Monday 13 March 2023 10:28 AM IST : By സ്വന്തം ലേഖകൻ

ഓസ്കറിൽ തലയെടുപ്പോടെ ആര്‍ആർആറിലെ ‘നാട്ടു നാട്ടു’ പാട്ട്: രണ്ടു പുരസ്കാരങ്ങൾ നേടി ഇന്ത്യ, പുതു ചരിത്രം

nattu-nattu-oscar

ഓസ്കറിൽ തലയെടുപ്പോടെ ആര്‍ആർആറിലെ ‘നാട്ടു നാട്ടു’. ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി പാട്ട് പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. ഓസ്കറിൽ ഇരട്ട നേട്ടം കൊയ്ത് ഇന്ത്യ തിളങ്ങി. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടി. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ‘ദ് എലിഫന്റ് വിസ്പറേഴ്സ്’, ഗുനീത് മോങ്ക ചിത്രം നിർമിച്ചിരിക്കുന്നു.  മികച്ച നടനായി ബ്രെൻഡൻ ഫ്രേസർ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം: ദ് വെയ്ൽ. 

മികച്ച നടി മിഷേൽ യോ. എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വനിതയാണ് മിഷേൽ യോ. മികച്ച ചിത്രമായി എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തിരഞ്ഞെടുക്കപ്പെട്ടു. 7 പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച ഒറിജിനൽ സ്കോർ, മികച്ച പ്രൊഡ‌ക‌്‌ഷൻ ഡിസൈൻ, മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങളുമായി ജർമൻ ചിത്രമായ ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ നേട്ടം കൊയ്തു. 

ലൊസാഞ്ചസിലെ ഡോൾബി തിയറ്റഴ്സിലാണു 95ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം നടക്കുന്നത്. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ മികച്ച അനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജെയ്മീ ലീ കർട്ടിസ് ആണ് മികച്ച സഹനടി. കീ ഹ്യൂയ് ക്വാൻ മികച്ച ‍സഹനടനുള്ള ഓസ്കർ നേടി. ചിത്രം: എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു.

‘ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ എന്ന ചിത്രത്തിനാണു പുരസ്കാരം. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ‘ഓൾ ദാറ്റ് ബ്രെത്ത്സി’ന് പുരസ്കാരം നഷ്ടമായി. ഡാനിയൽ റോഹർ, ഒഡെസ്സാ റേ, ഡയന്‍ ബെക്കർ, മെലാനി മില്ലർ, ഷെയ്ൻ ബോറിസ് എന്നിവരുടെ ‘നവല്‍നി’ ആണ് ഈ വിഭാഗത്തിൽ പുരസ്കാരം സ്വന്തമാക്കിയത്. ‘ബ്ലാക് പാന്തർ വക്കാണ്ട ഫോർഎവർ’ എന്ന ചിത്രത്തിലൂടെ മികച്ച കോസ്റ്റ്യൂം ഡിസൈനറായി റൂത്ത് കാർട്ടർ തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് റൂത്ത് ഈ വിഭാഗത്തിൽ ഓസ്കർ നേടുന്നത്. ഒന്നിലേറെ തവണ ഓസ്കർ നേടുന്ന ആദ്യ കറുത്തവർഗക്കാരി എന്ന ഖ്യാതി കൂടി സ്വന്തമാക്കിയിരിക്കുകയാണ് റൂത്ത് കാർട്ടർ.

∙ മികച്ച നടി മിഷേൽ യോ: എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്

∙ മികച്ച നടൻ: ബ്രെൻഡൻ ഫ്രേസർ (ദ് വെയ്ൽ)

∙ മികച്ച അവലംബിത തിരക്കഥ: വിമൻ ടോക്കിങ്

∙ മികച്ച ഒറിജിനൽ സ്ക്രീൻപ്ലേ: എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്

∙ മികച്ച വിഷ്വൽ എഫക്ട്: അവതാർ ദ് വേ ഓഫ് വാട്ടർ

∙ മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം: ദ് ബോയ്, ദ് മോൾ, ദ് ഫോക്സ് ആൻഡ് ദ് ഹോഴ്സ്’ 

∙ മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ: (ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്)

∙ മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം: ആൻ ഐറിഷ് ഗുഡ്ബൈ (ടോം ബേർക്‌ലീ, റോസ് വൈറ്റ്)

∙ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: നവല്‍നി

∙ മികച്ച ഒറിജിനൽ സ്കോർ: ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്

∙ മികച്ച ഛായാഗ്രഹണം: ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്)

∙ മികച്ച മേക്കപ് ആൻഡ് ഹെയർസ്റ്റൈൽ: അഡ്രിയെന്‍ മോറോ, ജൂഡി ചിൻ, ആൻ മേരി ബ്രാഡ്‌ലി (ചിത്രം: ദ് വെയ്ൽ)

∙ മികച്ച കോസ്റ്റ്യൂം ഡിസൈനർ: റൂത്ത് കാർട്ടർ (ബ്ലാക് പാന്തർ വക്കാണ്ട ഫോർഎവർ)

∙  മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം: ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്

ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്ന ഓസ്കർ പുരസ്കാരങ്ങൾ അടങ്ങിയ വേദിയാകും ഇത്തവണ ചടങ്ങിനെ വേറിട്ടുനിർത്തുക. ഒരിടവേളയ്ക്കു ശേഷം ജിമ്മി കിമ്മെൽ വീണ്ടും ഓസ്കർ അവതാരകനായി മടങ്ങിയെത്തുന്നു. ഓസ്കറിൽ ‘നാട്ടു നാട്ടു’ മുഴങ്ങികേൾക്കുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ പ്രേക്ഷകർ. രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ, കീരവാണി അടക്കമുള്ളവർ അതിഥികളായി ഓസ്കർ വേദിയിലുണ്ടാകും.

ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടം നേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല. ഇന്ത്യയ്ക്ക് ആകെ മൂന്ന് നോമിനേഷനുകളാണുള്ളത്. ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഓൾ ദാറ്റ് ബ്രീത്ത്സ് ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലും ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ദ് എലിഫന്റ് വിസ്പെറേഴ്സ് എന്ന ഡോക്യുമെന്ററിയും ഇടംനേടി. 

എഡ്വാർഡ് ബെർഗെർ സംവിധാനം ചെയ്ത ജർമൻ വാർ സിനിമയായ ഓൾ ക്വയറ്റ് ഓഫ്‍ ദ് വെസ്റ്റേൺ ഫ്രണ്ട്, ഡാനിയൽസ് (ഡാനിയൽ ക്വാൻ, ഡാനിയൽ ഷൈനേർട്) സംവിധാനം ചെയ്ത എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്, മാർട്ടിൻ മക്ഡൊണാഗ് ഒരുക്കിയ ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്നിവയാണ് ഏറ്റവും കൂടുതൽ നോമിനേഷൻസ് നേടിയ സിനിമകൾ. 

Tags:
  • Movies