Wednesday 12 October 2022 02:03 PM IST

അക്കാലത്തിന്റെ ‘ന്യൂ ജനറേഷൻ’ നായകൻ: പ്രതാപ് പോത്തൻ എന്ന ബഹുമുഖ പ്രതിഭ

V.G. Nakul

Sub- Editor

prathap

പ്രണയത്തിന്റെയും വിഷാദത്തിന്റെയും ഉൻമാദത്തിന്റെയും ആഘോഷങ്ങളുടെയും അടയാളമായിരുന്നു ഒരു കാലത്തു പ്രതാപ് പോത്തന്റെ കഥാപാത്രങ്ങൾ... ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ ഒടുവിൽ തുടങ്ങി എൺപതുകളുടെ അവസാനം വരെ യൗവനത്തിന്റെ തീവ്രഭാവങ്ങളെ തിരശീലയിൽ പകർത്തിയ നായകമുഖം...ഒടുവിൽ 2022 ജൂലൈ 14 നു സിനിമയുടെ ‘ആരവ’ങ്ങളില്ലാത്ത മറ്റൊരു ലോകത്തേക്കു ആ പ്രതിഭ പോയി... ചെന്നൈയിലെ ഫ്‌ളാറ്റിൽ പ്രതാപിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ മായാത്ത മുദ്രകൾ കോറിയിട്ടു, പതിറ്റാണ്ടുകളോളം നീണ്ട പ്രതാപ് പോത്തന്റെ ചലച്ചിത്ര ജീവിതം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. തമിഴിലും മലയാളത്തിലും ഒരു കൂട്ടം മികച്ച സിനിമകളുടെ സംവിധായകനുമായി.

prathap-new-3

ശരീരഭാഷയിലും സംസാരരീതിയിലും അത്രകാലം തെന്നിന്ത്യ കണ്ട അഭിനേതാക്കളുടെ കള്ളിയിലൊതുങ്ങുന്നയാളായിരുന്നില്ല പ്രതാപ് പോത്തൻ. തനതായ ഒരു ശൈലി തന്റെ കഥാപാത്രങ്ങൾക്ക് പകരാന്‍ ആ ശാരീരവും ശരീരവും എക്കാലത്തും അദ്ദേഹത്തെ സഹായിച്ചു. ചിരിയിലും നോട്ടത്തിലും ചലനങ്ങളിലുമൊക്കെ അഴകുള്ളൊരു തനിമ ആ കഥാപാത്രങ്ങൾക്കെല്ലാമുണ്ടായിരുന്നു. ആരവത്തിലെ കൊക്കരക്കോയും തകരയിലെ തകരയും ലോറിയിലെ ദാസപ്പനും തനി നാടൻ മനുഷ്യരുടെ പ്രതിനിധികളായപ്പോൾ ചാമരത്തിലെ വിനോദ് നാഗരിക യുവത്വത്തിന്റെ പ്രതിനിധിയായിരുന്നു. ഈ ദൂരത്തിലുണ്ട് പ്രതാപ് പോത്തന്റെ പ്രതിഭ. അക്കാലത്തു മലയാളത്തിലെ സമാന്തര മാനമുള്ള വാണിജ്യസിനിമയിലെ വിലയേറിയ പേരുകളിലൊന്നായിരുന്ന പ്രതാപ് പോത്തൻ, തമിഴിലും ശ്രദ്ധേയമായ ചില സിനിമകളിൽ നായകവേഷത്തിലെത്തി.

വ്യവസായിയായിരുന്ന കുളത്തുങ്ങൽ ജോസഫ് പോത്തന്റെ മകനായി 1952 ഏപ്രിൽ 18 നു തിരുവനന്തപുരത്തു ജനിച്ച പ്രതാപ് പോത്തന്റെ സ്കൂൾ വിദ്യാഭ്യാസം ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു. സമൃദ്ധമായിരുന്നു ബാല്യം. പ്രതാപ് ജനിക്കുന്ന കാലത്ത് കേരളത്തിലെ ഏറ്റവും പ്രധാന വ്യവസായികളിലൊരാളായിരുന്നു പിതാവ്. പ്രതാപിനു 15 വയസ്സായപ്പോഴേക്കും ജോസഫ് പോത്തൻ മരിച്ചു. പ്രതാപ് മദ്രാസ് ക്രിസ്ത്യൻ കോളജിൽ പഠിക്കുന്ന കാലത്താണ് പിതാവിന്റെ മരണശേഷം പ്രതിസന്ധിയിലായിരുന്ന കുടുംബ ബിസിനസ് പൂര്‍ണമായും തകർന്നത്. വസ്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. ഇതു പ്രതാപിന്റെ പഠനത്തെപ്പോലും പ്രതിസന്ധിയിലാക്കി.

ഒരു വിധത്തില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി, മുംബൈയിലേക്കു പോയി. എം.സി.എം എന്ന പരസ്യ ഏജൻസിയിൽ പ്രൂഫ് റീഡറായി തുടക്കം. പിന്നീടു കോപ്പി റൈറ്ററായി. മാസം 400 രൂപയായിരുന്നു അക്കാലത്ത് ശമ്പളം. തുടർന്നു കമ്പനികള്‍ പലതുമാറി. പല നഗരങ്ങളിൽ പ്രവർത്തിച്ചു. ഒടുവില്‍ വീണ്ടും മദ്രാസിലെത്തി. അക്കാലത്തൊക്കെ അഭിനയത്തിൽ കമ്പമുണ്ടായിരുന്ന അദ്ദേഹം മദ്രാസിൽ തിരിച്ചെത്തിയതോടെ ജോലിക്കൊപ്പം നാടകപ്രവര്‍ത്തനത്തനവും ആരംഭിച്ചു. ഗിരീഷ് കര്‍ണാട് ഉള്‍പ്പെട്ട ‘മദ്രാസ് പ്ലേയേഴ്സ്’ എന്ന സംഘത്തില്‍ അഭിനേതാവായി തുടക്കം. നാടകത്തിലെ പ്രകടനം കണ്ടാണ് സംവിധായകൻ ഭരതൻ പ്രതാപിനെ ശ്രദ്ധിച്ചത്. അതായിരുന്നു വഴിത്തിരിവും.

prathap-new-1

1978 ൽ, ഭരതന്റെ ‘ആരവ’ത്തിലൂടെ പ്രതാപ് സിനിമയിലെത്തി. ഭരതന്റെ ‘തകര’യാണ് മലയാളത്തിൽ അദ്ദേഹത്തെ താരമാക്കിയത്. ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം സിവപ്പ്, മധുമലർ, കാതൽ കഥൈ, തകര, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ എന്നിങ്ങനെ അക്കാലത്ത് ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ നായക–ഉപനായക വേഷങ്ങളിൽ പ്രതാപ് തിളങ്ങി.

അഭിനയം മടുത്തു തുടങ്ങിയപ്പോഴാണ്, കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങി പ്രതിഭാധനരായ സംവിധായകർക്കൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്തുമായി പ്രതാപ് പോത്തൻ സംവിധാന രംഗത്തേക്കു കടന്നത്. ആദ്യ ചിത്രം ‘മീണ്ടും ഒരു കാതല്‍ കതൈ’. ഇതിനു മികച്ച നവാഗത സംവിധായകര്‍ക്കുള്ള ആദ്യത്തെ ഇന്ദിരാഗാന്ധി പുരസ്കാരം പ്രതാപ് പോത്തനെ തേടിയെത്തി. തുടർന്നു വെട്രിവിഴാ, ആത്മ, ചൈതന്യ, ഡെയ്സി, ഋതുഭേദം, ജീവ എന്നിവയടക്കം ‘ഒരു യാത്രാമൊഴി’ വരെ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തു. ‘സൊല്ല തുടിക്കിത് മനസ്സ്’ എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി.

‘ഋതുഭേദ’ത്തിനു പനോരമ സെലക്ഷനും തിലകനു ദേശീയ അവാർ‌ഡും ലഭിച്ചു. കമലഹാസന്റെ ശുപാര്‍ശയിലായിരുന്നു ശിവാജി ഫിലിംസുമായി ബന്ധപ്പെട്ടതും ‘ജീവ’യും ‘വെട്രിവിഴാ’യും ‘മൈ ഡിയർ മാർത്താണ്ഡനും’ ഒരുക്കിയതും. 1990ല്‍ പരസ്യരംഗത്തു വീണ്ടും സജീവമായി. സ്വന്തം കമ്പനി തുടങ്ങി. ഒരു ഘട്ടത്തിൽ തെന്നിന്ത്യയിലെ ഏറ്റവും വലിയ പരസ്യനിർമ്മാതാവായിരുന്നു അദ്ദേഹം. സച്ചിനെയും, ബ്രയാന്‍ ലാറയെയും ഉൾപ്പടെ അഭിനയിപ്പിച്ചു പരസ്യങ്ങള്‍ ഒരുക്കി. തികഞ്ഞ മനുഷ്യ സ്നേഹി, മികച്ച വായനക്കാരൻ, എഴുത്തുകാരൻ, സംഗീതപ്രേമി, ഗിറ്റാർ വാദകൻ...വിശേഷണങ്ങൾ ഇനിയും നീളും...

1997 ൽ ഒരു യാത്രാമോഴി ഒരുക്കിയ ശേഷം മലയാളത്തിൽ നിന്നു മാറി നിന്ന അദ്ദേഹം 2005 ൽ തൻമാത്രയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു. പിന്നീടു 2008 ൽ കലണ്ടർ, 2010 ല്‍ പുള്ളിമാന്‍ എന്നിവയും. 2012ൽ ‘22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിലൂടെയാണു, മലയാള സിനിമയിലെ നീണ്ട ഇടവേള അവസാനിപ്പിച്ചു, അദ്ദേഹം വീണ്ടും മുഖ്യധാരയിലേക്കു മടങ്ങിയെത്തിയതും സജീവമായതും. അതൊരു നല്ല തുടക്കമായി. ഒന്നിനു പിറകെ ഒന്നായി സിനിമകള്‍, മികച്ച കഥാപാത്രങ്ങള്‍...‘അയാളും ഞാനും തമ്മിൽ’, ‘ഇടുക്കി ഗോൾഡ്’, ‘ബാംഗ്ലൂർ ഡേയ്സ്’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനങ്ങൾ. പിന്നീടു തിരികെ നോക്കേണ്ടി വന്നില്ല. അവസരങ്ങൾ തേടിയെത്തിക്കൊണ്ടേയിരുന്നു.

prathap-new-2

അതിനിടയില്‍ ദുൽഖറിനെ നായകനാക്കി സംവിധാനത്തിലേക്കു തിരിച്ചു വരാൻ തയാറെടുത്ത ചിത്രം മുടങ്ങി. അതുമായി ബന്ധപ്പെട്ടു തിരക്കഥാകൃത്തായ അഞ്ജലി മേനോനുമായുണ്ടായ തർക്കങ്ങളും വാർത്തയായി. സോഷ്യൽ മീഡ‍ിയയിലൂടെ തന്നെയും മകന്‍ കാളിദാസിനെയും അപമാനിച്ചു എന്നാരോപിച്ചു നടന്‍ ജയറാം പ്രതാപ് പോത്തനെതിരെ താരസംഘടനയായ ‘അമ്മ’യ്ക്ക് പരാതി നല്‍കിയതും ചർച്ചയായിരുന്നു.

പ്രശസ്ത നിർമാതാവും സുപ്രിയ ഫിലിംസിന്റെ ഉടമയുമായ ഹാരി (ഹാരി എന്നാണു പേരെങ്കിലും സിനിമയിൽ അദ്ദേഹം ഹരി ആയിരുന്നു) പോത്തൻ‍ പ്രതാപിന്റെ സഹോദരനാണ്. ‘സുപ്രിയ’ യുടെ ബാനറിൽ ഹാരി പോത്തൻ നിർമിച്ച ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും ഒത്തുചേരലുകളായിരുന്നു‍ അവ.1967ൽ അശ്വമേധത്തിലൂടെ തുടക്കം. തുലാഭാരം, നദി, നഖങ്ങൾ, ഇതാ ഇവിടെ വരെ, രതിനിർവേദം, അലാവുദ്ദീനും അൽഭുതവിളക്കും, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, അപരൻ, മൂന്നാംപക്കം, മാളൂട്ടി, അങ്കിൾ ബൺ തുടങ്ങി 22 മികച്ച മലയാള ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. 1993ൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ‘ആത്മ’ എന്ന തമിഴ് ചിത്രമാണ് അവസാന സംരംഭം.

‘മീണ്ടും ഒരു കാതല്‍ കഥൈ’യുടെ നിര്‍മാതാവും നായികയുമായ രാധിക പ്രതാപ് പോത്തന്റെ ജീവിതത്തിലും നായികയായി. 1985 ൽ രാധികയും പ്രതാപും വിവാഹിതരായെങ്കിലും അടുത്ത വർ‌ഷം ആ ബന്ധം വിവാഹമോചനത്തിലെത്തി. 1990 ൽ അമല സത്യനാഥ് പ്രതാപിന്റെ ഭാര്യയായി. ഈ ദാമ്പത്യവും 2012 ൽ അവസാനിച്ചു. ഇവരുടെ മകളാണ് കേയ. സ്വകാര്യ ജീവിതത്തിലെ സംഘർഷങ്ങൾ തന്നിൽ മാത്രം ഒതുങ്ങണമെന്ന് ആഗ്രഹിച്ചിരുന്ന പ്രതാപ് ഏറ്റവുമധികം വാചാലനായിരുന്നത് കേയയെക്കുറിച്ചാണ്. ‘my daughter...my soul’ എന്നു കേയയുടെ ഒരു ചിത്രം പങ്കുവച്ച് ‌‌പ്രതാപ് സോഷ്യൽ മീഡിയയില്‍ കുറിച്ചിരുന്നു. ആ വാചകങ്ങളിലുണ്ട് മകളോടുള്ള പ്രതാപിന്റെ അടുപ്പത്തിന്റെ ആഴം. ചെന്നൈയിലെ ഫ്ലാറ്റിൽ പ്രതാപിന്റെ മൃതശരീരം പൊതുദർശനത്തിനു വച്ചപ്പോൾ, അരികിൽ അമ്മയുടെ തോളിൽ ചാഞ്ഞു തകർന്ന മനസ്സോടെയിരിക്കുന്ന കേയയുടെ ചിത്രം ആരിലും വിങ്ങലുണർത്തുന്നതായിരുന്നു...

ഒടുവിൽ പ്രതാപ് പോത്തൻ പോയി... സിനിമയിലെ ബഹുമുഖ പ്രതിഭയ്ക്ക് ചെന്നൈയിലെ ന്യൂ ആവടി റോഡിലെ ശ്മശാനത്തില്‍ അന്ത്യവിശ്രമം...