Tuesday 30 August 2022 03:40 PM IST

‘വലിയ ഓഫറുകൾ ഉപേക്ഷിച്ചാണ് അദ്ദേഹം കഥ എന്നെ ഏൽപ്പിച്ചത്’: ഇത്തവണത്തെ ഓണത്തല്ല് അമ്മിണിയണ്ണൻ വക...

V.G. Nakul

Sub- Editor

rajesh-pinnadan

ഈ ഓണത്തിന്റെ ‘തല്ല്’ അമ്മിണിയണ്ണന്റെ വകയാണ്. പൊടിയനും ബാച്ചും അണ്ണനിട്ട് ഞോണ്ടി...തിരിച്ചു പണിയാതെ അടങ്ങൂലാന്ന് അണ്ണനും...അണ്ണൻ നിസ്സാരക്കാരനല്ലെന്ന് അവൻമാർക്കറിയാം...എന്നിട്ടും കേറി മാന്തി...ഇനിയിപ്പോ എന്തോ ചെയ്യും...അനുഭവിക്കട്ട്.....അല്ലാതെ പിന്നെ...!!!

‘ഒരു തെക്കൻ തല്ല് കേസ്’ എന്ന പേര് കേൾക്കുമ്പോൾ മനസ്സിലെത്തുന്നതൊക്കെയാണ് സിനിമയിലുമുള്ളത്. ഒരു തല്ലും അതുണ്ടാക്കിയ മിനക്കേടുകളുമാണ് കഥ. എങ്കിലും ഇതൊരു ‘തല്ല് പടം’മാത്രമാണെന്നു കരുതരുത്. സംഗതി ഒരു ‘കുടുംബ ചിത്ര’വുമാണ്. ഒരു തല്ല് രണ്ട് കുടുംബങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുടെ കഥ. പ്രശസ്ത സാഹിത്യകാരൻ ജി.ആർ ഇന്ദുഗോപന്റെ ശ്രദ്ധേയ ചെറുകഥ ‘അമ്മിണിപ്പിള്ള വെട്ടുകേസി’ന്റെ ചലച്ചിത്രാവിഷ്ക്കാരം.

നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. ബിജു മേനോനാണ് നായകൻ. പത്മപ്രിയയും നിമിഷ സജയനും നായികമാരാകുന്നു. ചിത്രത്തിന്റെ ടീസറും ട്രെയിലറും പാട്ടുകളുമൊക്കെ ഇതിനോടകം ഹിറ്റാണ്. അമ്മിണിയണ്ണനായി ബിജു മേനോന്റെ മേക്കോവറാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

‘‘ഇന്ദുഗോപന്റെ കഥകളും നോവലുകളുമൊക്കെ വായിച്ച്, ഇഷ്ടപ്പെട്ടാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്. പിന്നീടത് സൗഹൃദമായി വളർന്നു.

rajesh-pinnadan-2

2017 ല്‍ ആണ് ഇന്ദുഗോപന്‍ എന്നോട് ഈ പ്ലോട്ട് പറയുന്നത്. കേട്ടപ്പോൾ ഒരു സിനിമയ്ക്കുള്ള സാധ്യത തോന്നി. അപ്പോൾ തന്നെ തിരക്കഥയാക്കാനുള്ള സമ്മതവും നേടി. ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ വാരികയിൽ പ്രസിദ്ധീകരിച്ചതോടെ സച്ചി ഉൾപ്പടെയുള്ള പല പ്രമുഖരും അദ്ദേഹത്തോടതിന്റെ സിനിമാവകാശം ചോദിച്ചതാണ്. പക്ഷേ, എനിക്കു തന്ന വാക്ക് മാറ്റാൻ ഇന്ദുഗോപന്‍ തയാറായില്ല’’. – ‘ഒരു തെക്കൻ തല്ല് കേസ്’ പിറന്ന വഴികളെക്കുറിച്ച് രാജേഷ് പിന്നാടൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘വലിയ ഓഫറുകൾ നിരസിച്ച്, അമ്മിണിപ്പിള്ളയെ ഇന്ദുഗോപൻ എന്നെ ഏൽപ്പിച്ചത് സമ്മർദ്ദത്തേക്കാൾ എന്റെ ഉത്തരവാദിത്വമാണ് കൂട്ടിയത്. ഒരു മികച്ച തിരക്കഥയാകണം തയാറാക്കേണ്ടതെന്ന വാശിയുണ്ടായി. പരമാവധി അതിൽ പണിയെടുത്തു എന്നാണ് വിശ്വാസം.

കഥ അതേപോലെ തിരക്കഥയാക്കുകയായിരുന്നില്ല. കഥയുടെ പകുതിയും സിനിമയ്ക്കു വേണ്ടിയുള്ള കൂട്ടിച്ചേർപ്പ് പകുതിയും എന്നു പറയാം. തിരക്കഥാ രചനയുടെ എല്ലാ ഘട്ടത്തിലും ഇന്ദുഗോപനുമായി സംസാരിക്കുന്നുണ്ടായിരുന്നു.

ഞാൻ ഒരു തനി നാട്ടുമ്പുറത്തുകാരനാണ്. അത്തരം അനുഭവങ്ങളിൽ നിന്നാണ് ഈ സിനിമ വികസിപ്പിച്ചിട്ടുള്ളത്. അതിൽ പ്രണയമുണ്ട്, വാശിയുണ്ട്, പകയുണ്ട്...ഒരു സിനിമ എനിക്കെങ്ങനെ ഇഷ്ടപ്പെടുമോ, അതുപോലെ മറ്റുള്ളവർക്കും ഇഷ്ടപ്പെടണം എന്നാണ് ചിന്തിച്ചിട്ടുള്ളത്’’. – രാജേഷ് പറയുന്നു.

ശ്രീജിത്തിലേക്കും ബിജു മേനോനിലേക്കും...

ശ്രീജിത്തും ഞാനും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ‘പകിട’ എന്ന സിനിമ ഞങ്ങൾ ഒന്നിച്ചാണ് എഴുതിയത്. മറ്റൊരു സിനിമ ചെയ്യാനുള്ള തയാറെടുപ്പുകൾക്കിടെയാണ് ഈ കഥ വരുന്നത്. കേട്ടപ്പോൾ കക്ഷിക്കും താൽപര്യമായി.

തിരക്കഥയെഴുതിത്തുടങ്ങുമ്പോൾ എന്റെ മനസ്സിൽ ബിജു മേനോനായിരുന്നു. ‘പകിട’യിൽ ഒന്നിച്ച് വർക്ക് ചെയ്തതു കൊണ്ട് എളുപ്പം സമീപിക്കാവുന്ന ഒരാളായിരുന്നു അദ്ദേഹം. പിന്നീടൊരു ഘട്ടത്തിൽ അമ്മിണിയണ്ണനായി മമ്മൂട്ടി ആയാലോ എന്ന ചിന്തയിലേക്കെത്തി. മറ്റു തിരക്കുകളും കോവിഡുമൊക്കെ വന്നപ്പോൾ അതു സാധിച്ചില്ല. ഒടുവില്‍ ബിജു ചേട്ടനെ ഉറപ്പിക്കുകയായിരുന്നു. കഥ കേട്ടപ്പോൾ അദ്ദേഹത്തിനു വലിയ താൽപര്യമായി. മനോഹരമായാണ് ബിജു ചേട്ടൻ അമ്മിണിയണ്ണനെ അവതരിപ്പിച്ചിരിക്കുന്നത്.

ഒന്നിച്ചൊരു ‘വിലായത്ത് ബുദ്ധ’

ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന നോവൽ ഇപ്പോൾ അതേ പേരിൽ സിനിമയാകുകയാണ്. ഞങ്ങൾ രണ്ടാളും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഈ നോവലിന്റെ ആശയത്തിലേക്ക് ഇന്ദുഗോപൻ എത്തിയത് എന്റെ ഒരു സൂചനയിൽ നിന്നാണ്. ‘ഡബിൾ മോഹൻ’ എന്ന ഒരു പേര് ഞാൻ പറഞ്ഞതിൽ നിന്നു സൃഷ്ടിച്ചതാണ് ആ ചെറുനോവൽ. അത് സച്ചിയേട്ടന് ഇഷ്ടപ്പെട്ടു. സിനിമയാക്കാനുള്ള തീരുമാനത്തിലുമായിരുന്നു. അതിനിടെയാണ് അദ്ദേഹം മരിച്ചത്. പിന്നീട് ആ സിനിമ ജയന്‍ നമ്പ്യാർ ഏറ്റെടുത്തു. പൃഥ്വിരാജ് ആണ് നായകൻ. ചിത്രീകരണം ഉടൻ തുടങ്ങും.

rajesh pinnadan 2 ജി.ആർ.ഇന്ദുഗോപൻ, ജയൻ നമ്പ്യാർ, പൃഥ്വിരാജ്, രാജേഷ്, ശ്രീജിത്ത്

കൊല്ലം ജില്ലയിലെ കുന്നത്തൂർ സ്വദേശിയാണ് രാജേഷ്. ഭാര്യ സിനി ഡോക്ടറാണ്. മക്കള്‍ – ധ്യാൻ, തൻമയി.