Saturday 13 November 2021 11:31 AM IST

‘അമ്മച്ചി ലുക്കാണല്ലോ...’ എന്നു പരിഹാസം, ഗർഭകാലത്ത് 82 കിലോ, 3 മാസം കൊണ്ട് 22 കിലോ കുറച്ച് പാർവതി

V.G. Nakul

Sub- Editor

parvathy-krishna-1

ഗർഭകാലത്ത് ശരീര ഭാരം കൂടിയതിന്റെ പേരിൽ മലയാളത്തിന്റെ പ്രിയ നടിയും അവതാരകയുമായ പാർവതി കൃഷ്ണ നേരിട്ട പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും കണക്കില്ല. സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷവും അതുമായി ബന്ധപ്പെട്ട വിശേഷങ്ങളും പാർവതി എപ്പോഴും പങ്കുവയ്ക്കുന്നുണ്ടായിരുന്നു. അത്തരം പോസ്റ്റുകൾക്ക് താഴെ ബോഡി ഷെയ്മിങ്ങുമായി ഒരു വിഭാഗം പൂണ്ട് വിളയായി. ‘അമ്മച്ചി ലുക്കാണല്ലോ...’ ‘ആന്റിയുടെ പേരെന്താ....’ ‘തടിച്ചി...’ എന്നിങ്ങനെ തുടങ്ങി സഭ്യതയുടെ അതിരുകൾ ഭേദിക്കുന്ന തരം കമന്റുകൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. മെറ്റേണിറ്റി ഫോട്ടോഷൂട്ടും വളക്കാപ്പും ഗർഭകാലത്തെ നൃത്തവുമൊക്കെയായി ആദ്യത്തെ കൺമണിയെ ആഘോഷത്തോടെ കാത്തിരുന്ന പാർവതി നേരിട്ടത് കടുത്ത സൈബർ ആക്രമണമാണ്.

parvathy-krishna-2

‘‘ഈ സമയത്ത് ഇങ്ങനെ കിടന്നു ചാടുന്നതെന്തിനാ...അത് കുഞ്ഞിന് ദോഷം ചെയ്യും...’’ എന്നൊക്കെയായിരുന്നു നൃത്തവിഡിയോ കണ്ട ഉപദേശക്കമ്മിറ്റിക്കാരുടെ ആശങ്ക. എന്നാൽ അതൊന്നും പാർവതി ശ്രദ്ധിച്ചില്ല. വിഷമിച്ചാല്‍ അതു തന്റെ പൊന്നോമനയെക്കൂടി ബാധിക്കുമെന്നു പാർവതിക്കു തോന്നി. ഡോക്ടറുടെ നിർദേശങ്ങൾ പാലിച്ച് മുന്നോട്ട് പോയി...ഗർഭകാലം സന്തോഷകാലം കൂടിയായിരുന്നു പാർവതിക്ക്....

ഇപ്പോഴിതാ, പാർവതി–ബാലഗോപാല്‍ ദമ്പതികളുടെ മകൻ അവ്യുക്ത് ഒന്നാം പിറന്നാളാഘോഷിക്കുവാനൊരുങ്ങുന്നു. അതോടൊപ്പം തന്റെ ശരീരത്തെ പഴയ രീതിയിലേക്കു തിരികെയെത്തിക്കുകയും ചെയ്തിരിക്കുന്നു താരം. മൂന്നര മാസം കൊണ്ട് 22 കിലോ കുറച്ചാണ് പാർവതിയുടെ മേക്കോവർ.

parvathy-krishna-4

‘‘ഗർഭിണിയാകും മുമ്പ് 56–58 കിലോ വരെയൊക്കെയായിരുന്നു എന്റെ ശരീര ഭാരം. ഗർഭകാലത്ത് 82–83 കിലോ വരെയെത്തി. മകൻ ജനിച്ച ശേഷവും 6 മാസം വരെ ഡയറ്റൊന്നും ചെയ്തില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല. മകന്റെ ഫീഡിങ്ങിനെയൊക്കെ ബാധിക്കുമെന്നു തോന്നി. ആ സമയത്ത് പലരും ഡയറ്റ് പ്ലാനുകൾ നിർദേശിക്കുന്നുണ്ടായിരുന്നു. ഒടുവിൽ എനിക്ക് ഓക്കെ എന്നു തോന്നിയ ഘട്ടത്തിലാണ് ഡയറ്റ് തുടങ്ങിയത്.

നമ്മുടെ ദൈനംദിന ജീവിത രീതികളെ നിലനിർത്തിക്കൊണ്ടുള്ള ഒരു പ്ലാനാണ് ഞാൻ സ്വീകരിച്ചത്. എല്ലാം കഴിക്കാം. ജങ്ക് ഫൂഡ്സും ഫ്രൈഡ് ഐറ്റംസും ഒരു പരിധിയിൽ കൂടുതൽ ഉപയോഗിക്കരുതെന്നേയുള്ളൂ. അധികം വർക്കൗട്ടും ഇല്ല. നടന്നാലും മതി. കുഞ്ഞിന്റെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതിനാൽ ദിവസം അരമണിക്കൂറൊക്കെയേ വ്യായാമം ചെയ്തിരുന്നുള്ളൂ. ഇതെല്ലാം കൃത്യമായി തുടരുകയെന്നതാണ് പ്രധാനം. പതിയെപ്പതിയെ റിസൾട്ട് കിട്ടിത്തുടങ്ങിയപ്പോൾ എനിക്കും ആവേശമായി. മൂന്നര മാസം കൊണ്ട് 82 കിലോയിൽ നിന്ന് 60 കിലോയിൽ എത്തി’’. – പാർവതി ‘വനിത ഓൺലൈനോട്’ പറയുന്നു.

ഞാൻ അതെല്ലാം പ്രതീക്ഷിച്ചു

അമിത വണ്ണത്തിന്റെ ബുദ്ധിമുട്ടുകൾ ഗർഭകാലത്ത് ഒരുപാട് പേർ നേരിടുന്നതാണ്. അക്കാലത്ത് ഞാൻ നേരിട്ട ബോഡി ഷെയ്മിങ് പോലെ ഇപ്പോൾ അഭിനന്ദനങ്ങളും കിട്ടുന്നു. വണ്ണം കൂടിയ കാലത്ത് എന്റെ ആത്മവിശ്വാസത്തെ അതു തെല്ലും ബാധിച്ചിട്ടില്ല. ആ എന്നെ എനിക്കു വലിയ ഇഷ്ടമായിരുന്നു. അക്കാലത്ത് അതൊക്കെയുണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ആ പരിഹാസങ്ങളൊക്കെ എന്നെ വിഷമിപ്പിച്ചിരുന്നെങ്കിൽ ഞാൻ ഡിപ്രഷനിലേക്കു പോകുമായിരുന്നു. എന്റെ കുഞ്ഞിനെയും ബാധിച്ചേനെ. പോസ്റ്റ്മാർട്ടം ഡിപ്രഷനൊന്നും എന്നെ ഏശിയിട്ടേയില്ല. അതൊക്കെ വരാതിരിക്കാനുള്ള തയാറെടുപ്പുകൾ സ്വീകരിച്ചിരുന്നു.

parvathy-krishna-3

ഇപ്പോൾ ഞാൻ കുഞ്ഞിനൊപ്പമുള്ള യാത്രയിൽ, അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ മുഴുകുകയാണ്. ഒപ്പം എന്റെ കരിയറിലും ജോലിയിലുമൊക്കെ പരമാവധി ശ്രദ്ധിക്കുന്നു. എല്ലാം ഒന്നിച്ചു കൊണ്ടു പോകുന്നതിൽ യാതൊരു ബുദ്ധിമുട്ടും തോന്നുന്നില്ല. ഇതിനെല്ലാം എന്നെ പ്രാപ്തയാക്കുന്നതിൽ കുടുംബം നൽകുന്ന പിന്തുണ വളരെ വലുതാണ്.

പാർവതി പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നത് എൻജിനീയറിങ്ങാണ്. ഇന്റീരിയർ ഡിസൈനിങ്ങ് കമ്പനിയും നടത്തുന്നു. ‘മാലിക്കാ’ണ് അവസാനം അഭിനയിച്ച ചിത്രം. ചിത്രത്തിലെ ഡോ. ഷെർമിൻ പാർവതിക്ക് വലിയ ജനപ്രീതി സമ്മാനിച്ച കഥാപാത്രമാണ്.