Monday 01 February 2021 03:12 PM IST

‘ഞാനില്ലെങ്കില്‍ എന്റെ പിള്ളാരെന്തു ചെയ്യും ചേട്ടാ...’! അവന് ആ പേടി എപ്പോഴും ഉണ്ടായിരുന്നു: സോമുവിന്റെ ഓർമയിൽ പ്രദീപ് ചന്ദ്രൻ‌

V.G. Nakul

Sub- Editor

pradeep

പാതിയിൽ മുറിഞ്ഞ ഗാനം പോലെ സോമദാസ് പോയി. പ്രിയപ്പെട്ടവരിലും സംഗീതാസ്വാദകരിലും വേദന നിറച്ച വിടവാങ്ങൽ. കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ യുവഗായകരിലൊരാളായ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. 42 വയസ്സായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി ചികിൽസ തുടങ്ങി. കഴിഞ്ഞ ദിവസം കോവിഡ് മുക്തനായി വാർഡിലേക്കു മാറ്റാനിരിക്കെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്.

സംഗീത റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് താരമായത്. തുടർന്ന് ഗാനമേള വേദികളിലും തിളങ്ങി. അടുത്തിടെ ബിഗ് ബോസ് ഷോയിലൂടെ അദ്ദേഹം വീണ്ടും ലൈംലൈറ്റിലേക്കെത്തിയിരുന്നു. ഭാര്യയും നാലു പെൺമക്കളുമടങ്ങുന്നതാണ് സോമദാസിന്റെ കുടുംബം.

‘‘ഞാൻ സോമദാസിനെ പരിചയപ്പെട്ടത് ‘ഉർവശി തിയറ്റേഴ്സ്’ എന്ന പ്രോഗ്രാമിൽ വച്ചാണ്, 2017 ൽ. അതിനു ശേഷം ബിഗ് ബോസിൽ വീണ്ടും കണ്ടുമുട്ടി. നേരത്തെ പരിചയമുണ്ടായിരുന്നതിന്റെ അടുപ്പം ഞങ്ങളെ വേഗം സുഹൃത്തുക്കളാക്കി. വളരെ പാവമായിരുന്നു. ആർക്കും ഇഷ്ടം തോന്നുന്ന പ്രകൃതം. ഇത്ര വേഗം അവൻ വിട്ടു പോകുമെന്ന് പ്രതീക്ഷിച്ചില്ല. വലിയ നൊമ്പരം തോന്നുന്നു’’.– ബിഗ് ബോസിൽ സോമദാസിന്റെ സഹമത്സരാർത്ഥിയായിരുന്ന നടൻ പ്രദീപ് ചന്ദ്രൻ‌ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘സോമദാസ് 25 ദിവസത്തോളം ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നു. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ കൂടിയപ്പോൾ പിൻമാറി. ഉള്ള അത്രയും ദിവസവും അവൻ ഞങ്ങൾക്കു വേണ്ടി പാടി. ഞങ്ങളും ഒപ്പം പാടി. ‘കണ്ണാന കണ്ണേ...’ എന്ന പാട്ടൊക്കെ പാടുമ്പോൾ കേട്ടിരിക്കുന്നവരുടെ കണ്ണുകൾ നനയും. ഒരു ഘട്ടത്തിൽ ഞങ്ങളെ പാടിയുണർത്തിയിരുന്നത് സോമുവാണ്’’. – പ്രദീപ് ചന്ദ്രൻ ഓർമകളിലേക്ക് തിരികെ പോയി.

അവന് ആശങ്കയുണ്ടായിരുന്നു

pradeep-2

പലപ്പോഴും ഒറ്റയ്ക്കിരുന്ന് ആലോചിക്കുന്നതു കാണാം. കുടുംബത്തെയും കുഞ്ഞുങ്ങളെയും കുറിച്ചാണ് ചിന്ത. ചോദിക്കുമ്പോൾ, മക്കളുടെ കാര്യമാണ് പറയുക. നാല് മക്കളാണല്ലോ. ഒന്ന് തീരെ പൊടികുഞ്ഞാണ്. അത് പറഞ്ഞ് സങ്കടപ്പെടും. കരയും.

അന്നേ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇടയ്ക്ക് ചില ടെസ്റ്റുകൾ നടത്തിയിരുന്നു. ചികിത്സ വേണമെന്ന് പറഞ്ഞിരുന്നു. ഒരു പ്രത്യേക സ്റ്റൈലാണല്ലോ ബിഗ് ബോസ് ഹൗസിനുള്ളിൽ. സോമുവിന്റെ ആരോഗ്യസ്ഥിതി അതിനു യോജിക്കുമായിരുന്നില്ല. അങ്ങനൊണ് പിൻമാറിയത്. ഒരുപാട് വിഷമങ്ങൾ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ കല്യാണത്തിന്റെ പ്രശ്നങ്ങളും ജീവിതത്തിലെ പ്രതിസന്ധികളുമൊക്കെ സംസാരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധികളുമുണ്ടായിരുന്നു എന്നു തോന്നുന്നു.

മക്കളെ ഓർത്തായിരുന്നു പ്രധാന ആവലാതി. ഞാനില്ലെങ്കില്‍ എന്റെ പിള്ളാരെന്തു ചെയ്യും എന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. ആ പേടി എപ്പോഴും ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ഒരുമാസം മുമ്പാണ് അവസാനം കണ്ടത്. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിൽ ഒന്നിച്ച് പങ്കെടുത്തു. അന്നും ഇനിയും ഒത്തു കൂടണം എന്ന് ആഗ്രഹം പറഞ്ഞാണ് പിരിഞ്ഞത്...പക്ഷേ....