Thursday 19 November 2020 10:46 AM IST

‘കണ്ടാൽ ചേട്ടനും അനിയനും’! 53 ന്റെ നിറവില്‍ ‘മസില് പിടിച്ച്’ രാജേഷ് ഹെബ്ബാർ, ഒപ്പം മോനും

V.G. Nakul

Sub- Editor

r1

ടെലിവിഷൻ സ്ക്രീനിൽ ഏതു ഷോയിൽ പ്രത്യക്ഷപ്പെട്ടാലും വല്ലാത്തൊരു ഊർജമുണ്ട് രാജേഷ് ഹെബ്ബാറിന്റെ മുഖത്ത്. ആ ഊർജമാണ് 49 സിനിമകളും 40 സീരിയലുകളും മികച്ച ടെലിവിഷൻ താരത്തിനുള്ള സംസ്ഥാന സർക്കാര്‍ പുരസ്ക്കാരവുമൊക്കെയായി 17 വർഷമായി പ്രേക്ഷക മനസ്സുകളിൽ ഹെബ്ബാർ തിളങ്ങി നിൽക്കാൻ കാരണവും. മിനിസ്ക്രീനിലെ ‘നിത്യഹരിത’ താരമാണ് ഹെബ്ബാർ. 2003 ൽ ‘ചിത്രകൂടം’ എന്ന തന്റെ ആദ്യ സിനിമയിൽ കണ്ടതിൽ നിന്ന് ഏറ്റവും പുതിയ സീരിയലിലേക്കെത്തുമ്പോഴും അദ്ദേഹത്തിന്റെ ലുക്കിന് വലിയ മാറ്റമൊന്നുമില്ല. ഉറച്ച ശരീരവും യുവത്വത്തിന്റെ ചുറുചുറുക്കുമായി രാജേഷ് മലയാളികൾക്കു മുന്നിൽ മനോഹരമായ ചിരിയോടെ മസിലുരുട്ടി നിൽക്കുന്നു.

കഴിഞ്ഞ ദിവസം രാജേഷിന്റെ 53–ാം പിറന്നാളായിരുന്നു. മകന്‍ ആകാശിനൊപ്പം ‘മസിലു പിടിച്ചു’ നിൽക്കുന്ന ഒരു ‘ജിമ്മൻ പട’മാണ് രാജേഷ് ബർത്ത് ഡേ സ്പെഷ്യൽ ആയി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

‘ഫോട്ടോ കണ്ടാൽ ചേട്ടനും അനിയനുമാണെന്നു തോന്നുമല്ലോ...’ എന്നു ചോദിച്ചപ്പോൾ പൊട്ടിച്ചിരിയോടെയായിരുന്നു രാജേഷിന്റെ മറുപടി.

‘‘പലരും ഈ ചോദ്യം ചോദിക്കാറുണ്ട്. മോന് ഇപ്പോൾ 25 വയസ്സായി. പെൺമക്കൾ ഇരട്ടകളാണ്. അവർക്ക് 23 വയസ്സുണ്ട്’’.

ശരീരസംരക്ഷണത്തിനും വർക്കൗട്ടിനുമൊന്നും പ്രായം ഒരു തടസമല്ലെന്ന ആമുഖത്തോടെ തന്റെ ശരീരസംരക്ഷണത്തിന്റെ ‘മാജിക് മന്ത്ര’യെക്കുറിച്ച് രാജേഷ് ഹെബ്ബാർ ‘വനിത ഓൺലൈനോട്’ പറയുന്നത് ഇങ്ങനെ.

r2

ശരീരം എന്ന ആയുധം

35 വയസ്സ് കഴിഞ്ഞാണ് അഭിനയ രംഗത്ത് സജീവമായത്. ഒരു അഭിനേതാവിന്റെ ടൂൾ അയാളുടെ ശരീരവും മുഖവുമാണല്ലോ. ഏത് ഏജ് ഗ്രൂപ്പിൽ ഉള്ള കഥാപാത്രങ്ങള്‍ കിട്ടിയാലും ചെയ്യാൻ പറ്റണം. ഇപ്പോഴും ഞാൻ 35 മുതൽ 80 വയസ്സ് വരെയുള്ള വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ 35 – 40 വയസ്സൊക്കെയുള്ള റോളുകളിലേക്ക് എന്നെ തിരഞ്ഞെടുക്കണമെങ്കിൽ ലുക്ക് അങ്ങനെയായിരിക്കണം. അതുകൊണ്ടു തന്നെ അതിനു വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് എല്ലാം. എന്റെ ജീവിതകാലം മുഴുവൻ ആകുന്നിടത്തോളം ശരീരം എന്ന ആയുധത്തെ മനോഹരമാക്കി വയ്ക്കുക. അത്രേയുള്ളൂ. പണ്ട് അഭിനേതാക്കൾ ശരീര സംരക്ഷണത്തിനൊന്നും വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല. ഇപ്പോൾ ആ രീതി മാറി. ഇതില്ലെങ്കിൽ മറ്റൊന്നും ഇല്ലെന്ന് എല്ലാവർക്കും അറിയാം.

r3

ഈ പാഷന്‍ നിലനിർത്തിയാലേ ആ പാഷന്‍ നിലനിൽക്കൂ

ഞാൻ അഭിനയരംഗത്തേക്കു വരും മുൻപേ വർക്കൗട്ട് തുടങ്ങിയിരുന്നു. പണ്ടു മുതൽ എനിക്ക് താൽപര്യമുള്ള മേഖലയാണ് ഫിറ്റ്നസ്. ഉള്ള കാലം ആരോഗ്യത്തോടെ ജീവിക്കണം എന്ന വാശിയുണ്ടായിരുന്നു. പ്രീഡിഗ്രി കഴിയും വരെ ഓട്ടവും ഗ്രൗണ്ട് എക്സർസൈസുകളും മാത്രമായിരുന്നു. പതിനെട്ടു വയസ്സു മുതൽ ജിമ്മിൽ പോകാൻ തുടങ്ങി. കോളജിൽ പഠിക്കുമ്പോൾ ഞാൻ പവർ ലിഫ്റ്റിങ് ടീമിൽ ഉണ്ടായിരുന്നു. മെലി‍ഞ്ഞ ശരീരമാണെങ്കിലും കരുത്തുണ്ടായിരുന്നു. അഭിനയരംഗത്തേക്കു വന്നപ്പോൾ കുറച്ചു കൂടി ഹരം കയറി. തൊഴിലിന്റെ ഭാഗമാണല്ലോ. ശരീര സംരക്ഷണത്തിന് കൃത്യമായ ഒരു കാരണം കിട്ടി എന്നും പറയാം. ഈ പാഷന്‍ നിലനിർത്തിയാലേ ആ പാഷന്‍ നിലനിൽക്കൂ എന്ന ബോധ്യമുണ്ടായി.

എന്റെ ‘മാജിക് മന്ത്ര’

ലോക്ക് ഡൗണിന് മുമ്പു വരെ തുടർച്ചയായി ജിമ്മിൽ പോകുന്നുണ്ടായിരുന്നു. ലോക്ക് ഡൗൺ സമയത്ത് വീട്ടിലെ സാഹചര്യങ്ങൾ വച്ച് ഒരു സ്പെഷ്യൽ വർക്കൗട്ട് ഞാൻ പ്ലാൻ ചെയ്തു. വെയിറ്റ് ഹൈ റെപ്പറ്റീഷനാക്കി. എയറോബിക് കൂട്ടി. അതായത് സ്ട്രെച്ചിങ്, ഗ്രൗണ്ട് എക്സർസൈസ് ഒക്കെ കൂടുതലാക്കി. ലോക്ക് ഡൗൺ കാലത്ത് എന്റെ ‘മാജിക് മന്ത്ര’യിലൂടെ 7 കിലോ ഞാൻ കുറച്ചു. ഇപ്പോൾ ശരീര ഭാരം 72–73 ആയി.

r5

ഈവനിങ് വർക്കൗട്ട്

സാധാരണ വൈകുന്നേരമാണ് വർക്കൗട്ട്. നാലര മുതൽ ആറര വരെയാണ് സമയം. രാത്രി വൈകി കിടക്കുന്നയാളാണ് ഞാൻ. രാവിലെ വൈകിയാണ് എഴുന്നേൽക്കുക. വർക്ക് ഉള്ളപ്പോൾ രാവിലെ വർക്കൗട്ട് ചെയ്യും.

ഭക്ഷണ ക്രമീകരണത്തിൽ കടുത്ത ചിട്ടകൾ ഇല്ല. ചോറ് മിതമായേ കഴിക്കൂ. ഭക്ഷപ്രിയനാണെങ്കിലും അളവിൽ കൂടുതൽ കഴിക്കില്ല. സ്വാദ് ഉള്ള ഭക്ഷണം കഴിക്കാനാണ് താൽപര്യം. എണ്ണയിൽ വറുത്തതൊന്നും അധികം കഴിക്കാറില്ല. കൊഴുപ്പ് ഉള്ള ഭക്ഷണവും കുറവാണ് കഴിക്കുക. പച്ചക്കറി ധാരാളമായി ഉപയോഗിക്കും.

r4

കുടുംബം

മകന്‍ ആകാശ് ആമസോണിലാണ് ജോലി ചെയ്യുന്നത്. പെൺമക്കൾ വർഷയും രക്ഷയും പഠിക്കുന്നു. ഭാര്യ അനിത സ്വന്തമാക്കി ബുട്ടീക് നടത്തുന്നു. സംസാരമവസാനിച്ചപ്പോൾ ചോദിച്ചു – എന്താണ് ശരിക്കും ‘മാജിക് മന്ത്ര’ ?

നിസ്സാരം. ദിവസവും നൂറ് പുഷ് അപ്പും 100 സ്ക്വാട്സും....