‘രാത്രിമഴ’ യിലെ സുധിയായും ‘മൂന്നുമണി’ യിലെ രവിയായും കുടുംബപ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ മിനിസ്ക്രീന്‍ താരമാണ് നിരഞ്ജൻ നായർ. ചുരുങ്ങിയ കാലത്തിനിടെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും സീരിയൽ രംഗത്തെ മുൻനിരയിലേക്കെത്തിയ താരം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു കാലത്തിലൂടെയാണ് താരം ഇപ്പോൾ കടന്നു പോകുന്നത്. ആദ്യത്തെ കൺമണിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ നിരഞ്ജനും ഭാര്യ ഗോപികയും. അഞ്ച് മാസം ഗർഭിണിയാണ് ഗോപിക.
എന്നാൽ ആ സന്തോഷത്തിനിടയിലും നടനെന്ന നിലയിലും വ്യക്തി എന്ന നിലയിലും കടുത്ത പരിഹാസങ്ങളും അനാവശ്യ വിമർശനങ്ങളും നേരിടേണ്ടി വന്നിരിക്കുകയാണ് നിരഞ്ജന്. ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് ആസൂത്രിതമെന്ന പോലെ നിരഞ്ജനെതിരെ ബോഡി ഷെയ്മിങ് ഉൾപ്പടെയുള്ള ആക്രമണങ്ങൾ നടക്കുകയായിരുന്നു. തുടക്കത്തിൽ വലിയ ഗൗരവം കൊടുത്തില്ലെങ്കിലും തന്നെ പിന്തുണയ്ക്കുന്നവർക്കെതിരെയും മോശം പരാമർശങ്ങളുണ്ടായതോടെ താരം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

‘എന്താ തടിയുള്ളവർ അഭിനയിക്കാൻ പാടില്ലേ..ജീവിക്കാൻ പാടില്ലേ..അങ്ങനെ ഉള്ളവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവസരം കൊടുക്കണം ഹേ.. മെലിഞ്ഞവർക്ക് മാത്രമല്ല ഈ ഭൂമി.. അതെ ഞാനും തടിയൻ തന്നെയാ..എന്തെ അതിന്റെ പേരിൽ നിങ്ങൾ വെറുക്കുവോ..എങ്കിൽ വെറുത്തോളു...നമ്മളെയും സ്നേഹിക്കുന്നവർ ഈ ഭൂമിയിൽ ബാക്കിയുണ്ടെന്നേ..’.– എന്നാണ് നിരഞ്ജൻ കുറിച്ചത്. മറ്റൊരു പോസ്റ്റിൽ ‘അഴുക്കു വെള്ളത്തിൽ കിടക്കുന്നത് അഭിമാനമായി കരുതുന്ന ചിലർ’ സ്വന്തം മുഖം മറച്ചു വെച്ചു കൊണ്ട്, സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ ആളുകളെ ആക്രമിക്കാനായി പതിയിരിക്കുന്ന ജീവികളെ എന്താണ് വിശേഷിപ്പിക്കേണ്ടത് ?’ എന്നും താരം കുറിച്ചു.
‘‘ഇപ്പോൾ ഞാൻ അഭിനയിക്കുന്ന സീരിയലുമായി ബന്ധപ്പെട്ടാണ് ഒരാള്‍ യൂ ട്യൂബില്‍ പരിഹാസവുമായി എത്തിയിരിക്കുന്നത്. എനിക്ക് അഭിനയമറിയില്ല, പൊണ്ണത്തടിയനാണ് എന്നൊക്കെയാണ് പരിഹാസം. ആദ്യം ഞാൻ വലിയ ഗൗരവം കൊടുത്തില്ല. ശ്രദ്ധിക്കാം, താങ്ക്സ് എന്നൊക്കെ പറഞ്ഞൊഴിഞ്ഞു. എന്നാൽ അയാളുടെ പോസ്റ്റിനു താഴെ എന്നെ സ്നേഹിക്കുന്ന ചിലർ എനിക്കു പിന്തുണയുമായി എത്തിയതോടെ അയാൾ അവർക്കെതിരെയും തിരിഞ്ഞു. മോശം സംസാരം തുടങ്ങി. അതോടെയാണ് എനിക്ക് പ്രതികരിക്കണമെന്ന് തോന്നിയത്. എനിക്കെതിരെ കൃത്യമായ ആസൂത്രണത്തോടെ ആക്രമണം നടത്തുന്നതായി തോന്നി. മാത്രമല്ല, അയാളുടെ കമന്റുകൾ പലതും എന്റെ ശരീരത്തെ പരിഹസിക്കുന്നതാണ്. നായകന് മസിലാണ് വേണ്ടതത്രേ. അതിന്റെയൊക്കെ സ്ക്രീൻ ഷോട്ടുകൾ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. അതിനു താഴെ മറ്റു ചിലരും അത്തരത്തിൽ എന്റെ ശരീരഭാഷയെ പരിഹസിച്ചിട്ടുണ്ട്. ഞാൻ ഒന്നു ചോദിച്ചോട്ടേ, വണ്ണമുള്ളവർക്കും ഇവിടെ ജീവിക്കേണ്ടേ. എന്നെ പിന്തുണച്ചവരെ പരിഹസിച്ചതാണ് എന്നെ കൂടുതൽ വേദനിപ്പിച്ചത്. അവർക്കു വേണ്ടിയാണ് ഞാൻ പ്രതികരണവുമായി എത്തിയത്. ഇത്ര കാലം ഞാൻ അഭിനയിക്കുന്നു. ഇതുവരെ ഇത്തരമൊരു ആക്രമണം നേരിട്ടിട്ടില്ല. എനിക്ക് വണ്ണം കൂടുന്ന എന്തെങ്കിലും അസുഖമുണ്ടെങ്കില്‍, ഇയാള്‍ എന്തറിഞ്ഞിട്ടാണ് ഈ സംസാരിക്കുന്നത്. മറ്റൊരാളുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിക്കാതെയാണല്ലോ ഈ പെരുമാറ്റം’’. – നിരഞ്ജൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘എന്തായാലും ഇത്തരം പരിഹാസങ്ങളെ ഭയന്ന് തടി കുറയ്ക്കാൻ ഞാൻ തയാറല്ല. എനിക്ക് തോന്നി, എന്റെ ആരോഗ്യത്തിന് വേണ്ടി കുറയ്ക്കുകയോ കൂട്ടുകയോ ചെയ്തെന്നിരിക്കും. അത് എന്റെ താൽപര്യം. മാത്രമല്ല, എന്റെ അഭിനയത്തെക്കുറിച്ച് പറയേണ്ടതും ഒരാളല്ലല്ലോ. ഈ സംഭവത്തിനു ശേഷം എനിക്കു വന്ന മെസേജുകളൊക്കെ വലിയ ഊർജം പകരുന്നവയാണ്. അതാണ് എന്റെ കരുത്ത്’’. – നിരഞ്ജന്‍ പറയുന്നു.