Thursday 20 August 2020 02:09 PM IST

ഡയറ്റുമില്ല വർക്കൗട്ടുമില്ല! രോഗമാണോ എന്നു ചോദിക്കുന്നവരോട് രശ്മി സതീശിന് പറയാനുള്ളത്

V.G. Nakul

Sub- Editor

rashmi-1

ഗായിക, അഭിനേത്രി എന്നീ നിലകളിൽ മലയാളികൾക്ക് സുപരിചിതയാണ് രശ്മി സതീശ്. ഉറുമിയിലെ ‘അപ്പാ നമ്മടെ...’, ചാപ്പാ കുരിശിലെ ‘ഒരു നാളും കാണാതെ...’, ബാച്ച്ലർ പാർട്ടിയിടെ ‘കപ്പ കപ്പ...’, മാറ്റിനിയിലെ ‘അയലത്തെ വീട്ടിലെ...’ തുടങ്ങി എണ്ണം പറഞ്ഞ മികച്ച ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ രശ്മി, 22 ഫീമെയിൽ കോട്ടയത്തിലെ സുബൈദ എന്ന കഥാപാത്രത്തിലൂടെ അഭിനയത്തിലും തന്റെ പ്രതിഭ അടയാളപ്പെടുത്തി.

ഇപ്പോൾ രശ്മിയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ശരീരം കൂടുതൽ മെലിഞ്ഞ, തന്റെ പുതിയ ലുക്കിലുള്ള ഒരു ചിത്രം രശ്മി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ താരത്തിന്റെ ‘മേക്കോവർ’ വൈറലായി. എന്നാൽ അതൊരു മനപൂർവമായ മേക്കോവർ അല്ല എന്നാണ് രശ്മി പറയുന്നത്.

‘‘മേക്കോവർ എന്നൊന്നും പറയാൻ പറ്റില്ല. ഞാൻ ആ ചിത്രം പോസ്റ്റ് ചെയ്ത ശേഷം അതിന് കിട്ടുന്ന കമന്റുകൾ ശ്രദ്ധിച്ചാലറിയാം. പലരും പലതാണ് പറയുന്നത്. കുറച്ച് പേർ മാത്രമാണ് മേക്കോവർ എന്ന രീതിയിൽ ആ ചിത്രത്തെ സമീപിക്കുന്നത്. മറ്റു ചിലർക്ക് അറിയേണ്ടത് അതൊന്നുമല്ല. രോഗമാണോ, എന്തു പറ്റി എന്നൊക്കെയാണ് അവരുടെ ആശങ്ക. ഒരു പക്ഷേ, അത്തരം ചിന്തകൾ എന്നോടുള്ള കൺസേണിൽ നിന്നുണ്ടാകുന്നതാകാം. മറിച്ചുമാകാം. വണ്ണം കൂടിയാൽ ‘കൂടിപ്പോയല്ലോ എന്തു പറ്റി’, കുറഞ്ഞാൽ ‘കുറഞ്ഞു പോയല്ലോ എന്തു പറ്റി’ എന്ന തരത്തിലാണ് മിക്കവരുടെയും പ്രതികരണം. അതിൽ മനസ്സിന്റെ ഒരു പ്രതിഫലനം കൂടിയുണ്ട്. ചിലർ, ‘പട്ടിണിയാണോ...’ എന്ന തരത്തിൽ ഇതൊക്കെ തമാശയായി മാത്രം കാണും’’. – രശ്മി ‘വനിത ഓൺലൈനോ’ട് പറഞ്ഞു.

തികച്ചും സ്വാഭാവികം

ഏകദേശം 10 കിലോയിൽ അധികം ശരീര ഭാരം ലോക്ക് ഡൗൺ കാലത്ത് കുറഞ്ഞു എന്നാണ് എന്റെ ഊഹം. കൃത്യമായ കണക്ക് എനിക്കറിയില്ല. കണ്ടെത്താൻ ശ്രമിച്ചില്ല എന്നതാണ് സത്യം. മനപൂർവം ഡയറ്റ് ചെയ്തോ, വർക്കൗട്ട് ചെയ്തോ വന്ന മാറ്റമല്ലല്ലോ. സ്വാഭാവികമായി ഭക്ഷണക്രമത്തിലും ജീവിത രീതിയിലും സംഭവിച്ച മാറ്റങ്ങള്‍ ശരീരത്തിലും പ്രതിഫലിച്ചു എന്നു മാത്രം.

സോഷ്യൽ മീഡിയയുടെ സൈക്കോളജി

ലോക്ക് ഡൗണ്‍ തുടങ്ങിയപ്പോൾ മുതൽ ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ കുറവായതിനാൽ, കുറേക്കാലം കൂടി എന്റെ ഒരു ഫോട്ടോ ഞാൻ പങ്കുവച്ചു എന്നതുമാകാം ചിത്രം ഇത്രത്തോളം ശ്രദ്ധേയമാകാനുള്ള കാരണം. ഒരു വിഡിയോയെക്കാളും വാർത്തയെക്കാളും ആളുകൾ പെട്ടെന്ന് പ്രതികരിക്കുന്നത് ഒരു ഫോട്ടോയ്ക്കാണെന്നത് സോഷ്യൽ മീഡിയയുടെ ഒരു സൈക്കോളജിയാണ്. അതും മറ്റൊരു കാരണമായി.

rashmi-2

ടിപ്സ് ഇല്ല

പടം പോസ്റ്റ് ചെയ്തതിന് പിന്നാലെ കുറേപ്പേർ വന്ന്, എന്ത് ഡയറ്റാണ് ചെയ്തത് ? വർക്കൗട്ട് എങ്ങിനെയായിരുന്നു ? ടിപ്സ് പറയുമോ ? എന്നൊക്കെ ചോദിക്കുന്നുണ്ട്. എനിക്ക് അതിനൊന്നും നൽകാൻ പ്രത്യേകിച്ച് മറുപടിയില്ല.

ഡിസംബറിൽ ഒരു ചെറിയ ടൂ വീലർ അപകടം പറ്റി. അതിജീവിച്ച് വരുന്ന സമയത്താണ് ലോകത്ത് കോവിഡിന്റെ പ്രശ്നങ്ങൾ തുടങ്ങിയത്. അപ്പോൾ കുറേക്കാലം ഫ്രീയായി. ആ കാലം എല്ലാവരെയും പോലെ എന്നെയും മാറ്റി. വർക്കുകൾ ഇല്ല. തിരക്കില്ല. അതിന്റെതായ ഒരു മാറ്റം കഴിഞ്ഞ 6 മാസത്തിനിടെ ജീവിതത്തെയാകെ ബാധിച്ചിട്ടുണ്ടാകാം. ലോക്ക് ഡൗണ്‍ കാലത്ത് സുഹൃത്തുക്കൾക്കൊപ്പം അവരുടെ വീടുകളിൽ താമസിച്ചപ്പോൾ കൂടുതൽ പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവിതമായിരുന്നു. അപ്പോൾ ഭക്ഷണ രീതികളിലും മാറ്റം വന്നു. ഹോട്ടൽ ഭക്ഷണം കുറഞ്ഞു. അധികം നോൺ വെജ് ഒക്കെ ഉപേക്ഷിച്ചു. അതൊക്കെച്ചേർന്നപ്പോൾ ഞാനറിയാതെ ശരീരം അതിനൊപ്പം മാറിയതാണ്. മനപൂർവമായി വണ്ണം കുറയ്ക്കാൻ ശ്രമിച്ചില്ലെങ്കിലും ജീവിത രീതി മാറിയപ്പോൾ അത് ശരീരത്തിലും പ്രതിഫലിച്ചു എന്നേ പറയാനുള്ളൂ.

പാട്ട്

പാട്ടിനെ സംബന്ധിച്ച് എന്റെ ജീവിതത്തിൽ ഏറ്റവും കുറവ് ദിവസം ഞാൻ പ്രാക്ടീസ് ചെയ്തതും ഇക്കാലത്താണ്. സമയക്കുറവല്ല. മാനസികാവസ്ഥയുടെ ഭാഗമാണ് അത്.

ലോക്ക് ഡൗൺ

ഈ ലോക്ക് ഡൗൺ കാലത്തെ ഒരർത്ഥത്തിൽ ഞാന്‍ പോസിറ്റീവ് ആയിക്കൂടിയാണ് കാണുന്നത്. കുറച്ചു പേരുടെ ജീവിതവും ചിന്തയും ഇക്കാലത്ത് പോസിറ്റീവായി മാറി എന്നു ഞാൻ വിശ്വസിക്കുന്നു. അതെന്നിൽ സൃഷ്ടിക്കുന്ന സന്തോഷവും സമാധാനവും വളരെ വലുതാണ്.