പലകാലങ്ങളിലായി പലതരം സൈക്കോപ്പാത്ത് കഥാപാത്രങ്ങളെ മലയാള സിനിമ കണ്ടിട്ടുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ജോജി. ലഹരിയുടെ വിഭ്രാന്തിയിൽ ഗ്യാസ് സിലിണ്ടറിന്റെ ട്യൂബ് വലിച്ചൂരി, പാചക വാതകം മൂക്കിലേക്കു വലിച്ചു കയറ്റുന്ന ‘ദി എക്സ്ട്രീം സൈക്കോ....’. മനസ്സിലാകാത്തവർക്കായി ആളെ ഇങ്ങനെ പരിചയപ്പെടുത്താം, ‘ഒളിമ്പ്യൻ അന്തോണി ആദ’ത്തില്‍ മീന അവതരിപ്പിച്ച എയ്ഞ്ചൽ മേരിയുടെ ഭർത്താവാണ് ജോജി. ആകെ ഒന്നോ രണ്ടോ സീനുകളിൽ വന്നു പോയ ഒരു കഥാപാത്രം. എന്നാൽ സിനിമ കണ്ടവരാരും ജോജിയെ മറന്നിട്ടില്ല.
ചില കഥാപാത്രങ്ങള്‍ അങ്ങനെയാണ്. സ്ക്രീനിൽ അധിക സമയം വേണമെന്നില്ല, പ്രകടനത്തിലെ വ്യത്യസ്തതയാല്‍ അവർ പ്രേക്ഷകരുടെ മനസ്സിൽ ഇടമുറപ്പിക്കും. കാലമെത്ര കഴിഞ്ഞാലും ഒരു നൊടിയിടയിൽ ഓർമയുടെ തിരശീലയിൽ തെളിഞ്ഞു വരും. അക്കൂട്ടത്തിലാണ് ജോജിയുടെയും ഇടം.
എല്‍പിജി സിലിണ്ടര്‍ തുറന്നു, അതിലെ ഗ്യാസിന്റെ മണം ശ്വസിക്കുന്ന, എയ്ഞ്ചലിന്റെ തലമുടിയിൽ തീ കൊളുത്തി അതു കരിയുന്ന മണം ആസ്വദിക്കുന്ന, സൈക്കോയും ലഹരിക്കടിമയുമായ ജോജിയെ അത്രമേൽ മനോഹരമാക്കിയതു ഭരണങ്ങാനത്തുകാരൻ രാജേഷ്.കെ.എബ്രഹാമാണ്. രാജേഷ് അഭിനയിച്ച ഒരേയൊരു ചിത്രം കൂടിയാണ് ‘ഒളിമ്പ്യന്‍ അന്തോണി ആദം’. മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ചിത്രം 1999 ആണ് പ്രദർശനത്തിനെത്തിയത്.

തനിക്കു നേരിട്ടു പരിചയമുള്ള ഒരു ദാമ്പത്യബന്ധത്തിൽ നിന്നാണ് ഭദ്രൻ ജോജിയുടെയും എയ്ഞ്ചലിന്റെയും കഥ സൃഷ്ടിച്ചത്. എയ്ഞ്ചൽ നേരിട്ട കടുത്ത മാനസികാഘാതങ്ങൾ കുറഞ്ഞ സീനുകളിലൂടെ തീവ്രമായി അവതരിപ്പിക്കുവാൻ സംവിധായകനായി. അതിൽ ജോജിയായുള്ള രാജേഷിന്റെ പ്രകടനവും എടുത്തുപറയണം.
ഭരണങ്ങാനം സ്വദേശിയായ രാജേഷ് സ്‌കൂളില്‍ പഠിക്കുമ്പോഴേ കലാരംഗത്ത് സജീവമായിരുന്നു. ലിറ്ററേച്ചറില്‍ ബിരുദവും ഡല്‍ഹി ജാമിയ മിലിയ കോളേജില്‍ നിന്നു മാസ്സ് കമ്യൂണിക്കേഷൻ പഠനവും പൂര്‍ത്തിയാക്കിയ രാജേഷ് നടനെന്ന നിലയിൽ തുടർന്നില്ലെങ്കിലും രണ്ടായിരത്തി പതിമൂന്നില്‍ ‘ആറ് സുന്ദരിമാരുടെ കഥ’ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തു.
‘‘ഞാൻ ഒരു ഫിലിം സ്കൂൾ പ്രൊഡക്ടാണ്. ഡൽഹിയിൽ പഠിക്കുന്ന കാലത്ത് ധാരാളം ചെറിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ ലുക്കിനനുസരിച്ച് പല തരം കഥാപാത്രങ്ങൾ. അക്കാലത്താണ് ‘യുവതുർക്കി’യുടെ ഷൂട്ടിങ്ങിനായി ഭദ്രൻ സാർ ഡൽഹിയിലെത്തുന്നതും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്ന ആഗ്രഹം തോന്നിയതും. അങ്ങനെ ഒരു സമര കാലത്ത് കോളജ് അടഞ്ഞു കിടന്നപ്പോൾ, നാട്ടിലെത്തി സാറിനെ കണ്ടു. അദ്ദഹം എന്നോടു സംസാരിച്ച ശേഷം ‘ഒളിമ്പ്യൻ അന്തോണി ആദ’ത്തിൽ സഹസംവിധായകനാക്കി. ചിത്രവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലാണ് ഈ ക്യാരക്ടർ ഞാൻ ചെയ്യണമെന്ന് സാര്‍ പറഞ്ഞത്. ഞാനത് ഏറ്റെടുത്തു. ആ സിനിമ കഴിഞ്ഞ്, ഞാൻ ഉദയാസ്റ്റുഡിയോയിൽ പ്രവർത്തിക്കുമ്പോൾ, ജിജോ സാറാണ് പറഞ്ഞത് ആക്ടിങ്ങിലോ സംവിധാനത്തിലോ ഏതെങ്കിലുമൊന്നിൽ കോൺസൺട്രേറ്റ് ചെയ്യാൻ. ഞാൻ സംവിധാനത്തിലേക്കും പരസ്യ നിർമാണ മേഖലയിലേക്കും മാറി. സ്വന്തമായി ഒരു പരസ്യ നിർമാണ കമ്പനി തുടങ്ങി. പിന്നീട് ‘ആറ് സുന്ദരിമാരുടെ കഥ’ എന്ന സിനിമയും ഒരുക്കി. അതിൽ ഒരു റോൾ ഞാൻ ചെയ്യേണ്ടതായിരുന്നു. പിന്നീട് വേണ്ട എന്നു തോന്നി. ഇപ്പോൾ ഒരു പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പുകളിലാണ്’’.– രാജേഷ് വനിത ഓൺലൈനോട് പറഞ്ഞു.

കുടുംബത്തോടൊപ്പം ഇപ്പോൾ എറണാകുളത്താണ് രാജേഷ് താമസം. ഭാര്യ – സിമി. അഞ്ച് മക്കളാണ് ഈ ദമ്പതികൾക്ക്. തനിമ, ഒലീവിയ, ആഞ്ജലീന, ജോഷ്വ, അമേലിയ. അമേലിയ മൂന്നു വയസ്സുകാരിയാണ്.
‘‘എന്റെ അസിസ്റ്റന്റായിരുന്നു രാജേഷ്. ഞാൻ സംവിധാനം ചെയ്ത ഒരു ടെലിഫിലിമിലും അവൻ അഭിനയിച്ചിട്ടുണ്ട്. കണ്ടക്ടറുടെ വേഷം. ആ റോളിലേക്ക് പറഞ്ഞിരുന്നയാൾ വരാതായപ്പോൾ ചെയ്യാൻ പറഞ്ഞതാണ്.
അവന് അഭിനയത്തിൽ വലിയ താൽപര്യമുണ്ടായിരുന്നില്ല. സംവിധാനവുമായി മുന്നോട്ടു പോകാനായിരുന്നു ഇഷ്ടം. ജോജി എന്ന കഥാപാത്രം അവനു നന്നായി ചേരും എന്നു തോന്നി. അവന്റെ അപ്പോഴത്തെ ലുക്കും ആ കഥാപാത്രത്തിനു യോജിക്കുന്നതായിരുന്നു. മാത്രമല്ല, ഒരു സോ കോൾഡ് ഫിലിമി ഗെറ്റപ്പും അല്ലല്ലോ. അതാകും നല്ലതെന്നു തോന്നി. സിനിമ വന്നപ്പോൾ ക്യാരക്ടർ ഹിറ്റായി.
ഒരു റിയൽ സംഭവത്തിൽ നിന്നാണ്, ആ ഫ്ലാഷ്ബാക്ക് സ്റ്റോറി എനിക്ക് കിട്ടിയത്. ഒരു പ്രശസ്ത നിർമാതാവിന്റെ ചേട്ടന്റെ മകൾക്ക് നേരിടേണ്ടി വന്ന ദുരിതമാണ്. ആ കുട്ടി പിന്നീട് അതിൽ നിന്നു രക്ഷപ്പെട്ട് സന്തോഷകരമായ ഒരു ജീവിതം നേടി’’. – സംവിധായകൻ ഭദ്രൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു.