സാധന ജീവനോടെയുണ്ടോ ? അതോ മരിച്ചോ ? മരിച്ചെങ്കിൽ അതൊരു സ്വാഭാവിക മരണമാണോ ? അതോ കൊലപാതകമോ ? കൊലപാതകമെങ്കിൽ അവരെ ഭർത്താവ് കൊന്നതാണോ ? അതോ...
സാധനയോടുള്ള ഭർത്താവ് റാമിന്റെ ക്രൂരതകളുടെ കണക്കെടുക്കുമ്പോൾ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിലും അതിശയിക്കാനില്ല.
പുതിയ തലമുറയ്ക്ക് പരിചിതയല്ലെങ്കിലും ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ താരപദവിയുണ്ടായിരുന്ന അഭിനേത്രിയാണ് സാധന. മാദകറാണിയെന്ന വിശേഷണത്തോടെ തമിഴ്, മലയാളം സിനിമകളിൽ മിന്നിത്തിളങ്ങിയ താരം.
‘ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റ്’ ൽ, പ്രേംനസീറിനൊപ്പം ‘ഉത്തരാസ്വയംവരം കഥകളി കാണുവാന്‍...’ എന്ന ക്ലാസിക് ഗാനത്തിന്റെ രംഗത്തിലൂടെയാണ് സാധന ഇപ്പോഴും പ്രേക്ഷകമനസ്സുകളിൽ ജീവിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലും എണ്‍പതുകളിലുമായി ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സാധന റെസ്റ്റ് ഹൗസ്, രക്തപുഷ്പം, ലോട്ടറി ടിക്കറ്റ്, ലേഡീസ് ഹോസ്റ്റല്‍ തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചു. പി. ചന്ദ്രകുമാറിന്റെ ‘ഇത്രമാത്രം’ ആണ് അവസാന ചിത്രം.
വിവാഹ ശേഷമാണ് സാധനയുടെ ജീവിതം ദുരിതമായത്. അവസരങ്ങൾ നഷ്ടപ്പെട്ട് പൂർണമായും സിനിമയ്ക്ക് പുറത്തായി, വർഷങ്ങളോളം അവർ മറവിയുടെ മറയ്ക്കുള്ളിലായിരുന്നു.
ഒടുവിൽ നടി ഉഷ റാണിയാണ് സാധനയെ അന്വേഷിച്ച് കണ്ടെത്തിയതും അവരുടെ പ്രയാസങ്ങൾ സഹപ്രവർത്തകരുടെ ശ്രദ്ധയിലെത്തിച്ചതും. അപ്പോഴേക്കും രോഗിയായിരുന്നു സാധന. ഓർമകളുമില്ലാതെയായിരുന്നു.
ചെന്നൈയ്ക്ക് 50 കിലോമീറ്റര്‍ അകലെ ബുഡൂര്‍ എന്ന ഗ്രാമത്തിൽ, 500 രൂപ വാടകയുള്ള ഒരു ഒറ്റമുറിവീട്ടിലായിരുന്നു സാധനയും ഭർത്താവ് എൻ.കെ റാമും താമസം. റാം മുംബൈ സ്വദേശിയും ഒരു കാർ ബ്രോക്കറുമായിരുന്നു. സാധന ഇയാളുടെ മൂന്നാം ഭാര്യയായിരുന്നത്രേ.
ദാമ്പത്യം സാധനയ്ക്ക് നൽകിയത് കൊടിയ ദുരിതങ്ങളാണ്. കടുത്ത മദ്യപാനിയായ റാം സാധനയെ മാരകമായി ഉപദ്രവിച്ചിരുന്നു. ശരീരം മുറിയും വിധമായിരുന്നു ആക്രമണം. തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിക്കുകയും സിഗററ്റ് കത്തിച്ച് പൊള്ളിക്കുമൊക്കെ ചെയ്തിരുന്നു. അവരുടെ കാലിൽ നിറയെ പൊള്ളലേറ്റ വൃണങ്ങളായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞിട്ടുണ്ട്. ആഹാരം പോലും നല്‍കാതെയായിരുന്നു ഈ ഉപദ്രവം. ഗ്യാസ് തുറന്നു വിട്ട് അപായപ്പെടുത്താനും പലയിടങ്ങളിൽ ഉപേക്ഷിക്കാനും ശ്രമമുണ്ടായി.
സാധനയെ അന്വേഷിച്ച് ചെന്നൈയിലേക്ക് പോയ ഫൊട്ടോഗ്രഫർ ഗോപാലകൃഷ്ണന്‍ അവർ നേരിട്ട ദുരിത ജീവിതം അയൽവാസികളിൽ നിന്നറിഞ്ഞ്, ഫെയ്സ്ബുക്കിൽ എഴുതിയത് വലിയ ചർച്ചയായിരുന്നു. വേദനയോടെയല്ലാതെ അദ്ദേഹത്തിന്റെ കുറിപ്പ് വായിച്ചു തീർക്കാനാകില്ല.
‘അവിടെ താമസിക്കാൻ ചെല്ലുന്ന സമയം സാധനയെ കാണാൻ ഭയങ്കര ഭംഗിയായിരുന്നു. കൈ ഇറക്കമുള്ള ബ്ലൗസ് ആണ് ഇട്ടിരുന്നത്. പട്ടുസാരിക്ക് മാച്ചിംഗ് ആയ ബ്ലൗസ്. വീടിന് ചുറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കും. ഒരു കരിയില പോലും അവിടെ കാണില്ല. സാധന പുറത്തേക്ക് അധികം ഇറങ്ങാറില്ല. വല്ലപ്പോഴും അടുത്തുള്ള അമ്പലത്തിൽ പോകുമായിരുന്നു. പക്ഷേ ക്രമേണ എവിടെയോ താളം തെറ്റി. എന്നും വഴക്ക്. അവരെ ഭർത്താവ് ശരിക്കും ഉപദ്രവിക്കുമായിരുന്നു. തടിക്കഷണം കൊണ്ട് തലക്കടിക്കുമായിരുന്നു. രാത്രിയിൽ അവർ നിലവിളിക്കുന്നത് കേൾക്കാമായിരുന്നു. അവരുടെ ആരോഗ്യനില വഷളാവുന്നത് അടുത്ത വീട്ടിലുള്ളവർ നേരിട്ട് കാണുന്നുണ്ടായിരുന്നു. സാധനയുടെ കാലിൽ നിറയെ പൊള്ളലേറ്റ വൃണങ്ങൾ ഇവരെല്ലാം കണ്ടിട്ടുണ്ട്. ഭർത്താവ് സിഗരറ്റ് കത്തിച്ചു പൊള്ളിക്കുമായിരുന്നു.
ഇവരുടെ വീടിന് എതിർ വശത്ത് ഒരു പരമ്പരാഗത സിദ്ധ വൈദ്യനുണ്ട്. നെയ്യാറ്റിന്‍കര സ്വദേശി ടി. വിവേകാനന്ദൻ. ഒരു മധ്യവയസ്കൻ. വിവേകാനന്ദന്റെ അടുത്ത വീട്ടിലെ വനമതിയും ഗൗരിയും ആയിരുന്നു സാധനയ്ക്ക് ആഹാരം നൽകിയിരുന്നത്. 2016 പകുതിയോടെ ആദ്യം ആയപ്പോഴേക്കും അവരുടെ ആരോഗ്യവും മാനസിക നിലയും വളരെ മോശമായി. റാം തല്ലിയതാണോ എന്നറിയില്ല അവരുടെ കാലിന് നല്ല പരുക്ക് ഉണ്ടായിരുന്നു. ഇടത്തെ കൈയ്യുടെ കുഴ ഇളകിപ്പോയി. വിവേകാനന്ദൻ ആണ് അത് ശരിയാക്കി കൊടുത്തത്. മിക്ക ദിവസങ്ങളിലും ഉടുതുണി പോലും ഇല്ലാതെ പുറത്ത് ഇറങ്ങി നടക്കുമായിരുന്നു. വനമതിയായിരുന്നു അവർക്ക് തുണി ഉടുത്ത് കൊടുത്തിരുന്നത്. ആർക്കും ആ വീട്ടിലോട്ട് കയറാൻ വയ്യാത്ത അവസ്ഥയായി. അത്ര ദുർഗന്ധം ആയിരുന്നു ആ വീട്ടിൽ. കാരണം സാധന കട്ടിലിൽത്തന്നെ മലമൂത്ര വിസർജ്ജനം ചെയ്യുമായിരുന്നു. ഒരിക്കൽ കുക്കിംഗ് ഗ്യാസിന്റെ രൂക്ഷഗന്ധം. അടുത്ത വീട്ടുകാർ ചെന്ന് നോക്കിയപ്പോൾ ഗ്യാസ് തുറന്നു വിട്ടിരിക്കുകയാണ്. ഓർമ്മയില്ലാതെ സാധന ചെയ്തതാണ് എന്നാണ് റാം പറഞ്ഞത്. പക്ഷേ അതാരും വിശ്വസിച്ചിരുന്നില്ല.
ഒരു ദിവസം സാധന ഗൗരിയുടെ വീട്ടിലെത്തി ഒരു ബിസ്ക്കറ്റ് തരുമോ എന്ന് ചോദിച്ചു പോലും. അവർ ആഹാരം കഴിച്ചിട്ട് മൂന്നു ദിവസമായി. ഗൗരി കൊടുത്ത ബിസ്ക്കറ്റ് ആർത്തിയോടെ കഴിക്കുന്നതിനിടയിൽ റാം ഓടിയെത്തി ‘നീ നാണം കെടുത്തിയേ അടങ്ങൂ അല്ലേ’ എന്ന് ചോദിച്ച് ബിസ്ക്കറ്റും പിടിച്ചു വാങ്ങി ദൂരെക്കളഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി. പിന്നെ കുറേനേരം സാനധയുടെ അലർച്ച കേൾക്കാമായിരുന്നു പോലും.
2017 ആദ്യം സാധനയും റാമും കൂടി മുംബൈയിലേക്ക് പോയി. റാമിന്റെ ബന്ധുക്കളെ കാണാൻ പോകുന്നു എന്നു പറഞ്ഞാണ് പോയത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ റാം ഒറ്റയ്ക്ക് തിരികെ എത്തി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പൊലീസുകാർ സാധനയേയും കൊണ്ട് വന്നു. അപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. റാം സാധനയെ മുംബൈ റയില്‍വേ സ്റ്റേഷനിൽ ഉപേക്ഷിച്ച് തിരികെ വന്നതായിരുന്നു. (ഈ സമയത്തുപോലും സാധന നൂറിലേറെ സിനിമയിൽ അഭിനയിച്ച വിവരമൊന്നും നാട്ടുകാർക്ക് അറിയില്ലായിരുന്നു). കുറച്ചു ദിവസം കഴിഞ്ഞ് സാധനയും ഭർത്താവും കൂടി മേൽമരുവത്തൂർ ക്ഷേത്രത്തിൽ പോയി. അവിടെ ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇരുവരും തിരികെയെത്തി. രണ്ടുപേരും തല മൊട്ടയടിച്ചിരുന്നു. സാധനയ്ക്ക് വയറിളക്കമോ മറ്റോ വന്നതിനാൽ ക്ഷേത്രം അധികാരികൾ പുറത്താക്കിയതായി പിന്നീട് മനസ്സിലായി. ആ സമയത്ത് സാധന വെറും എല്ലും തോലുമായി മാറിക്കഴിഞ്ഞിരുന്നു. കൂനിക്കൂടിയാണ് നടന്നിരുന്നതെന്ന് വിവേകാനന്ദൻ പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞ് ഇരുവരും തിരുപ്പതിയിലേക്ക് പോയി. കുറച്ചു ദിവസം കഴിഞ്ഞ് റാം ഒറ്റയ്ക്ക് മടങ്ങിവന്നു. മുഷിഞ്ഞ വേഷമായിരുന്നു. വസ്ത്രത്തിലൊക്കെ രക്തം ഉണ്ടായിരുന്നു. തല പൊട്ടിയിരുന്നു. വിവേകാനന്ദൻ ചോദിച്ചപ്പോൾ വീണ് തല പൊട്ടിയതാണെന്ന് പറഞ്ഞു. സാധന എവിടെ എന്ന് ചോദിച്ചപ്പോൾ തിരുപ്പതിയിൽ വച്ച് മഴ നനഞ്ഞു പനിപിടിച്ച് ആശുപത്രിയിലായി. അവിടെ വച്ച് മരിച്ചു പോയി എന്ന് പറഞ്ഞു. വിവേകാനന്ദനെ ആശുപത്രിയിലെ ഓ. പി. ടിക്കറ്റും കാണിച്ചു. സാധനയുടെ വീട്ടിലുണ്ടായിരുന്ന ടിവി വിവേകാനന്ദന് കൊടുത്തിട്ട് നാലായിരം രൂപയും വാങ്ങി. (ടിവി ഇപ്പോഴും വൈദ്യശാലയിൽ ഇരുപ്പുണ്ട്) അടുത്തുള്ള ഏതോ വീട്ടുകാർക്ക് അവിടെയുണ്ടായിരുന്ന ചെറിയ സോഫയും കട്ടിലും കൊടുത്ത് പൈസ വാങ്ങി. സാധനയുടെ പേരിലുള്ള ഗ്യാസ് കണക്ഷനും സിലിൻഡറും വൈദ്യശാലയിൽ കൊണ്ടുവച്ചു. (അത് ഇപ്പോഴും അവിടെയുണ്ട്) വാടകവീട് ഒഴിഞ്ഞ് താക്കോലും നൽകി. അങ്ങിനെ സാധനങ്ങൾ മാറ്റുന്നതിനിടയിലാണ് ചില പഴയകാല ചിത്രങ്ങൾ ആരുടേയോ കണ്ണിൽ പെട്ടതും സാധന സിനിമാ നടിയായിരുന്നു എന്ന് നാട്ടുകാരറിഞ്ഞതും. കുറച്ചു ദിവസം കഴിഞ്ഞ് റാം വീണ്ടും തിരികെയെത്തി അയ്യായിരം രൂപ വിവേകാനന്ദനോട് ചോദിച്ചു. അഞ്ഞൂറ് രൂപ കൊടുത്ത് റാമിനെ ഒഴിവാക്കി. അപ്പോഴേയ്ക്കും റാമിന്റെ മാനസിക നിലയും തകരാറിലായി തുടങ്ങി. ഇതുകണ്ട വിവേകാനന്ദൻ റാമിനേയും കൂട്ടി ഷോളാവരം പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടറുടെ സർട്ടിഫിക്കറ്റും വാങ്ങി, റാമിനെ ബുദ്ദൂറിനടുത്തുള്ള ഒരു ആശ്രമത്തിൽ കൊണ്ടുചെന്നാക്കി. (പൊലീസ് നല്കിയ സർട്ടിഫിക്കറ്റ് എന്റെ കയ്യിലുണ്ട്) പക്ഷേ ആശ്രമത്തിലെ അന്തേവാസികളെ റാം ഭയങ്കരമായി ഉപദ്രവിച്ചതിനാൽ അയാളെ അവിടെ നിന്നും പുറത്താക്കി. പിന്നീട് പല ദിവസങ്ങളിലും ഉടുതുണി പോലുമില്ലാതെ അവിടെ കറങ്ങി നടന്നു. സാധനയെ ഏതൊക്കെ അവസ്ഥയിൽ കണ്ടോ അതേ അവസ്ഥയിൽ റാമിനേയും നാട്ടുകാർ കണ്ടു. പിന്നെ കാണാതായി’.– ഗോപാലകൃഷ്ണൻ കുറിച്ചതിങ്ങനെ.
ആന്ധ്രയിലെ ഗുണ്ടൂരില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച സാധനയ്ക്ക് ബന്ധുക്കളുമായി അടുപ്പമുണ്ടായിരുന്നില്ല. സിനിമയിൽ അഭിനയിക്കുന്ന കാലത്ത് ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത സാധനയുടെ ദുരവസ്ഥയറിഞ്ഞ്, അവരെ സഹായിക്കാൻ ഓടിയെത്തുകയായിരുന്നു ഉഷ റാണി. പലരും സഹായവുമായി രംഗത്ത് വന്നപ്പോൾ ആ തുക സമാഹരിച്ച് സാധനയെ ഏൽപ്പിച്ചതും ഉഷയാണ്. താരസംഘടനയായ അമ്മ മാസം 5000 രൂപ വീതം സാധനയ്ക്ക് നൽകിയിരുന്നു. മറ്റൊരാളുടെകൂടെ സഹായത്തോടെ ഉഷാറാണിയും മാസം 5000 രൂപ നല്‍കിയിരുന്നു. എന്നാൽ ഈ തുകയെല്ലാം റാം മദ്യപിക്കാനാണ് ഉപയോഗിച്ചിരുന്നത്. സാധനയ്ക്ക് ആഹാരം പോലും വാങ്ങി നൽകിയിരുന്നില്ല.
നാലഞ്ചു മാസമായി ആരും പണം വാങ്ങാന്‍ എത്താത്തതിനെത്തുടര്‍ന്നാണ് ഉഷാറാണിയും ഗോപാലകൃഷ്ണനുമടക്കമുള്ളവർ സാധനയുടെ താമസസ്ഥലത്ത് നേരിട്ട് പോയി അന്വേഷിച്ചത്. അപ്പോഴാണ് സാധന തിരുപ്പതിയിലേക്ക് ഭർത്താവിനൊപ്പം പോയെന്നും പിന്നീട് അവിടെ വച്ച് മരിച്ചുവെന്നും അറിഞ്ഞത്. എന്നാൽ റാം അവരെ അവിടെ ഉപേക്ഷിച്ചെന്നാണ് അയൽക്കാര്‍ വിശ്വസിക്കുന്നത്. ശാരീരികമായിയും മാനസികമായും തളര്‍ന്ന സാധന ഇപ്പോഴും ജീവനോടെ ഉണ്ടോ എന്ന കാര്യത്തിലും സംശയുമുണ്ട്. മൃതദേഹം ആരും കാണാത്തതിനാല്‍ സാധന മരിച്ചിട്ടില്ലെന്ന് വിശ്വസിക്കുകയാണ് മിക്കവരും...