണ്ട്. സാധാരണക്കാരിയായ വീട്ടമ്മയ്ക്ക് ഇത്ര വലിയ തുക നഷ്ടപ്പെടുന്നത് ആലോചിച്ചപ്പോൾ തന്നെ നെഞ്ചുനീറി. അവിടെ പിന്നെ, അഭിനയിക്കേണ്ടി വന്നില്ല എന്നതാണു സത്യം. ‘ഇഷ്ടം’ സിനിമയുടെ കാലത്ത് എങ്ങനെ അഭിനയിക്കണം എന്നു പറഞ്ഞു തന്ന വേണു അങ്കിൾ, സുഗതകുമാരി ടീച്ചർ, സിനിമയില്‍ വന്നപ്പോള്‍ മുതല്‍ അമ്മയുെട സ്നേഹവാത്സല്യങ്ങളോെട ഉപദേശങ്ങള്‍ തന്ന ലളിതചേച്ചി ഇവരെയൊന്നും ഇനി കാണാനാകില്ല എന്നത് സങ്കടപ്പെടുത്തുന്നുണ്ട്.

സ്വന്തം അഭിപ്രായം പറയുന്നു എന്നതിന്റെ പേരിൽ എന്നെ അഹങ്കാരിയായാണ് പലരും കണ്ടിട്ടുള്ളത്. ഇന്ന് കാലം മാറി. പ്രായത്തിനല്ല, അഭിപ്രായത്തിന്റെ മൂല്യത്തിനാണ് പ്രാധാന്യം. പണ്ട് അങ്ങനെ ആയിരുന്നില്ല. അഹങ്കാരി എന്നൊക്കെ നമുക്ക് തോന്നുന്ന പലരുടെയും ഉള്ളിൽ നന്മ ഉണ്ടാകും. അഹങ്കാരം ഉണ്ട് എന്നത് പലരുടെയും തോന്നൽ മാത്രമായിരിക്കും. എന്നെ മനസ്സിലാക്കാൻ വളരെ കുറച്ചു നേരം കൊണ്ട് സുഗതകുമാരി ടീച്ചർക്ക് അന്നു കഴിഞ്ഞു.

നവ്യ കൂടെയിരുന്ന് പഠിപ്പിക്കണം എന്നൊക്കെയുണ്ടോ മകന്?

അവനിപ്പോള്‍ അഞ്ചാംക്ലാസ്സിലായി. നന്നായി പഠിച്ചോളും. അതുെകാെണ്ടെനിക്കു പഠിപ്പിക്കാന്‍ നടക്കുന്നതിെന്‍റ ബുദ്ധിമുട്ടുകളുമില്ല. അമ്മ പഠിപ്പിച്ചാലേ മനസ്സിലാകൂ എന്നൊക്കെ ഇടയ്ക്കു പറയും. ചിലപ്പോള്‍ ഞാൻ കൂടെയിരിക്കും.

മഞ്ജു വാരിയർ സിനിമയിലേക്കു മടങ്ങി വരും മുന്‍പ് അധ്യാപികയെ വച്ചു നൃത്തം വീണ്ടും പഠിച്ചു. നവ്യയോ?

നൃത്തം ഇപ്പോഴും പഠിക്കുന്നുണ്ട്. മനു മാഷാണ് ഗുരു. നൃത്തപഠനത്തിനായി മാത്രം ഒരിക്കൽ പോലും മുടങ്ങാതെ കൊച്ചിയിൽ വന്നു പോകുന്നു. നൃത്തം കാട് പോലെയാണ്. കാടറിയാവുന്നൊരാൾ കൂടെയുണ്ടാകേണ്ടത് അത്യാവശ്യമാണ്. കാടറിയാതെ തനിച്ചു പോയാൽ പ്രശ്നങ്ങളിൽപ്പെടാം എന്നതുപോലെ തന്നെയാണ് കലയിലും. ഗുരു വെളിച്ചമാണല്ലോ.

സിനിമയില്‍ ആരുമായാണ് ഏറ്റവും സൗഹൃദം?

ഏറ്റവും ഇഷ്ടപ്പെട്ട നടി ഉർവശിയാണ്. മഞ്ജു ചേച്ചി അന്നും ഇന്നും പ്രചോദനമേകുന്നുണ്ട്. നടി എന്ന നിലയിലും വ്യക്തിപരമായും. മഞ്ജുച്ചേച്ചിയുടെ അടുത്ത സുഹൃത്തായിരിക്കില്ല ഒരുപക്ഷേ, ഞാൻ. എങ്കിലും, എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മഞ്ജു ചേച്ചി. എന്തു കാര്യത്തിനും പോസിറ്റീവ് ആയി സപ്പോർട്ട് ചെയ്യുന്ന വ്യക്തി.

navya

മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനുമായും ഏറെ അടുപ്പമാണെന്നു കേട്ടിട്ടുണ്ട്?

വിജയന്‍ സാര്‍ മുഖ്യമന്ത്രി ആകുന്നതിനു മുന്‍പേ തുടങ്ങിയ അടുപ്പമാണ് അത്. എന്റെ കല്യാണ സമയത്താണ് ആന്‍്റിയെ പരിചയപ്പെടുന്നതും അടുപ്പം തുടങ്ങുന്നതും. എന്തോ എന്നെ ഒരുപാട് ഇഷ്ടമാണ് ആന്‍്റിക്ക്. വീണയുടെ മോൻ കെഗു എന്റെ ചക്കരയാണ്. തിരുവനന്തപുരത്തെത്തുമ്പോഴെല്ലാം ആന്റിയെ കാണാന്‍ പോകും. കുറച്ചു നേരം അവിടെ ചെലവഴിക്കും. രാഷ്ട്രീയമൊന്നും ഞങ്ങള്‍ക്കിടയിലില്ല. അതിനൊക്കെ അതീതമായ ബന്ധം. അമ്മയോടു തോന്നുന്ന സ്നേഹമാണ് എനിക്ക് കമലആന്‍്റിയോട്.

ഗുരുവായുരപ്പൻ ഭക്തി വീട്ടിൽ നിന്നു കിട്ടിയതാണോ?

അച്ഛനും അമ്മയും കടുത്ത ഗുരുവായൂരപ്പൻ ഭക്തരാണ്. കുറച്ചു പണം സ്വരൂപിച്ച് ഗുരുവായൂര് സ്ഥലം വാങ്ങണം എന്നായിരുന്നു അവരുെട ആഗ്രഹം. എന്നും ഗുരുവായൂരപ്പനെ തൊഴാമല്ലോ എന്നതായിരുന്നു ആ മോഹത്തിനു പിന്നില്‍. സിനിമയിൽ നിന്നു കിട്ടിയ ആദ്യ വരുമാനം കൊണ്ട് ഞാൻ ഗുരുവായൂരിൽ ഒരു ഫ്ലാറ്റ് വാങ്ങി. ഇപ്പോഴും എല്ലാ മാസവും ഗുരുവായൂര്‍ പോയി തൊഴും. ‘ഒരുത്തി’യുടെ തിരക്കുകള്‍ക്കിടയില്‍ പോലും ഗുരുവായൂർ ദർശനം മുടക്കിയില്ല.