ആരാധകരെ ആവേശം കൊള്ളിക്കാൻ സാങ്കേതികത്തികവുമായി പൃഥ്വിരാജ് ചിത്രമെത്തുന്നു. ‘ഇന്ത്യയിലെ ആദ്യ വെർച്വൽ പ്രൊഡക്ഷൻ’ എന്ന വിശേഷണവുമായാണ് ചിത്രമെത്തുന്നത്. ഒരേ സമയം ആറു ഭാഷകളിലാണ് റീലീസിങ്.പൃഥിരാജ് പ്രൊഡക്ഷൻസും മാജിക്കൽ ഫ്രെയിംസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
അനൗൺസ്മെന്റ് വന്നതോടെ ഉയർന്ന രണ്ടു ചോദ്യങ്ങൾ ഇങ്ങനെയാണ്– എന്താണ് വെർച്വൽ സിനിമ? പൃഥ്വിരാജിന്റെ കഥാപാത്രം എന്താണ്? സിനിമയുടെ സംവിധായകൻ ഗോകുൽ രാജ് ഭാസ്കർ പറയുന്നു...
ഇന്ത്യയിലെ ആദ്യ വെർച്വൽ സിനിമ–
‘‘കൊറോണ കാരണം എല്ലാവരും ലോക്ക് ആയി നിൽക്കുന്ന ഈ അവസരത്തിലാണ് വെർച്വൽ കണ്ടന്റിന് ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളത്. വളരെ കുറച്ച് ആൾക്കാരെ വച്ച് സിനിമ സാധാരണ രീതിയിൽ ചെയ്യാനാവും അതാണ് ഏറ്റവും വലിയ ഗുണം.
വെർച്വൽ പ്രൊഡക്ഷൻ അല്ലെങ്കിൽ റിയൽ ടൈം വിഷ്വൽ എഫക്ട്സ് വച്ച് സിനിമ ചെയ്യുമ്പോള്‍ ഷൂട്ട് സ്റ്റുഡിയോയിൽ തന്നെയാണ് നടക്കുന്നത്. കാടു മുതൽ മണലാരണ്യം വരെ സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്യും. ഏതു ക്രിയേറ്റീവ് കണ്ടെന്റും സ്റ്റുഡിയോയിൽ ചിത്രീകരിക്കാം. ഇത്തരം സിനിമ ഇന്ത്യയിൽ തന്നെ ആദ്യമായാണ്.
∙പൃഥിരാജ് പറഞ്ഞത്–
രാജുവേട്ടൻ എപ്പോഴും ടെക്നോളജിയെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. ലോക സിനിമയിലെ സാങ്കേതിക രംഗത്തെ പുത്തൻ ചലനങ്ങൾ പഠിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. ഇതൊക്കെ അറിയുന്ന നടനും സംവിധായകനും കൂടിയാണ്. അതുകൊണ്ടു തന്നെ ഈ കൺസെപ്റ്റ് തിരിച്ചറിയും എന്ന വിശ്വാസമുണ്ടായിരുന്നു. നിർമാതാവ് ലിസ്റ്റിന്‍ ചേട്ടനാണ് രാജുവേട്ടനിലേക്കുള്ള വഴി തുറന്നു തന്നത്.
തുടക്കക്കാർക്ക് ഇത്രയും വലിയൊരു പ്രൊജക്ട് കിട്ടുക അത്ര എളുപ്പമല്ലല്ലോ. കഥയും വെർച്വൽ പ്രൊഡക്ഷൻ എന്ന കൺസപ്റ്റും ഒരു പോലെ സ്വീകരിക്കപ്പെടണമെന്നതായിരുന്നു വെല്ലുവിളി. കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ രാജുവേട്ടൻ പറഞ്ഞു–‘‘ നിങ്ങളെ എനിക്കറിയില്ല. പറഞ്ഞതെല്ലാം നിങ്ങൾ ചെയ്യും എന്ന് എന്താണുറപ്പ്.’’
അങ്ങനെയാണ് ടീസറും രണ്ട് കൺസപ്റ്റ് വീഡിയോകളും ചെയ്തു കാണിച്ചു. അപ്പോഴാണ് മുന്നോട്ടു പോകാനുള്ള സിഗ്നൽ കിട്ടിയത്.

∙ഒമ്പതു വർഷം മനസ്സിലുള്ള സ്വപ്നം
ഫൈൻ ആർട് കോളജിലെ പഠനത്തിനു ശേഷം ചാനലുകളിൽ വിഷ്വൽ ഗ്രാഫിക്സ് രംഗത്താണ് ജോലി തുടങ്ങിയത്. ക്രിയേറ്റീവ് ഡയറക്ടറായും വിഎഫ്എക്സ് ഡിപ്പാർട്മെന്റിലും ജോലി ചെയ്തു. എന്റെ മനസ്സിലുള്ളത് സിനിമയാണെന്നു തിരിച്ചറിഞ്ഞതോടെ യാത്ര ആ വഴിക്കായി.
അവതാർ പോലുള്ള സിനിമകൾ കണ്ടപ്പോഴാണ് റിയൽ ടൈം വിഷ്വൽ എഫക്ട്സിനോട് ആരാധന തോന്നുന്നത്. കഴിഞ്ഞ ഒന്‍പതു വർഷമായി ഇതിനു പുറകേയാണ് ഞാൻ. ആദ്യ കാലങ്ങളിൽ മലയാള സിനിമയിൽ ഈ ടെക്നോളജി പ്രാവർത്തികമാക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ബജറ്റ് തന്നെ പ്രധാന പ്രതിസന്ധി. ഇപ്പോഴും വലിയ ബജറ്റ് ആകുമെങ്കിലും സാങ്കേതിക വിദ്യ വളർന്നത് കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. ഇപ്പോഴാണ് റെഡി റ്റു ഗോ എന്ന അവസ്ഥയിലേക്ക് മനസ്സ് എത്തുന്നത്.

കൈയിലുള്ളതെല്ലാം ചെലവാക്കിയും പിന്നെ കടം വാങ്ങിയുമൊക്കെയാണ് ഈ സാങ്കേതിക വിദ്യ ഞാൻ പഠിച്ചത്. എന്റെ ഗുരുക്കന്മാരുടെ കൂട്ടത്തിൽ സ്റ്റാർവാർ പ്രോജക്ടിലൊക്കെ വർക്ക് ചെയ്തവരുണ്ട്. അവരിലേക്ക് എത്തിപ്പെട്ടത് തന്നെ ഒരുപാടു കഷ്ടപ്പെട്ടിട്ടാണ്. അവരുടെ ഉപദേശങ്ങളെല്ലാം എന്റെ സിനിമയെയും സ്വപ്നങ്ങളെയും മെച്ചപ്പെടുത്തി
∙പ്രതിസന്ധികളെ മറികടക്കണം
ചാലഞ്ചിങ് ആയ കൺസെപ്റ്റിനെ ടെകനോളജിയിലേക്ക് കൊണ്ടു വരികയാണ് ചെയ്തത്. അടച്ചിട്ട മുറിയിൽ പച്ചപ്പും കാടും മലയുമൊക്കെ കാണിക്കുകയെന്നു പറയുന്നത് വളരെ ചാലഞ്ചിങ് ആണ്. ഞങ്ങളിൽ രാജുവേട്ടൻ വിശ്വാസം അർപ്പിച്ചു എന്നു തിരിച്ചറിഞ്ഞ നിമിഷം മുതൽ വലിയൊരു ആത്മബലം കിട്ടി.
കോവിഡ് വന്ന് പതിവു സിനിമാ രീതികളെല്ലാം മാറ്റിയ സന്ദർഭത്തിൽ മുന്നിൽ വന്ന മറ്റൊരു ഒാപ്ഷനും കൂടിയായി ഈ ടെക്നോളജി. കുറച്ച് ആളുകൾ മതി, ഷൂട്ട് സ്റ്റുഡിയോയിൽ നടക്കുന്നു. ഒൗട്ട് ഡോറിൽ ഷൂട്ട് ചെയ്യാനുള്ള നൂലാമാലകൾ ഇല്ല. ഇങ്ങനെ ഒരുപാടു ഗുണങ്ങളുണ്ട്.
എത്ര വലിയ പ്രൊജക്ട് ആണെങ്കിലും വഴിമുട്ടിപ്പോയ സമയത്ത് ഇത് ഉപയോഗിക്കാനാവും. ഈയൊരു പുതിയ വഴി എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കുന്നു എന്ന സന്തോഷം ഉണ്ട്. എങ്ങനെ ഷൂട്ട് തുടങ്ങും എന്ന ചിന്തയിൽ നിൽക്കുന്ന അവസരത്തിൽ ഈ രീതി ഒരുപാടു സഹായിക്കും.
∙പൃഥ്വി സൂപ്പർ പവർ കാരക്ടർ
പാൻ ഇന്ത്യൻ രീതിയിൽ വരുന്ന സിനിമയായതു കൊണ്ടു തന്നെ മലയാളത്തിനു പുറത്തുള്ള താരങ്ങളും അഭിയനയിക്കുന്നു . സർപ്രൈസുകൾ ഒരുപാടുണ്ട്. കേരളത്തിലെ ഒരു മിത്തിനെ രാജ്യാന്തര തലത്തിലെ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. അതിൽ സൂപ്പര്‍ ഹീറോയുമുണ്ട്. സൂപ്പർ ഹീറോ ആയും രാജുവേട്ടന്റെ കഥാപാത്രത്തെ എടുക്കാനാവും.
എല്ലാവർക്കും അറിയുന്ന മിത്തിനെ മറ്റൊരു രീതിയിൽ പ്രസന്റ് ചെയ്യുന്നു. ആക്ഷനും പാട്ടും ഇമോഷണൽ രംഗങ്ങളും എല്ലാം ചേർന്ന പ്രൊജക്ടാണത്. ഹാർഡ്‌വെയറും എക്യുപ്മെന്റ്സും വിദേശത്തു നിന്നാണ് എത്തുന്നത്. അത് എത്തി കഴിഞ്ഞാല്‍ ഉടന്‍ ഷൂട്ട് തുടങ്ങും.