Thursday 15 July 2021 02:07 PM IST

‘ഒരു തെക്കൻ തല്ല് കേസ്’ അടിപ്പടമല്ല, കുടുംബ ചിത്രം: ബിജു മേനോൻ ഉഗ്രൻ ചോയ്സ്: ഇന്ദുഗോപൻ പറയുന്നു

V.G. Nakul

Sub- Editor

gr-indhugopan

‘ഒരു തെക്കൻ തല്ല് കേസ്’ എന്ന സിനിമാപ്പേര് കേൾക്കുമ്പോൾ ഒരു ‘തല്ല് പട’മാണെന്നു തോന്നുമെങ്കിലും സംഗതി ഒരു ‘കുടുംബ ചിത്ര’മാണ്. ഒരു തല്ല് രണ്ട് കുടുംബങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുടെ കഥ. പ്രശസ്ത സാഹിത്യകാരൻ ജി.ആർ ഇന്ദുഗോപന്റെ ശ്രദ്ധയ ചെറുകഥ ‘അമ്മിണിപ്പിള്ള വെട്ടുകേസി’ന്റെ ചലച്ചിത്രാവിഷ്ക്കാരം.

നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. ബിജു മേനോനാണ് നായകൻ. പത്മപ്രിയയും നിമിഷ സജയനും നായികമാരാകുന്നു.

പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’യുടെ സഹതിരക്കഥാകൃത്ത് കൂടിയാണ് ശ്രീജിത്ത്. പ്രശസ്ത പോസ്റ്റർ ഡിസൈനിങ് സ്ഥാപനമായ ഓൾഡ് മോങ്കിന്റെ സാരഥിയുമാണ്.

‘‘അമ്മിണിപ്പിള്ളയുടെ കഥയാണ് ചിത്രം. ബിജു മേനോനാണ് അമ്മിണിപ്പിള്ളയാകുന്നത്. പരമാവധി കഥയിലൂടെത്തന്നെയാണ് തിരക്കഥ തയാറായിരിക്കുന്നത്. കഥാപാത്രങ്ങളിലോ കഥാസന്ദർഭങ്ങളിലോ വ്യത്യാസമില്ല. സിനിമയ്ക്കാവശ്യമായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നു മാത്രം. കഥയില്‍ മുപ്പത് വർഷത്തെ സംഭവങ്ങളാണുള്ളത്. സിനിമയിൽ അത്ര വരില്ല. എൺപതുകളാണ് സിനിമയുടെ പശ്ചാത്തലം’’. – ഇന്ദുഗോപൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

ബിജു മേനോനും അമ്മിണിപ്പിള്ളയും

വാരികയിൽ പ്രസിദ്ധീകരിച്ച കാലത്തും പിന്നീട് പുസ്തകമായപ്പോഴും ധാരാളം പേർ വായിക്കുകയും ചർച്ചകളുണ്ടാകുകയും ചെയ്ത കഥയാണ് ‘അമ്മിണിപ്പിള്ള വെട്ടുകേസ്’. വായിച്ച ഓരോരുത്തരുടെയും മനസ്സിൽ അമ്മിണിപ്പിള്ളയ്ക്ക് ഒരു രൂപമുണ്ട്. എന്റെ മനസ്സിലും അങ്ങനെയൊരു ധാരണയുണ്ടായിരുന്നു. അതിനെ നൂറു ശതമാനം തൃപ്തിപ്പെടുത്തുന്നതാണ് ചിത്രത്തിനു വേണ്ടി തയാറാക്കിയിരിക്കുന്ന ബിജു മേനോന്റെ ലുക്ക്. പലതവണ സംസാരിച്ച്, കഥാപാത്രത്തിന്റെ ഡീറ്റെയിൽസ് മനസ്സിലാക്കിയാണ് ആ ഗെറ്റപ്പ് ഉറപ്പിച്ചത്. കഥാപാത്രമായി ബിജു ഉഗ്രൻ ചോയ്സാണ്. മൂന്നു വർഷത്തെ ഹോം വർക്ക് ഈ സിനിമയ്ക്ക് പിന്നിലുണ്ട്.

പേര് മാറ്റത്തിന്റെ കഥ

‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന പേര് സിനിമയ്ക്ക് വരാത്തതിന് കാരണം ഈ പേരുമായി സാമ്യമുള്ള ഒരു സിനിമാപ്പേര് നേരത്തെ വന്നിട്ടുള്ളതാണ്. അങ്ങനെ രാജേഷും ശ്രീജിത്തും ചേർന്നു കണ്ടെത്തിയ പേരാണ് ‘ഒരു തെക്കൻ തല്ല് കേസ്’. എല്ലാവർക്കും അതിഷ്ടമായി.

കഥയെഴുതിയ ആൾ എന്ന നിലയിൽ മറ്റൊരാൾ അതിന്റെ തിരക്കഥ തയാറാക്കുമ്പോൾ എങ്ങനെയായിരിക്കും എന്ന ആകാംക്ഷ എനിക്കുമുണ്ടായിരുന്നു. വായിച്ചപ്പോള്‍ ഞാൻ തൃപ്തനായി. വളരെ ഗംഭീരമായി രാജേഷ് തിരക്കഥ തയാറാക്കിയിരിക്കുന്നു. കഥയും അതിന്റെ പശ്ചാത്തലവുമൊക്കെ കൃത്യമായി ഉൾക്കൊണ്ടാണ് രാജേഷ് എഴുതിയിരിക്കുന്നത്.

ഒരു തല്ല് കേസ് രണ്ട് കുടുംബങ്ങൾക്കിടയിൽ ഇഴയടുപ്പം കൂട്ടുന്നു എന്നാണ് ‘അമ്മിണിപ്പിള്ള വെട്ടുകേസി’നെക്കുറിച്ച് പറയാനുള്ളത്. രണ്ടു പേരുടെ തല്ല് അവരുടെ കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പം കൂട്ടുന്നു. വാശി നിലനിൽക്കത്തന്നെ, ഈ തല്ലിന്റെ അന്തർധാര സ്നേഹമാണ്.

ഇ ഫോറിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത സി.വി.സാരഥി എന്നിവർ ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവഹിക്കുന്നു. സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ-ഓപ്പണ്‍ ബുക്ക് പ്രൊഡക്‌ഷന്‍സ്.