Saturday 19 September 2020 01:37 PM IST

വർക്കൗട്ട് മുടക്കാറില്ല, ദുശീലങ്ങൾ ഇല്ല, സ്വന്തം ശരീരത്തെ സ്നേഹിക്കണമെന്ന് എല്ലാവരെയും ഉപദേശിക്കുന്ന ആൾ, എന്നിട്ടും...!

V.G. Nakul

Sub- Editor

sabari-new-1

മലയാള സീരിയൽ ലോകത്തിന് ഇന്ന് ‘ദുഖവെള്ളി’യാണ്. അവർക്ക് വിശ്വസിക്കുവാനാകാത്ത, അംഗീകരിക്കുവാനാകാത്ത ഒരു ഞെട്ടലാണ് ഈ ദിവസം കാത്തു വച്ചത് – അവരുടെ ശബരി പോയി.

മലയാളം മിനിസ്ക്രീൻ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന നടൻ ശബരീനാഥന്റെ അകാല മരണം സൃഷ്ടിച്ച ഞെട്ടലിലാണ് മലയാളികളും. 43–ാം വയസ്സിൽ അപ്രതീക്ഷിതമായ വിടവാങ്ങൽ. വാർത്തയറിഞ്ഞ് ആദ്യം വിളിച്ചത് നടൻ സാജൻ സൂര്യയയെയാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇരു മെയ്യെങ്കിലും ഒരേ മനസ്സോടെ ജീവിച്ചവർ. കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധം.

‘‘ഞാനെന്തു പറയാൻ...അവൻ പോയി...അവൻ പോയി...’’

ഫോണിന്റെ മറുതലയ്ക്കൽ കരച്ചിലടക്കി സാജൻ പറഞ്ഞു.

‘‘ആത്മബന്ധമാണ് ശബരിയും സാജനും തമ്മിൽ. ഒരു കുടുംബം പോലെയാണ് അവർ കഴിയുന്നത്. സാജനിത് താങ്ങാനാകുന്നതിനും അപ്പുറമാണ്’’. – ഇരുവരുടെയും പൊതു സുഹൃത്തായ നടൻ രാജേഷ് ഹെബ്ബാർ പറയുന്നു.

‘‘നടൻ എന്ന നിലയിൽ ശബരിയെ പണ്ടേ അറിയാം. കൂടുതൽ അടുക്കുന്നത് സാജന്‍ വഴിയാണ്. സിനിമയിലും സീരിയലിലും ഞാനും ശബരിയും ഒന്നിച്ചഭിനയിച്ചിട്ടില്ലെങ്കിലും റിയാലിറ്റി ഷോസ് ഒന്നിച്ച് ചെയ്തിട്ടുണ്ട്. ബന്ധം ദൃഢമായ ശേഷം ഞങ്ങൾ പല ഫാമിലി പരിപാടികൾക്കും തുടർച്ചയായി ഒന്നിക്കുമായിരുന്നു.

എല്ലാവർക്കും ഇഷ്ടമുള്ള ഒരാളാണ് ശബരി. സീരിയൽ രംഗത്ത് വളരെ വിപുലമായ സൗഹൃദം ശബരിയ്ക്കുണ്ടായിരുന്നു. ആർക്കും ശബരിയെക്കുറിച്ച് ഒരു മോശം പറയാനുണ്ടാകില്ല. അത് വെറും ഭംഗി വാക്ക് പറയുന്നതല്ല, സത്യമാണ്. ആളുകളോട് ഇടപെടുന്നതിലും മറ്റും ശബരി വലിയ വളരെ നിലവാരം സൂക്ഷിച്ചിരുന്നു.

നടൻ മാത്രമല്ല, സംരംഭകൻ കൂടിയാണല്ലോ. അതിന്റെ ഗുണങ്ങളും ശബരിയ്ക്കുണ്ടായിരുന്നു. ശബരിയുടെ ഭാര്യ ആയുർവേദ ഡോക്ടറാണ്. ശബരി ഒരു ആയുർവേദ റിസോർട്ടും നടത്തുന്നുണ്ടായിരുന്നു.

സിനിമയിൽ വേണ്ട അവസരങ്ങൾ ശബരിയ്ക്ക് കിട്ടിയില്ല. അത് അർഹിക്കുന്ന മികച്ച നടനുമായിരുന്നു ശബരി.

43 വയസ്സ് മരിക്കാനുള്ള പ്രായമായില്ലല്ലോ. കേട്ടപ്പോൾ നെഞ്ച് തകർന്നു പോയി.

സാധാരണ നടൻമാർ അകാലത്തിൽ മരണപ്പെടുമ്പോൾ അവരുടെ ജീവിത ശൈലി ചോദ്യം ചെയ്യപ്പെടും. പ്രത്യേകിച്ച് അമിതമായ മദ്യപാനവും മറ്റും. പക്ഷേ ശബരി അങ്ങനെയൊന്നുമായിരുന്നില്ല. ആരോഗ്യത്തിൽ വളരെ ശ്രദ്ധയായിരുന്നു. മറ്റുള്ളവരോട് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം എന്നു പറയുമായിരുന്ന ആളാണ്. അത്രയും കരുതലോടെ ജീവിക്കുന്ന, വളരെ നല്ല മനുഷ്യനായിരുന്നു ശബരി. ഒരു ദുശീലവുമുള്ള ആളായിരുന്നില്ല’’. – രാജേഷ് പറഞ്ഞു.

sabari-new-2

‘‘ഷോക്കിങ്. വിശ്വസിക്കുവാൻ പറ്റുന്നില്ല. ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധയുള്ള ആളായിരുന്നു ശബരി. വർക്കൗട്ടും ഡയറ്റുമൊക്കെയായി ശരീരം കൃത്യമായി സംരക്ഷിച്ചിരുന്നു. മദ്യപിക്കുന്നതുൾപ്പടെ ഒരു ദുശീലവുമില്ല. സ്വന്തം ശരീരത്തെ നമ്മൾ സ്നേഹിക്കണം എന്ന പക്ഷക്കാരനായിരുന്നു. അങ്ങനെയൊരാൾ ഇത്ര ചെറുപ്പത്തിൽ വിട്ടുപോകുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ. – ശബരിയുടെ സുഹൃത്തു കൂടിയായ നടൻ കിഷോർ സത്യ വേദനയുറഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങിയതിങ്ങനെ.

‘‘ശബരി വളരെ ജനുവിനാണ്. സോഫ്റ്റ് സ്പോക്കണാണ്. ആരോടും മോശമായി പെരുമാറില്ല. നല്ല കാഴ്ചപ്പാടും ചിന്തകളുമുള്ള മനുഷ്യൻ. ആത്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറാണ്. വിവരമറിഞ്ഞ് ആസുപത്രിയിൽ ചെല്ലുമ്പോഴും ഞാൻ ഈ ദുഖവാർത്ത പ്രതീക്ഷിച്ചില്ല. ഷോക്കിങ് എന്നതിന്റെ പരമാവധിയാണ് ഈ വാർത്ത. ആർക്കും വിശ്വസിക്കുവാനാകുന്നില്ല. പലരും ഫേക്ക് ന്യൂസ്, ട്രോൾ ആണോന്നൊക്കെ കരുതി. അങ്ങനെയാകണെ എന്ന് പ്രാർത്ഥിച്ചു...പക്ഷേ....’’.– കിഷോർ പറഞ്ഞു നിർത്തി.

സ്വാമി അയ്യപ്പൻ, സ്ത്രീപഥം എന്നീ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അഭിനയിച്ചു വന്നിരുന്ന ശബരി സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമാതാവ് ആയിരുന്നു. ഭാര്യയും രണ്ട് പെൺമക്കളുമാണ് അദ്ദേഹത്തിന്.

ശബരീനാഥിന്റെ നിര്യാണത്തിൽ നിരവധി സിനിമാ, സീരിയൽ താരങ്ങൾ അനുശോചനം രേഖപ്പെടുത്തി.