ADVERTISEMENT

മലയാളികൾക്ക് രശ്മി സോമനെ ‘ഇഷ്ടമാണ്’, ഒന്നല്ല ഒരു നൂറുവട്ടം. അതിന് കാലമിത്ര കഴിഞ്ഞിട്ടും യാതൊരു മാറ്റവും വന്നിട്ടില്ല. അതുകൊണ്ടാണല്ലോ, വിവാഹശേഷം ഭർത്താവിനൊപ്പം ദുബായിലേക്കു പോയ രശ്മി, ഇടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലേക്ക് മടങ്ങി വന്നപ്പോഴും പ്രേക്ഷകർ ഹൃദയം തുറന്നു സ്വീകരിച്ചത്. നാലര വർഷത്തെ ഇടവേള അവസാനിപ്പിച്ച് രശ്മി സോമന്റെ ‘റീ എൻട്രി’ ‘മഴവിൽ മനോരമ’യിലെ ‘അനുരാഗ’ത്തിൽ ഹേമാംബിക എന്ന കഥാപാത്രത്തിലൂടെയായിരുന്നു. ഇപ്പോൾ അഭിനയ രംഗത്ത് വിജയകരമായ പുതിയ അധ്യായമെഴുതുകയാണ് താരം.

എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിൽ നിന്നു രശ്മി നേരിട്ടത് കടുത്ത അധിക്ഷേപമാണ്. സുഹൃത്തും സഹപ്രവർത്തകനുമായ വിവേക് ഗോപനു വേണ്ടി ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായതാണ് രശ്മി ചെയ്ത ‘തെറ്റ്’.

ADVERTISEMENT

വരുന്ന തിരഞ്ഞെടുപ്പിൽ, ചവറ നിയോജകമണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാണ് നടൻ വിവേക് ഗോപൻ. കഴിഞ്ഞയാഴ്ച, മണ്ഡലത്തിൽ നടന്ന റോഡ് ഷോയിൽ, കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനൊപ്പം രശ്മി സോമനും അതിഥിയായി പങ്കെടുത്തിരുന്നു. ഇതിന്റെ വിഡിയോ ‘Thank You അപ്പച്ചി’ എന്ന പേരില്‍ വിവേക് ഫെയ്സ്ബുക്കിൽ പങ്കുവച്ചത് വൈറൽ ആയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് രശ്മി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനു താഴെയാണ് ഒരു കൂട്ടം വിമർശനവുമായി എത്തിയത്.

‘‘ഞാന്‍ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് പങ്കുവച്ച ഒരു പോസ്റ്റിനു താഴെയാണ് കുറേപ്പേർ വിമർശനവുമായി എത്തിയത്. സംഘിയാണല്ലേ, ചാണകമാണല്ലേ എന്നൊക്കെയാണ് ചോദ്യങ്ങൾ. ഒരു രക്ഷയുമില്ല. ഒടുവില്‍ ഗതികെട്ട് ഞാൻ കമന്റ ് ബോക്സ് ബ്ലോക് ചെയ്തു’’. – രശ്മി ‘വനിത ഓൺലൈനോട്’ പറഞ്ഞു.

reshmi-2
ADVERTISEMENT

രാഷ്ട്രീയമില്ല, സൗഹൃദം

ഞാൻ വിവേകിന്റെ പരിപാടിക്ക് പോയതിൽ രാഷ്ട്രീയമില്ല, സൗഹൃദം മാത്രമേയുള്ളൂ. ഞങ്ങള്‍ ഇപ്പോൾ ‘കാർത്തികദീപം’ എന്ന സീരിയലിൽ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. അടുത്ത സുഹൃത്തുക്കളുമാണ്. വിവേക് ക്ഷണിച്ചപ്പോൾ സന്തോഷത്തോടെയാണ് അവിടെയെത്തിയത്. വിവേകിനെ പിന്തുണയ്ക്കണം എന്നു തോന്നി. അതിനെ രാഷ്ട്രീയമായി വളച്ചൊടിച്ച് കുറേപ്പേർ സൈബർ ആക്രമണം നടത്തുകയായിരുന്നു.

ADVERTISEMENT

ഇതൊന്നും എന്നെ ബാധിക്കാറില്ല. എനിക്ക് എന്റെതായ താൽപര്യങ്ങളും തീരുമാനങ്ങളുമുണ്ട്. ആരെന്തു പറഞ്ഞാലും അതൊന്നും മാറാനും പോകുന്നില്ല. ഞാൻ ഒരു കലാകാരിയാണ്. അതിനപ്പുറം എന്റെ രാഷ്ട്രീയം പറഞ്ഞു നടക്കേണ്ട കാര്യമെനിക്കില്ല. എന്റെ സുഹൃത്തിനെ പിന്തുണച്ചതിന്റെ പേരിൽ കുറേ പഴി കേൾക്കേണ്ടി വന്നാലും ‘ഐ ഡോണ്ട് കെയർ’. എന്റെ മനസ്സിന് സന്തോഷമുള്ള കാര്യമാണ്, ഞാൻ പോയി സപ്പോർട്ട് ചെയ്തു. അത്രേയുള്ളൂ. ഇനി വിവേക് മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നെങ്കിലും ഞാൻ പോയേനെ. ഞാനവിടെ പോയി രാഷ്ട്രീയം പറഞ്ഞിട്ടുമില്ല.

അപ്പച്ചി

വിവേകിന്റെ പോസ്റ്റ് കണ്ട് ചിലരൊക്കെ ഞങ്ങൾ ബന്ധുക്കളാണോ, ഞാൻ വിവേകിന്റെ അപ്പച്ചിയാണോ എന്നൊക്കെ ചോദിച്ചു. ‘കാർത്തികദീപ’ ത്തിൽ ഞാൻ വിവേകിന്റെ അപ്പച്ചിയായാണ് അഭിനയിക്കുന്നത്. അത്രേയുള്ളൂ.

സ്ത്രീയായതു കൊണ്ടാണോ

അവിടെ ഞാൻ മാത്രമല്ല, പല അഭിനേതാക്കളും വന്നിരുന്നു. ഞാൻ ഒരു സ്ത്രീയായതു കൊണ്ടാണോ എന്നെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് അറിയില്ല. ഞാൻ കണ്ട ചില കമന്റുകൾ തോന്നിപ്പിക്കുന്നത്, നടിയല്ലേ, നടിമാർ ഇങ്ങനെയൊക്കെ പോകാമോ എന്നാണ്. അതെന്താ നടിമാർക്ക് ഇതൊന്നും പാടില്ലേ. വിമർശിക്കുന്നവർ മനസ്സിലാക്കേണ്ടത്, ഞാനും ഈ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി മനസ്സാലാക്കുന്ന, ധാരണയുള്ള, അഭിപ്രായമുള്ള വ്യക്തിയാണെന്നാണ്. അത് ഞാൻ ആരോടും പറഞ്ഞു നടക്കാറില്ല എന്നു മാത്രം. പിന്നെ, മുഖം മറച്ച് വച്ച്, വിമർശിക്കാനെത്തുന്നവൻമാർക്ക് മറുപടി കൊടുത്ത് സമയം കളയാൻ ഞാൻ തയാറല്ല. അതിനെ അവഗണിച്ച് കളയുന്നു.

ADVERTISEMENT