Thursday 25 March 2021 12:08 PM IST

‘നിന്നെ ആരു കല്യാണം കഴിക്കും, കെട്ടിക്കൊണ്ടു പോയി ഷോ കെയ്സിൽ ഇരുത്താനാണോ’! വിധിയെ ജയിച്ച്, റാംപില്‍ പാത്തുവിന്റെ പാദമുദ്ര: അതിജീവനം

V.G. Nakul

Sub- Editor

pathu-4

പരിഹാസങ്ങളും പരിമിതിയും അവളില്‍ നിറച്ചത് പൊരുതി ജയിക്കാനുള്ള ഊർജമാണ്. ആഗ്രഹിച്ചതും സ്വപ്നം കണ്ടതും സ്വന്തമാക്കാനുള്ള കരുത്താണ്... ഇപ്പോൾ തന്റെ ലക്ഷ്യങ്ങളെ കീഴടക്കി, നിറഞ്ഞ ചിരിയോടെ വിജയപീഠത്തിൽ ‘കാലുകളുറപ്പിച്ചു’ നിൽക്കുമ്പോൾ അവൾ പറയുന്നു, ‘‘ഇനിയുമുണ്ട് ആഗ്രഹങ്ങൾ...ഓരോന്നു നേടിയെടുക്കുമ്പോഴും അടുത്തതിലേക്ക് ഞാനെന്റെ മനസ്സിനെ ഒരുക്കി നിർത്തുന്നു.’’

പാത്തുവിനെക്കുറിച്ചാണ് പറയുന്നത്. ഫോട്ടോഗ്രാഫർ റംസീൻ ബാവ പകർത്തിയ, കഴിഞ്ഞ പ്രണയദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയ, മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയാണ് ഫാത്തിമ എന്ന പാത്തുവിനെ ആളുകൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. കൃത്രിമക്കാലുമായി പോസ് ചെയ്യുന്ന മനോഹരിയായ മോഡൽ. പക്ഷേ, അവളിൽ ആ പരിമിതിയുടെ നിരാശയും വേദനയും തീരെയില്ല. ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പെണ്ണടയാളം. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച്, ലക്ഷ്യങ്ങളെക്കുറിച്ച് പാത്തു ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.

‘‘പാത്തു എന്നത് എന്റെ മോഡലിങ് പേരാണ്. യഥാർഥ പേര് ഫാത്തിമ എസ്. കൊല്ലത്ത് പള്ളിമുക്കിലാണ് വീട്. ഇപ്പോൾ കൊല്ലം എസ്. എന്‍ കോളജിൽ ബി.എ ഫിലോസഫി ഫൈനൽ ഇയർ വിദ്യാർത്ഥിനിയാണ്. ഒപ്പം പ്രശസ്ത മോഡലിങ് കമ്പനിയായി എമിറേറ്റ്സിന്റെ ഭാഗമായും പ്രവർത്തിക്കുന്നു.

മോഡലിങ്ങിലേക്ക് വന്നിട്ട് ഒരു വർഷം ആയതേയുള്ളൂ. പണ്ടേയുള്ള ആഗ്രഹമായിരുന്നു. ടി.വിയിൽ റാംപ് ഷോസ് ഒക്കെ കാണുമ്പോൾ ചെയ്യണം എന്നു തോന്നിത്തുടങ്ങി. പ്ലസ് ടൂ കഴിഞ്ഞപ്പോൾ ഇനി മോഡലിങ്ങിലേക്ക് വരാം എന്നു തീരുമാനിക്കുകയായിരുന്നു’’. – തന്നെക്കുറിച്ചുള്ള ആമുഖമെന്നോണം പാത്തു പറഞ്ഞു.

pathu 1

17 വയസ്സിൽ ആ കാൽ മുറിച്ചു

ജൻമനാ എന്റെ വലതു കാലിനു വളർച്ച കുറവായിരുന്നു. മുട്ടിനു കുറച്ച് താഴെ വരയായിരുന്നു നീളം. പാദം ഉണ്ടായിരുന്നില്ല. ആറാം ക്ലാസ് വരെ ഒറ്റക്കാലിൽ കുന്തിക്കുന്തിയാണ് നടന്നിരുന്നത്. മമ്മിയും ഇത്തയുമൊക്കെ എടുത്തുകൊണ്ടു നടക്കുകയായിരുന്നു. പിന്നീട് കൃത്രിമക്കാൽ വച്ചു. തടിയുടെതായിരുന്നു. കാൽ മടക്കിയാണ് അത് വച്ചിരുന്നത്. ഒട്ടും കംഫർട്ടായിരുന്നില്ല. ഭയങ്കര വേദനയും. ഇരിക്കാനും നടക്കാനും പറ്റാത്ത പോലെ വേദന കൂടിയപ്പോൾ, അതിന്റെ കാരണം അറിയാൻ, പ്ലസ് ടൂ കഴിഞ്ഞ് വീണ്ടും ആശുപത്രിയിൽ കൊണ്ടു പോയി കാണിച്ചു. അവർ പറഞ്ഞത് ഈ കാലിന്റെ ആവശ്യമില്ല, മുറിച്ച് കളയണം എന്നാണ്. എങ്കിലേ സെറ്റ് ആകൂ. അപ്പോഴും ഒരു പ്രശ്നമുണ്ടായിരുന്നു. 17 വയസ്സായിരുന്നു എനിക്ക്. കൊച്ചു കുട്ടിയല്ലേ ഇപ്പോൾ കാൽ മുറിച്ചാൽ ശരിയാകില്ല. പെയിൻ കില്ലേഴ്സ് ധാരാളം കഴിക്കേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ, മുറിച്ചു മാറ്റണം എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു. വേദന അത്രയ്ക്ക് സഹിക്കാനാകാതെയായിരുന്നു അപ്പോഴേക്കും. വീട്ടിലും ആർ‌ക്കും താല്‍പര്യമുണ്ടായിരുന്നില്ല. ഒടുവിൽ എന്റെ നിർബന്ധത്തിൽ സർജറി നടന്നു. കാൽ മുറിച്ചു മാറ്റി. പുതിയ കാൽ വച്ചു. എല്ലാ രീതിയിലും കംഫർട്ട് ആണ്. ഞാൻ ധാരാളം സ്ട്രെയിൻ ചെയ്യുന്ന ആളാണ്. മലകയറും, റാംപിൽ നടക്കും അങ്ങനെ പലതും ഈ കാലും വച്ച് ചെയ്യും. അപ്പോൾ ചെറിയ വേദന തോന്നുമെങ്കിലും കാര്യമാക്കില്ല.

pathu 3

മാനസികമായും ഒത്തിരി തളർത്തി

ഈ പരിമിതി എന്റെ മനസ്സ് തളർത്തിയിട്ടേയില്ല. കുഞ്ഞിലേ ഒരുപാടു പേർ കളിയാക്കിയിരുന്നു. ആറാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ, ബന്ധുക്കളില്‍ പലരും പറഞ്ഞത്, ‘അവൾക്ക് ഒരു വീൽ ചെയർ വാങ്ങിക്കൊടുക്ക്, ഒരിക്കലും നടക്കാൻ പറ്റില്ല’ എന്നായിരുന്നു. പക്ഷേ, എന്റെ വീട്ടുകാർ എനിക്കൊപ്പം നിന്നു. അമ്മയുടെ അമ്മയാണ് എനിക്ക് ആദ്യം ഒരു കാൽ വാങ്ങിത്തന്നത്, നിനക്ക് നടക്കാൻ പറ്റും എന്ന ആത്മവിശ്വാസം പകർന്നത്. അക്കാലത്ത് എല്ലാത്തിൽ നിന്നും പിൻവലിഞ്ഞു നിന്നിരുന്ന എനിക്കത് വലിയ സന്തോഷവും ഊർജവും തന്നു.

ഞാൻ ടിക് ടോക്ക് ചെയ്യുമായിരുന്നു. അത് വഴി ടി.വി ഷോയിൽ വന്നപ്പോഴാണ് മോഡലിങ്ങിലേക്ക് എത്താൻ കൂടുതൽ താൽപര്യം വന്നത്. മോഡലിങ്ങിലേക്ക് വന്ന സമയത്തും ധാരാളം പേർ കളിയാക്കി. ബന്ധുക്കളടക്കം പലരും കളിയാക്കിയിരുന്നു. എട്ടാം ക്ലാസിൽ ഒക്കെ പഠിക്കുന്ന കാലത്ത്, ‘നിന്നെ ആരു കല്യാണം കഴിക്കും. നീ എന്തു ചെയ്യും. കെട്ടിക്കൊണ്ടു പോയി ഷോ കെയ്സിൽ ഇരുത്താനാണോ’ എന്നു വരെ ചിലർ ചോദിച്ചിട്ടുണ്ട്. ആ കാലത്ത് വലിയ സങ്കടമായിരുന്നു. പിന്നീട് കാലിന്റെ സർജറി കഴിഞ്ഞ് ഡ്രസിങ്ങിന്റെ ശൈലി മാറി. കാലിന്റെ സൗകര്യാർഥം ഷോർട്സ് ഒക്കെ ഇടുമ്പോള്‍, ‘അവൾ നിക്കറിട്ടു നടക്കുവാ’ എന്നൊക്കെ പലരും കുറ്റപ്പെടുത്തി. മാനസികമായും ഒത്തിരി തളർത്തി. പലരും പിന്നിലേക്ക് വലിക്കാൻ ശ്രമിച്ചു. പ്ലസ് വണ്‍ പ്ലസ് ടൂ പഠിക്കുന്ന കാലത്ത് അവിടുത്തെ ടീച്ചേഴ്സ് എന്നെ ടൂറിനു പോലും കൊണ്ടു പോയിട്ടില്ല. അതൊക്കെ അതിജീവിച്ചാണ് ഞാനിവിടെയെത്തിയിരിക്കുന്നത്. പക്ഷേ, ഇപ്പോൾ ഞാൻ പഠിക്കുന്ന കോളജിൽ എന്റെ എച്ച്.ഒ.ഡി സൗമ്യ ടീച്ചറൊക്കെ പൂർണ പിന്തുണയും പ്രോത്സാഹനവുമാണ് നൽകുന്നത്. എന്റെ ചേച്ചിയാണ് എന്റെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുന്നത്. നിഷ എന്നാണ് പേര്.

ഇതിനോടകം ഇരുപതോളം ഫോട്ടോഷൂട്ടുകൾ ചെയ്തു. എമിറേറ്റ്സ് മോഡലിങ് കമ്പനിയിൽ ഭാഗമാകുക എന്നത് എന്റെ സ്വപ്നമായിരുന്നു. എനിക്ക് ആ അവസരം കിട്ടി. ഗോവയിലെ ഷോയിൽ, ബസ്റ്റ് ഇൻസ്പയര്‍ മോഡലിനുള്ള ഏഷ്യ ഫാഷൻ അവാർഡ് 2021 കിട്ടി. എമറേറ്റ്സിന്റെ അൻഷാദിക്ക വലിയ പിന്തുണയാണ് നൽകുന്നത്.

pathu 2

പ്രണയദിനത്തിന്റെ ഫോട്ടോഷൂട്ട്

റംസീൻ ഇക്ക ചെയ്ത് ഫോട്ടോഷൂട്ട് പ്രണയദിനത്തിന്റെ കൺസപ്ടിൽ ചെയ്തതാണ്. കുറേ പേർ അത് കണ്ടു. ഇക്ക വലിയ പിന്തുണയാണ്. ഇപ്പോൾ എന്റെ മനസ്സിൽ സിനിമയാണ്. അതിനു വേണ്ടി ഇനി ശ്രമിക്കും. എമിറേറ്റ്സിൽ ഞാൻ അഭിനയവും പഠിക്കുന്നുണ്ട്. ആഗ്രഹങ്ങളുടെ ഓരോ സ്റ്റെപ്പായി കയറിക്കൊണ്ടിരിക്കുന്നു.

സജീനയാണ് ഉമ്മ. ഉപ്പ – നിസാം. അമ്മമ്മ– നൂർജഹാൻ. ചേച്ചി – നിഷാന.