പ്രദീപ് ചന്ദ്രൻ പ്രേക്ഷകർക്ക് സുപരിചിതനാണ്. ‘ബിഗ് ബോസ് മലയാളം സീസണ്‍ ടു’വിലൂടെ വലിയ ആരാധക പിന്തുണ നേടും മുമ്പു തന്നെ, ജനപ്രിയ സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു ഈ തിരുവനന്തപുരത്തുകാരൻ. ‘കുഞ്ഞാലിമരയ്ക്കാർ’ എന്ന ഹിറ്റ് പരമ്പരയില്‍ കുഞ്ഞാലിമരയ്ക്കാറായും, ‘കറുത്തമുത്തി’ൽ പൊലീസ് ഉദ്യോഗസ്ഥനായും തിളങ്ങിയ പ്രദീപ് ഇരുപത്തിയഞ്ചോളം സിനിമകളിലും ഇതിനോടകം അഭിനയിച്ചു. അതില്‍ പതിനൊന്ന് ചിത്രങ്ങൾ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പമാണ്.
കഴിഞ്ഞ ജൂലൈയിലായിരുന്നു പ്രദീപിന്റെ വിവാഹം. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിനിടെ കല്യാണം ഇത്തിരി നീണ്ടെങ്കിലും തന്റെ മനസ്സിനിണങ്ങിയ, തന്നെ പൂർണമായും മനസ്സിലാക്കുന്ന ഒരു ജീവിതപങ്കാളിയെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം. കരുനാഗപ്പള്ളി സ്വദേശിനിയും ഇൻഫോസിസിൽ ടെക്നോളജി അനലിസ്റ്റുമായ അനുപമ രാമചന്ദ്രനാണ് പ്രദീപിന്റെ ജീവിതപങ്കാളി.
ഇപ്പോഴിതാ, ജീവിതത്തിലെ മറ്റൊരു സന്തോഷം പങ്കുവയ്ക്കുകയാണ് പ്രദീപ്. ജീവിതത്തിലെ പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രദീപും അനുപമയും.
‘‘അനു ഇപ്പോൾ രണ്ടു മാസം ഗർഭിണിയാണ്. തൽക്കാലം ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കണ്ട എന്ന തീരുമാനത്തിലായിരുന്നു. കുറച്ചു കൂടി കഴിയട്ടെ എന്നു കരുതി. പക്ഷേ, കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് കൊടുത്ത വിഡിയോ അഭിമുഖത്തിൽ ഞാൻ കാര്യം പറഞ്ഞു. ഇനിയിപ്പോൾ എല്ലാവരും അറിഞ്ഞോട്ടെ എന്നു കരുതി. ജീവിതത്തിലെ പുതിയ സന്തോഷങ്ങൾ ആസ്വദിക്കുകയാണ് ഇപ്പോൾ ഞാൻ... ’’. – പ്രദീപ് ‘വനിത ഓൺലൈനോ’ട് പറഞ്ഞു.

അടുത്തിടെ അന്തരിച്ച നടൻ ശബരീനാഥിന്റെ പകരക്കാരനായി ‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിലെ ശബരിയുടെ കഥാപാത്രത്തെ ഇനി അവതരിപ്പിക്കുക പ്രദീപാണ്.
‘‘ശബരിയ്ക്ക് പകരം ഇനി ആ കഥാപാത്രം ഞാനാണ് ചെയ്യുക. അതാണ് കരിയറിൽ ഏറ്റവും പുതിയ വാർത്ത. ശബരി എന്റെ സുഹൃത്തായിരുന്നു. വളരെ നല്ല മനുഷ്യൻ. ശബരിയുടെ മരണം ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതിനാൽ വലിയ ഞെട്ടലായി. ഞങ്ങൾ ഒന്നിച്ച് പ്രോഗ്രാംസ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് സാധ്യതകളുണ്ടായിരുന്ന നടനാണ് ശബരി. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്’’.– പ്രദീപ് പറയുന്നു.
തിരുവനന്തപുരത്താണ് പ്രദീപ് ജനിച്ചു വളർന്നത്. അച്ഛൻ ചന്ദ്രശേഖരൻ നായർ പൊലീസിലായിരുന്നു. അമ്മ – വൽസല.സി.നായർ. ചേട്ടൻ – പ്രമോദ് ചന്ദ്രൻ.
‘‘അഭിനയമാണ് കരിയർ എന്ന് ഉറപ്പിച്ച ആളാണ് ഞാൻ. അഭിനയത്തോടും സിനിമയോടുമുള്ള ഭ്രമം ചെറുപ്പം മുതൽ ഒപ്പം കൂടിയതാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ‘താഴ്‌വാരപ്പക്ഷികൾ’ എന്ന സീരിയലിൽ അഭിനയിച്ചാണ് തുടക്കം. പിന്നീട് പഠനത്തിലായി ശ്രദ്ധ. അപ്പോഴും അഭിനയ മോഹം മനസ്സിലുണ്ടായിരുന്നു.

എം.ബി.യെ കഴിഞ്ഞ് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കാലത്താണ് ഇനി സിനിമയിൽ ശ്രമിക്കാം എന്നു തീരുമാനിച്ച് ജോലി വിട്ട് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. ഡിഗ്രി കഴിഞ്ഞ് എം.ബി.എയ്ക്ക് ചേരും മുമ്പ് ഞാൻ ഒരു ഫിലിം അക്കാഡമിയിൽ ചേർന്ന് സിനിമയെക്കുറിച്ച് പഠിച്ചിരുന്നു.
തിരുവനന്തപുരത്ത് മടങ്ങിയെത്തി മറ്റൊരു ജോലി കണ്ടെത്തി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും സിനിമയിൽ ആദ്യ അവസരം കിട്ടി. എന്റെ ബന്ധു വിമൽകുമാർ മോഹൻലാൽ ഫാൻസിന്റെ പ്രധാനിയാണ്. അദ്ദേഹം വഴിയാണ് മേജർ രവി സാറിനെ പരിചയപ്പെട്ടതും ‘മിഷൻ 90 ഡെയ്സി’ൽ അവസരം ലഭിച്ചതും. പിന്നീട് മേജർ രവി സാറിന്റെയും ആന്റണി പെരുമ്പാവൂര്‍ സാറിന്റെയും മിക്ക സിനിമകളിലും എനിക്കു വേഷങ്ങളുണ്ടായിരുന്നു. ഇതിനോടകം ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. അതില്‍ പതിനൊന്ന് ചിത്രങ്ങൾ ലാലേട്ടനൊപ്പമാണ്. ‘വാടാമല്ലി’ എന്ന ചിത്രത്തിൽ നായകപ്രാധാന്യമുള്ള വേഷമായിരുന്നു’’.– തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് മുമ്പ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രദീപ് പറഞ്ഞിരുന്നു.