Thursday 11 April 2019 03:58 PM IST

‘ചൂടുള്ള ഐസ്ക്രീം ഉണ്ടായിരുന്നെങ്കിൽ..’; ഓമനക്കുട്ടി ടീച്ചർ പറയുന്നു, മാറ്റിവച്ച ആ ഇഷ്ടത്തെക്കുറിച്ച്!

Rakhy Raz

Sub Editor

omanakutty-teacher1

‘‘ഒരു ദുശ്ശീലമൊക്കെ ഏതു സംഗീതജ്ഞയ്ക്കും ഉണ്ടാകും... മറുവശത്ത് ഐസ്ക്രീം ആകുമ്പോൾ...’’ പുഞ്ചിരിയോടെ ഇതു പറയുന്നതു ചില്ലറ ആളല്ല. കേരള സർ‌വകലാശാല സംഗീത വിഭാഗം മേധാവിയായിരുന്ന, കർണാടക സംഗീതലോകത്തെ പ്രമുഖയായ ഡോ. കെ. ഓമനക്കുട്ടിയാണ്. ‘‘ഐസ്ക്രീം കുട്ടിക്കാലത്ത് എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഇന്നും ഇഷ്ടമാണ്. പക്ഷേ, ഐസ്ക്രീം കഴിച്ചിട്ടു വർഷങ്ങളായെന്നു മാത്രം.’’ ഓമനക്കുട്ടി ടീച്ചർ പറഞ്ഞു വരുന്നത് കഷ്ടപ്പെട്ടു മാറ്റിയെടുത്ത ഒരു ദുശീലത്തെപ്പറ്റിയാണ്.

‘‘അന്നൊന്നും ഐസ്ക്രീം ഇല്ല, ഐസ് സ്റ്റിക് ആണ്. സൈക്കിളിൽ ഒരു പെട്ടിക്കകത്ത് ഐസ് സ്റ്റിക് വച്ച് മണിയും കിലുക്കി കച്ചവടക്കാരൻ വരും. വീട്ടുകാർ ഐസ് സ്റ്റിക് വാങ്ങിത്തരില്ല. അപ്പോൾ നമ്മൾ തന്നെ വഴി കണ്ടെത്തും. പറമ്പിൽ തേങ്ങയൊക്കെ ധാരാളമുള്ള കാലമാണ്. തേങ്ങ പൊതിച്ച തൊണ്ട് ഒരിടത്ത് കൂട്ടിയിട്ടേക്കും. അതു കൊടുത്താൽ അര ചക്രം ഒക്കെ വില കിട്ടും. വീട്ടുകാർ അറിയാതെ ഞങ്ങൾ കുട്ടികൾ അതിൽ നിന്ന് കുറച്ചൊക്കെ വിൽക്കും. അങ്ങനെ കിട്ടുന്ന പണം കൊണ്ടാണ് ഐസ് സ്റ്റിക് വാങ്ങുക.

അച്ഛൻ  നാടകവും സംഗീതവും ഒക്കെയായി തിരക്കിലായിരുന്നു. അമ്മ സ്കൂൾ ടീച്ചറായിരുന്നെങ്കിലും കഠിന നിയന്ത്രണമൊന്നുമില്ലായിരുന്നു. പാടുന്ന കുട്ടികളായിരുന്നിട്ടു പോലും ഐസ് സ്റ്റിക്കിന് വീട്ടിൽ നിരോധനം ഉണ്ടായില്ല. അമ്മയ്ക്ക് സ്ഥലംമാറ്റം കിട്ടി തിരുവനന്തപുരത്ത് വന്നപ്പോഴാണ് ആദ്യമായി ഐസ്ക്രീം കഴിക്കുന്നത്. അന്ന് ഹോട്ടലിൽ പോയി കഴിക്കുന്ന പരിപാടിയൊന്നുമില്ല. വിവാഹം കഴിഞ്ഞാണ് ഞാൻ ആദ്യമായി ഹോട്ടലിൽ പോകുന്നതു തന്നെ. ഇന്നത്തെ കുട്ടികൾക്ക്  ഇതൊക്കെ അതിശയമായി തോന്നാം.

ഐസ്ക്രീം അന്നൊക്കെ വല്യ സംഭവമാണ്. ഇന്നത്തെപ്പോലെ പല ഫ്ലേവറുകളൊന്നുമില്ല. കപ്പിൽ കിട്ടുന്ന വെളുത്ത ഐസ്ക്രീം മാത്രമേയുള്ളു. പട്ടം താണുപിള്ളയുടെ ഭാര്യ പൊന്നമ്മ താണുപിള്ളയുമായി അമ്മയ്ക്കു പരിചയമുണ്ട്. അവരുടെ സാമൂഹിക പ്രവർത്തനവുമായി ബന്ധപ്പെട്ട പരിപാടികൾക്കൊക്കെ എന്നെ പ്രാർഥന ചൊല്ലാൻ വിളിക്കും. പ്രധാനമന്ത്രിയും മറ്റു പ്രമുഖരും വരുന്ന  പരിപാടികളായിരിക്കും മിക്കതും. അത്തരം ഒരു പരിപാടി കഴിഞ്ഞുള്ള പാർട്ടിയിലാണ് ഞാൻ ആദ്യമായി ഐസ്ക്രീം കഴിക്കുന്നത്.

ഐസ്ഫ്രൂട്ട് കൊതിച്ചിയായ എന്നെ ഐസ്ക്രീമും കൊതിപ്പിച്ചു.  പിന്നീടും പലതവണ ഐസ്ക്രീം കഴിക്കാൻ അവസരം കിട്ടി. പക്ഷേ, വേറൊരു പുലിവാൽ കൂടി അതിന് പിന്നാലെ വന്നു. ഐസ്ക്രീം കഴിച്ചാൽ മൂക്കിനു വേദന വരും. പിന്നെ അതു ചുമയാകും. കടുത്ത ചുമ ഒരാഴ്ചയോളം നീളും. ബിഎസ്‌സി സുവോളജി കഴിഞ്ഞു പഠനം സംഗീതത്തിലേക്ക് കേന്ദ്രീകരിക്കണം എന്ന് വിചാരിക്കുന്ന സമയം കൂടിയായിരുന്നു അത്. അതിന്റെ ഭാഗമായി ആദ്യമായി ചെയ്തത് ഐസ്ക്രീം ഇനി ഉപയോഗിക്കില്ല എന്നു തീരുമാനിക്കുകയായിരുന്നു. കാരണം, സംഗീതത്തെ ഉപാസിക്കണമെങ്കിൽ എനിക്ക് ഐസ്ക്രീം കൊതി ഉപേക്ഷിച്ചേ മതിയാകുമായിരുന്നുള്ളു.

എന്നു വച്ച് സംഗീതം പഠിക്കുന്നവരൊക്കെ ഐസ്ക്രീം ഉപേക്ഷിക്കണമെന്നൊന്നും ഇല്ല കേട്ടോ... ഞാനാരെയും അങ്ങനെ ഉപദേശിക്കാറുമില്ല. എനിക്ക് തോന്നുന്നത് കുട്ടികൾ ഐസ്ക്രീം ഒക്കെ കഴിക്കുമ്പൊ അവർക്ക് തണുപ്പിനെതിരേയുള്ള പ്രതിരോധശേഷി കിട്ടുകയാണെന്നാണ്. ചിലർക്ക് മാത്രമേ അതു പ്രശ്നമാകാറുള്ളു. ബാലമുരളീകൃഷ്ണ ഐസ്ക്രീം, തൈര് തുടങ്ങി സംഗീതജ്ഞർക്ക് നിഷിദ്ധം എന്നു കരുതുന്ന എല്ലാം കഴിക്കുന്ന വ്യക്തിയായിരുന്നു. പക്ഷേ, എനിക്ക് ഇഷ്ട ആഹാരം ഉപേക്ഷിക്കേണ്ടി വന്നു. അതിനെക്കാൾ ഇഷ്ടമുള്ള സംഗീതത്തെ ഉപാസിക്കാൻ... ഒരു കുസൃതിക്ക് വേണമെങ്കിൽ പറയാം. ചൂടുള്ള ഐസ്ക്രീം ഉണ്ടായിരുന്നെങ്കിൽ... എന്ന്.’’