Friday 10 February 2023 12:16 PM IST

മലയാള സിനിമയിലെ ആദ്യ അതിജീവിത: പി.കെ റോസി എന്ന ‘നഷ്ടനായിക’

V.G. Nakul

Sub- Editor

pk-rosi-1

മലയാള സിനിമയുടെ ആദ്യ നായിക പി.കെ റോസിയുടെ ജന്മവാര്‍ഷികത്തിൽ ആദരമര്‍പ്പിച്ചുള്ള ഗൂഗിളിന്റെ ഡൂഡിൽ ചിത്രം വലിയ ചർച്ചയാകുമ്പോൾ‌, സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ നിരന്തര പീഢനങ്ങൾ നേരിട്ട, നാടുകടത്തപ്പെട്ട റോസിയുടെ ജീവിതം കൂടി വീണ്ടും ഓർമിക്കപ്പെടുന്നു.

ഇന്ത്യയിൽ ഇന്നു തങ്ങളുടെ സെർച്ച് പേജിൽ, ‘ഗൂഗിൾ’ എന്ന എഴുത്തിനു മുന്നിൽ പി.കെ റോസിയുടെ ഛായാചിത്രം ചേർത്തു കൊണ്ടാണ് ഗൂഗിളിന്റെ ആദരവ്.

ജെ.സി ഡാനിയേല്‍ സംവിധാനം ചെയ്ത, മലയാളത്തിലെ ആദ്യ സിനിമയായ ‘വിഗതകുമാരന്‍’ല്‍ നായികയായ പി.കെ റോസി എന്ന റോസമ്മ, അതിന്റെ പേരിൽ നേരിട്ട വേദനകൾക്കു പരിധിയില്ല. സ്ത്രീകൾ കലാരംഗത്ത് വരുന്നതിൽ എതിർപ്പുള്ള ആ കാലത്ത്, സരോജം എന്ന സവർണ്ണ സ്ത്രീയുടെ വേഷത്തിലാണ് ദളിതയായ റോസി ‘വിഗതകുമാരന്‍’ൽ അഭിനയിച്ചത്. 1928 നവംബര്‍ 7നായിരുന്നു തിരുവനന്തപുരം ക്യാപ്പിറ്റോള്‍ തിയറ്ററില്‍ വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം. അതോടെ സംഗതികൾ മാറി. സവര്‍ണ്ണ കഥാപാത്രത്തെ കീഴ്ജാതിക്കാരി അഭിനയിച്ചു എന്നാക്ഷേപിച്ച് റോസിയുടെ രംഗങ്ങൾ വന്നപ്പോഴൊക്കെ കാണികള്‍ കൂവിയും ചെരിപ്പുകൾ വലിച്ചെറിഞ്ഞും പ്രതിഷേധിച്ചു. സ്ക്രീൻ കുത്തിക്കീറി. നായക കഥാപാത്രം റോസിയുടെ മുടിയില്‍‌ വച്ച പൂവില്‍ ചുംബിക്കുന്ന രംഗവും വലിയ പ്രക്ഷോപങ്ങള്‍ക്കിടയാക്കി. റോസിയ്ക്കു നേരെ ആക്രമണങ്ങളുണ്ടായി. വീട് കത്തിച്ചു. തിരുവനന്തപുരത്തെ ചാല കമ്പോളത്തില്‍ വച്ച് ചിലർ പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്തെന്നും ചരിത്രം പറയുന്നു. ഒടുവിൽ ജീവൻ അപകടത്തിലാകുമെന്ന് മനസ്സിലാക്കിയ റോസി നാടുവിട്ട് തമിഴ്നാട്ടിലെത്തുകയും ഒരു ലോറി ഡ്രൈവറെ വിവാഹം കഴിച്ച് രാജമ്മ എന്ന പേരിൽ ശിഷ്ടജീവിതം കഴിച്ചുകൂട്ടുകയുമായിരുന്നുവത്രേ.

ട്രാവൻകൂർ നാഷണൽ പിക്ചേഴ്‌സിന്റെ ബാനറിൽ വിഗതകുമാരന്റെ രചന, സംവിധാനം, ഛായാഗ്രഹണം, നിർമ്മാണം എന്നിവ നിർവഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ഡാനിയേൽ ആയിരുന്നു. ജെ.സി. ഡാനിയേലിന്റെ ജീവിതവും ഇതോടെ ദുരിതക്കയത്തിലായി.

പുരുഷ കേന്ദ്രീകൃത – ജാതി രാഷ്ട്രീയത്തിന്റെ മലയാള സിനിമാരംഗത്തെ ആദ്യ അതിജീവിതയായ പി.കെ റോസിയെക്കുറിച്ച് എഴുതപ്പെട്ട പ്രധാന പുസ്തകങ്ങളിൽ ഒന്നാണ് വിനു ഏബ്രഹാമിന്റെ ‘നഷ്ടനായിക’ എന്ന നോവൽ. പി.കെ റോസിയുടെയും ജെ.സി. ഡാനിയേലിന്റെയും ജീവിത കഥ പറഞ്ഞ ‘സെല്ലുലോയ്ഡ്’ എന്ന സിനിമയ്ക്ക് ആധാരമായതും ഈ കൃതിയാണ്. കമൽ സംവിധാനം ചെയ്ത ചിത്രത്തില്‍ ജെ.സി. ഡാനിയേല്‍ ആയി പൃഥ്വിരാജും പി.കെ റോസിയായി ചാന്ദിനിയും അഭിനയിച്ചു. നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടി വലിയ വിജയമായ ചിത്രം പി.കെ റോസിയ്ക്കും ജെ.സി. ഡാനിയേലിനുമുള്ള മലയാളസിനിമയുടെ സമുചിത ആദരവുമായി.

‘‘2005 ലെ ഐ.എഫ്.എഫ് കെ വേദിയാണ് എന്നെ പി.കെ റോസിയുടെ ജീവിതം എഴുതണം എന്ന മോഹത്തിലേക്ക് എത്തിച്ചത്. ആ ഫെസ്റ്റിവൽ നടക്കുമ്പോൾ, കൈരളി തിയറ്റർ പരിസരത്ത് എഴുത്തുകാരനും സംവിധായകനുമായ ബേബി തോമസിന്റെ നേതൃത്വത്തിൽ ഒരു ലഘുലേഖ വിതരണം ചെയ്തു. പി.കെ റോസിയോടുള്ള അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു അതിന്റെ ഉള്ളടക്കം. ഒപ്പം കുരീപ്പുഴ ശ്രീകുമാറിന്റെ ‘നടിയുടെ രാത്രി’ എന്ന കവിതയും ഉൾപ്പെടുത്തിയിരുന്നു. ആ ലഘുലേഖയിൽ നിന്നാണ് ഞാൻ പി.കെ റോസി എന്ന നടിയെക്കുറിച്ചും അവർ നേരിട്ട പീഢനങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നത്. സിനിമയുടെ ചരിത്രം ഏറെ താൽപര്യത്തോടെ പിന്തുടരുന്ന എനിക്കു പോലും ഇത്രകാലത്തിനിടെ പി.കെ റോസിയെക്കുറിച്ച് അറിയാനായില്ലല്ലോ എന്ന നിരാശ വളരെ വലുതായിരുന്നു. അങ്ങനെയാണ് അവരെക്കുറിച്ച് വിശദമായ ഒരു ഫീച്ചറോ ലേഖനമോ എഴുതണം എന്നു തീരുമാനിച്ചതും അതിനായുള്ള അന്വേഷണങ്ങൾ ആരംഭിച്ചതും. എന്നാൽ തിരക്കിയപ്പോഴാണ് വ്യക്തമായത്, പി.കെ റോസിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന്. പോകെപ്പോകെ ഇതൊരു ലേഖനമായി ഒതുക്കേണ്ടതല്ല, നോവലിനുള്ള സാധ്യതയാണെന്ന തോന്നലുണ്ടായി. അങ്ങനെ കൂടുതൽ ഗവേഷണങ്ങള്‍ ആരംഭിച്ചു. ഒരു ഹെർക്കൂലിയൻ ടാസ്ക് ആയിരുന്നു. ഒടുവിൽ രണ്ടര വർഷത്തിനു ശേഷം നോവൽ എഴുതിത്തീർത്തു. 2008 ൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ നാലാം പതിപ്പിലെത്തിയിരിക്കുന്നു.

pk-rosi-2

സംവിധായകൻ ബ്ലസി ആണ് ‘നഷ്ടനായിക’ സിനിമയാക്കാൻ ആദ്യം സമീപിച്ചത്. പൃഥ്വിരാജും ഞാനും ബ്ലസിയും അതിനായി കുറേ ചർച്ചകൾ നടത്തി. എന്നാൽ ആ പ്രൊജക്ട് നടന്നില്ല. പിന്നീട് രഞ്ജിത്തും ലെനിന്‍ രാജേന്ദ്രനുമൊക്കെ നഷ്ടനായിക സിനിമയാക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവിൽ 2013 ൽ കമൽ അതു ‘സെല്ലുലോയ്ഡ്’ എന്ന പേരിൽ സിനിമയാക്കി’’. – വിനു ഏബ്രഹാം പറയുന്നു.

pk-rosi-3 വിനു ഏബ്രഹാം

മേൽവിവരിച്ച ചില ജനകീയ ഇടപെടലുകളും ചലച്ചിത്ര ചരിത്രകാരന്‍മാരുടെ ശ്രമങ്ങളും ‘നഷ്ടനായിക’യും ‘സെല്ലുലോയ്’ഡുമൊക്കെച്ചേർന്നപ്പോൾ പി.കെ റോസി എന്ന ഇതിഹാസ വ്യക്തിത്വം മലയാളിജീവിതത്തിന്റെ മുഖ്യധാരയിൽ വീണ്ടും ഓർമിക്കപ്പെട്ടു. ജെ.സി ഡാനിയലിന്റെയും പി.കെ റോസിയുടെയും പോരാട്ട ചരിത്രം പുതിയ കാലം തിരിച്ചറിയുകയും ആദരിക്കുകയും അവരുടെ ഓർമ്മകളെ ജ്വലിപ്പിച്ച് നിർത്താൻ ഇരുവരുടെയും നാമധേയത്തിൽ സർക്കാർ തലത്തിൽ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു .