ADVERTISEMENT

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലും അതു നവതലമുറകൾക്കായി ശേഖരിക്കുന്നതിലും സന്തോഷം കണ്ടെത്തിയ, ആ വലിയ നിധിക്കു കാവല്‍ക്കാരനായി ജീവിച്ചു മരിച്ച ഒരു മനുഷ്യൻ – പി.കെ നായർ!

എങ്കിലും അദ്ദേഹം ആരാണെന്നോ, വിലമതിക്കുവാനാകാത്ത ഈ ചരിത്രസമ്പത്തു കണ്ടെത്തി സൂക്ഷിക്കുവാനായി അദ്ദേഹം പകർന്ന അധ്വാനത്തിന്റെ വലുപ്പമോ പുതിയ തലമുറയിലെ സിനിമാ പ്രവർത്തകരിൽ പലർക്കും അറിയില്ല.

ADVERTISEMENT

ഇന്ത്യന്‍ സിനിമയുടെ ചരിത്രം പഠിക്കുവാനെത്തുന്നവരുടെയും പഴയ സിനിമകള്‍ കാണാന്‍ കൊതിക്കുന്നവരുടെയും സൗഭാഗ്യമായി പി.കെ നായർ മാറിയതെങ്ങനെ ?

2012 ല്‍ ശിവേന്ദ്ര സിങ് ദുംഗാര്‍പുര്‍ ഒരുക്കിയ ‘ദ സെല്ലുലോയ്ഡ് മാന്‍’ എന്ന ജീവചരിത്ര ഡോക്യുമെന്ററി ഈ ചോദ്യത്തിനുള്ള ഉത്തരമാകുന്നു. പി.കെ നായർ എന്ന ചലച്ചിത്രപണ്ഡിതനെയും പ്രഭാഷകനെയും എഴുത്തുകാരനെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ‘ദ സെല്ലുലോയ്ഡ് മാന്‍’.

ADVERTISEMENT

1933 ഏപ്രിൽ 6 നു ജനിച്ച, തിരുവന്തപുരത്തെ കാഞ്ഞിരംപാറ സ്വദേശിയായ, പരമേശ്വരന്‍ കൃഷ്ണന്‍ നായര്‍ എന്ന പി.കെ നായർക്ക് കുട്ടിക്കാലം മുതല്‍ സിനിമ ഹരമായിരുന്നു. ഇന്ത്യന്‍ സിനിമകൾക്കൊപ്പം വിദേശഭാഷകളിലെ ക്ലാസിക്കുകളും കണ്ടു തുടങ്ങിയതോടെയാണ് നായരിലെ സിനിമാ സങ്കല്‍പ്പങ്ങള്‍ മാറിയതും സിനിമയെ കൂടുതല്‍ അടുത്തു നിന്നു പഠിക്കണമെന്നുമുള്ള ആഗ്രഹം കടുത്തതും... ഇന്ത്യന്‍ സിനിമയിലെ ജീനീയസുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം അദ്ദേഹത്തെ മുംബൈയില്‍ എത്തിച്ചു. അവിടെ മെഹബൂബ് ഖാന്റെ ‘മദര്‍ ഇന്ത്യ’ യുടെ ചിത്രീകരണത്തില്‍ പങ്കെടുത്തു.

മെഹബൂബ് ഖാന്റെയും ബിമൽ റോയിയുടെയും ഋഷികേശ്‌ മുഖർജിയുടെയും ഒപ്പം ചലച്ചിത്രനിർമാണത്തിന്റെ പ്രായോഗിക പാഠങ്ങൾ മനസ്സിലാക്കി, ബോംബെയിലെ മെഹബൂബ് സ്റ്റുഡിയോയിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന കാലത്താണ് ഫിലിംസ് ഡിവിഷൻ മേധാവി ജഹാംഗിർ ഭവ്നഗരിയുടെ നിർദേശപ്രകാരം പി.കെ നായർ പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഒരു ഇന്റർവ്യൂവിന് എത്തുന്നത്. അങ്ങനെ 1961 മാര്‍ച്ചിൽ അദ്ദേഹം അവിടെ ഒരു ലൈബ്രറി തയാറാക്കുന്നതിനുള്ള റിസര്‍ച്ച് അസിസ്റ്റന്റായി ചുമതലയേറ്റു. ആ നിയമനമാണ് പി.കെ നായര്‍ എന്ന ‘സെല്ലുലോയ്ഡ് മനുഷ്യനെ’ സൃഷ്ടിച്ചത്.

ADVERTISEMENT

പഴയ പ്രഭാത് സ്റ്റുഡിയോയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍സ്റ്റ്യൂട്ടിലെ ഒരു ചെറിയ മുറിയില്‍ നായരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഫിലിം ആര്‍ക്കൈവ്‌സിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അതോടെ ഇന്ത്യന്‍ സിനിമയുടെ ചരിത്ര രേഖകള്‍ തേടിയുള്ള നായരുടെ യാത്രകളും ആരംഭിച്ചു. ഇതിനായി അമേരിക്ക, സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ആർക്കൈവുകളുടെ ക്യുറേറ്റർമാരും ഡയറക്ടർമാരുമായി അദ്ദേഹം ബന്ധം പുലർത്തി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു വിഭാഗമാകാതെ, പ്രത്യേകമായി വേണം ആർക്കൈവ് ക്രമീകരിക്കേണ്ടതെന്ന നിർദേശമാണ് അവരിൽ നിന്നെല്ലാം ലഭിച്ചത്.

കഠിന പരിശ്രമങ്ങൾക്കൊടുവിൽ ഇല്ലാതായെന്നു കരുതിയ പല ഇന്ത്യൻ ക്ലാസിക് സിനിമകളും കണ്ടെത്തി അദ്ദേഹം ആര്‍ക്കൈവ്‌സിലെത്തിച്ചു. അതിൽ പലതും നശിച്ചു തുടങ്ങിയ ഫിലിം കഷ്ണങ്ങള്‍ മാത്രമായിരുന്നു. അവ കൂട്ടിയോജിപ്പിച്ച് പല വിഖ്യാത സിനിമകള്‍ക്കും പുതിയ ജീവൻ പകർന്നതും പി.കെ നായരാണ്.

ഇന്ത്യൻ സിനിമയുടെ പിതാവ്‌ ദാദാ സാഹബ് ഫാൽക്കേയുടെ സംവിധാനത്തിലൊരുങ്ങിയ, പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമയായ ‘രാജാ ഹരിശ്ചന്ദ്ര', ‘കാളിയമർദൻ’, ബോംബെ ടാക്കീസിന്റെ ‘ജീവൻ നയ്യാ’, ‘ബന്ധൻ’, ‘കങ്കൺ’, ‘കിസ്മത്’ തുടങ്ങി ഇത്തരത്തിൽ എത്രയെത്ര വീണ്ടെടുക്കലുകൾ...

ഫാൽക്കേയുടേതിനൊപ്പം ന്യൂ തിയറ്റഴ്സ്, ജമിനി സ്റ്റുഡിയോസ്, എ.വി.എം പ്രൊഡക്‌ഷൻസ് എന്നിവയുടെ ചിത്രങ്ങളും സത്യജിത് റായ്, ഋത്വിക് ഘട്ടക്ക്, മൃണാൾ സെൻ, ഗുരുദത്ത്, ഇംഗ്‌മർ ബർഗ്‌മാൻ, അകിരാ കുറോസാവ എന്നിവരുടെ സൃഷ്ടികളുമുൾപ്പടെ എണ്ണം പറഞ്ഞ സിനിമകൾ അദ്ദേഹം ആർക്കൈവിലേക്കെത്തിച്ചു.

1964 ല്‍ നാഷണന്‍ ഫിലിം ആര്‍ക്കൈവ് ഒരു പ്രത്യേക വിഭാഗമായി സ്ഥാപിച്ചു. 1965 ൽ നായർ അതിന്റെ സഹ ക്യൂറേറ്ററും 1982 ല്‍ ആദ്യ ഡയറക്ടറുമായി. 30 വർഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിനിടെ, നാലായിരം വിദേശ ചിത്രങ്ങളടക്കം 12000 സിനിമകളുടെ വിപുലമായ സമ്പത്ത് ആര്‍ക്കൈവ്‌സിന് ശേഖരിച്ചു നല്‍കിയ ശേഷമാണ് 1991 ല്‍ അദ്ദേഹം വിരമിച്ചത്. തിരക്കഥകളും ചലച്ചിത്ര സംബന്ധമായ ഗ്രന്ഥങ്ങളും മറ്റും വേറെ.

83 വര്‍ഷത്തെ ജീവിതത്തിൽ പി.കെ നായർ ഏറ്റവും കൂടുതല്‍ ചിന്തിച്ചത് സിനിമയെന്ന ദൃശ്യാത്ഭുതത്തെക്കുറിച്ചാണ്. ഫിലിം സൊെസെറ്റി പ്രസ്ഥാനത്തിന് തുടക്കമിട്ടതും പല വിദേശ സംവിധായകരെയും ഇന്ത്യയില്‍ പരിചയപ്പെടുത്തിയതും മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, തിരുവന്തപുരം എന്നിവിടങ്ങളില്‍ ആര്‍ക്കൈവ് സ്റ്റഡിസെന്ററുകള്‍ സ്ഥാപിച്ചതും ചലച്ചിത്ര മേളകള്‍ ആരംഭിച്ചതും സിനിമാസ്വാദക കോഴ്‌സുകള്‍ തുടങ്ങിയതും സിനിമകളെ ഡിജിറ്റല്‍ രൂപത്തിലാക്കി സൂക്ഷിക്കുവാന്‍‌ തുടങ്ങിയതുമൊക്കെ നായരുടെ ശ്രമഫലമായാണ്.

മഹത്തായ ഒരു ചരിത്ര ശേഖരം ഇന്ത്യന്‍ സിനിമയ്ക്ക് നൽകിയാണ്, 2016 മാർച്ച് 4നു നായര്‍ മരണത്തിന്റെ ഇരുട്ടിലേക്കു പോയതെങ്കിലും ഒരു നിരാശ ബാക്കിയാകുന്നു –

അര്‍ഹിക്കുന്ന അംഗീകാരങ്ങളൊന്നും രാജ്യം അദ്ദേഹത്തിനു നല്‍കിയില്ല!



ADVERTISEMENT