Wednesday 03 March 2021 11:26 AM IST

പറഞ്ഞതിനും 1 മാസം മുൻപേ അവൻ എത്തി, തൂക്കം കുറവായിരുന്നതിനാൽ ഒരുപാട് ഭയന്നു! ‘ക്രിസ്മസ് ബേബി’യെക്കുറിച്ച് നിയ

V.G. Nakul

Sub- Editor

n1

മലയാളി കുടുംബപ്രേക്ഷകരുടെ ‘കല്യാണി’യാണ് നിയ. ആദ്യ സീരിയലിലൂടെ വലിയ ജനപ്രീതിയും ആരാധക പിന്തുണയും സ്വന്തമാക്കിയ നിയ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ ശേഷമാണ് വിവാഹത്തോടെ ഒരു ചെറിയ ബ്രേക്ക് എടുത്തത്. രണ്ടര വർഷത്തോളം മാറി നിന്ന ശേഷം മടങ്ങി വന്നപ്പോഴും നിയയെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. വീണ്ടും അഭിനയ ജീവിതത്തിൽ നിന്നു വിട്ട്, കുടുംബത്തോടൊപ്പം ലണ്ടനിൽ താമസിക്കുന്ന നിയ ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ്. 2020 ഡിസംബര്‍ 25 നാണ് നിയയ്ക്കും ഭർത്താവ് രഞ്ജിത്തിനും രണ്ടാമത്തെ കുഞ്ഞായി മകന്‍ ജനിച്ചത്. രോഹിത് ആണ് ദമ്പതികളുടെ മൂത്ത മകൻ.

മകന്‍ ജനിച്ച്, രണ്ടുമാസം കഴിഞ്ഞ്, കഴിഞ്ഞ ദിവസമാണ് ഈ സന്തോഷം നിയ ആരാധകർക്കായി പങ്കുവച്ചത്. മകന്റെ ചിത്രങ്ങളും രണ്ടു മാസത്തെ വിശേഷങ്ങളും ഒരു വിഡിയോയിലൂടെ നിയ പ്രേക്ഷകർക്ക് സമ്മാനിച്ചു.

ഇപ്പോഴിതാ, ഇളയ മകന് ഭരതിന്റെ കൂടുതൽ വിശേഷങ്ങൾ ‘വനിത ഓൺലൈനിലൂടെ’ വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് താരം.

n4

‘‘ജനുവരി 14 ആയിരുന്നു ഡേറ്റ്. പക്ഷേ, ആൾ നേരത്തെ ഇങ്ങു പോന്നു. അതോടെ ഞങ്ങൾ ചെറുതായി ഒന്നു പേടിച്ചു. തൂക്കം കുറവായിരുന്നു. അതാണ് സന്തോഷം പങ്കുവയ്ക്കാൻ വൈകിയത്. ഇപ്പോൾ കക്ഷി ഫുൾ എനർജിയിലും ആരോഗ്യത്തിലുമാണ്. പിന്നെ കൊറോണക്കാലവുമല്ലേ. അതിന്റെ സുരക്ഷാ മുൻകരുതലുകളും എടുത്തിരുന്നു’’. – നിയയുടെ വാക്കുകളിൽ അമ്മയുടെ നിറവ്.

‘‘ഞാനും ഭർത്താവും മോനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ മൂന്നാളും ചേർന്നാണ് എല്ലാ കാര്യങ്ങളും നോക്കിയത്. കോവിഡ് ആയതിനാൽ നാട്ടിൽ നിന്ന് ആർക്കും സഹായത്തിന് എത്താന്‍ സാധിച്ചില്ല.

ക്രിസ്മസ് ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദിവസം. ഒരിക്കലും ‍ഞാൻ കരുതിയില്ല, എനിക്കൊരു ക്രിസ്മസ് ബേബിയെ കിട്ടുമെന്ന്. ഇപ്പോള്‍ അവന്റെ ചിരിയാണ് ഞങ്ങളുടെ സന്തോഷം. ഭരത് എന്നാണ് പേരിട്ടിരിക്കുന്നത്. ചക്കു എന്ന് വീട്ടിൽ വിളിക്കും’’. – നിയ പറയുന്നു.

n3

തുടക്കം തെലുങ്കിൽ

2004 ൽ കോളജിൽ പഠിക്കുമ്പോൾ ചാനലിൽ അവതാരകയായിട്ടാണ് തുടക്കം. തൊട്ടടുത്ത വർഷം പപ്പയുടെ സുഹൃത്തായ ക്യാമറാമാൻ സാജൻ കളത്തിൽ വഴി, ‘മിസിങ്’ എന്ന തെലുങ്ക് സിനിമയിലെ മൂന്ന് നായികമാരിൽ ഒരാളായി. 2006 ൽ, ആദ്യ സീരിയൽ ‘കല്യാണി’യിൽ ടൈറ്റിൽ റോളിൽ അഭിനയിച്ചു. അപ്പോൾ, കാലടി സംസ്കൃത സർവകലാശാലയിൽ ഭരതനാട്യം അവസാന വർഷം പഠിക്കുകയായിരുന്നു. ‘കല്യാണി’ വലിയ ഹിറ്റായി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും ‘കല്യാണി’യുടെ പേരിലാണ് ആളുകൾ എന്നെ ഓർക്കുന്നത്. ഒരു വാരികയിൽ എന്റെ കവർചിത്രം കണ്ടാണ് ‘കല്യാണി’യിലേക്ക് വിളിച്ചത്. ചാനലിൽ പ്രവർത്തിച്ച പരിചയം വച്ച് എനിക്ക് ഈ ഫീൽഡിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നതും സഹായകരമായി.

പപ്പയുടെ വഴിയേ

പെരുമ്പാവൂരാണ് നാട്. പഠിച്ചത് കോതമംഗലത്തും. പപ്പ ജോൺ മത്തായി സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചതാണ്. നാടക പ്രവർത്തകനായിരുന്നു. സ്വന്തമായി ട്രൂപ്പ് ഉണ്ടായിരുന്നു. നാടകത്തിന്റെ പ്രഭാവം മങ്ങിയപ്പോൾ പരസ്യകമ്പനി തുടങ്ങി. പപ്പ വഴിയാണ് ഞാനും കലാരംഗത്തേക്ക് എത്തിയത്. മമ്മി ഉഷ ജോൺ ആധാരം എഴുത്ത് ഓഫീസ് നടത്തുന്നു. അനിയൻ വിവേക് ആനിമേറ്ററാണ്.

നിയ അല്ല കോൺസാനിയ

എന്റെ യഥാർഥ പേര് കോൺസാനിയ ജോൺ എന്നാണ്. പപ്പ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോഴാണ് ഞാന്‍ ജനിച്ചത്. അപ്പോൾ പപ്പയുടെ നാടക പ്രവർത്തകരായ സുഹൃത്തുക്കൾ ചേർന്ന്, എനിക്ക് വ്യത്യസ്തമായ ഒരു പേര് വേണം എന്ന തീരുമാനത്തിൽ കണ്ടെത്തിയതാണ് ഈ പേര്. അവർ അപ്പോൾ പഠിച്ചു കൊണ്ടിരുന്ന നാടകത്തിലെ കഥാപാത്രമായിരുന്നു കോൺസാനിയ. വീട്ടിലും നാട്ടിലും എല്ലാവരും എന്നെ കോൺസാനിയ എന്നാണ് വിളിക്കുക. പേര് കാരണം കുട്ടിക്കാലം മുതൽ ഞാൻ എല്ലായിടത്തും ശ്രദ്ധാ കേന്ദ്രമായിരുന്നു. പിന്നീട് തെലുങ്ക് സിനിമ ചെയ്യുമ്പോൾ ഞാൻ തന്നെ എനിക്കിട്ട പേരാണ് നിയ. കോൺസാനിയ ചുരുക്കിയാണ് നിയ ആക്കിയത്. സാനിയ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. നിയ ഒതുക്കമുള്ള പേരാണല്ലോ.

സിനിമയിൽ

‘മിസിങ്’ മലയാളത്തിൽ ‘ബസ്റ്റ്ഫ്രണ്ട്സ്’ എന്ന പേരിൽ റീ മേക്ക് ചെയ്തപ്പോൾ എന്റെ വേഷം ഞാൻ തന്നെ ചെയ്തു. പിന്നീട് ‘മലയാളി’ എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായികയായി. തമിഴ് സീരിയൽ ചെയ്യുന്ന സമയത്താണ് വിജയ് നായകനായ ‘വേട്ടൈക്കാരനി’ൽ ഒരു നല്ല റോൾ കിട്ടിയത്.

n2

3 വർഷം 25 സീരിയൽ

2009 ൽ ആയിരുന്നു കല്യാണം. അപ്പോഴേക്കും മൂന്നു വർഷത്തിനിടെ, മലയാളത്തിലും തമിഴിലും 25 സീരിയലുകളിൽ അഭിനയിച്ചിരുന്നു. ഓടി നടന്ന് അഭിനയിക്കുകയായിരുന്നു. മലയാളത്തിൽ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങി മിക്ക സീരിയലുകളും ഹിറ്റായിരുന്നു. തമിഴില്‍ ‘കസ്തൂരി’ ഹിറ്റായി. ഇപ്പോൾ ‘ത്രീ കുട്ടീസും’, ‘തകർപ്പൻ കോമഡി’യും ചെയ്യുന്നു. ‘ടേസ്റ്റ് ടൈം’ നാല് വർഷമായി ചെയ്യുന്നുണ്ട്.

പ്രണയം വിവാഹം

ഞാനും രഞ്ജിത്തും പ്രണയിച്ച് വിവാഹിതരായവരാണ്. രഞ്ജിത്തിന് ഐടി മേഖലയിലാണ് ജോലി. യാഹൂ മെസഞ്ചർ വഴി പരിചയപ്പെട്ട്, സുഹൃത്തുക്കളായി. അത് പതിയെ പ്രണയമായി വളരുകയായിരുന്നു. അറു വർഷം പ്രണയിച്ച ശേഷമാണ് വീട്ടിൽ പറഞ്ഞത്. മതത്തിന്റെ പേരിൽ ആദ്യം രണ്ടു വീട്ടുകാർക്കും ചെറിയ എതിർപ്പുണ്ടായിരുന്നു. ആ സമയത്ത് രഞ്ജിത്തിന് സിങ്കപ്പൂരിൽ ജോലി കിട്ടി. പിന്നീട് എതിര്‍പ്പുകളൊക്കെ മാറി, ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം.