Friday 20 November 2020 12:09 PM IST

വക്കീലാകാൻ പഠിക്കുന്നതിനിടെ ‘ഐ.പി.എസ്’ ആയി! മനീഷയുടെ മകൾ ഇനി സാന്ദ്ര ഐ.പി.എസ്

V.G. Nakul

Sub- Editor

n6

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് മഴവിൽ മനോരമയിലെ ‘ചാക്കോയും മേരിയും’. ഇപ്പോഴിതാ, കഥാഗതിയിൽ നിർണായക സ്വാധീനമായി മറ്റൊരു കഥാപാത്രം കൂടി പരമ്പരയുടെ ഭാഗമായിരിക്കുന്നു – സാന്ദ്ര ഐ.പി.എസ്. സുന്ദരിയായ യുവ പൊലീസുകാരി. നീരദ ഷീൻ ആണ് സാന്ദ്ര ഐ.പി.എസ് ആയി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കാണികളുടെ മനസ്സ് കവർന്നിരിക്കുന്നത്.

ജനപ്രിയ പരമ്പര ‘തട്ടീംമുട്ടീ’മിലെ വാസവദത്ത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ, ഗായിക കൂടിയായ മനീഷയുടെ മകളാണ് നീരദ.

‘പ്രിയരെ .... വീണ്ടും ഒരു സന്തോഷ വർത്തമാനം ... എന്റെ മകൾ നീരദ ഷീൻ മഴവിൽ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിൽ സാന്ദ്ര ഐ.പി.എസ് എന്ന വേഷം കൈകാര്യം ചെയ്യുന്നുണ്ട് .. ഇന്ന് മുതൽ വന്നു തുടങ്ങി .. ഏവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകും എന്ന് കരുതുന്നു …’.– എന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മനീഷയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചതും.

ഇപ്പോഴിതാ, അഭിനയ വഴിയിലെ വിശഷങ്ങളെക്കുറിച്ച് നീരദ ‘വനിത ഓൺലൈനി’ൽ മനസ്സ് തുറക്കുന്നു.

n4

തുടക്കക്കാരിയല്ല

സത്യത്തിൽ ‘ചാക്കോയും മേരിയും’ എന്റെ ആദ്യ സീരിയൽ അല്ല. 2 വർഷം മുമ്പ് ഞാൻ ‘ജാഗ്രത’ എന്ന ഒരു ആന്തോളജി സീരിയലിൽ, രണ്ടു കഥകളിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതു കഴിഞ്ഞ് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ബാംഗ്ലൂർ ആർ.വി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ 3–ാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിയാണ്.

കോവിഡ്–ലോക്ക് ഡൗൺ കാലത്ത് നാട്ടിൽ എത്തി, 8 മാസത്തോളം നീണ്ട അവധി വന്നപ്പോഴാണ് ‘ചാക്കോയും മേരിയി’ൽ അവസരം കിട്ടിയത്. പരമ്പരയുടെ നിർമാതാവ് കുടുംബ സുഹൃത്താണ്. അദ്ദേഹം നിർബന്ധിച്ചപ്പോൾ ചെയ്യാം എന്നു തീരുമാനിക്കുകയായിരുന്നു. നല്ല കഥാപാത്രം എന്നതും പ്രധാന ഘടകമായിരുന്നു.

n5

പാഷൻ മറ്റൊന്ന്

എന്റെ പാഷൻ വക്കീൽ ജോലിയാണ്. അഭിനയം തൽക്കാലം ഒരു ഉടവേളപ്പരിപാടി മാത്രമാണ്. സത്യത്തില്‍ അഭിനയത്തോടും സിനിമയോടുമൊക്കെ എന്നെക്കാൾ കൂടുതൽ താൽപര്യം ചേട്ടനും അമ്മയ്ക്കുമാണ്. ചേട്ടന്‍ നിതിൻ വിഷ്വൽ കമ്യൂണിക്കേഷൻ ആണ് പഠിച്ചത്. അഭിനയത്തോട് എനിക്കും ചെറുപ്പം മുതലേ താൽപര്യമുണ്ടെന്നത് സത്യം.

n2

സ്വന്തം പേരിൽ അറിയണം

അഭിനേതാക്കളുടെ ബന്ധങ്ങൾ വഴി മക്കൾ അഭിനയരംഗത്തേക്കു വരുന്നു എന്നത് ഏറെക്കുറേ സത്യമാണ്. അമ്മയുടെ ബന്ധങ്ങൾ കാരണമാണ് എനിക്കും ഈ ചാൻസ് കിട്ടിയത്. പക്ഷേ, എക്കാലവും അങ്ങനെ മുന്നോട്ടു പോകണമെന്നും അറിയപ്പെടണമെന്നും ആഗ്രഹമില്ല. കഴിവും കഠിനാധ്വാനവും കാരണം ആളുകൾ എന്നെ പരിഗണിക്കണം, അംഗീകരിക്കണം, അവസരങ്ങൾ ലഭിക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനായാണ് ശ്രമിക്കുന്നതും.

n3

ഇത്ര കരുതിയില്ല

പൊലീസ് വേഷങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാനും വിജയിപ്പിക്കാനും കുറച്ച് പ്രയാസമാണ്. സത്യത്തിൽ ഷൂട്ടിന് ഒരു ദിവസം മുമ്പാണ് വിളിച്ച് കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. കേട്ടപ്പോൾ വലിയ സന്തോഷമായി. പൊലീസ് റോളാണ്, നല്ല ക്യാരക്ടറാണ് എന്നതിൽ കവിഞ്ഞ് അത് അഭിനയിച്ച് ഫലിപ്പിക്കുന്നതിലെ റിസ്കിനെക്കുറിച്ച് ചിന്തിച്ചില്ല. അഭിനയിച്ച് തുടങ്ങിയപ്പോഴാണ് അതിന്റെ ഉത്തരവാദിത്വം മനസ്സിലായത്. ഇതിനോടകം എന്റെ 7എപ്പിസോഡ് വന്നു. സംവിധായകനും ഒപ്പം അഭിനയിക്കുന്നവരുമൊക്കെ നല്ല അഭിപ്രായം പറഞ്ഞു. തുടക്കമല്ലേ കുഴപ്പമില്ല എന്നാണ് അമ്മ പറയുന്നത്. എനിക്ക് പൂർണ തൃപ്തി കിട്ടിയിട്ടില്ല.

n1

കുടുംബം

തൃശൂർ കുര്യച്ചിറ ആണ് നാട്. അച്ഛൻ ഷീൻ ജോർജ് അബുദാബിയിൽ ജോലി ചെയ്യുന്നു. അദ്ദേഹവും ഒരു ഗായകനാണ്. ക്ലാസ് വീണ്ടും തുടങ്ങുമ്പോൾ കൂടുതൽ അവധി എടുക്കാതെ സീരിയൽ കൂടി ഒപ്പം കൊണ്ടു പോകാനാണ് തീരുമാനം. ഭാവിയിൽ നല്ല റോളുകളുമായി സിനിമയിലും സജീവമാകണം എന്നാണ് ആഗ്രഹം.

അമ്മയ്ക്ക് ‘തട്ടീം മുട്ടീം’ ആണ് ബ്രേക്ക് ആയത്. ഈ സന്തോഷം നിലനിൽക്കട്ടേ എന്നാണ് പ്രാർഥന.