Thursday 06 October 2022 10:46 AM IST

ഒടുവില്‍ ഒമർ പറഞ്ഞു, ‘ചെ’ ഒരു മോശം സിനിമയാണ്: ഒരു ‘ക്ലാസിക് നട’ന്റെ ജീവിതം

V.G. Nakul

Sub- Editor

omar

മറവിയുടെ ചുഴിയിൽ പെട്ട വാര്‍ധക്യത്തിനൊടുവിൽ, 2015 ജൂലൈ 10 നു, 83 വയസ്സിൽ അഭിനയകലയിലെ എക്കാലത്തേയും വലിയ പുരുഷഭാവങ്ങളിലൊരാളാൾ മരണത്തെ പുണർന്നു...ഒമര്‍ അല്‍ ഷെരീഫ് എന്ന ഒമര്‍ ഷെരീഫ്. ലോകസിനിമയിലെ മികച്ച നടന്‍മാരിൽ ഒരാൾ. ചിലരങ്ങനെയാണല്ലോ, അവര്‍ക്കു പകരം മറ്റാരാളുണ്ടാകില്ല. അവര്‍ക്കു വേണ്ടിയുണ്ടായതെന്നു തോന്നുന്ന ചില കഥാപാത്രങ്ങളുമുണ്ടാകും എപ്പോഴും. അത്തരം കഥാപാത്രങ്ങളിലൂടെയായിരുന്നു ഒമര്‍ ഷെരീഫ് എന്ന നടന്റെയും വളർച്ച. ഒമറിനെയല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കുവാനാകാത്ത കഥാപാത്രങ്ങള്‍ എത്രയോ. ‘ലോറന്‍സ് ഓഫ് അറേബ്യ’യിലെ സൈനികന്‍, ‘ഡോക്ടര്‍ ഷിവാഗോ’യിലെ കവിയായ ഡോക്ടര്‍, ‘ചെങ്കിസ്‌ക്കാന്‍’ലെ ചെങ്കിസ്‌ക്കാന്‍, ‘ചേ’യിലെ ചേ, ‘ദ ഫാള്‍ ഓഫ് റോമന്‍ എംപറർ’ലെ രാജാവ്...

1932 ഏപ്രില്‍ 10നു, ഈജിപ്റ്റിലെ അലക്‌സാന്‍ഡ്രിയയില്‍, ഒരു ഗ്രീക്ക് കാത്തലിക്ക് കുടുംബത്തിലാണ് ഒമർ ജനിച്ചത്. അലക്‌സാന്‍ഡ്രിയയിലെ വിക്‌ടോറിയ കോളജിലും, കെയ്‌റോ യൂണിവേഴ്‌സിറ്റിയിലുമായി പഠനം പൂര്‍ത്തിയാക്കി കുറച്ചുകാലം പിതാവിനൊപ്പം കച്ചവടത്തില്‍ സഹായിയായി. എന്നാല്‍ അതില്‍ തുടരാന്‍ താൽപര്യമില്ലാതിരുന്ന ഒമര്‍ ലണ്ടനിലെ റോയല്‍ അക്കാഡമി ഓഫ് ഡ്രമാറ്റിക്ക് ആര്‍ട്‌സില്‍ അഭിനയം പഠിക്കാൻ ചേര്‍ന്നു. അതു വഴിത്തിരിവായി. 1954 ല്‍ അദ്ദേഹം തന്റെ ആദ്യ ചിത്രമായ ‘സെയ്ത്താന്‍ അല്‍ സഹാറ’ (ഈജിപ്ഷ്യൻ) അഭിനയിച്ചു. അതേ വര്‍ഷം അദ്ദേഹത്തെ ശ്രദ്ധേയനാക്കിയ ‘സിറാ ഫില്‍വാദ്’ എന്ന ചിത്രവും എത്തി. അതൊരു പുതിയ താരത്തിന്റെ ഉദയമായിരുന്നു. കൂടുതല്‍ സംവിധായകരും പ്രേക്ഷകരും ഒമറിനെ ശ്രദ്ധിക്കാൻ തുടങ്ങിയതും ആ ചിത്രത്തോടെയായിരുന്നു.

1955 ല്‍ അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയും ഈജിപ്ത്യന്‍ അഭിനേത്രി ഫാറ്റന്‍ ഹമാമയെ വിവാഹം കഴിക്കുകയും ചെയ്തു. ആദ്യകാലത്ത് ഈജിപ്ത്യന്‍ സിനിമകളില്‍ മാത്രം അഭിനയിച്ചിരുന്ന ഒമറിന്റെ ലോക സിനിമയുടെ മുഖ്യധാരയിലേക്കുള്ള എൻട്രി ആരും കൊതിക്കുന്ന ഒരു വേഷത്തിലൂടെയായിരുന്നു.

1962 ല്‍ പുറത്തിറങ്ങിയ ഡേവിഡ് ലീന്റെ ‘ലോറന്‍സ് ഓഫ് അറേബ്യ’യാണ് ഒമറിന്റെ ആദ്യ ഹോളിവുഡ് ചിത്രം. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ ചിത്രത്തില്‍, സൈനിക വേഷത്തില്‍ ഒമര്‍ കസറി. ചിത്രത്തിലെ ഒമറിന്റെ സഹനായക കഥാപാത്രം പ്രേക്ഷകരുടേയും സിനിമാ നിരൂപകരുടേയും പ്രശംസ നേടി. ചിത്രത്തിലെ എറ്റവും ശ്രദ്ധേയമായ ഘടകമായി ഒമര്‍. ഈ ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടനുള്ള ഓസ്‌ക്കാര്‍ നോമിനേഷനും അദ്ദേഹത്തിനു ലഭിച്ചു. ഒപ്പം മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരവും, പുതുമുഖതാരത്തിനുള്ള പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തി.

അതോടെ അവസരങ്ങളുടെ കുത്തൊഴുക്കുണ്ടായെങ്കിലും സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. തനിക്കിണങ്ങുന്ന, വെല്ലുവിളിയാകുന്ന കഥാപാത്രങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പും തിരഞ്ഞെടുപ്പും ഒമറിനെ വേറിട്ടു നിർത്തി. അതേവര്‍ഷം ‘ദി ഫാള്‍ ഓഫ് റോമന്‍ എംപയര്‍’, ‘ദി യെല്ലോ റോള്‍സ്്് റോയിസ്’, ‘ബിറോള്‍ഡ് എ പേള്‍ ഹോഴ്‌സ്’ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. അതില്‍ ‘ദി ഫാള്‍ ഓഫ് റോമന്‍ എംപയർ’ലേത് മറ്റൊരു അനശ്വര കഥാപാത്രമായി.

ഹോളിവുഡ് നായകന്‍മാരുടെ രൂപവര്‍ണ്ണ സൗന്ദര്യ ഘടനയ്ക്കു പുറത്തായിരുന്നു ഒമർ. സുന്ദര നായക സങ്കല്‍പ്പങ്ങള്‍ക്കിടയില്‍ ഈ മനുഷ്യന്‍ തന്റെ ഇടം അടയാളപ്പെടുത്തിയത് പലര്‍ക്കും അപ്രാപ്യമായ അഭിനയ വഴക്കത്തിന്റെ അതിരുകളില്ലാത്ത സാധ്യത തന്റെ കഥാപാത്രങ്ങളിലൂടെ കാണികള്‍ക്കു മുന്നിലെത്തിച്ചു കൊണ്ടായിരുന്നു...

ഒമറിന്റെ എക്കാലത്തേയും മികച്ച കഥാപാത്രമാണ് ‘ഡോക്ടര്‍ ഷിവാഗോ’ലേത്. 1965 ല്‍,ഡേവിഡ് ലീ ഒരുക്കിയ ചിത്രം. റഷ്യന്‍ സാഹിത്യകാരന്‍ ബോറിസ് പാസ്റ്റര്‍നാക്കിന്റെ പ്രശസ്ത നോവലാണ് സിനിമയായത്. ചിത്രത്തില്‍ ഡോക്ടര്‍ യൂരി ഷിവാഗോയായി ഒമര്‍ ജീവിക്കുകയായിരുന്നു. വിവാഹിതയായ സ്ത്രീയുമായുള്ള ഡോക്ടറുടെ പ്രണയവും യുദ്ധത്തില്‍ തന്റെ പ്രിയപ്പെട്ടവളെ നഷ്ടപ്പെടുമ്പോഴുള്ള വേദനയുമൊക്കെ, പ്രണയത്തിന്റെയും വിരഹത്തിന്റെയും വികാര തീവ്രതയോടെ കാണികളിലേക്കു പകരുകയായിരുന്നു ഒമർ. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തി.

തന്റെ അനശ്വര ചിത്രമായ ചെഗുവേരയേക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം പറഞ്ഞത്, അതൊരു മോശം സിനിമയാണെന്നാണ്. മികച്ച ചിത്രമെന്നു ലോകം മുഴുവന്‍ വാഴ്ത്തിയ ഒരു ചിത്രത്തെക്കുറിച്ചു അതിലെ നായകകഥാപാത്രത്തെ അനശ്വരമാക്കിയ നടന്‍ ഇങ്ങനെയൊരു അഭിപ്രായം പറയുമ്പോള്‍ ആരും അമ്പരക്കും. എന്തുകൊണ്ടാണത് മേശമായതെന്ന ചോദ്യത്തിനു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ – ‘ലോകത്തിലെ എറ്റവും ആര്‍ജവമുള്ള കമ്യൂണിസ്റ്റുകാരനായ ചെഗുവേരയേക്കുറിച്ചുള്ള ചിത്രം നിര്‍മ്മിച്ചത്് ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് രാജ്യമായ അമേരിക്കയാണ്’. അതായത് സി. ഐ. എ ആണ് അത് നിര്‍മ്മിച്ചതെന്ന്. ‘ആ വേഷത്തിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ഈ സത്യം. എങ്കില്‍ ഞാനാ റോള്‍ സ്വീകരിക്കുമായിരുന്നില്ല’.– അദ്ദേഹം പറഞ്ഞു.

ചേയിലെ ചെഗുവേരയ്‌ക്കൊപ്പം ‘മാര്‍കോ ദ മാഗ്നിഫിഷ്യന്റി’ലെ മാര്‍ക്കോ പോളോ, ‘ചെങ്കിസ് ഖാന്‍’ലെ ചെങ്കിസ്ഖാന്‍ തുടങ്ങിയ കഥാപാത്രങ്ങളായും ഒമര്‍ തിളങ്ങി. ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ തുടങ്ങി എണ്‍പതുകളുടെ ഒടുവില്‍ വരെ ഹോളിവുഡിന്റെ മുഖ്യധാരയില്‍ തിളങ്ങി നിന്ന ഒമര്‍ തൊണ്ണൂറുകള്‍ക്കു ശേഷം പതിയേ പിന്‍വലിഞ്ഞു. അവസരങ്ങളില്ലാതായതായിരുന്നില്ല, ഹോളിവുഡ് സിനിമകളുടെ നിലവാരത്തകര്‍ച്ചയില്‍ മനസ്സു മടുത്തായിരുന്നു ആ തീരുമാനം. തേടി വന്ന വേഷങ്ങളൊന്നും തന്നിലെ നടനെ തൃപ്തനാക്കുന്നതല്ല എന്നദ്ദേഹം തുറന്നു പറഞ്ഞു. അതിനു ശേഷം അദ്ദേഹം അഭിനയിച്ചതു വെറും 20 ചിത്രങ്ങളിലായിരുന്നു. ഒമറിന്റെ അവസാന ചിത്രം ‘റോക്ക് ദ കസ്ബ’യാണ്.

ഒരു നടനു ലഭിക്കാവുന്ന അപൂര്‍വമായ കരിയർ സമ്മറിയാണ് ഒമർ ഷെരീഫിന്റേത്...എന്തെന്നോ... അവതരിപ്പിച്ച കഥാപാത്രങ്ങളിലേറെയും ക്ലാസിക്കുകളാകുക! അതിലുപരി കാണികളുടെ മനസ്സില്‍ മരണമില്ലാത്ത ഒരു ജീവിതവും...