Wednesday 15 July 2020 05:05 PM IST

ആ ചേട്ടനെന്നെ കള്ളനാണെന്ന് കരുതി ഓടിച്ചു. ഞാനൊരു കാട്ടിൽ കേറി ഒളിച്ചു. എല്ലാവരും പേടിച്ചുകൊണ്ട് ഓടി; ഒതളങ്ങാതുരുത്തിന്റെ വിശേഷങ്ങളുമായി ‘നത്ത്’

Unni Balachandran

Sub Editor

thutu2

മലയാളികൾക്ക്  മുന്നിലേക്ക് ചിരിവിടർത്തികൊണ്ട് ‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരീസ് എത്തിയത് ഈയടുത്താണ്. കണ്ടുപരിചയമുള്ളതെന്ന് തോന്നുന്ന കഥാപാത്രങ്ങൾ, നമ്മുടെയൊക്കെ വീട്ടിലെ ആളുകൾ സംസാരിക്കുന്ന ഭാഷ. എങ്കിലും സീരിസിലെ ആറ് എപ്പിസോഡുകൾ പുറത്തിറങ്ങിയപ്പോഴേക്കും, വെള്ളത്തില്‍ വീണ് നമുക്കരികിലേക്ക് ഒഴുകിയടുക്കുന്ന ‘ഒതളങ്ങപോലെ’ ഒരു കഥാപാത്രത്തോട് മാത്രം പ്രത്യേകമായൊരു ഇഷ്ടം തോന്നും, നത്ത്. നായകന് പണിമേടിച്ചുകൊടുക്കുന്ന, അവസാനം ആ പണിയെല്ലാം സ്വന്തം തലയിലാകുന്ന ദുർവിധിയുള്ള ഒരു ‘രമണൻ’ കഥാപാത്രമാണ് തുരുത്തിലെ ‘നത്ത്’. പക്ഷേ, എന്താണെന്ന് അറിയില്ല, ആളുകൾക്കിപ്പൊ ഈ ഇരുപത്തിമൂന്ന് വയസ്സുകാരൻ അബിനാണ് നായകൻ. ഒതളങ്ങതുരുത്തിന്റെയും നത്തിന്റെയും വിശേഷങ്ങളുമായി, അബിൻ വനിത ഓൺൈലനോട് സംസാരിക്കുന്നു.

‘നത്തായ’ കഥ

സിനിമാ മോഹമൊന്നും ഇല്ലാതെ പിഎസ്സി കോച്ചിങ്ങുമായി നടക്കുന്നകാലം. പെട്ടെന്നാണ് എന്റെ കസിന്റെ സുഹൃത്തായ അമ്പുജു വിളിക്കുന്നത്. കരിക്ക് പോലൊരു ഐറ്റം നമുക്കും തുടങ്ങിയാലോ എന്ന് ചോദിച്ചത്. നാട്ടിലെ തമാശകളും വിശേഷങ്ങളുമായൊരു കോമഡി വെബ് സീരിസ്. മുൻപും അമ്പുജു ഒരു ഷോർട്ഫിലിം ഐഡിയയുമായ് വന്നിട്ടുണ്ടായിരുന്നു. പക്ഷേ, അന്നത് നടന്നില്ല. ഇതെന്തായാലും ചെയ്യാമെന്ന് ഞാനും കരുതി. സമ്മതിച്ച് കഴിഞ്ഞാണ് ഞാൻ പേടിക്കാൻ തുടങ്ങിയത് , ക്യാമറയ്ക്ക് മുന്നിലൊക്കെ നിന്നാൽ ശരിയാകുമൊ. ചെറുതായി ഡബ്സ്മാഷും മിമിക്രിയും ചെയ്യുമെന്നല്ലാതെ എനിക്ക് ഈ ഫീൽഡിൽ എക്സ്പീരിയൻസേ ഇല്ല. എന്താകുമെന്ന് ഉറപ്പില്ല. ആകെ ആശ്വാസം സംവിധായകൻ അമ്പുജു ഒരോ ആളുകളെയും സിലക്ട് ചെയ്തിട്ടെ , കഥ ഉണ്ടാകുന്നുള്ളൂ എന്ന് പറഞ്ഞതായിരുന്നു. രണ്ടും കൽപിച്ചാണ് ഷൂട്ടിന് പോയത്

ഒറിജിനൽ തുരുത്ത്

കൊല്ലം കരുനാഗപള്ളിയിലെ ആയിരംതെങ്ങാണ് ലോക്കേഷനായിട്ട് എടുത്തത്. ഞങ്ങളൊക്കെ ആ പരിസര പ്രദേശത്ത് നിന്നുള്ളവരാണ്. എന്റെ വീട് അവിടുന്ന് പതിനാല് കിലോമീറ്റർ മാറി വെള്ളനാതുരുത്തിലാണ്. അതുകൊണ്ട് ആ സ്ഥലവും നന്നായിട്ടറിയാം. ഒതളാതുരുത്ത് എന്ന പേര് ഉദ്ദേശിക്കുന്നത് ഞങ്ങൾ കഥാപാത്രങ്ങളെയാണ്. താഴെവീണിട്ട് ഒരു ലക്ഷ്യവുമില്ലാതെ ഒഴുകി നടക്കുന്ന ഒതളങ്ങകളെപ്പോലെയാണ് ഞങ്ങൾ. പക്ഷേ, ഞങ്ങൾടെ തുരുത്തിലെ ഒതളങ്ങകൾക്ക് വിഷമില്ല. അതുപോലെ ഞങ്ങളും പാവങ്ങളാണ്. ഇത്രയുമൊക്കെയായിരുന്നു കഥയുടെ ബേസ് അമ്പുജു പറഞ്ഞ് തന്നത്.

എന്റെ കഥാപാത്രത്തിന്റെ പേര് നത്തെന്ന് പറഞ്ഞപ്പോൾ ചിരിയൊന്നും വന്നില്ല. ഞങ്ങളുടെ നാട്ടിലൊക്കെ അങ്ങനെ പേരിട്ട് വിളിക്കുന്ന കൊറേ ആളുകളുണ്ട്. കോമഡിയാണേലും തുരുത്തിനെ മുന്നോട്ട് കൊണ്ടുപോകുന്ന കഥാപാത്രമായാണ് നത്തിനെ കുറിച്ചു പറഞ്ഞ് തന്നത്. പിന്നെ നീന്തലും അറിയണം. കടലിൽ മീൻപിടിക്കാനായി പോകാറുള്ളതുകൊണ്ട് അതും എനിക്കൊരു പ്രശ്നമല്ലായിരുന്നു. ചുറ്റുപാട് ഓക്കെ ആയപ്പോൾ തന്നെ പകുതി സമാധാനം ആയി

പപ്പൻ എന്ന് പറഞ്ഞ് കഥാപാത്രവും ഞാനുമായിട്ടാണ് പ്രധാനമായിട്ടും സീനുകൾ. ദിലീപ് – ഹരീശ്രീ അശോകനോക്കെ പോലെ കോമഡി ചെയ്യുന്നൊരു ടീമായി നിൽക്കാനാണ് പറഞ്ഞിരുന്നത്. ആദ്യത്തെ എപ്പിസോഡ് ഇറങ്ങി, പക്ഷേ രണ്ടാമത്തേതിൽ ശരിക്ക് പണി കിട്ടി. ഷൂട്ട് പ്രശ്നം വന്നു. പിന്നെ രണ്ടാമത്തെ എപ്പിസോഡിന് നീളം കൂടിയതുകൊണ്ട് നെഗറ്റിവ് കമന്റും ആയി. അങ്ങനെ ഡയറക്ടറും ഞങ്ങളെല്ലാവരും കൂടെ ശോകമടിച്ച് കടൽതീരത്ത് ഇരുന്നപ്പോഴാണ് ആദ്യത്തെ എപ്പിസോഡിന്റെ തുടർച്ച ചെയ്താലോ എന്നൊരു ആലോചന വന്നത്. കാമുകിയുടെ അമ്മയെ തോട്ടയെറിഞ്ഞ് കൊല്ലാൻ ശ്രമിക്കുന്ന ഐഡിയ കേട്ടപ്പോഴെ എല്ലാർക്കും ചിരിവന്നു. ‘നത്തിന്റെ പ്രതികാരം’ എന്ന പേരിൽ അത് ഇറങ്ങിയതോടെ , ഞങ്ങളുടെ ഒതളങ്ങാ തുരുത്ത ആളുകൾ ഏറ്റെടുത്തു.ഒപ്പം എന്നെയും.

nagth2227

ഇഷ്ടമുള്ള സീൻ

എനിക്ക് ഏറ്റവും ഇഷ്ടമായത് ‘നത്തിന്റെ പ്രതികാരം’ ആണ്. അതിന്റെ ക്ലൈമാക്സിൽ ഞാൻ വീട്ടിന് ചൂലും എടുത്തോണ്ട് ഷർട്ടിടാതെ ഓട്ടമാണ്. ഞാൻ ഇറങ്ങി ഓടുമ്പോൾ പ്രായാമായൊരു ചേട്ടൻ ആ വഴി പെട്ടെന്ന് നടന്നുപോയി. ഷർട്ടിടാടാതെ ഒാടുന്നു, കയ്യിൽ ചൂൽ. അലറിയടുക്കുന്ന വീട്ടുകാരിയും. എല്ലാം കൂടെ കണ്ടപ്പോൾ ആ ചേട്ടനെന്നെ കള്ളനാണെന്ന് കരുതി ഓടിച്ചു. ഞാനൊരു കാട്ടിൽ കേറി ഒളിച്ചു. എല്ലാവരും പേടിച്ചതുകൊണ്ട് ഓടി, ക്യാമറ ഒളിപ്പിച്ചു , ബാക്കിയുള്ളവരും ഓടി. ഭാഗ്യത്തിന് ഇറങ്ങി ഓടിയ വീട്ടിലെ ചേച്ചി ആ ചേട്ടനെ കാര്യം പറഞ്ഞ് മനസിലാക്കിയതുകൊണ്ട് തല്ല് കൊണ്ടില്ല. എല്ലാവരും ഒരുപാട് ചിരിച്ച് സംഗതിയായിരുന്നു അത്.

‘ബംഗാളി’ കഥകൾ

സൈക്കിൾ ചവിട്ടെന്നൊക്കെ പറഞ്ഞാൽ പോരാ. അവൻമാര് പറക്കുകയാണ്. പൊസിഷനൊന്നും നോക്കില്ല. ഞങ്ങളുടെ കൂടെയുള്ള ഒരാൾ ഹിന്ദി അറിയാമെന്ന് പറഞ്ഞത്കൊണ്ടാണ് ആറാമത്തെ എപ്പിസോഡിൽ ബംഗാളിയെ വിളിച്ചത്. പക്ഷേ, നമ്മടെ ആള് പറഞ്ഞ ഹിന്ദി ബംഗാളികൾക്ക് അറിയില്ലായിരുന്നു. അവസാനം അവര് തന്നെ ഞങ്ങളോട് ചോദിച്ച് ഇതേത് ഭാഷയാണെന്ന്. അവരെകൊണ്ട് സൈക്കിൾ ചെയ്സ് ചെയ്യിക്കാൻ ശരിക്കും കഷ്ടപ്പെട്ടും. അതിലേറെ കഷ്ടമായിരുന്നു ക്ലൈമാക്സിലെ സിമന്റ് മെഷീന്റെ ഉള്ളിൽ കിടക്കുന്നത്. കുറച്ച് കൂടെ വലിയ മെഷീനാണെന്ന് കരുതി പോയതാ. പക്ഷേ, പണികിട്ടി. സംഭവം ചെറിതായിരുന്നു. മാത്രമല്ല അത് കറന്റിലാണ് വർക്ക് ചെയ്യുന്നത്. പിന്നെ, രണ്ടും കൽപിച്ച് ചെയ്തു. ആളുകളുടെ പ്രതികരണം കാണുമ്പോൾ സന്തോഷം. ലാസ്റ്റ് എപ്പിസോഡിൽ ഇടിച്ചു നിക്കുകയാണ്, കോവിഡ് കഴിയാതെ ഇനി ഷൂട്ട് നടക്കുമോന്ന് അറിയില്ല.

വീടും ലൈഫും

ശാസ്താംകോട്ട കെഎസ്എംഡിസി കോളജിൽ നിന്നാണ് ഡിഗ്രി പഠിച്ചത്, ബിഎ മലയാളം. പിന്നെ, പിഎസ്‌സി കോച്ചിങ്ങുമായി നടപ്പായിരുന്നു. അച്ഛൻ അജയകുമാറും അമ്മ ബിന്ദുവും അനിയൻ അർജുനുമാണ് വീട്ടിലുള്ളത്. എനിക്ക് പണ്ട് മുതലുള്ള സിനിമാ മോഹനൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും സാധാരണ വീട്ടുകാരെപ്പോലെ പെട്ടെന്ന് ഇങ്ങനെ യൂട്യൂബ് സീരിസിന്റെ പിറകേ പോയപ്പോൾ അവര് എതിർത്തില്ല. ഞാൻ എങ്ങനെയെങ്കിലും നന്നായി കാണണമെന്നേ അവർക്കൂള്ളൂ.

പ്രണയം

കോളജിൽ പഠിക്കുമ്പൊ ഉണ്ടായിരുന്നു. അത് പോയി. എങ്ങനെയാണ് പോയതെന്ന് പ്രത്യേകിച്ച പറയുന്നില്ല. ഇപ്പൊ റിലേഷൻഷിപ്പൊന്നും ഇല്ല, താൽപര്യമില്ല. ജീവിതത്തിൽ പലപ്പോഴും ചില സാഹചര്യങ്ങൾ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. ഫു്ട്ടബോൾ കളിക്കാൻ ഇഷ്ടമായിരുന്നെങ്കിലും ഹൈറ്റ് കൂടുതലാണെന്ന് പറഞ്ഞ് പല സിലക്ഷനുകളിൽ നിന്നും തഴയപ്പെട്ടിട്ടുണ്ട്. കുട്ടികൾ പോലും കളിയാക്കിയിട്ടുണ്ട്. ഇപ്പോൾ അതേ കുട്ടികൾക്കൊക്കെ തന്നെയാണ് നത്തിനെ ഇഷ്ടമാകുന്നതെന്ന് അറിയുമ്പോൾ ഒരു പ്രത്യേക സുഖം തോന്നുന്നുണ്ട്. സീരീസ് കണ്ടിട്ട് ഒരുപാട് പേർ ഇൻസ്റ്റയിലും മെസഞ്ചറിലും കോൺടാട്ക്ട് ചെയ്യാറുണ്ട്. നാട്ടിൽ പഴയ അബിൻ ആണെങ്കിലും, ടൗണിലേക്ക് ഇറങ്ങിയാൽ നത്തിന്റെ കൂടെ സെൽഫിയെടുക്കാനൊക്കെ ആള് വന്നുതുടങ്ങി. അത് തന്നെ വലിയ സന്തോഷം

Tags:
  • Movies