Wednesday 12 August 2020 04:25 PM IST

മുന്ന് മീറ്റർ ആയപ്പോഴേക്കും വല്ലാതെ പേടിച്ചു, ശ്വാസം കിട്ടാനുള്ള മൗത്ത് പൈപ്പ് വലിച്ചെറിഞ്ഞ് ഞാൻ മുകളിലേക്ക് എത്താൻ ശ്രമിച്ചു ; ജീവിതം മാറ്റിമറിച്ച സ്ക്യൂബാ ഡൈവിങ്ങിനെക്കുറിച്ച് പ്രയാഗ മാർട്ടിൻ

Unni Balachandran

Sub Editor

praya1

ലോക്ഡൗണിന് ശേഷം പുതിയ ജീവിതം കൈവരിച്ച സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ താരം പ്രയാഗ മാർട്ടിൻ . ഉള്ളിൽ പേടിയായി, ഒളിപ്പിച്ചു വച്ചിരുന്ന ആഗ്രഹമായ സ്കൂബാ ഡൈവിങ് ചെയ്യാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് പ്രയാഗ. ഭയം ആവേശവും ഞെട്ടലും ഇടകലർത്തിയ സ്കൂബാ ഡൈവിങ് വിശേഷങ്ങള്‍ പ്രയാഗ വനിതാ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ്.

എന്റെ വളരെ അടുത്തൊരു സുഹൃത്താണ് വിവേക്. ചെറുപ്പം മുതലേ പരിചയമുള്ളയാൾ. വക്കീലായ വിവേക് ഡൈവിങ്ങിനോടുള്ള ഇഷ്ടംകൂടി മാൽദീവ്സിലൊക്കെ പോയി പഠിച്ചു ‘ഡൈവ് മാസ്റ്റർ’ ആയ ആളാണ്. സാധാരണ ആൻഡമാനിലോ മാൽദീവ്സിലൊ കറങ്ങി നടക്കുന്ന വിവേകിനിപ്പൊ ലോക്ഡൗൺ പണികൊടുക്കുകയായിരുന്നു. എവിടെയും പോകാൻ വയ്യ. അപ്പോഴാണ് ‍ഞങ്ങൾ കൂട്ടുകാർക്കും എല്ലാമായി വിവേകൊരു ഓഫർ വച്ചത്. അണ്ടർ വാട്ടർ യാത്ര. വേറെയാര് വിളിച്ചാലും ഞാൻ പോകില്ല, പക്ഷേ ഇത് വിവേകാണ് . രണ്ടും കൽപിച്ചg സമ്മതിച്ചു. ഞാനും വിവേകും, റിച്ചി പ്രണവ് എന്നിങ്ങനെ jണ്ട് സുഹൃത്തുക്കളും കൂടെ ഫ്രഷ് വാട്ടർ സ്ക്യൂബാ ഡൈവിങ്ങിനായി പിറവത്തെ ക്വാറിയിലേക്കു പോയി.

ഡൈവിങ് പാഠങ്ങൾ

ആദ്യം കുറച്ചു ദിവസം ക്ലാസായിരുന്നു. എങ്ങനെ വെള്ളത്തിലേക്ക് ഇറങ്ങണം, എന്തൊക്കെയാണ് നമ്മുടെ കയ്യിലുണ്ടാവേണ്ടത് എന്നൊക്കെ പറഞ്ഞ് തന്ന് നമുക്ക് മനസിലാക്കിക്കും. ഇതൊക്കെ കേൾക്കുമ്പൊ പണ്ട് മുതലേ വെള്ളത്തില െഡ്പതിനെ പേടിച്ച എന്നെതന്നെയാണ് ‍ഞാൻ ഓർത്തോണ്ടിരുന്നത്. വെള്ളത്തിനടിയിൽ കമ്യൂണിക്കേഷൻ പറ്റില്ല. അവിടെ ക്വാറിയിലാണ് ഞങ്ങൾ ഡൈവിങ്ങിനായി പോകുന്നത്. സൺലൈറ്റ് കുറവാണ്, പെട്ടെന്ന് ഇരുട്ടാകും. ഇതെല്ലാം ഓർത്ത് ഡാർക്കടിച്ച് ഇരിക്കുമ്പൊ എന്റെ മുന്നിലേക്ക് കുറച്ച് എക്യൂപ്മെന്റ്സ് വരികയായിരുന്നു. എനിക്കത് പണ്ടേ ഇഷ്ടമാണ്, എല്ലാത്തിന്റെയും ഡീറ്റെയ്ലിങ് പഠിക്കാൻ. ബിസിഡി (ബോയൻസി കോംപൻസേറ്റർ ഡൈവിങ്) ജാക്കറ്റും, ഓക്സിജൻ സിലിണ്ടറുമാണ് അതിൽ പ്രധാനം. ഇതിൽ ജാക്കറ്റ് ഇട്ടാൽ നമ്മൾ ഒരിക്കലും താഴ്ന്നു പോകില്ല. ഓക്സിജൻ സിലിണ്ടറിന്റെ ഭാരം നമ്മളെ വെള്ളത്തിന്റെ താഴേക്ക് വലിക്കും. ഇവ രണ്ടിന്റെയും ബാലൻസിലാണ് നമുക്ക് വെള്ളത്തിന്റെ അടിയിലേക്ക പോവുക. ശ്വസിക്കാനായൊരു മൗത്ത് പൈപ്പും തന്നിട്ടുണ്ട്. ഇതിനെല്ലാം പുറമേ ലോക്ഡൗൺ നിർദേശങ്ങളെല്ലാം ആയി ‍ഞങ്ങൾ റെഡിയായി ഇരുന്നു.

prya65

പേടിയും സന്തോഷവും

അങ്ങനെ എല്ലാ എക്യുപ്മെന്റുകളുമായി ഞങ്ങൾ ക്വാറിയിലേക്ക് ഇറങ്ങി. ഉള്ളിൽ നല്ല ഭയമുണ്ടായിരുന്നു. ഇറങ്ങി മുന്ന് മീറ്റർ ആയപ്പോഴേക്കും ഞാൻ വല്ലാതെ പേടിച്ചു പോയി. ശ്വാസം കിട്ടാനുള്ള മൗത്ത് പൈപ്പ് വലിച്ചെറിഞ്ഞ് ഞാൻ പെട്ടെന്ന് മുകളിലേക്ക് എത്താൻ ശ്രമിച്ചു. നീന്തി മുകളിൽ എത്തിയപ്പോൾ വിവേക് എന്നെ വഴക്ക് പറഞ്ഞു. അവസാനം അഞ്ചാമത്തെ ശ്രമത്തിലാണ് ഞാൻ വെള്ളത്തിനടിയിൽ എത്തിയത്.

എല്ലാവരും പന്ത്രണ്ട് മീറ്ററോളം പോയി, എനിക്ക് ആറ് മീറ്റർ എത്തിയപ്പോൾ തന്നെ ഹാപ്പിയായി. ഒരു ശബ്ദവുമില്ലാതെ, ശാന്തമായ മറ്റൊരു ലോകത്ത് എത്തിയതുപോലെ തോന്നി. ശരിക്കുമൊരു മെഡിറ്റേഷൻ . എല്ലാവർക്കും അറിയുന്ന ബബ്ലിയും ഒരുപാട് സംസാരിക്കുന്നതുമായി പ്രയാഗയുണ്ട്. ആ നിശബ്ദതയിൽ ഞാൻ എനിക്കു മാത്രം അറിയാവുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട വെർഷനായി മാറുകയായിരുന്നു. അണ്ടർ വാട്ടർ ഭംഗിയൊ സ്റ്റാർഫിഷിനൊയോ ഒന്നും കാണാൻ ആയിരുന്നില്ല ഞാൻ അവിടെയെത്തിയത്. വെള്ളത്തിന്റെ ഡെപ്ത് അറിയാനുള്ളൊരു ആഗ്രഹമായിരുന്നു. അത് പൂർണ്ണമായും സാധിച്ചു. ഡെപ്തിനെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ വിദേശത്തൊന്നും പോകേണ്ട കാര്യമില്ല , ഈ ക്വാറിയിലെ ഫ്രഷ് വാട്ടർ തന്നെ ധാരാളമാണ്.

വീട്ടിലെ റിയാക്ഷൻ

വീട്ടിൽ ആരോടും പറയാതെയായിരുന്നു ഞങ്ങൾടെ ഈ പ്ലാൻ. അച്ഛനോട് കാര്യം പറഞ്ഞപ്പോൾ , ഞെട്ടിയെങ്കിലും എന്നെ അഭിനന്ദിച്ചു. പക്ഷേ, അമ്മയുടെ കാര്യം നേരെ തിരിച്ചായിരുന്നു. ക്വാറിയുടെ ചിത്രങ്ങൾ കണ്ടപ്പൊ അമ്മ ആകെ വല്ലാതെയായി, പേടിച്ചു. ഒരു ദിവസം എന്നോട് മിണ്ടാതെയിരുന്നു, ഒരു വിധത്തിലാണ് അമ്മയെ സമാധാനിപ്പിച്ചത്. ഒരു ഗ്ലാസ് ബൗളിലെ മീനിനെ പോലെയിരുന്ന ജീവിതം ഇപ്പോൾ കുറച്ചൂകൂടെ ഓപ്പണായ സന്തോഷമുണ്ട് മനസ്സിന്. എന്തായാലും ലോക് ഡൗൺ ദിവസങ്ങളിൽ എന്നെ വല്ലാതെ സന്തോഷിപ്പിച്ച കാര്യമായിരുന്നു ഈ സ്കൂബാ ഡൈവിങ്. ബാക്കി ദിവസങ്ങളിൽ ഞാൻ പ്രിയപ്പെട്ട സുഹൃത്തുക്കളെ കണ്ടു, സംസാരിച്ചു. പുസ്തകങ്ങൾ വായിച്ചു. ഇപ്പോൾ ‘രണ്ടാമൂഴ’മാണ് വായിക്കുന്നത്. എനിക്കു വേണ്ടുന്ന സ്വന്തമായൊരു ഹാപ്പി പ്ലെയ്സ് കണ്ടത്തലായിരുന്ന ഈ ലോക്ഡൗൺ ദിനങ്ങൾ .

praya776

ഇനി സിനിമ

എന്നെ സ്കൂബാ ഡൈവിങ്ങിലേക്കെത്തിച്ച വിവേക് സംവിധാനം ചെയ്യുന്നൊരു കൊച്ചു സിനിമ വരാനുണ്ട്. ഒരു പക്ഷേ, ആ ഡൈവിങ് എക്സപീരിയൻസിലേക്ക് പോയതുപോലും ഈ സിനിമയ്ക്കു വേണ്ടിയുള്ളൊരു മൂഡിനായിരുന്നു. പിന്നീടുള്ളൊരു സിനിമയും വലിയ പ്രതീക്ഷയാണ്. ഞാൻ കുറേ കാലമായി കാത്തിരുന്നു പോലയൊരു കഥാപാത്രം എനിക്ക് കിട്ടിയിട്ടുണ്ട്. ലോക്ഡൗൺ മാറുമ്പോൾ എല്ലാ സന്തോഷങ്ങളുമായി ജീവിതം തുടരാൻ കാത്തിരിക്കുകയാണ് ഞാൻ.