കഴിഞ്ഞ ദിവസമാണ് ഡബ്ബിങ് ആർട്ടിസ്റ്റ് റൂബി ബാബുവിനെയും സുഹൃത്ത് സുനിലിനെയും തിരുവനന്തപുരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം പാങ്ങപ്പാറ കൈരളി നഗറില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു വഞ്ചിയൂർ സ്വദേശി സുനിലും ചേര്‍ത്തല സ്വദേശിനി റൂബി ബാബുവും.
രാത്രി ഏഴ് മണിയോടെ സുനില്‍ ഒരു സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താനും ഉടനെ മരിക്കുമെന്നും വീട്ടിലെത്തണമെന്നും അറിയിക്കുകയായിരുന്നു. സുഹൃത്ത് ഉടന്‍ തന്നെ ശ്രീകാര്യം പൊലീസില്‍ വിവരമറിയിച്ച് സ്ഥലത്തെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു.
അകത്ത് കടന്നു നോക്കുമ്പോള്‍ താഴത്തെ നിലയില്‍ ഭാര്യയെയും ഒന്നാം നിലയില്‍ ഭര്‍ത്താവിനെയും തൂങ്ങി നിൽക്കുന്ന നിലയില്‍ കണ്ടെത്തി. ഉടന്‍ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ ഇവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, ‘പട്ടിണിയാണ് കാരണം’ എന്ന നിലയില്‍ ചർച്ചകള്‍ സജീവമായത്. മരിക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പ് റൂബി ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ മുൻനിർത്തിയാണ് ഈ പ്രചരണം. ‘വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു’ എന്ന ‘യുവജനോത്സവം’ സിനിമയിലെ നെടുമുടി വേണുവിന്റെ കഥാപാത്രത്തിന്റെ പ്രശസ്തമായ ഡയലോഗാണ് റൂബി കുറിച്ചത്. ഇതിനെയാണ് നിലവിലെ ലോക്ക്ഡൗൺ, തൊഴിലില്ലായ്മ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പട്ടിണിയായതോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന നിലയിൽ ചിലർ പ്രചരിപ്പിച്ചത്. എന്നാൽ അത് ഇരുവരുടെയും സുഹൃത്തുക്കൾ നിഷേധിക്കുന്നുണ്ട്.
‘‘ആ പ്രചരണം സത്യമല്ല. പട്ടിണി കാരണമല്ല അവർ ആത്മഹത്യ ചെയ്തത്. അവരുടെ അടുത്ത സുഹൃത്തുക്കൾ അതു വ്യക്തമാക്കിയിട്ടുണ്ട്. മറ്റെന്തെങ്കിലും കാരണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതാം. അത് പൊലീസ് അന്വേഷിക്കുകയാണ്’’. – പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ ‘വനിത ഓൺലൈനോട്’ പറഞ്ഞു.
ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നും സൂചനയുണ്ട്. കൊറോണ സൃഷ്ടിച്ച പ്രതിസന്ധി കലാമേഖലയെയും ബാധിച്ചതോടെ വരുമാനം നിലച്ച അവസ്ഥയിലായിരുന്നു. അതും മരണത്തിലേക്ക് നയിച്ചിരിക്കാം എന്നാണ് കരുതുന്നത്.

‘‘സിനിമ–സീരിയൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭൂരിപക്ഷവും കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നത്. ആദ്യത്തെ ലോക്ക് ഡൗണിനെക്കാൾ ഭയത്തോടെയാണ് ഈ ലോക്ക് ഡൗണിനെയും തൊഴിലില്ലായ്മയെയും കലാരംഗത്തുള്ളവർ നോക്കിക്കാണുന്നത്. സിനിമാ മേഖലയെ കോവിഡ് പ്രതിസന്ധികൾ കഠിനമായി ബാധിച്ചിട്ടുണ്ട്. എത്രയെത്ര പ്രൊജക്ടുകളാണ് മുടങ്ങിക്കിടക്കുന്നത്. എന്താകും എന്ന് യാതൊരു പിടിയുമില്ല’’.– ബാദുഷ പറയുന്നു.