Wednesday 17 February 2021 02:16 PM IST

‘അമ്മയുടെയും അച്ഛന്റെയുമത്ര നിറമില്ല, കീർത്തിയുടെയത്ര സുന്ദരിയല്ല...’! വണ്ണത്തിന്റെ പേരിൽ കുറേ പരിഹസിക്കപ്പെട്ടു: അനുഭവം പറഞ്ഞ് രേവതി

V.G. Nakul

Sub- Editor

r1

ശരീരഭാരം കൂടിയതിന്റെ പേരിൽ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ചും തന്റെ മേക്കോവറിനെക്കുറിച്ചും രേവതി സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച. നടി മേനകയുടെയും നിർമാതാവ് ജി.സുരേഷ് കുമാറിന്റെയും മകളും നടി കീർത്തി സുരേഷിന്റെ ചേച്ചിയുമാണ് സഹസംവിധായികയായ രേവതി.

കുട്ടിക്കാലം മുതൽ ശരീരഭാരത്തിന്റെ പേരിൽ താന്‍ നേരിട്ട പരിഹാസങ്ങളെക്കുറിച്ചും അതിൽ നിന്നുള്ള തന്റെ അതിജീവത്തെക്കുറിച്ചും പുത്തന്‍ മേക്കോവറിനെക്കുറിച്ചുമൊക്കെ രേവതി തുറന്നെഴുതിയത് നിറഞ്ഞ കയ്യടികളോടെയാണ് വായനക്കാർ ഏറ്റെടുത്തിരിക്കുന്നത്. സമാനമായ പരിഹാസത്തിൽ പെട്ടു ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യരിൽ രേവതിയുടെ വാക്കുകൾ സൃഷ്ടിക്കുന്ന ആത്മവിശ്വാസവും ഊർജവും ചെറുതല്ല.

തന്റെ പഴയതും പുതിയതുമായ രണ്ടു ചിത്രങ്ങളും രേവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, തന്റ മാറ്റത്തിന്റെ കൂടുതൽ വിശേഷങ്ങൾ രേവതി സുരേഷ് ‘വനിത ഓൺലൈനിലൂടെ’ പങ്കുവയ്ക്കുന്നു.

‘‘ഒരു വയസ്സ് വരെ ഛബ്ബിനസ്സ് എല്ലാവരും നല്ലതെന്നു പറയും. അതിനു ശേഷം ഓരോ വയസ്സ് കടക്കുന്തോറും അത് – പ്രത്യേകിച്ച് പെൺകുട്ടികൾക്ക് – എന്തോ കുഴപ്പമാണ് എന്ന രീതിയിൽ ആളുകൾ സംസാരിച്ച് തുടങ്ങും. വണ്ണം കുറയ്ക്കണം എന്ന ഉപദേശവും പിന്നാലെയെത്തും. എന്റെ രണ്ടാം ക്ലാസ്, മൂന്നാം ക്ലാസ് കാലത്ത് സ്കൂൾ നാടകങ്ങളില്‍ ആനയുടെയും ഹിപ്പപ്പൊട്ടാമസിന്റെയുമൊക്കെ വേഷങ്ങളിലേ എന്നെ കാസ്റ്റ് ചെയ്തിരുന്നുള്ളൂ. മെലി‍ഞ്ഞ കുട്ടിയായിരിക്കും നായിക. അപ്പോഴൊന്നും എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് എനിക്കു മനസ്സിലായിട്ടില്ല. എനിക്ക് നായികയാകാമായിരുന്നല്ലോ എന്നു ചിന്തിച്ചിട്ടുണ്ടാകാം. ഇപ്പോൾ ആലോചിക്കുമ്പോഴാണ് അത് എത്രമാത്രം ഒരു കുട്ടിയെ ബാധിച്ചിട്ടുണ്ടാകും എന്നു മനസ്സിലാകുന്നത്. ബോഡി ഷെയ്മിങ് ഒരു വ്യക്തിയുെട മാനസികാരോഗ്യത്തെ ആഴത്തിൽ ബാധിക്കുമെന്ന് ധാരാളം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ, നമുക്കിടയില്‍ അതിന് ഇപ്പോഴും യാതൊരു കുറവിമില്ല. കുട്ടികളും മുതിർന്നവരുമൊക്കെ അത് വളരെ വലിയ തോതിൽ നേരിടുന്നുണ്ട്. അതിനെതിരെക്കൂടിയാണ് ഞാൻ സംസാരിക്കുന്നത്’’. – രേവതി തന്റെ നിലപാട് വ്യക്തമാക്കുന്നു.

r4

ഫോട്ടോ എടുക്കാൻ സമ്മതിച്ചിരുന്നില്ല

എന്റെ ടീനേജിൽ, വണ്ണത്തിന്റെ പേരിൽ ഞാന്‍ വളരെ അരക്ഷിതാവസ്ഥയിലായിരുന്നു. ആരെയും എന്റെ ഫോട്ടോ എടുക്കാൻ സമ്മതിച്ചിരുന്നില്ല. അമ്മയുടെയും ഞങ്ങളുടെ കുടുംബത്തിന്റെയുമൊക്കെ ഫോട്ടോഷൂട്ടിന് ആളുകൾ വരുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ഞാൻ മടിച്ചു. ഞാൻ ഭംഗിയില്ലാത്തവളാണ്, വണ്ണമുണ്ട്, അമ്മയുടെയും അച്ഛന്റെയുമത്ര നിറമില്ല, കീർത്തിയുടെയത്ര സുന്ദരിയല്ല എന്നൊക്കെയുള്ള തോന്നൽ മറ്റുള്ളവരിലൂടെ എന്നിൽ ഉറച്ചിരുന്നതാണ് കാരണം. മറ്റുള്ളവരുടെ അംഗീകാരം ആണല്ലോ ആ സമയത്ത് നമുക്ക് വേണ്ടത്. അപ്പോഴും വീട്ടിൽ എല്ലാവരും എന്നെ പിന്തുണച്ചു. എനിക്ക് പരമാവധി ആത്മവിശ്വാസവും സന്തോഷവും നൽകി. അപ്പോഴും പുറത്തു നിന്നുള്ളവരുടെ അഭിപ്രായങ്ങൾ എന്നെ ബാധിക്കുന്നുണ്ടായിരുന്നു.

r2

വണ്ണമാണ്, എന്തോ കുഴപ്പമാണ്’

ഒരു ഘട്ടം മുതൽ ഞാൻ എന്റെ അരക്ഷിതാവസ്ഥയുടെ തോട് പൊളിച്ച് പുറത്തേക്കു വരാന്‍ തുടങ്ങി. എന്നെപ്പോലെ ഒരുപാട് പേർ ഇതു പോലെ പരിഹസിക്കപ്പെടുന്നുണ്ടെന്ന ബോധ്യം എന്നിലുണ്ടായി. മാറണം എന്നു തോന്നി. പ്ലസ് സൈസ് ഉള്ള കാലത്ത് രണ്ടു മണിക്കൂർ തുടർച്ചയായി ഞാൻ സ്റ്റേജിൽ നൃത്തം ചെയ്തിട്ടുണ്ട്. അത്രയും ആരോഗ്യമുണ്ടായിരുന്നു. അപ്പോഴും ആളുകള്‍ എന്നെ നോക്കിപ്പറഞ്ഞത്, ‘വണ്ണമാണ്... എന്തോ കുഴപ്പമാണ്’ എന്നൊക്കെയായിരുന്നു. ഗുണ്ടുമണി എന്നാണ് പലരും വിളിച്ചുകൊണ്ടിരുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ അത്തരം വിളികളെയും വിമർശനങ്ങളെയും അവഗണിച്ച്, ഞാൻ എന്റെ പാഷനിലേക്കും കരിയറിലേക്കും ശ്രദ്ധ ചെലുത്തി. അവയ്ക്ക് മുൻഗണ കൊടുത്തപ്പോൾ അത്തരം പരിഹാസങ്ങള്‍ സൃഷ്ടിക്കുന്ന വേദനയിൽ നിന്നൊക്കെ ഒരു പരിധി വരെ പുറത്തു വന്നു. സിനിമയിൽ വന്ന ശേഷവും എന്റെ വണ്ണം പരിഹസിക്കപ്പെട്ടിട്ടുണ്ട്. ‘സഹസംവിധായികയാണെങ്കിലും രേവതി കാര്യമായി പണിയൊന്നും എടുക്കാതെ ഒരിടത്ത് ചടഞ്ഞു കൂടി ഇരിപ്പായിരിക്കും. അതാകും ഇത്രയും വണ്ണം’ എന്നൊക്കെ ചിലർ പറഞ്ഞിട്ടുണ്ട്.

ജോലിയെ ബാധിക്കാൻ തുടങ്ങിയതോടെ...

ഇടയ്ക്ക് കുറയും വീണ്ടും കൂടും എന്ന രീതിയിലാണ് എന്റെ ബോഡി വെയ്റ്റ്. എനിക്കൊരു ഹോർമോൺ ഇൻബാലൻസ് ഉണ്ടാകാം. ശരീരം അതിൽ പ്രതികരിക്കാം. ഞാൻ വണ്ണത്തിൽ കോൺഷ്യസ് ആകാൻ തുടങ്ങിയത് അത് എന്റെ ജോലിയെ ബാധിക്കാൻ തുടങ്ങിയതോടെയാണ്. കുറേ നേരം എനിക്ക് നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഡാൻസ് ചെയ്യാൻ അസൗകര്യം തോന്നി. മരക്കാർ ചെയ്യുന്ന സമയത്ത് വെയിറ്റ് ക്രമാതീതമായി കൂടി. മെറ്റബോളിസമാണ് പ്രശ്നം. സമയത്ത് ഭക്ഷണം കഴിക്കാത്തതുകൊണ്ട് ശരീരം പ്രതികരിക്കുന്നതാണ് എന്റെ വണ്ണം. ഭയങ്കരമായി വർക്കൗട്ട് ചെയ്താലും കൃത്യ സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ ഞാൻ വണ്ണം വയ്ക്കും.

എന്റെ അമ്മയെയും ആളുകൾ ഒരുപാട് പ്രഷറൈസ് ചെയ്തിട്ടുണ്ട്. മോൾക്ക് ഒരുപാട് ഭക്ഷണം കൊടുക്കരുത്, വ്യായാമം ചെയ്യിക്കണം എന്നൊക്കെ പറഞ്ഞവരുണ്ട്. പഠിക്കുന്ന കാലത്ത് പലപ്പോഴും സമയത്ത് ഭക്ഷണം കഴിക്കില്ല, ഉറക്കം ശരിയാകില്ല. ഉറക്കം ശരിയായില്ലെങ്കിലും അതെന്റെ വെയിറ്റിനെ ബാധിക്കും. കുറേക്കാലം വെയിറ്റ് കാരണം എനിക്ക് ഉറങ്ങാൻ പറ്റാതെയായി. അങ്ങനെ ഒരാളുടെ ശരീര പ്രക‍ൃതത്തിലെ മാറ്റത്തിന് ഒരുപാട് കാരണങ്ങളുണ്ട്. അത് മറ്റുള്ളവര്‍ മനസ്സിലാക്കണം. എന്നിട്ട് ഈ ബോഡി ഷെയ്മിങ് എന്ന പരിപാടി നിർത്തണം.

r3

യോഗയാണ് മാറ്റം

എന്റെ ശരീരത്തിന്റെ പുതിയ മാറ്റത്തിന് ഞാന്‍ നന്ദി പറയുന്നത് എന്റെ യോഗ ടീച്ചർ താര സുദർശനാണ്. എന്നെ യോഗയിലേക്ക് എത്തിച്ചത് അമ്മയാണ്. 10 വർ‌ഷത്തോളമായി ഞാൻ യോഗ ചെയ്തു തുടങ്ങിയിട്ട്. ഇടയ്ക്ക് വണ്ണം കുറയും, വീണ്ടും കൂടും എന്ന രീതിയിലായിരുന്നു. വർക്കും ട്രാവലും വരുമ്പോൾ ഡയറ്റ് മാറും. വീണ്ടും വണ്ണം കൂടും. അങ്ങനെയായിരുന്നു. മരക്കാർ കഴിഞ്ഞ് ഓവർ വെയിറ്റായതോടെ ഞാൻ അത് കുറയ്ക്കാൻ പ്രയാസപ്പെട്ടു. എന്റെ രീതിയിലുള്ള വർക്കൗട്ടും ഡയറ്റിങ്ങുമൊന്നും ഫലപ്രദമായില്ല. പലരും പരിഹസിക്കും പോലെ സംസാരിക്കാനും ഉപദേശിക്കാനും തുടങ്ങിയപ്പോൾ ഞാൻ മാനസികമായി തളരാൻ തുടങ്ങി. അപ്പോഴാണ് താരാന്റി എന്നെ വിളിച്ച് ക്ലാസിന് ചെല്ലാൻ നിർബന്ധപൂർവം പറഞ്ഞത്. അതൊരു ലളിതമായ കാര്യമായിരുന്നില്ല. തുടക്കത്തിൽ വളരെ വേദനയുണ്ടായി. യോഗ കഴിഞ്ഞ് മെഡിറ്റേഷനിരിക്കുമ്പോൾ കണ്ണുകൾ നിറയും. താരാന്റി സപ്പോർട്ട് ചെയ്ത് ഒപ്പം നിന്നു. ഡയറ്റും ആന്റിയാണ് നിർദേശിച്ചത്. ഞാൻ വെജിറ്റേറിയാണ്. അതനുസരിച്ചുള്ള ഡയറ്റാണ് തയാറാക്കിയത്. ഫുഡ് കണ്‍ട്രോളും യോഗയും മാത്രമാണ് ഈ മാറ്റത്തിന് പിന്നിൽ. ഇപ്പോൾ 7 മാസമായി പുതിയ മാറ്റത്തിലേക്കുള്ള യാത്ര തുടങ്ങിയിട്ട്. 20 കിലോയിൽ കൂടുതൽ കുറഞ്ഞു.

ഇതു വായിക്കുന്ന എത്രയോ പേരുണ്ട്, സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ. അവർക്ക് ആത്മവിശ്വാസം കിട്ടാനാണ് ഞാനിത്രയും പറഞ്ഞത്. ഒരു ഘട്ടത്തിൽ സ്വയം വെറുത്തു തുടങ്ങിയ ഞാൻ ഇപ്പോൾ സ്വയം ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. എല്ലാവരും അങ്ങനെയാകട്ടെ...